അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ദുരിതം

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം - കഥ

കൊറോണ കാലത്തെ ദുരിതം

     ഒരു കൊച്ചു വീട്. ഒറ്റ മുറിയും ഒരു അടുക്കളയും ഉള്ള ഒരു കുഞ്ഞു വീട്. അവിടെ അച്ഛനും അമ്മയും മൂന്നുകുഞ്ഞുങ്ങളും താമസിക്കുന്നു. ഒരു ആൺകുട്ടിയും രണ്ട് പെൺകുഞ്ഞുങ്ങളും ആണ് അവർക്കുള്ളത്. അച്ഛൻ കൂലിപ്പണിയെടുത്താണ് കുടുംബം നോക്കുന്നത്. പെട്ടെന്നൊരു ദിവസം പറയുന്നു ആരും പുറത്തിറങ്ങരുത്. കൊറോണ പകരും, പകർന്നാൽ മരണം ഉറപ്പ് എന്ന്. അച്ഛൻ കയ്യിലുള്ള കാശ് കൊടുത്ത് കുറച്ച് അരിയും സാധനങ്ങളും വാങ്ങി വീട്ടിലേക്ക് പോയി. കുറച്ചു ദിവസം അവർ സന്തോഷത്തോടെ ജീവിച്ചു. പിന്നെ പിന്നെ വാങ്ങിയ അരിയും സാധനങ്ങളും തീരാനായി. ഭക്ഷണം ഒരു നേരം ആക്കി. അച്ഛനുമമ്മയും കഞ്ഞി വെള്ളം കുടിച്ചും, മക്കൾക്ക് വയറു നിറച്ചു കഞ്ഞി  കൊടുത്തും രണ്ടുമൂന്ന് ദിവസം കഴിഞ്ഞു. പിന്നെ അടുപ്പ് പുകയാതെയായി. മക്കൾ വിശന്നു കരയാൻ തുടങ്ങി. അച്ഛൻ  കടയിലേക്ക് പോകാനായി പുറത്തേക്കിറങ്ങി പക്ഷേ പോലീസ് തടഞ്ഞു. " നിന്നോട് പറഞ്ഞിട്ടില്ലേ പുറത്തിറങ്ങരുതെന്ന്. "പോടാ വീട്ടിലേക്ക്". സാർ ഞാൻ കടയിലേക്ക് പോവുകയാണ് .വാങ്ങിയ സാധനങ്ങൾ കഴിഞ്ഞു .മക്കൾ വിശന്നു കരയുകയാണ്. അതാ ഞാൻ കടയിലേക്ക് പോകാൻ ഇറങ്ങിയത്". " എന്നാൽ ശരി വേഗം സാധനങ്ങൾ വാങ്ങി പൊയ്ക്കോ". " ശരി സാർ". അയാൾ കൈകൂപ്പി പോലീസുകാരനെ വണങ്ങി. അയാൾ സ്ഥിരം സാധനങ്ങൾ വാങ്ങുന്ന കടയിലേക്ക് പോയി. "പൈസ ഒന്നും കയ്യിൽ ഇല്ല, എനിക്ക് കുറച്ച് സാധനങ്ങൾ തരുമോ പൈസ കിട്ടുമ്പോൾ തരാം" അയാൾ കടക്കാരനോട് ചോദിച്ചു. കടക്കാരൻ പറഞ്ഞു:" കടം തരാൻ പറ്റില്ല". " കുറച്ച് അരിയെങ്കിലും തരുമോ". അയാൾ കരഞ്ഞു. കടക്കാരൻ ഒരു കിലോ അരി മാത്രം കൊടുത്തു എന്നിട്ട് പറഞ്ഞു." ഇനി ഇങ്ങോട്ട് വരരുത് കടം തരില്ല". അയാൾ തലകുനിച്ച് വീട്ടിലേക്ക് പോയി. ഭാര്യയോട് പറഞ്ഞു:" ഇതിൽ നിന്ന് കുറച്ച് അരി എടുത്ത് നന്നായി വെള്ളം കൂട്ടി കഞ്ഞി വെക്കു നമുക്ക് കുടിക്കാം. കഞ്ഞിയും കാന്താരി ചമ്മന്തിയും കൂട്ടി അവർ വയറുനിറച്ചു കഴിച്ചു. സ്വന്തമായി റേഷൻ കാർഡ് ഇല്ല പുറമ്പോക്കിൽ ആണ് വീട് അതുകൊണ്ട് റേഷൻ കാർഡ് കിട്ടിയില്ല. ആ ഒരു കിലോ അരിയും മൂന്നുദിവസം കൊണ്ട് തീർന്നു. ഇനി എന്ത് ചെയ്യും. മക്കൾ വാടിത്തളർന്നു കരയാൻ വരെ ശേഷി ഇല്ലാതെയായി. ഇനി എത്ര ദിവസം ലോക്ക് ഡൗൺ ഉണ്ടാവും,  എന്നാണ് പണിക്ക് പോകാൻ സാധിക്കുക... ഈശ്വരാ എന്റെ മക്കൾ.... അയാളും ഭാര്യയും നെഞ്ചു പൊട്ടി കരഞ്ഞു . മുമ്പിൽ ആവി പറക്കുന്ന ചോറും സ്വാദിഷ്ഠമായ വിഭവങ്ങളും നിറഞ്ഞ ഒരു നേരത്തെ ആഹാരം സ്വപ്നം കണ്ട് ആ മൂന്ന് കുരുന്നുകളും പതിയെ ഇമ പൂട്ടി.....  

ഐശ്വര്യ കെ.എം
6 B അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ