ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/അക്ഷരവൃക്ഷം/മരം വെട്ടുക്കാരന്റെ ദയ

Schoolwiki സംരംഭത്തിൽ നിന്ന്
മരം വെട്ടുക്കാരന്റെ ദയ

ഒരിടത്ത് ഒരു മരംവെട്ടുകാരൻ ഉണ്ടായിരുന്നു. അയാൾ വളരെ ദയാലുവും ദരിദ്രനും ആയിരുന്നു.അന്നന്ന് വെട്ടുന്ന വിറക് വിറ്റാണ് അയാളുടെ കുടുംബം കഴിയുന്നത്.അയാൾ വിറക് വെട്ടാനായി കാട്ടിലെത്തി. 'വിറക് വിറ്റിട്ട് വേണം വീട്ടിലേക്കുളള സാധനങ്ങൾ വാങ്ങാൻ ' അയാൾ വിചാരിച്ചു . മരംവെട്ടുകാരൻ മഴുവുമായി ഒരു മരച്ചുവട്ടിലെത്തി. അയാൾ മരത്തിന്റെ ചില്ലകൾ വെട്ടാൻ ഒരുങ്ങി. പെട്ടെന്ന് ആ മരം കരഞ്ഞുകൊണ്ട് പറഞ്ഞു: " എന്നെ വെട്ടരുതേ, ഞാൻ പകുതി മാത്രമേ വളർന്നിട്ടുള്ളൂ കുറച്ചു കൂടി വളരാൻ എന്നെ അനുവദിക്കണേ". അതുകേട്ട് ദയ തോന്നിയ മരംവെട്ടുകാരൻ അടുത്ത മരച്ചുവട്ടിലേക്ക് പോയി. മഴുവുമായി വരുന്ന മരംവെട്ടുക്കാരനെ കണ്ടതും ആ മരവും കരയാൻ തുടങ്ങി. " അയ്യോ, എന്റെ ചില്ലകളിലെ പഴങ്ങൾ തിന്നാണ് ഇവിടുത്തെ കിളികൾ കഴിയുന്നത്. എന്നെ വെട്ടിക്കളഞ്ഞാൽ അവർ പട്ടിണിയാകും!" അതുകേട്ട് മരംവെട്ടുകാരൻ അടുത്ത മരച്ചുവട്ടിലേക്ക് പോയി. മരംവെട്ടുകാരനെ കണ്ട് ആ മരവും കരഞ്ഞുകൊണ്ട് പറഞ്ഞു: " എന്റെ കുഞ്ഞുങ്ങൾ തീരെ ചെറുതാണ്. അവ വളർന്നു വരുന്നതുവരെ എന്നെ വെട്ടരുതേ !" ദയാലുവായ മരംവെട്ടുക്കാരൻ ആ മരവും വെട്ടിയില്ല. മരംവെട്ടുക്കാരൻ ഒരു കുന്നിൻ ചെരുവിൽ പോയി വിഷമിച്ചിരുന്നു. തന്റെ മക്കളുടെ വിശന്നു തളർന്ന മുഖം മനസ്സിൽ തെളിഞ്ഞു വന്നു . 'ഒരു മരവും വെട്ടാൻ പറ്റുന്നില്ല. വിറകില്ലാതെ വീട്ടിലേക്ക് ചെന്നാൽ തന്റെ ഭാര്യ വഴക്കുണ്ടാക്കുകയും ചെയ്യും. എന്തു ചെയ്യും ? അയാൾ ആലോചിച്ചു. അപ്പോൾ ഒരു വൃദ്ധൻ അവിടേക്ക് വന്നു. "മരങ്ങളുടെ വിഷമം കേട്ട് മനസ്സലിഞ്ഞ നീയൊരു ദയാലു തന്നെ! ദാ, ഈ സ്വർണവടി നിനക്കിരിക്കട്ടെ. ഇത് ആകാശത്ത് ചുഴറ്റി എന്ത് ആവശ്യപ്പെട്ടാലും അത് നടന്നിരിക്കും," തിരികെ വീട്ടിലെത്തിയ മരംവെട്ടുക്കാരന്റെ കയ്യിൽ വിറക് കാണാത്തത് കണ്ട് ഭാര്യ ദേഷ്യത്തോടെ ചോദിച്ചു "ഹും! വിറകില്ലാതെ വെറും കൈയോടെയാണോ വന്നിരിക്കുന്നത്? " 'ഭാര്യയുടെ ദേഷ്യം ഇല്ലാതാക്കിയിട്ട് തന്നെ വേറെ കാര്യം', മരംവെട്ടുകാരൻ സ്വർണവടി എടുത്ത് വീശി. പെട്ടെന്ന് ഭാര്യയുടെ ദേഷ്യമെല്ലാം മാറി! മരംവെട്ടുകാരൻ സ്വർണവടി കൊണ്ട് നല്ലൊരു വീടുണ്ടാക്കി. എന്നിട്ട് ഭാര്യയേയും മക്കളേയും കൂട്ടി സന്തോഷത്തോടെ കഴിഞ്ഞു .

✍️അജ്മി.എ
10 B ഗവ:എച്ച്.എസ്സ്.എസ്സ് വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ