സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിയും നമ്മളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും നമ്മളും

പണ്ട് മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ എല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്. എന്നാൽ ഇതിൽ മനുഷ്യർ മാത്രമാണ് ഈ ഭൂമിയുടെ നിലനിൽപ്പിനെ അപകടപ്പെടുത്തുന്നത് .

കോടാനുകോടികൾ മുടക്കി മറ്റു ഗ്രഹങ്ങളിൽ ജീവൻ തിരയുന്ന മനുഷ്യർ സ്വന്തം ഗ്രഹത്തിൽ ജീവൻ്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തുകയാണ്.

പ്രകൃതിക്ക് മനുഷ്യൻ ഇല്ലാതെ വളർച്ച സുഗമമാണ്, എന്നാൽ മനുഷ്യന് പ്രകൃതിയില്ലാതെ വളർച്ചയല്ലാ, ജീവിതമേയില്ല. കാരണം അത് അവൻ്റെ ജീവശ്വാസമാണ്.

ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിൻറെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൻറെ വർദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡയോക്സൈഡിൻറെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.

ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിൻറെ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷതാപം വർദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിനിടയാക്കുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവർക്ക് അപകടകരമാണെന്ന് പ്രത്യേകം പറയണ്ടേതില്ല. കൂടാതെ ആഗോളകാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങൾ സൃഷ്ടിയ്ക്കുന്നു.

ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപ്പാദനത്തിന് സ്വീകരിച്ച ഊർജ്ജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്.

അറബിക്കടലിൽ താപനില വർധിക്കുന്നതാണു ചുഴലിസാധ്യത കൂട്ടുന്നത്. ശരാശരി 30 ഡിഗ്രി വരെ ചൂടുപിടിച്ചു കിടക്കുന്ന അറബിക്കടലിൽ വൻ നഗരങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ മൂലം ചൂട് പിന്നെയും കൂടുന്നു. ഓക്‌സിജന്റെ അളവു കുറയുന്നതുമൂലം അറബിക്കടലിന്റെ പല ഭാഗങ്ങളിലും മൃതമേഖല (ഡെഡ്‌ സോൺ) രൂപപ്പെടുന്നുണ്ട്. മൽസ്യങ്ങൾ ചത്തുപൊങ്ങുന്നതിനൊപ്പം ചെറിയ ജീവികളും കടൽസസ്യങ്ങളും പവിഴപ്പുറ്റുകളും നശിക്കും.

കേരളത്തിലെ 80 ശതമാനം കിണറും മലിനമെന്നാണു സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ധവളപത്രത്തിലെ കണക്ക്. വിസർജ്യ വസ്തുക്കളിൽ കാണുന്ന ബാക്ടീരിയകളാണ് കിണറുകളിൽ നിറഞ്ഞിരിക്കുന്നത്. പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ഭൂഗർഭ ജലസ്രോതസ്സുകളിൽ അമിതതോതിൽ ഫ്ലൂറൈഡ് കണ്ടെത്തി. വ്യവസായങ്ങൾ മൂലമുള്ള ഭൂഗർഭ ജല മലിനീകരണം എറണാകുളം, കൊല്ലം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലുമുണ്ട്. വ്യവസായ മാലിന്യങ്ങളും കീടനാശിനികളും ജലാശയങ്ങളിലേക്ക് ഒഴുകിയിറങ്ങിയതോടെ കുട്ടനാട്ടിലെ തണ്ണീർത്തടങ്ങളിലും വേമ്പനാട്ടു കായലിലും ശുദ്ധജല തടാകങ്ങളിലും ഓക്സിജൻ സാന്നിധ്യം അപകടകരമായ നിലയിൽ കുറയുന്നു.

ഇന്ന് നമ്മുടെ ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായ കൊറോണ വൈറസ് പോലുള്ളവ അന്തരീക്ഷ താപനില ഉയർന്നതുമൂലം വൈറസുകളുടെ ജനിതകമാറ്റം കാരണം സംഭവിച്ചതാണെന്ന് ഇന്ന് നാം മനസിലാക്കുന്നു. ഇതു മൂലം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടമാവുക മാത്രമല്ല. ലോകം വലിയ സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു. ലോകത്തിൻ്റെ സാമ്പത്തിക വളർച്ച ഇതുമൂലം വളരെ വർഷങ്ങൾ ഇതിനകം പിന്നോട്ടു പോയി കഴിഞ്ഞു.

പക്ഷേ കോറോണ ബാധ മൂലം ലോകം ഒരു മാസത്തോളം നിശ്ചലമായപ്പോൾ പരിസ്ഥിതി മലിനീകരണം വളരെ കുറഞ്ഞ് 20 വർഷം മുൻപത്തെ അവസ്ഥയിലേക്ക് മടങ്ങിയതായി മാധ്യമങ്ങളിൽ നമ്മൾ കണ്ടതാണ്.

ഈ വൈറസ് ബാധ നമുക്കുള്ള പ്രകൃതിയുടെ മുന്നറിയിപ്പായി കണ്ട് നമുക്ക് പ്രകൃതിയെ സംരക്ഷിക്കാൻ ഒന്നിക്കാം, ഇല്ലെങ്കിൽ മറ്റു ജീവികൾക്ക് വംശനാശം സംഭവിച്ചതുപോലെ മനുഷ്യരാശിക്കും സംഭവിക്കാനുള്ള സാധ്യത വിദൂരമല്ല.

മനുഷ്യരാശിയുടെ നിലനിൽപ്പിനായി പ്രകൃതിയെ സംരക്ഷിക്കാൻ , നമുക്കൊന്നായി കൈ കോർക്കാം.

ആറോൺ ആൻ്റണി
9 സെന്റ്. ജോർജ്സ് എച് . എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം