സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ പറക്കോട് ബ്ലോക്കിൽ ഉൾപെട്ട പ്രദേശത്താണ് കുളത്തുമൺ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വനഭൂമിയോടു ചേർന്നു കിടക്കുന്ന സഹ്യൻ്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന കൂടൽ വില്ലേജി‍‍ൽ ഉൾപ്പെട്ട കുളത്തുമൺ ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം. കുളത്തുമൺ പോസ്റ്റാഫീസ് സമീപത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനമാണ്. വനഭൂമിയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം കലഞ്ഞൂർ പഞ്ചായത്തിലെ അവികസിത മേഖലകളിൽ ഒന്നാണ്. 1948 വരെ 18 കി.മി അകലയുള്ള കോന്നി/കലഞ്ഞൂർ സ്കൂളുകളിലാണ് ഈ പ്രദേശത്തെ കുട്ടികൾ പഠിച്ചിരുന്നത്. യാത്രാ സൗകര്യത്തിൻ്റെ അഭാവവും ദൂരക്കൂടുതലും മിക്ക കുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും അകറ്റിയിരുന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് നാട്ടുകാരുടെ നേതൃത്യത്തിൽ ധനസമാഹരണം നടത്തി 1948-ൽ കുളത്തുമൺ എൽ .പി സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ സ്ഥാപനകാലത്ത് കുളത്തുമൺ ദേശത്തെ പ്രമുഖരായ മേലേ വടക്കേതിൽ ശങ്കരൻ, മണ്ണിൽ കേശവൻ, വാഴവിളയിൽ ശങ്കരൻ, ചരുവിളയിൽ കുഞ്ഞൂഞ്ഞ്, കടുവാമൂലയിൽ ശങ്കരൻ, വൃന്ദാവനം ദാമോദരൻ എന്നിവർ മണ്ണിൽ വടക്കേതിൽ കുഞ്ഞൂഞ്ഞിൽ നിന്നും 50 സെൻ്റ് ഭൂമി SNDP യോഗത്തിനു വേണ്ടി വാങ്ങി. പിന്നീട് ഒരു രൂപ പ്രതിഫലത്തിന് ഭൂമി ഗവൺമെൻ്റിന് സറണ്ടർ ചെയ്യുകയാണുണ്ടായത്.


സ്കൂൾ ആരംഭിച്ച വർഷം താമരപ്പള്ളിൽ എസ്റ്റേറ്റ് വക കെട്ടിടത്തിൽ രണ്ടു വർഷം സൗജന്യമായി ക്ലാസ് നടത്തുന്നതിന് തോട്ടം ഉടമ അനുവദിക്കുകയും ഈ പ്രവർത്തനങ്ങൾക്ക് അന്ന് രത്നഗിരി എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന കൊല്ലം സ്വദേശി ശ്രീ.അഗസ്റ്റിൻ ഫെർണാണ്ടസ് മാർഗനിർദേശം നൽകുകയും ചെയ്തു. സ്കൂൾ വക 50 സെൻ്റ് വസ്തുവിന് പുറമെ കരിങ്കല്ലിൽ തീർത്ത സ്കൂൾ കെട്ടിടവും നാട്ടുകാർ തന്നെ നിർമ്മിച്ച് ഗവൺമെൻ്റിന് നൽകുകയായിരുന്നു. ആദ്യകാലത്തെ ഹെഡ്- മാസ്റ്റർ പത്തനംതിട്ട സ്വദേശി ശ്രീ.കൊച്ചൻപിള്ള ആയിരുന്നു.