ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ തിരിച്ചെഴുത്ത്‌

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ തിരിച്ചെഴുത്ത്‌

കോവിഡ്-19 കാരണം മരുഭൂമിയായിമാറിയ നഗരങ്ങളിൽ മനുഷ്യർ അകത്തും വന്യമൃഗങ്ങൾ സ്വസ്ഥമായി പുറത്തും ഇറങ്ങിയപ്പോൾ അന്തരീക്ഷം തെളിഞ്ഞു. അടച്ചിടപ്പെട്ട യൂറോപ്പും ഇതര രാജ്യങ്ങളും പുറത്തുവിടുന്ന മലിനീകരണ തോത് കുത്തനെ കുറഞ്ഞു. യൂറോപ്യൻ സ്പേസ് ഏജൻസി (ESA) കോപ്പര്നിക്കസ് സാറ്റലൈറ്റിസ് പുറത്തുവിട്ട ചിത്രങ്ങളിൽ പാരിസിലും സ്പെയിനിന്റെ തലസ്ഥാനനഗരമായ മാഡ്രിഡിലും, റോമിലും മാർച്ച് 14 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ നൈട്രജൻ ഡൈ ഓക്സയിഡ് വലിയതോതിൽ കുറഞ്ഞതായി കാണിക്കുന്നു. ചൈനയിലെ ഫാക്ടറി, പവർ സ്റ്റേഷൻ, വാഹനങ്ങൾ എന്നിവയിൽ നിന്ന് പുറത്തുവിടുന്ന നൈട്രജൻഡൈഓക്സയിഡ്ഡിന്റെ (NO2) തോത് ജനുവരി ഫെബ്രുവരി മാസങ്ങളേക്കാൾ താഴ്ന്ന നിലയിലെത്തി.

രാജ്യമൊട്ടാകെ വായുവിന്റെ ഗുണനിലവാരം ഏറെ മെച്ചപ്പെട്ടതായാണ് കണക്കുകൾ കാണിക്കുന്നത്. മലിനീകരണത്തിൽ മുന്നിലുള്ള ഡൽഹി കാൺപൂർ നഗരങ്ങൾ കുറഞ്ഞ ദിവസങ്ങൾകൊണ്ട് മിതമായ മലിനീകരണം മാത്രം രേഖപ്പെടുത്തുന്ന നഗരങ്ങളായി മാറി. 430 ആയിരുന്ന ഡൽഹിയിലെ എക്യുഐ- മാർച്ച് അവസാനത്തോടെ 50 എന്ന നിലയിലേക്ക് താഴ്ന്നു. കേരളത്തിലെ പ്രധാന നഗരങ്ങളിലും മലിനീകരണ തോത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. പ്രേതഭൂമികളായി മാറിയ നഗരങ്ങളിലൂടെ വന്യമൃഗങ്ങൾ യഥേഷ്ടം ഭയരഹിതരായി സഞ്ചരിച്ചു തുടങ്ങി. അപകടകരമായ നിലയിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മലബാർ വെരുക് (1990 നു ശേഷം കാണുന്നത് ) റോഡിലൂടെ സഞ്ചരിക്കുന്നതും, കാർഫ്യൂ ഏർപ്പെടുത്തിയ ചിലിയൻ തലസ്ഥാനമായ സാന്റിയാഗോയിലെ വിജനമായ നിരത്തിലൂടെ പ്യൂമ നടക്കുന്നതും, ബാഴ്സലോണ പട്ടണത്തിലേക്കു ഇറങ്ങിവന്ന കാട്ടുപന്നികളും, പാരീസിലെ കോമഡി ഫ്രാങ്കൈസ് തീയേറ്ററിനുമുന്നിലൂടെ വേഗത്തിൽ നടക്കുന്ന താറാവ് കൂട്ടങ്ങളും, മെഡിറ്ററേനിയൻ തുറമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ട ഡോൾഫിനുകളും ചിലതൊക്കെ നമ്മെ ഓർമ്മിപ്പിക്കാൻ പര്യാപ്തമായ കാഴ്ചകളായി മാറി. " നമ്മൾ വന്യജീവികളിൽ നിന്ന് തട്ടിയെടുത്ത വാസസ്ഥലം അവർ തിരിച്ചു പിടിക്കുന്നു എന്നാണ് ഒരു ചിലിയൻ കാർഷിക കന്നുകാലി സേവന വിഭാഗത്തിന്റെ തലവൻ മാഴ്‌സെലോ ഗിയഗ്‌നോനി അവകാശപ്പെട്ടത്. മനുഷ്യർ കാഴ്ച വസ്തുക്കളാക്കി ഉദ്യാനങ്ങളിൽ തളയ്ക്കപ്പെട്ട പക്ഷിമൃഗാദികൾ കൂടുതൽ ഉത്സാഹികളായിരിക്കുന്നു. വയനാട്, അതിരപ്പിള്ളി, ഇടുക്കി പെരിയാർ കടുവാ സങ്കേതം എന്നിവിടങ്ങളിൽ ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും കൂടുതൽ പ്രത്യക്ഷപ്പെടുന്നു. മനുഷ്യരെ ആക്രമിക്കുന്ന വന്യജീവികളും മറിച്ചുമുള്ള വാർത്തകൾ ഗണ്യമായി കുറഞ്ഞു. റോഡ്‌ അപകടങ്ങളും ബന്ധപ്പെട്ട അത്യാഹിത വിഭാഗങ്ങളും ശൂന്യമായിരിക്കുന്നു.

വീട്ടുമുറ്റത്തും പരിസരങ്ങളിലും പണ്ടെങ്ങോ കേട്ടുമറന്ന ആൽക്കിളിയും ചൂളക്കാക്കയും ചെമ്പോത്തും ആനറാഞ്ചിയും ചപ്പിലക്കിളിയും മരംകൊത്തിയും വീണ്ടും ശബ്ദിക്കുമ്പോൾ നമ്മൾ അറിയാതെ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. കോവിഡ് എന്ന മാരി- ശരീരത്തിലെ കോശങ്ങൾ പോലെ പ്രെപഞ്ചത്തിലെ ഓരോ മണൽത്തരിയും ജീവന് ഒഴിച്ചുകൂടാൻ കഴിയാത്ത അവശ്യ ഘടകങ്ങളാണെന്ന് മനുഷ്യനെ നിർബന്ധപൂർവം ഓർമിപ്പിക്കുകയാണോ...!

ശിവലക്ഷ്മി
6C ഈ വി യുപിഎസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം