അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/ലോകത്തെ തൊട്ടറിഞ്ഞ് ലോക്ക് ഡൗണിലൂടെ നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ തൊട്ടറിഞ്ഞ് ലോക്ക് ഡൗണിലൂടെ നാം മുന്നോട്ട്*

പ്രകൃതി അമ്മയാണ്. അതിനെ വികൃതമാക്കരുത് . പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും എന്നത് പകൽ പോലെ വ്യക്തമാണ്.ഭൂമി മനുഷ്യന് സ്വന്തമല്ല അത് എല്ലാ ജീവജാലങ്ങൾക്കും സ്വന്തമാണ്. ഈ ഭൂമിയിൽ നാം ദൈവത്തിന്റെ വാടകക്കാരാണ്. ഒരു ചുരുങ്ങിയ കാലം മാത്രമേ നമുക്കിവിടെ വാസമുള്ളൂ എന്ന് നാം ഓർക്കണം. മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതി യുടെയും ഭൂമിയുടെയും തന്നെ നിലനിൽപ്പ് അപകടത്തിൽ ആയികൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, ശുദ്ധ ജലക്ഷാമം, മരുന്ന് കണ്ടുപിടിക്കാത്ത രോഗങ്ങൾ തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത് . ജീവികളെ അതിന്റെ വാസസ്ഥലത്തു നിന്നും വിരട്ടിയും തുരത്തിയും കൊന്നും തിന്നും ആയിടങ്ങളെല്ലാം നാം അതിക്രമിച്ച് കീഴടക്കി. എന്നാൽ ഇപ്പോൾ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ലോക ജനതയെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയുടെ ആവാസവ്യവസ്ഥകൾക്ക് വിപരീതമായി ചെയ്യുന്ന പ്രവർത്തിയുടെ പരിണിത ഫലമാണ് ഈ പടർന്ന് പിടിക്കുന്ന രോഗങ്ങൾ. കാടുകൾ വെട്ടിനിരത്തി, കെട്ടിടങ്ങൾ പണിതുയർത്തി, കടലുകളെ മാലിന്യക്കൂമ്പാരങ്ങളാക്കി, വായുവിനെ ഗുണരഹിതമാക്കിയുമെല്ലാം നാം പ്രകൃതിയെ ദ്രോഹിച്ചു കൊണ്ടേയിരുന്നു. ജലം കെട്ടിക്കിടക്കുന്നതിൽ നിന്നും വീടും പരിസരവും ശുചിയായി സൂക്ഷിച്ചിട്ടില്ലെങ്കിൽ എലിയും കൊതുകുമെല്ലാം പടർത്തുന്ന ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, എലിപ്പനി എന്ന രോഗങ്ങൾക്ക് കാരണമാകും. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടനകൾ. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീലപരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ നമുക്ക് വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവ അനുവർത്തിക്കേണ്ടതുണ്ട്. പകർച്ച വ്യാധിയ്ക്ക് ഏറ്റവും പ്രധാന കാരണം പോഷകാഹാരക്കുറവ് തന്നെയാണ്. സമീകൃതാഹാരം എന്ന ജീവിതശൈലി പ്രാവർത്തികമാക്കാൻ സമൂഹത്തെ ശാക്തീകരിച്ചിട്ടില്ല. പകർച്ച വ്യാധികളുടെ അടുത്ത കാരണങ്ങൾ വ്യക്തി ശുചിത്വമില്ലായ്മയും പരിസര ശുചിത്വമില്ലായ്മയുമാണ്.പരിസര പ്രദേശങ്ങളിൽ ജൈവ മാലിന്യവും ഖര മാലിന്യവും ശാസ്ത്രീയമല്ലാത്ത രൂപത്തിൽ നിക്ഷേപിക്കുന്ന പ്രവണത കണ്ട് വരുന്നു . നമ്മുടെ തെറ്റായ ജീവിത ശൈലി മൂലം രോഗാണുക്കൾ എല്ലായിടത്തും സുലഭമാണ് . തെറ്റായ ശീലങ്ങൾ മൂലം അവ ശരീരത്തിൽ എത്തുന്നു. രോഗത്തെ ഒരു പരിധിവരെ നമുക്ക് തടയാൻ സാധിക്കണം.അതിന് ആരോഗ്യമുള്ളവർക്ക് കഴിയുമെന്ന് ശാസ്ത്രം പറയുന്നു . ആദ്യകാലത്തെ മനുഷ്യർക്ക് രോഗ പ്രതിരോധശേഷി കൂടുതലായിരുന്നു, കാരണം പോഷകാഹാരം ആയിരുന്നു അവർ ഭക്ഷിച്ചിരുന്നത്. എന്നാൽ അത് ഇന്ന് പതിന്മടങ്ങായി ചുരുങ്ങിയിരിക്കുന്നു . ഇന്നത്തെ സമൂഹം ഫാസ്റ്റ് ഫുഡിന് അടിമകളാണ്. ഇത് കാരണം ഒരു പാട് രോഗങ്ങൾ പിടിപെടുന്നു. അതിന് ഉദാഹരണമാണ് ചൈനയിലെ വുഹാനിലെ മാർക്കറ്റിൽ നിന്നും പൊട്ടി പ്പുറപ്പെട്ട കൊറോണ എന്ന കോവിഡ് 19 . ഇതിന്റെ അലയടികൾ വികസിത രാജ്യങ്ങളിൽ വരേ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയിലെ കേരളത്തിൽ അറിവിനൊപ്പം തിരിച്ചറിവുമുണ്ടായതു കൊണ്ട് ഒരു പരിധിവരെ ചെറുത്തു തോൽപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.ലോകം കൈക്കുള്ളിലാണെന്ന മനുഷ്യന്റെ അഹങ്കാരത്തിന് ഒരു തിരിച്ചടിയാണ് കൊവിഡിന്റെ വ്യാപനം എന്ന് നമ്മൾ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ സ്തംഭിച്ച ഇതേ പോലുള്ള അവസ്ഥ ഉണ്ടായിട്ടില്ല. ജീവൻ ഉണ്ടായാലേ ജീവിതം ഉണ്ടാവുകയുള്ളൂ എന്ന ഉത്തമ ബോധത്തിലേക്ക് മനുഷ്യന്റെ മിഴികളെ തുറപ്പിക്കുകയാണിന്ന് കാലം . കേരളീയർ എത്തിപ്പെടാത്ത സ്ഥലം ലോകത്ത് ഇല്ലായെന്ന് തന്നെ പറയാം. എന്നാൽ 100 ശതമാനം സാക്ഷരരാണെന്ന് അഹങ്കരിക്കുന്ന കേരളത്തിൽ ഒരു ലോക്ക് ഡൗൺ വന്നതോടുകൂടി ഭക്ഷ്യധാന്യങ്ങൾക്കും മരുന്നുകൾക്കും നെട്ടോട്ടമായിരുന്നു. അയൽ സംസ്ഥാനമായ കർണാടക കൊറോണ ഭീതിയിൽ മണ്ണിട്ട് റോഡടച്ചപ്പോൾ ഒരു ജില്ലയുടെ തന്നെ ചികിത്സാരംഗം അവതാളത്തിലായി . ഏതാനും രോഗികൾ മരണെപ്പെടുകയുണ്ടായി . തമിഴ്നാട് , കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും അരിയും പച്ചക്കറിയും എത്തിയില്ലെങ്കിൽ മലയാളിയുടെ അടുക്കള കാലിയാവും എന്നുള്ള തിരിച്ചറിവും അവന് ലഭിച്ചു. ധനം കൊണ്ട് എല്ലാം നേടാനാവും എന്ന തെറ്റിദ്ധാരണ മനുഷ്യൻ തിരുത്തേണ്ടി വന്നു.കിട്ടിയ ലോക്ക് ഡൗൺ കാലയളവ് ഒരു പരിധിവരെ പച്ചക്കറികൾ നടുന്നതിനും ,പരിസര ശുചീകരണത്തിനും മറ്റുമായി സമയം ഉപയോഗപ്പെടുത്തുന്നതിന്റെ ഗൗരവത്തെ കുറിച്ച് നമ്മെ പഠിപ്പിച്ചു . തികച്ചും അറിവ് മാത്രം പോരാ തിരിച്ചറിവ് കൂടി വേണം എന്നുളള ശരിയായ ദിശാബോധം നമ്മളെ ഓരോരുത്തരെയും കോവിഡ് 19 കാണിച്ചു. ഈ ദിശാബോധം നമ്മളിലേക്ക് എത്തിക്കുന്നതിന് നമ്മുട അച്ഛനമ്മമാരുടെ ഇടപെടൽ നേരായ രീതിയിൽ വേണം. അവിടെ നിന്നും നമ്മൾ എത്തിച്ചേരുന്ന വിദ്യാലയങ്ങളിലെ അധ്യാപകർ തരുന്ന ഉപദേശനിർദ്ദേശങ്ങൾ ജീവിതത്തിൽ ഉൾക്കൊണ്ട് ജീവിച്ചാലെ നമുക്ക് വ്യക്തി ശുചിത്വവും രോഗ പ്രതിരോധത്തെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും ബോധവാന്മാരാവാൻ കഴിയുകയുള്ളൂ. ഈ കോവിഡ് കാലത്ത് യാത്ര പറയാൻ പോലും അവസരം ലഭിക്കാതെ സങ്കടങ്ങൾ ഉള്ളിൽ കടിച്ചമർത്തി വിദ്യാലയങ്ങളുടെ പടിയിറങ്ങിയ അധ്യാപകരുടെ യാത്ര പറയൽ ആരും കാണാതെ പോയ ഒന്നാണ്. ഇവർക്കെല്ലാം യാത്ര പറയാൻ ഒരു അവസരം സർക്കാർ നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഓരോരുത്തരും തിരുത്തപ്പെട്ടാൽ മാത്രമേ ഈ സമൂഹം തിരുത്തപ്പെടുകയുള്ളൂ. ഈ സമൂഹം തിരുത്തപ്പെട്ടാലേ ഒരു നന്മയുടെ പുലരി ഉള്ള ലോക ജനതയുടെ പുനരാവിഷ്കാരം ഉടലെടുക്കുകയുളളൂ. നല്ല നാളേക്കായി നമുക്ക് കാതോർക്കാം.

ശിഖാ ലുബ്ന. കെ.എ
8 A അസംപ്ഷൻ ഹൈസ്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം