സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/അതിജീവനും മനുഷ്യനും പ്രകൃതിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനും മനുഷ്യനും പ്രകൃതിക്കും

എത്ര സുന്ദരമാണ് നമ്മുടെ ഭൂമി. പച്ചപുതച്ച മലനിരകളും , താഴ്വരകളും , വനങ്ങളും , മഞ്ഞുറഞ്ഞ ധ്രുവപ്രദേശങ്ങളും , മണലാരണ്യങ്ങളും , പുഴകളും, നദികളും, തടാകങ്ങളും , സമുദ്രവും , ശുദ്ധവായുവും വ്യത്യസ്ത കാലാവസ്ഥകളും ഋതുക്കളും നമ്മുടെ ഭൂമിയെ ഒരു പറുദീസയാക്കുന്നു.കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ ഭൂമിയിൽ പ്രകൃതിയോടിണങ്ങി ആണ് പ്രാകൃത മനുഷ്യർ ജീവിച്ചിരുന്നത്. മണ്ണും , മരവും, പാമ്പും, പഴുതാരയും , മനുഷ്യരെപ്പോലെ ഈ പരിസ്ഥിതിയുടെ ഭാഗമാണ്. സസ്യജന്തുജാലങ്ങൾ പരസ്പര ആശ്രയത്വത്തിൽ പൂർണ സംതൃപ്തിയോടെ ജീവിക്കാൻ ആവശ്യമായതെല്ലാം ഈ ഭൂമിയിൽ ഉണ്ട് . അമ്മയും ദേവിയുമായി പ്രകൃതി വാഴ്ത്തപ്പെടുന്നതിന് കാരണവും ഇതുതന്നെയാണ്.

എന്നാൽ മനുഷ്യന്റെ അത്യാർത്തിയും ദുരയും പ്രകൃതിയുടെ ചൈതന്യത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. സുഖസൗകര്യങ്ങളോടുള്ള മനുഷ്യൻറെ ആർത്തി തന്നെയാണ് ഏറ്റവും വലിയ പ്രതിബന്ധമായി നിലകൊള്ളുന്നത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, റഫ്രിജറേറ്ററിൽ നിന്നും പുറത്തുവരുന്ന ക്ലോറോ ഫ്ലൂറോ കാർബൺ, വാഹനങ്ങളുടെ പുകയിൽ അടങ്ങിയിരിക്കുന്ന കാർബൺമോണോക്സൈഡ്, പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ തുടങ്ങിയവയെല്ലാം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. കാടുവെട്ടിത്തെളിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാക്കുന്നതും , മണൽമാഫിയ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും , തണ്ണീർത്തടങ്ങൾ നികത്തുന്നതും , മലകളിലെ പച്ചപ്പ് നശിപ്പിച്ചു മൊട്ടക്കുന്നുകൾ ആക്കുന്നതും , കുന്നുകൾ നിരത്തി നിർമ്മിതികൾ നടത്തുന്നതും , ഭൂമിയെ അഗാധമായി കുഴിച്ച് ഖനനകേന്ദ്രങ്ങൾ ആക്കുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. "എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിൽ ഉണ്ട് എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല".എന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് ഇന്നും പ്രസക്തിയുണ്ട്. ഇന്നു നാം നേരിട്ടുകൊണ്ടിരിക്കുന്ന ആഗോളതാപനം, ഓസോൺ പാളിയിലെ വിള്ളൽ, കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ, വിസ്തൃതി കുറഞ്ഞു വരുന്ന വനഭൂമികൾ, വിസ്തൃതി പ്രാപിക്കുന്ന മരുഭൂമികൾ, ജലദൗർലഭ്യം തുടങ്ങിയ പ്രശ്നങ്ങളെല്ലാം മുഖ്യകാരണം പ്രകൃതി മാതാവിനോടുള്ള നമ്മുടെ ക്രൂരതയാണ്.

മലിനീകരണം വർദ്ധിച്ചുവരുന്ന ഈ ലോകത്തിൽ കേവലം അസുഖമില്ലാത്ത അവസ്ഥ തന്നെ സംജാതമാകാൻ നാം പാടുപെടുകയാണ്. സൃഷ്ടിയുടെ മകുടമെന്ന് അഹങ്കരിക്കുന്ന മനുഷ്യ നിപ്പോൾ കൊറോണ വൈറസ് എന്ന് കേവലമൊരു സൂക്ഷ്മജീവി യുടെ മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്.ശാസ്ത്ര പുരോഗതിയിൽ വീമ്പു പറഞ്ഞിരുന്ന മനുഷ്യർ കോവിസ് -19 എന്ന മഹാമാരിയെ നേരിടാനാകാതെ പകച്ചുനിൽക്കുന്നു. ഇതും പ്രകൃതിയിൽ നിന്നുള്ള മറ്റൊരു തിരിച്ചടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഈ വൈറസ് പകരാതിരിക്കാൻ രോഗത്തെ ഭൂരിഭാഗം രാജ്യങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രകൃതിക്കുണ്ടായ മാറ്റം ശ്രദ്ധേയമാണ്. ഓസോൺ പാളിയിലെ വിള്ളലിന്റെ വ്യാപ്തി കുറഞ്ഞുവരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. മലിനീകരണത്തിന്റെ തോത് 44 ശതമാനം കുറഞ്ഞു എന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ .നീണ്ട 30 വർഷങ്ങൾക്കു ശേഷം പഞ്ചാബിലെ ജലന്ധറിൽ നിന്ന് നൂറ് മൈൽ അകലെയുള്ള ഹിമാലയത്തെ നഗ്നനേത്രങ്ങൾകൊണ്ട് കാണാനായി എന്ന വാർത്ത അടുത്തിടെ നാം കണ്ടതാണല്ലോ.മനുഷ്യ സാന്നിധ്യം കുറഞ്ഞപ്പോൾ ജീവജാലങ്ങൾക്ക് ഉണ്ടായ വ്യത്യാസവും , ജലാശയങ്ങളിലും നീരുറവ കളുടെയും തെളിഞ്ഞ ജല സാന്നിധ്യവും, എന്തിനേറെ മൃഗശാലകളിലെ മൃഗങ്ങൾക്ക് പോലുമുണ്ടായ വ്യത്യാസവും ശ്രദ്ധേയമാണ്.

നമുക്ക് ഉണരാം. നമ്മെ പരിപാലിക്കുന്ന പ്രകൃതിയെന്ന അത്ഭുതത്തെ കിട്ടുന്നതിൽ ഇരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ട ചുമതലയുള്ളവരാണ് നമ്മൾ .ഈ ഭൂമി സമസ്ത ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്. ഭൂമിയിൽ ജീവൻ തലമുറകളോളം നിലനിൽക്കണമെങ്കിൽ പരിസ്ഥിതി സംരക്ഷിച്ചേ മതിയാകൂ. പരിസ്ഥിതി നമുക്ക് മാത്രമുള്ളതല്ല, നാളേക്കും എന്നേക്കും ഉള്ളതാണ് എന്ന തിരിച്ചറിവോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

ജെൻസി സി.ബി
10 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം