ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

2001 ജൂൺ മാസത്തിൽ ഞങ്ങളെ ഇവിടെ വിട്ടുപോയ മാതാപിതാക്കളെ നോക്കി ഞങ്ങൾ കരഞ്ഞിരിക്കണം. പക്ഷേ നനവ് പടർന്ന കണ്ണുകളിലൂടെ ഞങ്ങൾ കണ്ടത് മറ്റൊരു ലോകത്തെയാണ്. ദൈവങ്ങളുടെ കരുതൽ നൽകാൻ കഴിയുമെന്ന് ഞങ്ങൾ മനസ്സിലാക്കിയ പുതുലോകത്തെ. ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ കിടന്നിട്ട് വ്യത്യസ്ത ഭാഷകളുടെയും ശാസ്ത്രങ്ങളുടെയും ഗണിതത്തിന്റെയും ആദ്യ വറ്റ് നൽകിയ ഞങ്ങളുടെ വിദ്യാലയത്തിൽ ഞങ്ങൾ കാട്ടിക്കൂട്ടിയ വികൃതികളിൽ  ഞങ്ങളുടെ ചോര പൊടിഞ്ഞപ്പോൾ അതിലേറെ ചോര പൊടിഞ്ഞ ഹൃദയവുമായി ഞങ്ങളെ വാരിപ്പുണർന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ്. 5-)0 തരം വരെയുള്ള പഠനവും പൂർത്തിയാക്കി അവസാന പരീക്ഷയും കഴിഞ്ഞു ചന്ദന നിറമുള്ള യൂണിഫോം ഉടുപ്പുകളിൽ പരസ്പരം മഷിയിട്ട് ഞങ്ങൾ പിരിഞ്ഞപ്പോൾ അറിഞ്ഞിരുന്നില്ല കഴുകിയാലും പോകാത്ത ആ മഷിത്തുള്ളികൾ പോലെ മനസ്സിൽ എന്നും ഈ വിദ്യാലയ മുത്തശ്ശിയുടെ ഓർമ്മകൾ മായാതെ കിടക്കുമെന്ന്. ഒരു മാർച്ച് മാസത്തിൽ പിരിഞ്ഞുപോയ ഞങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയൊക്കെയോ നീന്തി ഇപ്പോൾ ഈ വിദ്യാലയ മുറ്റത്ത് അടിഞ്ഞിരിക്കുന്നു. ഒരിക്കലും മാഞ്ഞു പോകാത്ത ആ പഴയ ഓർമ്മകൾ പങ്കുവച്ച് സന്തോഷിച്ച് മടങ്ങാൻ മാത്രമല്ല ഞങ്ങളുടെ വിദ്യാലയ മുത്തശ്ശിയെ താങ്ങി നടത്താനും മുത്തശ്ശിയുടെ കുരുന്നുകളുടെ കാലിടറാതെ നോക്കാനും കൂടിയാണ് ഞങ്ങളുടെ ഈ കൂട്ടായ്മ.