സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ കോവിഡ് -19 രക്ഷയും ശിക്ഷയും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19 രക്ഷയും ശിക്ഷയും


ലോകമൊന്നാകെ ഇന്ന് ഒരു സൂക്ഷ്മാണുവിന്റെ പുറകെയാണ്. ലോകജനതയുടെ നാലിൽ മൂന്ന് ഭാഗവും വീടുകളുടെ അകത്തളങ്ങളിൽ ഒതുങ്ങിയിരിക്കുന്നു. ജനനിബിഡമായ പാതകളും കച്ചവട സ്ഥലങ്ങളും ശൂന്യമായിരിക്കുന്നു. മനുഷ്യൻ ശാസ്ത്രത്തിലൂടെ കണ്ടെത്തിയത് എല്ലാം നിശ്ചലമായി കിടക്കുന്നു. സമ്പന്നതയുടെ ക്രമമനുസരിച്ച് തിരഞ്ഞെടുത്തിരുന്ന ആകാശ യാത്രയും റോഡ് , തീവണ്ടി ഗതാഗതങ്ങളും ആളും അനക്കവും ഇല്ലാതായി മാറിയിരിക്കുന്നു. ചന്ദ്രനെ പോലും കാൽക്കീഴിലാക്കി എന്ന് അഹങ്കരിച്ച മനുഷ്യനെ കാഴ്ചയ്ക്ക് അപ്രാപ്യമായ ഒരു വൈറസ് ഇത്രയധികം തളർത്തിയത് എന്തുകൊണ്ട്? ചിന്തിക്കേണ്ട കാര്യമാണ് . 2019 ഡിസംബറിൽ തുടങ്ങിയ കൊറോണ വിഭാഗത്തിൽപെട്ട വൈറസ് കാറ്റിൽ പറക്കുന്ന പോലെ 6 ഭൂഖണ്ഡങ്ങളിലും പടർന്നു പിടിച്ച് യാത്ര തുടരുകയാണ് .ഒന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിനാളുകൾ രോഗബാധിതരായി. സമ്പന്ന രാജ്യങ്ങളിൽപോലും ചികിത്സിക്കാൻ സൗകര്യം മതിയാവാതെ ജനങ്ങൾ മരിച്ചു വീഴുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നു .സമ്പന്നൻ - ദരിദ്രൻ ഭേദമില്ലാതെ , കറുത്തവനോ വെളുത്തവനോ വ്യത്യാസമില്ലാതെ, ജാതിയുടെയോ മതത്തിന്റെയോ പെരുമ നോക്കാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന, എല്ലാവരും ഭയക്കുന്ന കൊറോണ വൈറസ്. മനുഷ്യന് ഈശ്വരൻ നൽകിയ വരദാനമാണ് പ്രകൃതി . എന്നാൽ അവന്റെ അഹങ്കാരവും സ്വാർത്ഥതയും ഈ അമ്മയെ വലിച്ചുകീറി വികൃതം ആക്കിയിരിക്കുന്നു . ആവാസവ്യവസ്ഥ , ജൈവസമ്പത്ത് തുടങ്ങി എല്ലാം തന്നെ താറുമാറായിരിക്കുന്നു. എന്തിനേറെ താൻ ചവിട്ടി നിൽക്കുന്ന മണ്ണും ശ്വസിക്കുന്ന വായുവും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും രക്ഷിച്ചു കൊണ്ടിരിക്കുന്ന ഓസോൺ പാളിയും ദാഹം ശമിപ്പിക്കുന്ന ജലം പോലും മനുഷ്യൻ മലിനമാക്കി കഴിഞ്ഞു. പ്രകൃതിക്ക് ഇതുപോലെ ഇനി മുന്നോട്ടുപോകാൻ സാധിക്കില്ല എന്നത് ഒരു പരമസത്യമാണ് . ഒരു മാറ്റം ഈ ഭൂതലത്തിൽ , അന്തരീക്ഷത്തിൽ അനിവാര്യമാണ് . കോവിഡ് -19 വ്യാപിക്കാതിരിക്കാൻ രാജ്യങ്ങൾ അടച്ചിട്ടപ്പോൾ, ജനങ്ങൾ വീടുകളിൽ ഒതുങ്ങിയപ്പോൾ, പ്രകൃതിയിലും മനുഷ്യരിലും വന്ന മാറ്റങ്ങൾ നോക്കാം .അന്തരീക്ഷ മലിനീകരണം പലയിടത്തും 50 ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നു .ഓസോൺപാളിയുടെ വിള്ളൽ പകുതിയിലേറെ അടഞ്ഞിരിക്കുന്നു .മനുഷ്യൻ അകത്തിരുന്നപ്പോൾ പ്രകൃതിയിലെ മറ്റു ജീവികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി . ആവാസവ്യവസ്ഥകൾ എല്ലാം ഒരു പരിധിവരെ നേരെയാക്കാൻ ഇതുമൂലം സാധിക്കും . മനുഷ്യനെ അനുസരണം പഠിപ്പിക്കുന്ന , സംസ്കാരസമ്പന്നരാക്കുന്ന, കുടുംബബന്ധങ്ങൾക്ക് ദൃഢത നൽകുന്ന, സാമൂഹിക പെരുമാറ്റങ്ങൾക്ക് മാന്യത കൊടുക്കുന്ന സർവ്വോപരി പ്രകൃതിയെ തന്റെ എല്ലാം ആയി കാണണമെന്ന് മനുഷ്യനെ പഠിപ്പിക്കുന്നു കോവിഡ് -19 . "ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ "എന്ന കവിയുടെ ചോദ്യത്തിന് ഉത്തരം ആണ് പ്രകൃതി നൽകുന്നത്. വന്നു പതിച്ച മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി ചെറുക്കാം. സംസ്കാരസമ്പന്നരായി, നാം അറിയാതെ തന്നെ മാറുകയാണ് .മാസ്ക് ധരിച്ചും സാമൂഹിക കാഴ്ച്ചപ്പാടുകൾ പാലിച്ചും ഈ രോഗം നമുക്ക് വരാതെ നോക്കുന്നതോടൊപ്പം മറ്റുള്ളവർക്ക് വരാൻ നാം ഒരു കാരണം ആകാതിരിക്കാൻ ശ്രദ്ധിക്കാം. ശുചിത്വബോധം ഉള്ളവരായി നമുക്ക് വളരാം. മാനവികതയുടെ വക്താക്കളായി നാം മാറുകയാണ് വേണ്ടത്.ഇല്ലാത്തവനെ കാണുവാൻ നമ്മുടെ കണ്ണുകൾ തുറക്കാം . ആഴത്തിൽ കുഴിച്ച കുഴിയിൽ ഒന്നിനുമേൽ ഒന്നായി വീഴുന്ന മൃതശരീരങ്ങൾ അഹം എന്ന ഭാവത്തിൽ നിന്നും പുറത്തുകടക്കാൻ നമ്മെ പ്രാപ്തരാക്കും . നിശ്ചയം തന്നെ. അല്ലെങ്കിൽ മനുഷ്യത്വം എന്ന പദം അർത്ഥശൂന്യമായി പോകും. മനുഷ്യ സ്നേഹത്തിൻറെ നിറദീപങ്ങൾ ആയി നമുക്ക് മാറാം. ഇതുപോലൊരു മഹാമാരി ഇനി മാനവരാശിയുടെ മേൽ പതിയാതിരിക്കട്ടെ.

ആൽവിൻ ജോബി
9 സെന്റ്. ജോർജ്സ് എച്. എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം