ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്നലെയുടെ ഓർമകുറിപ്പുകളാണ് ഓരോ ചരിത്രവും . നാം വസിക്കുന്ന നമ്മുടെ നാടിനെ കുറിച്ചറിയാൻ ചരിത്രം അനിവാര്യമാണ്. ഒളകര എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്രമാണ് ഇവിടെ വിവരിക്കുന്നത്. ഗ്രാമമായതിനാൽ  കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ധാരാളം ഉണ്ടായിരുന്ന നാട്. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നല്ലോ. അതിവിടെയും തുടരുന്നു. ഇന്ന് വലിയ മാറ്റം വന്നെങ്കിലും ഒരു സാധാരണ ഗ്രാമം പോലെ ഏതാണ്ട്  30 ൽ താഴെ കുടുംബങ്ങൾ മാത്രം വസിക്കുന്ന ഗ്രാമമായിരുന്നു ഒളകര. സാധാരണയായി ഗ്രാമത്തിൽ കാണുന്ന പോലെ വീടുകൾ വളരെ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്നില്ല. വീടുകളുടെ പരിസര വയലുകൾ കാർഷിക വൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു പതിവ്.

അതി വിശാലമായ വയലുകൾ, ജല സ്രോതസ്സുകൾ,കുന്നിൻ ചെരുവുകൾ, പള്ളികൾ, അമ്പലങ്ങൾ, കാവ് എന്നിവയെല്ലാം ഇവിടെ കാണാം... നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, തുടങ്ങിയവ ഈ ഗ്രാമത്തിലെ പ്രധാന കൃഷിവിളകളാണ്. മഴക്കാലത്തെ വെള്ളം നിറഞ്ഞ് കവിഴുന്ന ഒളകര പാടം പ്രസിദ്ധമാണ്. അതിലൂടെ ഒഴുകുന്ന തോട് പെരുവള്ളൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രേതസ്സുകളിൽ ഒന്നാണ്.

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി താലൂക്കിലെ പെരുവള്ളൂർ പഞ്ചായത്തിലാണ് ഒളകര ഗ്രാമം  സ്ഥിതിചെയ്യുന്നത്. പെരുവള്ളൂർ  ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്ത് സ്ഥിതിചെയ്യുന്നതിനാൽ എ.ആർ നഗർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു.