കോട്ടയം ജില്ലയിലെ കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഏതാണ്ട് ഒന്നര കി.മീ അകലെയുളള ഒരു പ്രദേശമാണ് കുമാരനല്ലൂർ. പെരുമ്പായിക്കാട് വില്ലേജിലാണ് സ്‌ഥിതി ചെയ്യുന്നത്. കുമാരനല്ലൂർ ദേവി ക്ഷേത്രവും അവിടുത്തെ തൃക്കാർത്തിക മഹോത്സവവും വളരെ പ്രശസ്തമാണ്. കുമാരനല്ലൂരിനു അഞ്ചു കിലോമീറ്റർ മാറിയാണ് കോട്ടയം നഗരഹൃദയം. ക്ഷേത്രം നിലവിൽ വരുന്നതിനു മുൻപ്‌ ഈ പ്രദേശം തിങ്കൾ കാട് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് . പിന്നീട് ഇന്ദു കാനനം എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ ദേവി ക്ഷേത്രം നിലവിലിരിക്കുന്ന സ്ഥലത്ത് യഥാർത്ഥത്തിൽ ഒരു കുമാരന്റെ(സു ബ്രഹ്മണ്യന്റെ) ക്ഷേത്രം ആയിരുന്നു വരേണ്ടത്. കുമാരൻ എത്തുന്നതിനു മുൻപേ ആ സ്‌ഥാനത്ത് മധുര മീനാക്ഷി കയറി ഇരുന്നു എന്നാണ് സങ്കല്പം. അങ്ങനെ കുമാരൻ അല്ല ഊരിൽ എന്ന അർത്ഥത്തിൽ കുമാരനല്ലൂർ എന്നപേർ ലഭിച്ചു എന്ന് ഐതീഹ്യം. ക്ഷേത്ര പ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് ഗാന്ധിജി കുമാരനല്ലൂരിലെത്തിയ ചരിത്രമുണ്ട്.