ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ചങ്ങല പൊട്ടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങല പൊട്ടിക്കാം

മനുഷ്യൻ എന്ന മനോഹര വാക്ക് പ്രപഞ്ചത്തിൽ എല്ലാത്തിനും മീതെ ഉയർന്നു നിൽക്കുന്നു .അതിൽ നാം എന്നും അഭിമാനം കൊണ്ടിരുന്നു .പ്രകൃതിയിലെ എല്ലാത്തിനെയും നിയന്ത്രിച്ച് നിർത്തുന്നവൻ ,അപാരമായ ബുദ്ധിശക്തിയും ,ചിന്താശേഷിയും ,ഭാവനയും കൈമുതലാക്കിയ മനുഷ്യൻ, എവറസ്റ്റും ,ചന്ദ്രനും കീഴടക്കി ,പുത്തൻ സാങ്കേതിക വിദ്യയിലൂടെ അത്ഭുതകരങ്ങളായ കണ്ടുപിടുത്തങ്ങൾ സ്വന്തമാക്കി ജൈത്ര യാത്ര തുടരുകയാണ്.പണവും ,അധികാരവും മനുഷ്യനെ അഹങ്കാരിയും സ്വേച്ഛാധിപതിയുമാക്കി .തനിക്ക് എതിരാളിയില്ലായെന്ന ഹൂങ്ക് മനുഷ്യനെ ഉന്മാദിയാക്കി പ്രകൃതി എന്നത് സത്യമാണ് .പ്രകൃതിക്ക് നേരെയുള്ള കൈയ്യേറ്റത്തിന് എന്തായാലും തിരിച്ചടി ഉറപ്പാണ് .ചിറകില്ലെങ്കിലും സ്വതന്ത്രനായി ഭൂമിയിലും ആകാശത്തിലും അഴികളില്ലാതെ സഞ്ചരിച്ച മനുഷ്യന്റെ ഇന്നത്തെ അവസ്ഥ ദയനീയവും, അപകടകരവുമാണ് .അത്തരത്തിലുള്ള ഒരു മഹാമാരിയാണ് മനുഷ്യവംശത്തിന്റെ തന്നെ തായ് വേര് അറുക്കുന്ന കോടാലിയായി മാറിയ കോ വിഡ് 19.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം സുദൃഢവും ശാന്തവുമായി മാറുമ്പോഴാണ് ജീവിതം മംഗള പൂർണ്ണമായി മാറുക .എന്നാൽ പ്രപഞ്ച ജീവിതം ഇന്ന് മനുഷ്യന്റെ സ്വാർത്ഥത കാരണം തകിടം മറിഞ്ഞിരിക്കുന്നു .സമ്പന്നനാവുക എന്ന ഒറ്റ ലക്ഷ്യത്താൽ എന്തിനെയും വിറ്റ് കാശാക്കാൻ പ്രകൃതിയെ മലിനമാക്കുകയും പരിസ്ഥിതിയെ സർവ്വ നാശത്തിലേക്ക് നയിക്കുകയുമാണ് നാം .സ്വാർത്ഥത ഒരു വൈറസായി മാറിയപ്പോൾ കൊറോണ പോലുള്ള വൈറസ് നമ്മെ പിടികൂടിയത് അറിയാൻ നമ്മൾ വൈകി. ആ മഹാമാരി രാജ്യങ്ങളുടെ അതിർത്തികൾ ലംഘിച്ച് പടരുകയാണ് .മരണം മാരിയായി പെയ്തിറങ്ങുകയായി .വൈറസ്സിനെ തടയാൻ മരുന്നില്ലാതെ മനുഷ്യൻ നിസ്സഹായനായി ,ആറ്റം ബോംബു കളും അണ്വായുധങ്ങളും ,നിർമ്മിച്ച് കൂട്ടിയ നാം നാഗസാക്കിയും ഹിരോഷ്മിയും സൃഷ്ടിച്ച നാം പുതിയ ആപത്തിനെ തടയാൻ ആയുധമില്ലാതെ നിലവിളിക്കുകയാണ്.

ഇന്ന് കൂട്ടിലടക്കപ്പെട്ട ജീവികളെ പോലെ പരസ്പരം തൊടാതെ ,കാണാതെ അവനവന്റെ വീടുകളിൽ അഭയാർത്ഥിയെ പോലെ ഒറ്റപ്പെടുകയാണ് ആഡംബരപൂർണ്ണവും ആർഭാടം നിറഞ്ഞതുമായ ജീവിതം നയിച്ച മനുഷ്യൻ നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യവംശം നയിച്ച ജീവിത രീതികളിലേക്ക് മെല്ലെ മെല്ലെ പിൻവാങ്ങുകയാണ് .സകലതിനെയും അടക്കിഭരിച്ചവർ ഇന്ന് സ്വയം തടവറകളിലേക്ക് തിരിയുകയാണ് . ഭക്ഷണത്തിലും വസ്ത്രത്തിലും നിർബന്ധ ബുദ്ധികളായ നാം ഇന്ന് ഒരു കാര്യത്തിലും നിർബന്ധ ബുദ്ധിയില്ലാത്തവരായി മാറി .മാരകമായ ഈ വിപത്ത് മനുഷ്യവംശത്തെ തീർത്തും പിടിച്ച് കുലുക്കിയിരിക്കുന്നു. എങ്കിലും പ്രത്യാശയുടെ കിരണങ്ങൾ നമ്മുടെ ഇടയിൽ അവശേഷിക്കുന്നുണ്ട് .ആരോഗ്യ പ്രവർത്തകരും ,സേവന-സന്നദ്ധ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് ,ഐക്യത്തോടെ ,സ്നേഹത്തോടെ ,ശാരീരിക അകലം പാലിച്ച് , എന്നാൽ മാനസികമായി അടുപ്പത്തോടെ കൊറോണയുടെ ചങ്ങല നമ്മുക്ക് പൊട്ടിച്ച് ,പുതിയൊരു കാലത്തിലേക്ക് ,പുതിയൊരു ചക്രവാളത്തിലേക്ക് ,പരസ്പര സ്നേഹത്തോടെ ,ജാതി മതവർഗ്ഗ ,വർണ്ണ ഭേദമില്ലാതെ മുന്നേറാം....... ലോകാ സമസ്തോ സുഖിനോ ഭവന്തു......

സിദ്ധാർത്ഥ് .കെ
9 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം