അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ മുഖപത്രം(2021-22 അധ്യയനവർഷം)

സി കരുണാകരൻ മാസ്റ്റർ നിര്യാതയായി

അഞ്ചരക്കണ്ടി: (01.03 .2022)നമ്മുടെ വിദ്യാലയത്തിൽ  വളരെക്കാലം ഗണിതശാസ്ത്ര അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ സി കരുണാകരൻ മാസ്റ്റർ നിര്യാതയായി .  അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റി മുൻ ഡയരക്ടർ ആയിരുന്നു . അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി കെ രാജലക്ഷ്മി ടീച്ചറുടെ ഭർത്താവും, ശ്രീമതി റീന ടീച്ചറുടെ പിതാവും ആണ്.

മുകുളം മാതൃക പരീക്ഷ

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സ്‌റ്റെപ് പദ്ധതിയുടെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്ക് നടത്തി വരുന്ന മുകുളം മാതൃക പരീക്ഷ 2022 ഫെബ്രുവരി 28 നു ആരംഭിച്ചു. പരീക്ഷയുടെ യഥാർത്ഥ ചിട്ടവട്ടങ്ങൾ പാലിച്ചുതന്നെയാണ് മുകുളം പരീക്ഷയും നടത്തുന്നത്. ഒപ്പം കൃത്യമായ അകലം പാലിച്ചുകൊണ്ട് കോവിഡ് പ്രോട്ടോക്കോളും അനുവർത്തിച്ചാണ് പരീക്ഷയുടെ നടത്തിപ്പ്.

മാതൃഭാഷ ദിനം

അഞ്ചരക്കണ്ടി: (21.02 .2022): ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷാതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെബ്രുവരി 21 ന് നടക്കുന്ന ലോകമെമ്പാടുമുള്ള വാർഷിക ആചരണമാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം. അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ 2022 ഫെബ്രുവരി 21 ന് മാതൃഭാഷ ദിന പ്രതിജ്ഞ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൻ പി പ്രസീല ചൊല്ലിക്കൊടുത്തു.

സ്‌കൂൾ വീണ്ടും തുറന്നു

അഞ്ചരക്കണ്ടി: (21.02 .2022): കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് മുന്കരുതലിൻറെ ഭാഗമായി അടച്ച സ്‌കൂളുകൾ 2022 ഫെബ്രുവരി 21 മുതൽ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വരികയും, തന്മൂലം ഗതകാലസ്മരണ ഉണർത്തുന്ന ഒരു അനുഭവവുമായി അത് മാറുകയും ചെയ്‌തു.

എ പ്ലസ് വിജയികൾക്കുള്ള അനുമോദനം

അഞ്ചരക്കണ്ടി: (17.01.202): എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം മുൻ മന്ത്രിയും എംഎൽഎയുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസില, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം പി അനിൽകുമാർ എന്നിവർ സംസാരിച്ചു.

SPC ദ്വിദിന ക്യാമ്പ്


അഞ്ചരക്കണ്ടി: (31.12 .2021): അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി അനുവദിച്ച ലഭിച്ച എസ് പി സി ഡിസംബർ 30 31 ദിവസങ്ങളിൽ സ്കൂളിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ചക്കരക്കൽ എസ് എച്ച് ഒ ശ്രീ സത്യനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസീല, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം പി അനിൽകുമാർ, സ്കൂൾ മാനേജർ ശ്രീ വി  പി കിഷോർ എന്നിവർ സംസാരിച്ചു.

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ മധുരം മലയാളം

അഞ്ചരക്കണ്ടി: (23.12 .2021):മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പത്താംതരം ക്ലാസ്സുകളിൽ ആണ് മാതൃഭൂമി പത്രം ഇനി മുതൽ വിതരണം ചെയ്യപ്പെടാൻ പോകുന്നത്.  പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ പി കിഷോർ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രശീല, അധ്യാപകരായ ഉല്ലാസ് പി വി, പി വി അജയകുമാർ, ജ്യോതി പി വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മാതൃഭൂമി സീഡ് ക്ലബ്ബ് ക്ലബ്: പുരസ്കാരം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന്.

അഞ്ചരക്കണ്ടി: (23.12 .2021): മാതൃഭൂമി സീഡ് ക്ലബ്ബ് സംസ്ഥാനതല മത്സരത്തിൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.  "സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിതവിദ്യാലയ ങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചത് സ്കൂളിൻറെ വലിയ മികവായി കാണുന്നു." ചടങ്ങിൽ സംസാരിച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഒ എം ലീന അഭിപ്രായപ്പെട്ടു.

കെ എം പുരുഷോത്തമൻ അന്തരിച്ചു.

അഞ്ചരക്കണ്ടി: (16.12 .2021): പ്രമുഖ സഹകാരിയും അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ മുൻ ക്ലാർക്കും മുൻ മാനേജരുമായിരുന്ന കാവിന്മൂല കെ.എം.പി.സദനത്തിൽ കെ.എം. പുരുഷോത്തമൻ ( 83) നിര്യാതനായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചിരുന്ന ഇദ്ദേഹം സി.പി.ഐ.എം കാവിന്മൂല ബ്രാഞ്ച് മുൻ അംഗമായിരുന്നു. ദീർഘകാലം അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവ്വീസ് സഹകരണ പ്രസിഡണ്ടും കണ്ണൂർ ജില്ലാ സഹകരണ ബേങ്ക്, മൗവ്വഞ്ചേരി സഹകരണ റൂറൽ ബാങ്ക്, ചക്കരക്കല്ല് സഹകരണ പ്രിന്റിംഗ് പ്രസ്, കാവിന്മൂല സഹകരണ കേന്റീൻ പ്രസിഡണ്ട് , അടിയന്തരാവസ്ഥാ പീഡിതരുടെ സംഘടനയായ എമർജൻസി വിക്ടിമൈസ്ഡ് പാട്രിയോട്ടിക് ഫോറം ദേശീയ സമിതി അംഗം, കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മറ്റി അംഗം , കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, കേരള എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ.

മരുമക്കൾ : സജീവ് .കെ (കണ്ണൂർ ആയുർവ്വേദിക്ക് സപ്ലൈസ്, കല്പറ്റ) ഷീബ ( ടീച്ചർ, അഞ്ചരക്കണ്ടി എച്ച്.എസ്.എസ്.) ജ്യേഷ്മ ( കാപ്പാട്). സഹോദരങ്ങൾ: ( പത്മിനി പ്രറശ്ശിനിക്കടവ്) , പ്രേമചന്ദ്രൻ ( മുൻ സിക്രട്ടറി, കണ്ണൂർ ടൗൺ ബാങ്ക്, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മറ്റി അംഗം). , പ്രകാശൻ ( മാവിലായി ), പ്രദീപൻ (യു. എ .ഇ .), റീത്ത ( ചാല ) പരേതനായ കെ.എം. വിജയൻ.

തിരികെ വിദ്യാലയത്തിലേക്ക്

അഞ്ചരക്കണ്ടി: (01.11 .2021): നീണ്ട 20 മാസത്തിനു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു. സംസ്ഥാനം ഉടനീളമുള്ള ആഘോഷത്തിൻ്റെ ഭാഗമായി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും സമുചിതമായ രീതിയിൽ പ്രവേശനോത്സവം കൊണ്ടാടി. സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന് അകമ്പടിയോടെ ഹാർദ്ദമായി സ്വീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിലെത്തിയ വിദ്യാർഥികൾ അക്ഷരദീപം തെളിയിച്ച് ക്ലാസുകളിലേക്ക് കയറി. തെർമോമീറ്റർ ഉപയോഗിച്ചുള്ള താപനില പരിശോധനയും സാനിറ്റേഷനും നടന്നുവരുന്നു. വിദ്യാർഥികളെ ബാച്ചുകൾ ആയി വർഗീകരിച്ച് മൂന്നു വീതം ദിവസങ്ങളിലാണ് ആഴ്ചയിൽ ക്ലാസുകൾ എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് തല ഉദ്ഘാടനം

അഞ്ചരക്കണ്ടി: (17.09 .2021):അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച കിട്ടിയ എസ് പി സി യൂണിറ്റിൻറെ പ്രവർത്തന ഉദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. രാജ്യസഭ എംപി ഡോ: വി ശിവദാസൻ ചടങ്ങിൽ മുഖ്യാതിഥിയായി. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി ലോഹിതാക്ഷൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസീല സ്വാഗതവും, സി പി ഒ ഷിജിത്ത് സി കെ നന്ദിയും പറഞ്ഞു.

എസ്എസ്എൽസി റിസൾട്ട്: അഞ്ചരക്കണ്ടി HSSന് ഹാട്രിക്ക് വിജയം

അഞ്ചരക്കണ്ടി: (14.06 .2021): സംസ്ഥാനത്ത് ഇന്ന് പ്രസിദ്ധീകരിച്ച എസ്എസ്എൽസി പരീക്ഷാഫലത്തിൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് 100% വിജയം. സ്കൂളിലെ 186 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉപരിപഠനത്തിന് അർഹരായി.

സ്മാർട്ട് ഫോണുകൾ നല്കി

അഞ്ചരക്കണ്ടി: (14.06 .2021): അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് online പഠനത്തിന് സ്കൂൾ സ്റ്റാഫ് കൗൺസിൽ വാങ്ങിയ ഫോണുകൾ രക്ഷിതാക്കൾക്ക് കൈമാറി. സ്കൂൾ മാനേജർ ശ്രീ വി പി കിഷോർ, അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റി സെക്രട്ടറി ശ്രീ പി മുകുന്ദൻ, സ്കൂൾ എച്ച് എം എൻ പി പ്രശീല, പ്രിൻസിപ്പാൾ ലീന ഒ എം എന്നിവർ പങ്കെടുത്തു .

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനം

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ 2021 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വായനാവാരാചരണത്തിന്റെയും ഉദ്‌ഘാടനം ഓൺലൈൻ ആയി നടന്നു ഉദ്‌ഘാടനം. ശ്രീ വി കെ സുരേഷ്ബാബു (ജില്ലാ പഞ്ചായത്ത് അംഗംവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രശീല, അധ്യാപകരായ ഉല്ലാസ് പി വി, പി വി അജയകുമാർ, ജ്യോതി പി വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.