ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ വിദ്യാലയം

ചാവടിനടയോർമ്മ

ചാവടിനട ഒരു പ്രദേശമോ നാടോ അല്ല, സർവീസ് പുസ്തകത്തിൽ ഒട്ടുമുക്കാലും സ്വർണ്ണ ലിപികളാൽ എഴുതിത്തീർത്ത ജീവിത കഥയാണ്.

വളരെ ആഗ്രഹിച്ചു നേടിയ തൊഴിൽ ആസ്വദിച്ച് ജോലി ചെയ്യാൻ കഴിഞ്ഞുവെന്ന അഭിമാനം തോന്നിയ വർഷങ്ങൾ. സാങ്കേതികതയുടെ മാന്ത്രിക സ്പർശമേല്ക്കാത്ത ക്ലാസ്സ് മുറികളിൽ നിന്ന് ഡിജിറ്റലൈസ്‌ഡ് സിലബസ്സിലേക്കുള്ള ചുവടുറപ്പിലും പതറാതെ നിന്ന മഹാ വിദ്യാലയം. ............................... പ്രതിഭാധനരായ നിരവധി ഗുരു ശ്രേഷ്ഠർക്കാപ്പം പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച വർഷങ്ങൾ ...... ചായച്ചിരികൾ നിറച്ച ഇടവേളകൾ ...... സാരിക്കഥകൾ, നുറുങ്ങ് നുണകൾ, സ്റ്റാഫ് റൂമിലെ പരിഭവങ്ങൾ, സിലബസ്സ് ചർച്ചകൾ, നൂറു ശതമാനത്തിനുള്ള കിതപ്പുകൾ, നാട്ടുവിശേഷങ്ങൾ ...... ഒക്കെയൊക്കെ ഓർമ്മയിലെ മിനുക്കങ്ങളായി ഇന്നും ----... കുട്ടികൾക്കൊപ്പം ആടിപ്പാടിയുള്ള യാത്രകൾ . ഊട്ടുപുരയിലെ രുചിഭേദങ്ങളിലലിഞ്ഞ സൗഹൃദങ്ങൾ, രസച്ചരടുകൾ കോർത്തും പൊട്ടിച്ചും ഒപ്പം നടന്ന കൂട്ടുകാരി ....... അങ്ങനെയങ്ങനെ ചാവടി നട മറ്റൊരു ജീവിതച്ചിമിഴായി ......

ഈ വിദ്യാലയ മുത്തശ്ശിയ്ക്കൊരു പ്രത്യേകതയുണ്ട്. ഒരു ഭീഷണിയ്ക്കും വഴങ്ങാതെ, ആർക്കുമുന്നിലും തലകുമ്പിടാതെ, നാടിന്റെ വളർച്ചയ്ക്കൊപ്പം ഉയരാനുള്ള പ്രത്യേക കഴിവ്. അതങ്ങനെ തന്നെയാകട്ടെ, ആ ചന്ദ്രതാരം .

കാലഗതിവേഗങ്ങൾക്കതീതമായി, പറക്കട്ടെ ഇവിടുത്തെ പുലരികളും പൂമ്പാറ്റകളും എന്ന പ്രാർത്ഥനയോടെ

സ്നേഹപൂർവം കവിത ടീച്ചർ

എന്റെ വിദ്യാലയം

എസ്. ടി. ഷീല മുൻ അധ്യാപിക
എന്റെ കുടുംബത്തെപ്പോലെ ഞാൻ സ്നേഹിച്ച, ഹൃദയത്തോട് ചേർത്തുവച്ച വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂർ. കുഞ്ഞുങ്ങളെ സ്നേഹിച്ചും ശാസിച്ചും അവിടുത്തെ അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ അവർക്ക് നേർവഴി കാട്ടി. ഞങ്ങൾ കുടുംബാംഗങ്ങളെപ്പോലെ പരസ്പരം സ്നേഹിച്ചു. ഞാൻ ഈ വിദ്യാലയത്തിലെത്തുന്ന കാലത്ത് അവിടത്തെ ക്ലാസ് മുറികളുടെ അവസ്ഥ പരിതാപകരമായിരുന്നു. ടാറടിച്ച തട്ടികളാൽ മറയ്ക്കപ്പെട്ട ,ഓലകൾ മേഞ്ഞ ക്ലാസ് മുറികൾ. മഴപെയ്യുമ്പോൾ ക്ലാസ്സിൽ വെള്ളം കയറുമായിരുന്നു. സന്മനസ്സുള്ള ഒരു കൂട്ടം അധ്യാപകരും നാട്ടുകാരും അഹോരാത്രം പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ വിദ്യാലയം ഉയർന്നുവന്നത്. അതിൽ കുറെയേറെ പേർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയത് ദുഃഖത്തോടെ സ്മരിക്കുന്നു .ഇന്ന് സ്കൂളിൽ നിറയെ കോൺക്രീറ്റ് കെട്ടിടങ്ങളാണ്.

25 വർഷങ്ങൾക്കുശേഷം എനിക്ക് സ്ഥാനക്കയറ്റം കിട്ടുമ്പോൾ പോകാൻ തോന്നിയില്ല. സഹാധ്യാപകരുടെ നിർബന്ധംകാരണം നിറമിഴികളോടെ പടിയിറങ്ങേണ്ടി വന്നു. ആ ദിനങ്ങൾ ഇന്നും ഓർക്കാറുണ്ട്.ഉറങ്ങാൻ കഴിയാത്ത ദിവസങ്ങൾ. പുതിയ വിദ്യാലയത്തോട് പൊരുത്തപ്പെടാൻ കുറെയേറെ നാളുകൾ വേണ്ടിവന്നു .എൻ്റെ മനസ്സിലുള്ള സ്നേഹത്തിൻ്റെ ഒരു ഭാഗം അവിടെ വച്ചിട്ടാണ് ഞാൻ പടിയിറങ്ങിയത്. എൻ്റെ പ്രിയപ്പെട്ട സഹാധ്യാപകരെയും മറ്റു ജീവനക്കാരെയും കുഞ്ഞുങ്ങളെയും വിദ്യാലയത്തേയും ഓർക്കാത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിലില്ല. അത്രയേറെ ഞാൻ ആ വിദ്യാലയത്തെ ഇഷ്ടപ്പെടുന്നു.പഠിപ്പിച്ച വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും നല്ല നിലയിൽ എത്തിച്ചേർന്നതിൽ ചാരിതാർത്ഥ്യമുണ്ട്. എവിടെപ്പോയാലും പഠിപ്പിച്ചവരിൽ ആരെയെങ്കിലും കാണുകയും സ്നേഹാന്വേഷണങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.

അധ്യാപകർ, പി.റ്റി.എ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ ഇവരുടെ പരിശ്രമഫലമായിഇന്ന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എല്ലാ കാര്യത്തിലും മികവു പുലർത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നോട്ടു കുതിക്കുകയാണ് ഈ വിദ്യാലയം .

പ്രകൃതിയെ പ്രണയിക്കുന്ന എന്നെ ആ സ്കൂളിലെ പരിസരവും ജീവജാലങ്ങളും ഇതുവരെ മറന്നിട്ടില്ലെന്നു തോന്നുന്നു. കുറെ നാളുകൾക്കു ശേഷം അവിടെ പോയപ്പോൾ വിദ്യാലയകവാടത്തിൽ എത്തിയപ്പോൾത്തന്നെ പോസിറ്റീവ് ഊർജ്ജം അനുഭവപ്പെട്ടു. അണ്ണാറക്കണ്ണന്മാർ 'ചിൽചിൽ' ശബ്ദമുണ്ടാക്കിയാണ് എന്നെ വരവേറ്റത്. കുഞ്ഞിക്കിളികൾ ഒളികണ്ണാലെന്നെ നോക്കി ചിലച്ച് പരിഭവം ചൊല്ലി. മരങ്ങളുടെയും ചെടികളുടെയും ചുവട്ടിലെത്തിയപ്പോൾ അവ ഇലകളും ജലത്തുള്ളികളുംപൊഴിച്ച് ആനന്ദക്കണ്ണീരാൽ അവരുടെ സന്തോഷമറിയിച്ചു. മണൽത്തരികളുടെ മർമ്മരശബ്ദം കേട്ടപ്പോൾ എന്നെ കാണാത്തതിലുള്ള അമർഷം പ്രകടിപ്പിക്കുന്നതായി തോന്നി. ചിതലരിക്കാത്ത കുറെ നല്ല ഓർമ്മകൾ ഇന്നും മനസ്സിൻ താളുകൾക്കിടയിൽ ഞാൻ ഒളിപ്പിച്ചുവച്ചിരിക്കുന്നു. ഒരിക്കലും മായാതെ മങ്ങാതെ എന്നും ഹരിതാഭമായിത്തന്നെ അവ നിലനിൽക്കട്ടെ.