സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം വീടുകളിൽ നിന്ന് തുടങ്ങാം

രോഗപ്രതിരോധം വീടുകളിൽ നിന്ന് തുടങ്ങാം

നാം ഇന്ന് ജീവിക്കുന്ന സമൂഹം ഒരു യുദ്ധഭൂമിയാണ്. വമ്പൻ ടാങ്കുകളോ തോക്കുകളോ ഒന്നും അല്ല നമ്മുടെ ശത്രുക്കൾക്ക് കണ്ണിൽ പോലും കാണാൻ കഴിയാത്ത ഇത്തിരിക്കുഞ്ഞൻമാരാണ് ഇന്നത്തെ സമൂഹത്തിന്റെ ശത്രുക്കൾ . പറഞ്ഞു വരുന്നത് കൊറോണയെക്കുറിച്ചാണ് നമ്മുടെ കണ്ണിനു പോലും കാണാൻ കഴിയാത്ത ഒരു ഇത്തിരിക്കുഞ്ഞനാണ് ഇന്നത്തെ സമൂഹത്തിന്റെ പ്രധാന ശത്രു.

നമ്മുടെ കണ്ണിനു പോലും കാണാൻ കഴിയാത്ത ഒരു ഭീകരൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ലോകത്തെ മുഴുവൻ വീട്ടിൽ ഇരുത്തുകയും ചെയ്തു.മാർഗ്ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ശരീരം ഇടയ്ക്കിടെ വൃത്തിയാക്കുകയും കൂടെ ചെയ്താൽ ഈ ഭീകരൻ നമ്മെ തൊടുകയില്ല. ചുരുക്കത്തിൽ പറഞ്ഞാൽ "ഒന്നു സോപ്പിട്ടാൽ നമുക്ക് ഈ ഭീകരന്റെ മനസ്സലിയിക്കാവുന്നതേയുള്ളൂ ". എന്നിട്ടും നാം എന്തിനാണ് കൊറോണയെ ഇത്ര പേടിക്കുന്നത് എന്ന് ഇന്നും മനസ്സിലാകാത്ത കാര്യമാണ്. കാരണം ഇതാണ് നമുക്ക് കൊറോണയെക്കുറിച്ച് ശരിയായ അവബോധം ഉണ്ടായിരുന്നില്ല. സാമൂഹിക അകലം പാലിക്കണം അഥവാ ശാരീരിക അകലം പാലിക്കണം എന്ന നിർദ്ദേശത്തോടെ നമുക്ക് പുച്ഛമായിരുന്നു. നമ്മുടെ രാജ്യമായ ഇന്ത്യയിൽ ഉയർന്ന സാക്ഷരതയുള്ള ,വിവേകം ഉള്ളവർ എന്നു നടിക്കുന്ന മലയാളികളുടെ നാടായ കേരളത്തിലാണ് ആദ്യം കൊറോണ വന്നത് എന്നതു തന്നെ അതിനൊരു തെളിവാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന ആപ്ത വാക്യത്തെ നാം തിരുത്തിക്കുറിച്ചത് ഈ കൊറോണക്കാലത്താണ്. രോഗം വരുന്നതിനേക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണ് എന്ന് നാം മനസ്സിലാക്കിയത് ഈ രോഗത്തിന്റെ വ്യാപന തീവ്രതയും ദുരന്ത സാധ്യതയും മനസ്സിലാക്കിയതുകൊണ്ടാണ്. നമുക്ക് സമൂഹത്തോട് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോട് ഭാരതത്തിലെ 130 കോടിയിൽപ്പരം ജനങ്ങളോട് ലോകത്തിലെ 700 കോടിയിൽപ്പരം ജനങ്ങളോടു ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം വീട്ടിലിരിക്കുക എന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നാം ഒരു രക്ഷാപ്രവർത്തകനാകുന്നു. നമ്മുടെ നാടിനെയും വീടിനെയും ലോകത്തെയും തന്നെ രക്ഷിക്കുന്ന രക്ഷാപ്രവർത്തകൻ. സാമൂഹിക അകലം എന്നതാണ് കൊറോണയെ ചെറുക്കാൻ പറ്റിയ ഏറ്റവും വലിയ മാർഗം. ഇതിനെ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലമായി കാണരുത് .മറിച്ച് ഈ വിഭാഗത്തിൽ പെടുന്നവരെല്ലാം ഒരുമിച്ച് ഒരുമയോടെ സഹകരിച്ചാലേ നമുക്ക് കൊറോണയെ തുരത്താനാകൂ. കൊറോണയെക്കുറിച്ചുള്ള ഏറ്റവും രസകരമായ കാര്യം ഇതിന്റെ മുമ്പിൽ വലിയവനെന്നും ചെറിയവനെന്നും ഉള്ള വ്യത്യാസമില്ല എന്നതാണ്. ലോകത്തിലെ വമ്പൻ ശക്തികൾ എന്നു നടിക്കുന്ന അമേരിക്ക നേരിടുന്നത് ഈ മനോഭാവം മൂലമുണ്ടാകുന്ന ആഘാതമാണ്. വേറൊരു കാര്യം ശ്രദ്ധിച്ചാൽ നമ്മുടെ കൊച്ചു കേരളത്തിൽ രോഗികളുടെ സുഖപ്പെടലിന്റെ എണ്ണം ഒരു ദിവസത്തെ രോഗബാധിതരെക്കാൾ കൂടുതലാണ് എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. നമ്മെക്കാൾ വികസിതരായ ഡൽഹിയും ഹൈദരാബാദും ഈ കണക്കിൽ ഏറ്റവും പിന്നിലാണ്. അതിനു പിന്നിൽ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും കാട്ടിയ ആത്മവിശ്വാസവും അർപ്പണബോധവുമാണ്. കേരളത്തിലെ ജനങ്ങളെ ഒരുമിച്ചു നിർത്തുവാനും കൊറോണയെ ചെറുക്കുവാനും നമ്മുടെ സർക്കാരും ആരോഗ്യ പ്രർത്തകരും കാട്ടിയ ധീരത എടുത്ത് പറയേണ്ടതാണ്.പ്രത്യേകിച്ച് നമ്മുടെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നിശ്ചയദാർഡ്യം കൊറോണയെ ചെറുക്കുന്നതിൽ നമുക്ക് ഒരു പുത്തനുണർവായി മാറിയിട്ടുണ്ട്.

നമുക്ക് വേണ്ടി ജീവൻ പോലും നൽകാൻ തയ്യാറായ ആരോഗ്യ പ്രവർത്തകരാണ് നമ്മുടെ ശക്തി.നാമല്ലൊം വീട്ടിൽ സുരക്ഷിതരായി ഇരിക്കുമ്പോഴും നിരന്തരം കൊറോണ രോഗികളുമായി ഇടപഴകുന്ന ഇവർ അവരുടെ ജീവൻ പണയം വെച്ച് കൊറോണയ്ക്കെതിരെ പോരാടുകയാണ്. അവർ നമ്മുടെ നാളെയ്ക്കുള്ള ജീവിതയാത്രയുടെ മൺവിളക്കുകളാണ്.അത് ഉടയാതെ നോക്കേണ്ടത് നമ്മുടെ കടമയാണ് അതിനായി നാം വീടുകളിൽ ഇരുന്നേ മതിയാകൂ. ഓർക്കുക ഇപ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ക്ഷണികമാണ്. നാം അത് സഹിച്ചേ തീരൂ.കാരണം കൊറോണക്കാലത്ത് വീടുകളിൽ ഇരുന്ന് കൊറോണയെ തോൽപ്പിച്ച നമ്മുടെ വീരകഥ അടുത്ത തലമുറ അതിശയത്തോടെ നോക്കിക്കാണട്ടെ.

ആദർശ്. M
10 B സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം