"ഗവ. എച്ച് എസ് എസ് പൂതൃക്ക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പണ്ട് പൂത്തൃക്കയില്‍ പള്ളിയുണ്ടായിരുന്നില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(താൾ ശൂന്യമാക്കി)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പണ്ട് പൂത്തൃക്കയില്‍ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ടല്ല. നൂറു വര്‍ഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ.

ദേവാലയങ്ങളും ധര്‍മ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക. ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് വളരാനുള്ള വെമ്പല്‍ !
ഇങ്ങനെയായിരുന്നില്ല പണ്ട്. കുന്നുകളും പറമ്പുകളും പാടങ്ങളും നടവരമ്പുകളും തൊണ്ടകളും നിറഞ്ഞ, തികച്ചും സാധാരണമായ മലയോരഗ്രാമം.
അന്നന്നത്തെ അപ്പത്തിനുള്ള വക കണ്ടെത്തണം. അതിനായി എല്ലുമുറിയെ പണിയെടുക്കണം. അത്രമേല്‍ ലളിതമായിരുന്നു സാധാരണക്കാരുടെ ജീവിതം.കര്‍ഷകരാണെങ്കില്‍ മണ്ണില്‍ പൊന്നുവിളയിക്കുന്നതില്‍ മാത്രം മനസ്സുറപ്പിച്ചു. പുന്നെല്ലു കൊയ്തുമെതിക്കുന്ന കളങ്ങള്‍. അന്നപാത്രങ്ങള്‍ നിറയുന്ന തളങ്ങള്‍. ക്ഷാമകാലത്തെ ക്ഷേമം മുന്‍നിര്‍ത്തി കുറച്ചു വല്ലതും കരുതിവെയ്ക്കാന്‍ ചെറിയ പത്തായങ്ങള്‍. അതായിരുന്നു അധികമാളുകള്‍ക്കും സമൃദ്ധിയെക്കുറിച്ചുള്ള  സങ്കല്‍പം.
കുരുന്നുകള്‍ക്കായി കുടിപ്പള്ളിക്കൂടമായിരുന്നു. അതെ, ആശാന്‍കളരി തന്നെ. അങ്ങോട്ട് കുട്ടികളെ അയയ്ക്കാന്‍ കുറച്ചുപേര്‍ മാത്രം ശ്രദ്ധിച്ചു. അക്ഷരം വശമാക്കുന്നത് അത്യാവശ്യമാണെന്ന്  കരുതിയവര്‍മാത്രം അണ്ടികുളത്താശാന്റെ കളരിയില്‍ കുട്ടികളെ വിട്ട് ഹരിശ്രീ കുറിച്ചു.
മുമ്പേ നടക്കാനും മുന്‍കൂട്ടികാണാനും കഴിയുന്ന ചിലര്‍ എന്നും എവിടെയും ഉണ്ടാവുമല്ലോ. അങ്ങനെ ചിലര്‍  പൂത്തൃക്കയില്‍  ഒരു പാഠശാല സ്വപ്നം കണ്ടു തുടങ്ങി. പരസ്പരം ചര്‍ച്ചചെയ്തു തുടങ്ങി. ആ മനുഷ്യസ്നേഹികളുട സ്വപ്നങ്ങള്‍ , കഠിനപരിശ്രമങ്ങള്‍ക്കൊടുവില്‍ പൂത്തൃക്കയുടെ ഗ്രാമഹൃദയത്തില്‍, ചെറുതെങ്കിലും കാലഘട്ടത്തിന്റെ ആവശ്യമായിരുന്ന പാഠശാല സ്ഥാപിതമായി. അന്നത്തെ ആ ദീര്‍ഘവീക്ഷണത്തിന്നുടമകളെ ആര്‍ക്കെല്ലാമറിയാം. അതോര്‍ക്കാന്‍ ആര്‍ക്കാണു നേരം. പക്ഷേ , സകലരുമറിയണം, സ്മരകളോടെ ഹൃദയത്തില്‍ സൂക്ഷിക്കണം ആ പേരുകള്‍. ഒരാള്‍ '''നടുവിലെ വീട്ടില്‍ പുരവത്ത് പൈലി''', മറ്റൊരാള്‍ '''ചോറ്റിക്കുഴി വര്‍ക്കി വര്‍ക്കി'''. നന്ദിയോടെ നാം ഓര്‍ക്കേണ്ട പേരുകള്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് പൂത്തൃക്ക വിദ്യാലയത്തിന്റെ പിറവിക്കു പാതയൊരുക്കാന്‍ പുരവത്ത് പൈലിയും ചേറ്റിക്കുഴി വര്‍ക്കിയും മുന്നിട്ടിറങ്ങിയത്. ഏതിനും ക്രൈസ്തവസഭയായിരുന്നു ഇരുവര്‍ക്കും മാര്‍ഗ്ഗദീപം. കോട്ടയം ഭദ്രാസനത്തിനുകീഴിലായിരുന്നു പൂത്തൃക്കയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍.പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസായിരുന്നു (അന്നത്തെ മെത്രാപൊലീത്ത.
പുരവത്ത് പൈലിയും ചേറ്റിക്കുഴി വര്‍ക്കിയും കോട്ടയത്തു ചെന്ന് മെത്രാപ്പോലീത്തയെ കണ്ടു. ആശാന്‍ കളരി മാത്രമാണ് കുഞ്ഞുങ്ങള്‍ക്കാശ്രയമെന്നറിയിച്ചു. പള്ളിക്കൂടം തുടങ്ങാനുള്ള ആഗ്രഹം ബോധിപ്പിച്ചു.സഹായിക്കണമെന്ന് അപേക്ഷിച്ചു. ഭദ്രാസനാധിപന്‍ കനിഞ്ഞു. സഭയില്‍ നിന്നും ഗ്രാന്റിന് അനുമതിയായി. ഇപ്പോഴത്തെ വെയിറ്റിംഗ് ഷെഡ് സ്ഥിതിചെയ്യുന്ന സ്ഥലത്തിനു പിന്നില്‍ അന്നുണ്ടായിരുന്നത് എന്‍. വി. ജോസഫിന്റെ കെട്ടിടമായിരുന്നു. അവിടെ സഭയുടെ ഗ്രാന്റോടെ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. കാവുമോളല്‍ പൗലോസാശാന്‍ പ്രധാന ഗുരുനാഥന്‍. അക്ഷരാഭ്യാസം മുതല്‍ ഐ.ടി വരെ നീളുന്ന ഇന്നത്തെ സിലബസൊന്നും അന്നില്ല. ഭാഷ, കണക്ക്, പിന്നെ കുറച്ചു ശ്ലോകങ്ങള്‍. പൗലോസാശാനും കുട്ടികളും സോത്സാഹം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു.
ഇടയ്ക്കിടെ സഭയുടെ ഗ്രാന്റ് മുടങ്ങുന്ന അവസരങ്ങളുണ്ടായി. പാഠശാലയുടെ ശൈശവമാണല്ലോ. ബാലാരിഷ്ടതകള്‍ തീര്‍ച്ച. വര്‍ക്കിയും പുരവത്തും കോട്ടയത്തു ചെന്ന് തിരുമേനിയെ കണ്ടു. സര്‍ക്കാര്‍ പള്ളിക്കൂടത്തിനായി അപേക്ഷ നല്‍കാനായിരുന്നു അവിടന്നു കിട്ടിയ നിര്‍ദ്ദേശം. സഹായവും വാഗ്ദാനം ചെയ്യപ്പെട്ടു.
രാജഭരണകാലമാണ്. ദിവാനാണ് അധികാരി. പുരവത്തും വര്‍ക്കിയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയി. സര്‍ക്കാരിനുള്ള അപേക്ഷ യഥാവിധി സമര്‍പ്പിക്കപ്പെട്ടു.
ഇന്നത്തെ സ്ക്കൂള്‍ കോമ്പൗണ്ടിന്റെ തെക്കേ അറ്റം മുതല്‍ ഇപ്പോഴത്തെ പൂത്തൃക്ക വായനശാല സ്ഥിതിചെയ്യുന്ന ഭാഗം വരെയുള്ള സ്ഥലം അന്ന് പാറ നിറഞ്ഞതായിരുന്നു. ആ പറമ്പില്‍ 80 അടി  നീളത്തില്‍ 16 അടി വീതിയില്‍ കെട്ടിയുണ്ടാക്കിയ വൈക്കോല്‍ പുരയില്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ തുടങ്ങി. പൂത്തൃക്കയില്‍ ഒരു വിദ്യാലയമെന്ന ആശയത്തിന് അടിത്തറ പാകിയ ആ പഴയ കാലം കൊല്ലവര്‍ഷം ആയിരത്തി എണ്‍പത്തി രണ്ടാമാണ്ടെന്ന് പഴമക്കാരുടെ കണക്ക്.
ഇന്നത്തേതുപോലെ, സ്ക്കൂള്‍ തുടങ്ങിയാല്‍ തൊട്ടടുത്ത വര്‍ഷം അടുത്ത സ്റ്റാന്‍ഡേര്‍ഡ് അനുവദിക്കുന്ന രീതിയൊന്നും അന്നുണ്ടായിരുന്നില്ല. ഒന്നും രണ്ടും ക്ലാസ്സുകള്‍മാത്രമായി ഏതാനും ചില വര്‍ഷങ്ങള്‍ കടന്നുപോയി. ദിവാന്റെ സന്നിധിയിലേക്ക് അപേക്ഷകള്‍ പലതുപോയി. കാത്തിരിപ്പിനൊടുവില്‍ മൂന്നാം ക്ലാസ്സുതുടങ്ങാനും വിദ്യാലയത്തിന്റെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനമായി. ഇരുപതാം നൂറ്റാണ്ട് രണ്ടാം ദശകത്തിലേക്ക് പദമൂന്നി നീങ്ങുന്ന കാലത്താണ് സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പദവിയിലേക്ക് പള്ളിക്കൂടത്തിനു കയറ്റം കിട്ടിയതെന്നു കണക്കാക്കാം. അതായത് ക്രിസ്തുവര്‍ഷം 1913 ല്‍ പൂത്തൃക്കയില്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ സ്ഥാപിതമായി. രണ്ടാണ്ടുകള്‍ കഴിഞ്ഞപ്പോഴേയ്ക്കും നാലാം സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയതോടെ പൂത്തൃക്ക ഗ്രാമത്തില്‍ ഒരു ലോവര്‍പ്രൈമറി സ്ക്കൂള്‍ തലയുയര്‍ത്തി നിന്നു. അക്ഷരവിദ്യ നുണയാനെത്തുന്ന കുരുന്നുകള്‍ക്ക് താങ്ങും തണലുമായി.

'''ദിവാന്‍ ഭരണത്തിന്റെ തണലും ജനകീയ ഭരണതതിന്റെ കൈത്താങ്ങും‌‌'''

ഒമ്പത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൂത്തൃക്കയില്‍ പാഠശാല പിറവി കൊള്ളുന്ന കാലത്ത് കേരളം മൂന്നായി മുറിഞ്ഞു കിടക്കുകയായിരുന്നു. മലബാറില്‍ കളക്ടറും തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളില്‍ ദിവാന്‍മാരുമായിരുന്നു അധികാരികള്‍. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന സമ്പ്രദായം ഉദാരമാക്കിയിരുന്നു. നാട്ടു ഭാഷയിലും ഇംഗ്ളീഷിലുമുള്ള സര്‍ക്കാര്‍ പ്രാധമിക വിദ്യാലയങ്ങള്‍ നാടിന്റെ നാനാഭാഗത്തും തുടങ്ങിയത് അക്കാലത്താണ്. ആ അനുകൂല കാലാവസ്ഥയാണ് പൂത്തൃക്കയില്‍ ഒരു പാഠശാലയുടെ പിറവിക്ക് കളമൊരുക്കിയത്.

ദിവാന്‍ ഭരണത്തിന്റെ തണലില്‍ , സുമനസ്സുകളായ പൗരപ്രമുഖരും ആദ്യകാലത്തെ അദ്ധ്യാപകരുമാണ് വിദ്യാലയത്തിന്റെ വികസനത്തിനു നേതൃത്വം നല്‍കിയത്. കൊല്ലം തോറും വിദ്യാലയത്തിന്റെ വൈക്കോല്‍പ്പുര കെട്ടിമേച്ചില്‍ നടത്തിപ്പോന്നിരുന്ന ചേറ്റിക്കുഴി വര്‍ക്കി വര്‍ക്കി, ഉപദേശ നിര്‍ദ്ദേശങ്ങളുമായി പുരവത്ത് പൈലി , ആദ്യകാല ആദ്ധ്യാപകരായ അയനാല്‍ ഗോപാല പിള്ള സാര്‍, പുളിനാട്ട് മത്തായി സാര്‍, വേലന്‍ സാര്‍ എന്നു വിളിക്കപ്പെട്ടിരുന്ന അയ്യപ്പന്‍ സാര്‍, വി.ടി. വര്‍ക്കി സാര്‍, അങ്കമാലി സ്വദേശിനി ഏലിയാമ്മ ടീച്ചര്‍,എന്നിവരുടെ സേവനങ്ങള്‍ പഴമക്കാരുടെ സ്മൃതി ചിത്രങ്ങളിലൂടെയാണ് നമുക്കിന്നു പകര്‍ന്നു കിട്ടുന്നത്. ഇന്നലെകളില്‍ എഴുതിവെക്കാന്‍ മറന്നുപോയ ചരിത്രത്തിനു ലിഖിതരൂപമുണ്ടാക്കാനുള്ള ഒരുപായം ഓര്‍മമയുടെ ചിത്രം നിവര്‍ത്തുകയാണല്ലോ.

അന്ന് പൂത്തൃക്ക തിരുവിതാംകൂറിന്റെ ഭാഗം. ഓരം ചേര്‍ന്ന് കൊച്ചി രാജ്യ പ്രദേശങ്ങള്‍. സ്വാതന്ത്ര്യ സമരത്തിന്റെ ഞാണൊലി എങ്ങും മുഴങ്ങിയിരുന്നു. ഉത്തരവാദ ഭരണത്തിനുള്ള ആവശ്യം  ശക്തമായിരുന്നു. ഇന്ത്യ സ്വതന്ത്രമായി. ജനാഭിലാഷങ്ങളുടെ സാഫല്യമായി തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന്  1949 ല്‍തിരു - കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. തിരു-കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി സഭ നിലവില്‍ വന്നു. ശ്രീ.ടി.കെ നാരായണപിള്ളയായിരുന്നു മുഖ്യമന്ത്രി. പൂത്തൃക്കയുള്‍പ്പെടെയുള്ള മലയോര ഗ്രാമങ്ങളുടെ പ്രതിനിധിയായി ശ്രീ.എന്‍.വി. ചാക്കോ ബി.എ.ബി.എല്‍ നിയമസഭാംഗമായി. പൗരപ്രമുഖനായിരുന്ന പുരവത്ത് പൈലിയുടെ സഹോദരന്‍ പുരവത്ത് വര്‍ക്കിയുടെ മകനായ ശ്രീ. എന്‍.വി. ചാക്കോ M L C യ്ക്ക് വിദ്യാലയ വികസനത്തിന് ചുക്കാന്‍ പിടിക്കാനുള്ള യോഗം കാലം ഏല്‍പിച്ചുകൊടുത്തതായിരുന്നു.
നാലു പതിറ്റാണ്ടോളം നാലാം ക്ലാസ്സുവരെ മാത്രം പഠിക്കാന്‍ അവസരമൊരുക്കിയ പൂത്തൃക്ക വിദ്യാലയത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു തുടങ്ങി. ഭാരതം സ്വതന്ത്രമായിട്ട് നാലാണ്ടു മാത്രം നീണ്ട അക്കാലം വിദ്യാലയത്തിന്റെ വികസനഘട്ടമായിരുന്നു.

മന്ത്രിയായിരുന്ന ശ്രീ.ടി..എം വര്‍ഗീസ് മുഖാന്തിരം ശ്രീ.എന്‍.വി. ചാക്കോ M L C വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. കുഞ്ഞിരാമനില്‍ നിന്നും സഹായം തേടി. വിദ്യാലയ വികസനത്തിനായി അമ്പതുശതമാനം സര്‍ക്കാര്‍ സഹായത്തനു മന്ത്രി അനുമതി നല്‍കി.
അപ്പര്‍‍പ്രൈമറിയായി ഉയര്‍ത്തണമെങ്കില്‍ ഒരേക്കര്‍ സ്ഥലം വേണം. കെട്ടിട നിര്‍മ്മാണത്തിനായി കഴുക്കോലുകള്‍ ആഞ്ഞിലിയുടേതാവണമെന്നും പട്ടികയ്ക്ക് തേക്കു തന്നെ വേണമെന്നും സര്‍ക്കാരിനു നിര്‍ബന്ധം. അമ്പതു ശതമാനം സഹായമേ സര്‍ക്കാര്‍ തരൂ. വികസനമോഹങ്ങളുമായെത്തിയവര്‍ ആദ്യം സ്തംഭിച്ചുപോയി. പക്ഷേ, പിന്‍മാറേണ്ടിവന്നില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൂത്തൃക്കയ്ക്കു മേല്‍ അക്ഷര വെളിച്ചത്തിനായി ദീപം കൊളുത്തിയ കൈകള്‍ ഇക്കുറിയും സഹായത്തിനെത്തി.
പള്ളിക്കൂടത്തിന്റെ വികസനത്തിനുള്ള സഹായവുമായി പള്ളി അധികൃധര്‍ മുന്നോട്ടുവന്നു. പൂത്തൃക്ക പള്ളിയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം ഒരണ പ്രതിഫലത്തിന് വിട്ടുകൊടുക്കാനും നിര്‍മ്മാണ ചെലവുകളുടെ പങ്കു വഹിക്കാനുമുള്ള തീരുമാനം വിദ്യാലയത്തിന്റെ വികസന പാതയിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു. നാട്ടുകാര്‍ മുന്നിട്ടിറങ്ങി ധനസമാഹരണവും കൂടി ആയപ്പോള്‍ കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങി.
വിദ്യാലയം ആരംഭിക്കുന്ന കാലത്ത് പണിത വൈക്കോല്‍ കെട്ടിടത്തന് വടക്കു കിഴക്കുള്ള സ്ഥലം ചരിഞ്ഞ് കാടുപിടിച്ച് കിടന്നിരുന്നു. മഴക്കാലത്ത് വടക്കു പുറത്തുകൂടി വെള്ളം കുത്തിയൊഴുകിയിരുന്നു. പില്‍ക്കാലത്ത് എന്നെങ്കിലും കടന്നുവരാനിടയുള്ള പിഞ്ചോമനകളുടെ പാദപതനങ്ങള്‍ക്കായി കാത്തു കിടന്ന ആ മണ്ണില്‍ സഹായ ഹസ്തങ്ങളുടെ താങ്ങോടെ പുതിയ മന്ദിരങ്ങളുയര്‍ന്നു. 1945 ല്‍ അഞ്ചാം ക്ലാസ്സ്, 1950 ല്‍ ആറ്, 1951 ല്‍ ഏഴാം ക്ലാസ്സിലേയ്ക്ക് കുട്ടികളെ കയറ്റിയിരുത്തിക്കൊണ്ട് അപ്പര്‍പ്രൈമറിയായി സ്ക്കൂളിന് വികാസ പരിണാമമായി. ദിവാന്‍ ഭരണത്തിന്റെ തണലിലായിരുന്ന വിദ്യാലയത്തിന്റെ വളര്‍ച്ച  ജനകീയ മന്ത്രി സഭയുടെ കൈത്താങ്ങില്‍ അങ്ങനെ ഉയര്‍ച്ചയുമായി.

'''സ്വയം സമര്‍പ്പണത്തിന്റെ കാലം'''

'''സഹകരണത്തിലൂടെ നേട്ടം'''

അടുത്ത ബസ് ഏതാണെന്ന് ദേശവാസികളാരും പരസ്പരം  ചോദിക്കാത്ത ഒരു കാലമുണ്ടായിരുന്നു. എന്തെന്നാല്‍ അന്ന് ബസ് ഒന്നേയുള്ളൂ. 'ബോബിഗോമതി 'പുരവത്ത് പൈലിയുടെ അനുജന്‍ പുരവത്ത് വര്‍ക്കിയുടെ മകനായ എന്‍. വി. ജോസഫാണ് പൂത്തൃക്കയിലേയ്ക്ക് വികസനത്തിന്റെ പാത വെട്ടിത്തെളിച്ചവരില്‍ പ്രധാനി. അദ്ദേഹമാണ് രാമമംഗലം - ചൂണ്ടി റോഡ് യാഥാര്‍ത്ഥ്യമാക്കിയത്. അതേതുടര്‍ന്ന് വന്നെത്തിയ സൗഭാഗ്യമായിരുന്നു 'ബേബി ഗോമതി'
വിദ്യാലയത്തിന് അപ്പര്‍പ്രൈമറിയായി ഉയര്‍ത്തിയ കാലത്തു തന്നെയായിരുന്നു വൈദ്യുതിയുടെ വരവ്. 1952ല്‍. മകനെ നാവികസേനയില്‍ സേവനത്തിനയച്ചതിന് ഒരു പിതാവ് അവകാശമായി ചോദിച്ചുവാങ്ങിയതാണത്രേ വൈദ്യുതി. അത്തരം സഹായങ്ങള്‍ വിദ്യാലയത്തിനു കിട്ടാന്‍ പിന്നെയും വൈകി. പക്ഷേ, അക്ഷരസ്നേഹികള്‍ അറച്ചു നിന്നില്ല. നാട്ടുകാരുടെ പിരിവും അദ്ധ്യാപകരുടെ തുശ്ചമായ ശമ്പളത്തിന്റെ ചെറിയൊരു പങ്കുമൊക്കെ വികസനത്തിനുള്ള ഓഹരിയായിത്തീര്‍ന്നു.ഗുരുശ്രേഷ്ഠരായ പരമേശ്വര പണിക്കരും ശങ്കരവാരിയരും എന്‍. ശങ്കരനുമെല്ലാം തങ്ങളാലാവുന്നത്ര വിദ്യാലയ വികസനത്തിനായി പണിയെടുത്തു.സമാന സൈകര്യങ്ങളുള്ള വിദ്യാലയങ്ങള്‍ കടയിരിപ്പിലും മണീടിലും മാത്രമുണ്ടായിരുന്ന അക്കാലത്ത് തൊട്ടടുത്തുള്ള കുട്ടികളാണ് വിദ്യാ സമ്പാദനത്തിനായെത്തിയിരുന്നത്. അന്നത്തെ അംഗബലം
80 ല്‍ താഴെ മാത്രം.

1952 ഒക്ടോബര്‍ 28. രണ്ടു പതിറ്റാണ്ടിലധികം സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന വി. ജെ.മാത്യു സാര്‍
പുത്തന്‍ കുരിശ് സ്ക്കൂളില്‍ നിന്നും സ്ഥലം മാറ്റം കിട്ടി സ്ക്കൂളിലെത്തിയത് അന്നായിരുന്നു. സ്ഥലവാസികളുടെ ആഗ്രഹവും സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധവും ആ വരവിനു പിന്നിലുണ്ടായിരുന് ന്നതാണ് വാസ്തവം. അന്നുതൊട്ട് വിദ്യാലയം ചവിട്ടിക്കയറിയ പടവുകള്‍ , വികസനത്തിന്റെ മേഖലകള്‍ എല്ലാം മാത്യു സാറിന്റെ ഓര്‍മ്മ പുസ്തകത്തില്‍ മിഴിവുറ്റ ചിത്രങ്ങളാണിപ്പോഴും. അക്കഥകളൊക്കെ പുതിയ തലമുറയ്ക്കായി അദ്ദേഹം പങ്കുവെയ്ക്കുമ്പോള്‍ അമ്പതാണ്ടുകള്‍ക്കപ്പുറമുള്ള ചരിത്രത്തിന്റെ ചുരുള്‍ നിവരുകയാണ്.
നാട്ടുകാരില്‍ നിന്ന് നെല്ല് ശേഖരിച്ചു വിറ്റ് സ്ക്കൂള്‍ ഫര്‍ണാച്ചറുകള്‍. തൊഴില്‍ വാരങ്ങളില്‍ കുട്ടികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി , ചരിഞ്ഞുകിടന്നിരുന്ന സ്ക്കൂള്‍ കോമ്പൗണ്ട് മൂന്നു തട്ടാക്കി. മണ്ണുകൊണ്ട് മാടി ,മുളങ്കമ്പുനാട്ടി. വഴിവക്കിലെ പൊടിശല്യം മൂലം കിണര്‍വെള്ളം മോശമായപ്പോള്‍ താഴെ പുതിയ കിണര്‍. തെക്കേ അറ്റത്തെ പാറ,എഞ്ചിനീയറുമായുള്ള സൗഹൃദവും അതമൂമുള്ള സ്വാധീനവുമുപയോഗിച്ച് പൊട്ടിച്ചു. തെക്കുവശത്ത് കയ്യാല, മുന്‍വശത്ത് മതില്‍, അദ്ധ്യാപകരുടെ സഹായത്താല്‍ ശൗചാലയങ്ങള്‍, ചോദ്യക്കടലാസ്സുകള്‍ തയ്യാറാക്കാന്‍ സൈക്ലോസ്റ്റൈല്‍ മെഷീന്‍, സ്ക്കൂളിന്റെ നിലവാരമുയര്‍ത്താന്‍ പരിശ്രമിച്ച നാളുകളായിരുന്നു അതെന്ന് അതെന്ന് മാത്യു സാര്‍ ഓര്‍മ്മിക്കുന്നു.
നല്ലൊരു കളിസ്ഥലം വേണമെന്നായപ്പോള്‍ സഹായവുമായി സര്‍ക്കാരിന്റെ പ്രതിനിധിയായ തഹസീല്‍ദാര്‍ അന്വേഷണത്തിനെത്തി. സമീപവാസികളിലൊരാളുടെ 75 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ , സ്ഥലമുടമയുടെ വിസമ്മതം പരിഗണിക്കാതെ തഹസീല്‍ദാര്‍ ശിപാര്‍ശ ചെയ്തു. “വധഭീഷണിപോലം നേരിട്ടാണ് കളിസ്ഥലം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് "- മാത്യൂ സാര്‍ ആരോടും പരിഭവമില്ലാതെ കൂട്ടിച്ചേര്‍ക്കുന്നു.

കളിസ്ഥലം വന്നതോടെ കുട്ടികള്‍ക്ക് ആവേശമായി. അടുത്തുള്ളവര്‍ക്കും അകലെയുള്ളവര്‍ക്കും കളിക്കാന്‍ പ്രത്യേകം പ്രത്യേം ടൈംടേബിള്‍. പലതരം കളികള്‍ ഉണ്ടായിരുന്നു. വോളീബോള്‍, ഫുട്ബോള്‍, ബഡ്മിന്റന്‍, റിംഗ് ടെന്നീസ് എന്നിങ്ങനെ. പാമ്പാക്കുടയില്‍ നിന്ും പുത്തന്‍കുരിശില്‍ നിന്നുമൊക്കെ പഠിതാക്കള്‍ എത്തിക്കൊണ്ടിരുന്ന അക്കാലത്ത് ഇന്റര്‍സ്ക്കൂള്‍ ഗെയിംസിലും വിദ്യാലയം പങ്കാളിയായി. വിജയവും സ്വന്തമാക്കിക്കൊണ്ടിരുന്നു.
1950 കളില്‍ വിദ്യാലയത്തിന്റെ മാത്രമല്ല ദേശത്തിന്റെയും വികസനം ലക്ഷ്യമാക്കിയിരുന്നുവെന്ന് മാത്യു സാര്‍ ഓര്‍മ്മിക്കുന്നു. കിട്ടാനുള്ളതെല്ലാം സ്വന്തമാക്കണമെന്ന ഇശ്ചാശക്തിക്ക് പിന്തുണയുമായി നാട്ടുകാരും മുന്നോട്ടു വന്നു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ മാത്രം തപാല്‍ എത്തിയരുന്ന പൂത്തൃക്കയില്‍ 1953 ല്‍ പുതിയൊരു പോസ്റ്റോഫീസ് സ്ഥാപിക്കാന്‍ പരിചയക്കാരനായ പോസ്റ്റ്മാസ്റ്ററാണ് സഹായിച്ചത്. പേരിനു മാത്രം പുസതകങ്ങളുണ്ടായിരുന്ന വായനശാലയ്ക്കായി പിരിവെടുത്ത് ആവര്‍ഷം തന്നെ കെട്ടിടെ പണിതു. പു്തകങ്ങള്‍ ശേഖരിച്ചു. അദ്ധ്യാപകനായിരുന്ന ശ്രീ.വി.ടി. വര്‍ക്കി, പൗരപ്രമുഖരായ ശ്രീ.സി.സി. മാണി, ശ്രീ. എം. ചാക്കോപിള്ള തുടങ്ങിയവരുടെ സഹായസഹകരണങ്ങളും വിസ്മരിക്കാനാവില്ലെന്ന് ദീര്‍ഘകാലം വാനശാലയുടെ പ്രിഡന്റായിരുന്ന മാത്യു സാര്‍ ഓര്‍മ്മിക്കുന്നു. പുത്തന്‍കരിശില്‍  പ്രവര്‍ത്തിച്ചിരുന്ന ടീച്ചേഴ്സ് അസോസിയേഷന്റെ സെന്റര്‍ പൂത്തൃക്ക സ്ക്കൂളിലേയ്ക്ക് മാറ്റി സ്ഥാപിച്ചതും അക്കാലത്തുതന്നെ.

'''പുതിയ പടവുകളിലേയ്ക്ക്''''
ഒമ്പതാണ്ട് നീണ്ടുനിന്ന പരിശ്രമങ്ങളാണ് വിദ്യാലയത്തെ ഹൈസ്ക്കൂളായി പടികയറാന്‍ സഹായിച്ചത്. ഹൈസ്ക്കൂളിനായി ആദ്യം അപേക്ഷ നല്‍കിയത് 1956 ല്‍ ആയിരുന്നു. 1957,58,59,60,61,62,63 വര്‍ഷങ്ങളിലും അപേക്ഷ നല്‍കി. ഫലമുണ്ടായില്ല.
1964.ശ്രീ.ആര്‍ ശങ്കറാണ് മുഖ്യമന്ത്രി. വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതല അദ്ദേഹത്തിനു തന്നെ. ഇത്തവണയും അപേക്ഷ നല്‍കി പ്രതീക്ഷയോടെ കാത്തിരുന്നു. ആദ്യ ലിസ്റ്റില്‍ പൂത്തൃക്കയില്ല. മൂവാറ്റുപുഴ എം.എല്‍.എ. യും ഭക്ഷ്യ മന്ത്രിയുമായിരുന്ന ശ്രീ. ഇ.പി. പൗലോസിനെക്കണ്ട് സ്ഥലം എം.എല്‍.എ. ശ്രീ. എന്‍.പി. വര്‍ഗീസ് സാര്‍ സഹായം അഭ്യര്‍ത്ഥിച്ചു. അങ്ങനെ രണ്ടാമത്തെ പട്ടികയില്‍ പൂത്തൃക്ക വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുന്നതിനുള്ള സാഹചര്യമൊരുങ്ങി.ഈ നേട്ടത്തിനു സഹായിച്ചത് ശ്രീ.എന്‍. പി. വര്‍ഗീസ് എം.എല്‍.എ. യുടെ ഇടപെടല്‍ തന്നെയായിരുന്നുവെന്നത് പ്രത്യേകം സ്മരണീയമത്രേ. വിദ്യാലയത്തിന്റെ ആരംഭകാലത്ത് അതിനു നേതൃത്വം കൊടുത്ത പുരവത്ത് പൈലിയുടെ പുത്രനാണ് എന്‍.പി. വര്‍ഗ്ഗീസ്. അതു കാലം തലമുറകളിലേയ്ക്ക് കൈമാറിക്കൊടുത്ത മറ്റൊരു നിയോഗം!
പക്ഷെ പുതിയ പ്രശ്നങ്ങള്‍ തലയുയര്‍ത്തി. ഹൈസ്ക്കൂളാകണമെങ്കില്‍ മൂന്ന് ഏകേകര്‍ സ്ഥലം വേണം. 25 സെന്റ് കുറവുണ്ട്. ശ്രീ.മേലേത്ത് കുഞ്ഞപ്പന്റെ പണംകൊടുത്തു വാങ്ങി. ധനസമാഹരണത്തിനാശ്രയം നാട്ടുകാരില്‍ നിന്നുള്ള പിരിവു തന്നെ. 1964 ല്‍ എട്ടാം ക്ലാസ്സ് ആരംഭിച്ചു.
അദ്ധ്യാപക  -രക്ഷാകര്‍ത്തൃ സമിതിയെന്ന സംവിധാനമൊക്കെ വരുന്നത് കാലമേറെക്കാഴിഞ്ഞായിരുന്നു. പക്ഷെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടയുണ്ടായിരുന്നു. വാര്‍ഷിക സമ്മേളനങ്ങളില്‍ അവരും കലാപരപരിപാടികള്‍ അവതരിപ്പിച്ചു. അധികമാവേശം കായികമേളയുടെ വേളകളിലായിരുന്നു.
ഗാന്ധിജി വിഭാവനം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസം സ്ക്കൂളുകളില്‍ നടപ്പിലാക്കിയപ്പോള്‍ ഇവിടെയും ഒരു തുണിനെയ്ത്തു കേന്ദ്രം ആരംഭിച്ചു. തൃശൂര്‍ക്കാരനായ കെ. എ. അച്യുതമേനോന്‍ സാറിനായിരുന്നു നേതൃത്വം.

അദ്ധ്യാപക ക്ഷാമം അക്കാലത്തെ വിദ്യാലയങ്ങളുടെ പ്രധാന പ്രശ്നമായിരുന്നു. ഇവിടത്തെ പ്രധാനാധ്യാപകന്റെ അര്‍പ്പണബോധവും വിദ്യാലയത്തിന്റെ പ്രശസ്തിയും അധികൃതരില്‍ മതിപ്പുണ്ടാക്കിയിരുന്നതിനാല്‍ അധ്യാപക തസ്തികള്‍ പെട്ടെന്നു തന്നെ നികത്തപ്പെട്ടു. കെ. അച്യുതമേനോന്‍ , ആര്‍. രാമചന്ദ്രന്‍ നായര്‍ (ഡ്രില്‍ മാസ്റ്റര്‍), രാമന്‍ കര്‍ത്താ(കണക്ക്), പി.ജി. വര്‍ഗീസ്(ഹിന്ദി), എ.കെ. നാരായണപിള്ള(മലയാളം), എന്നിങ്ങനെ സമര്‍ത്ഥരായ അദ്ധ്യാപകര്‍. സ്ഥിരോത്സാഹികളായ കുട്ടികള്‍. 1966 – 67 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി പാഠശാലയുടെ പടിയിറങ്ങി. (ആദ്യ ബാച്ചിലെ ശ്രീ. എം. വി. ചെറിയാന്‍, ശ്രമതി. എം. പി. ലീല എന്നീവര്‍ പിന്നീട് അദ്ധ്യാപകരായി ഇതേ സ്ക്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.)

അന്നൊക്കെ അധ്യാപകരിലധികവും പുരുഷന്മാരായിരുന്നു. വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊരുഭാഗം മാത്രമായിരുന്നു പെണ്‍കുട്ടികള്‍. രാമമംഗലത്തും പുത്തന്‍കുരിശിലും ഹൈസ്ക്കൂളുകള്‍ ഉണ്ടായിട്ടുപോലും കുട്ടികള്‍ക്കിരിക്കാന്‍ സ്ഥലം തികയാതെ വന്നിരുന്നു. 1960 കളിലും 70 കളിലും പള്ളിക്കെട്ടിടത്തില്‍ കുട്ടികളെയിരുത്താന്‍ പള്ളിയധികൃതരുടെ സന്മനസ്സ് തുണയായി. -പൂര്‍വ്വ പുണ്യങ്ങളാണല്ലോ പൂത്തൃക്കയുടെ പൈതൃകം !

1969 ല്‍ 18 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വി. ജെ. മാത്യു സാര്‍ ബൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായി പ്രമോഷന്‍ ലഭിച്ച് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേയ്ക്കു പോയി. 1972 മുതല്‍ എറണാകുളം ജില്ലയിലെ മാറാടിയില്‍ മൂന്നു വര്‍ഷം. 1974 ജനുവരി നാലാം തിയതി പൂത്തൃക്ക ഹൈസ്ക്കൂളിന്റെ പ്രധാനാധ്യാപകനായി മാത്യു സാര്‍ മടങ്ങിയെത്തി. 1978 ല്‍ 30 വര്‍ഷത്തെ വിശിഷ്ട സേവനത്തിനു ശേഷം അദ്ദേഹം വിരമിച്ചു. രണ്ടു ദശാബ്ദത്തിലധികം ഈ വിദ്യാലയത്തിന്റെ വികസനത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചു ചോദിച്ചാല്‍ മൃദു സ്വരത്തില്‍എണ്ണിയെണ്ണിപ്പറയന്‍ ഏറെയുണ്ട് മാത്യു സാറിന്. ഓരോന്നും പറഞ്ഞു നിര്‍ത്തുന്നതിനൊടുവില്‍ വിനയാന്വിതമായ ഒരു ചിരി. അഹന്താലേശമില്ലാത്ത ആത്മ സംതൃപ്തി കണ്‍കളില്‍.

'''പിന്നെയും ഗുരു പരമ്പരകള്‍'''

വിദ്യാലയ വികസനത്തിന്റെ നാള്‍ വഴികളില്‍ പ്രകാശം പരത്തിയ ഗുരു പരമ്പരയുടെ കാലം നൂറ്റാണ്ടോളം നീളുന്നതാണ്. 1964 ല്‍ ഹൈസ്ക്കൂളായശേഷം ഇന്ന് 2010 ല്‍ എത്തിനില്‍ക്കുമ്പോള്‍ നാല്‍പപ്പത്തിയാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ 27 പ്രധാനാദ്ധ്യാപകര്‍ സേവനമനുഷ്ഠിച്ചു. അവര്‍ക്കൊപ്പം സമഗ്ര സംഭാവനകളാല്‍ വിദ്യാലയത്തെ സമ്പന്നമാക്കിയ അദ്ധ്യാപക പ്രതിഭകള്‍, പൗരപ്രമുഖര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ദേശവാസികള്‍........ നമ്മെ ഇവിടംവരെ എത്തിക്കാന്‍ തുണച്ചവരുടെ നിര നീളുകയാണ്.
1995 മുതല്‍ ചെറുതും വലുതുമായ കലയളവുകളില്‍ പ്രധാന അദ്ദ്യാപകരായിരുന്ന ശ്രീമതി.കെ. ആനികുര്യന്‍, ശ്രീമതി. വി.എന്‍ ആരിഫ, ശ്രീമതി. പി. എ. ഓമന എന്നിവരുടെ കാലത്ത് ഹയര്‍സെക്കന്ററിക്കായി ശ്രമങ്ങളുണ്ടായി. 2006 ഓഗസ്റ്റ് മൂന്നാം തിയതി ആ സ്വപ്നവും സഫലമായി.  പ്രധാന അധദ്ധ്യാപികയായ ശ്രീമതി. കെ. പി. തങ്കമ്മ ടീച്ചറുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും അഭ്യുദയകാംഷികളും ഒത്തൊരുമിച്ച് ശ്രമിച്ചതിന്റെ ഫലമായി വിദ്യാലയം വളര്‍ച്ചയുടെ മേല്‍ നിലയിലെത്തി.

ഒരുവശത്ത് ഭൗതിക സാഹചര്യങ്ങളൊരുക്കാന്‍ ശ്രമം നടക്കുമ്പോള്‍ മറുവശത്ത് പഠന നിലവാരം ഉയര്‍ത്താനുള്ള കഠിനാധ്വാനത്തിനായിരുന്നു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ആ മുന്നേറ്റത്തിന്റെ ഫലമായാണ് 2004 ല്‍ നൂറുമേനിയുടെ വിജയകിരീടത്തില്‍ മുത്തമിട്ടത്. അതെല്ലാം സമീപകാല ചരിത്രമായി നമ്മുടെ കണ്‍മുന്നിലുണ്ട്.
പുറമേ നിന്നു നോക്കിയാല്‍ കാഴചവട്ടത്തിലൊതുങ്ങാത്തത്രയും വിശാലമായ കെട്ടിട സമുച്ചയം, കലാ കായിക രംഗത്തെ അസൂയാര്‍ഹമായ നേട്ടങ്ങള്‍ തുടങ്ങിയവ അടുത്തറിയുന്നവര്‍ക്കുമാത്രം ബോധ്യപ്പെടുന്ന , നമ്മുടെ ആത്മ ബലങ്ങളാകുന്നു. ഏറ്റവും നല്ല പി.ടി.എ, മികച്ച പ്രധാന അദ്ധ്യാപകന്‍ എന്നിങ്ങനെ പുരസ്ക്കാര ജേതാക്കളുടെ കൂട്ടത്തിനലും പൂത്തൃക്ക വിദ്യാലയം ഒന്നാം നിരയില്‍ത്തന്നെ. വിദ്യാഭ്യാസത്തിന്റെ പുതിയ മുഖത്തിന് അരങ്ങൊരുക്കിക്കൊണ്ട് 2006-07 ല്‍ പ്രീപ്രൈമറിക്കും തുടക്കമായി.

ഓര്‍മ്മകളുടെ ഒരുപാട് അടരുകള്‍ പിന്നിട്ട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെത്തി നില്‍ക്കുകയാണ് നാം. നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ച നീണ്ട കാലയളവിനുള്ളില്‍ ഈ സരസ്വതീ ക്ഷേത്രത്തില്‍ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേയ്ക്ക് പടര്‍ന്ന പ്രഗല്‍ഭര്‍ എത്രയെത്ര ! അവരില്‍ ചിലരെയെങ്കിലും പരാമര്‍ശിക്കാതെ വയ്യ. ഡോ.എം. പി. മത്തായി(പ്രമുഖ ഗാന്ധിയന്‍,അദ്ധ്യാപകന്‍,എം.ജി. സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡീസ് മുന്‍ ഡയറക്ടര്‍),ഡോ.അച്ചന്‍ അലക്സ്(പ്രൊഫ.കോലഞ്ചേരി മെഡിക്കല്‍ കോളേജ്), വി. പി. ജോയ് ഐ.എ എസ്,എം. എ സുരേന്ദ്രന്‍,ജയകുമാര്‍ ചെങ്ങമനാട് (പ്രമുഖ യുവ കവി), റിയജോയി(യുവ കവയിത്രി)............. സമസ്ത മണ്ഡലങ്ങളിലും നക്ഷത്ര തിളക്കത്തോടെ വിരാജിക്കുന്നവര്‍ ഏറെയുണ്ട്.
നാട്ടിന്‍ പുറത്തെ ഒരുസര്‍ക്കാര്‍ വിദ്യാലയം നേട്ടങ്ങളുടെ നെടുമ്പാതകള്‍ താണ്ടിയ കഥകളില്‍ ചിലതാണ് പറയാന്‍ ശ്രമിച്ചത്. പുതിയ തലമുറയും ഇക്കഥകള്‍ അറിയണം. അവര്‍ക്കതു പറഞ്ഞുകൊടുക്കാന്‍ പാഠശാലയില്‍  നിന്നു പടിയിറങ്ങിപ്പോയ പതിനായിരങ്ങളുണ്ട്. പൂതതൃക്കയുടെ അതിരുകള്‍ക്കപ്പുറത്തേയ്ക്ക്  നീളുന്ന ജനസഞ്ജയമുണ്ട്.

'ഭൂതകാലത്തില്‍ പ്രഭാവ തന്തുക്കളാല്‍

ഭൂതിമത്തായൊരു ഭാവിയെ നെയ്കനാം '

എന്ന വള്ളത്തോള്‍ വചനങ്ങളുടെ പൊരുളറിഞ്ഞ് പുതിയവര്‍ പഴയ കഥകള്‍ക്ക് കാതോര്‍ക്കട്ടെ.മുന്നിലേയ്ക്കു നീളുന്ന പാതയില്‍ അവരുടെ പാതമുദ്രകള്‍ പതിയാന്‍ കാലം കാത്തിരിക്കുകയാണ്.

(സ്ക്കൂള്‍ മാഗസിനായ 'രഥ്യ' യില്‍ പ്രസിദ്ധീകരിച്ചത്)

12:13, 28 ജനുവരി 2022-നു നിലവിലുള്ള രൂപം