എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019

പ്രവേശനോത്സവം

2019 ജൂൺ 6 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 357 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.

പരിസ്ഥിതി ദിനം

പരിസ്ഥിതിദിനം സമുചിതമായി സംഘടിപ്പിച്ചു. നമ്മുടെ സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. വൃക്ഷതൈകൾ നട്ടു പിടിപ്പിച്ച് നാളെയുടെ നന്മയ്ക്കായി അവർ കൈകോർത്തു.പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു.

മലയാളമരം

നവംബർ 1 കേരളപ്പിറവിദിനത്തിൽ നല്ലപാഠം പ്രവർത്തകർ മലയാളമരം തയ്യാറാക്കി. കവികളുടെ രചനകൾ, കവിതാശകലങ്ങൾ, വാക്കുകൾ എന്നിവ കാർഡുകളിലെഴുതി മലയാളമരത്തിൽ തൂക്കുകയുണ്ടായി. എല്ലാ ക്ലാസിലെയും കുട്ടികളേയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കുവാൻ നല്ലപാഠം പ്രവർത്തകർക്ക് സാധിച്ചു. കൂടാതെ നാടൻപാട്ടുകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടംകഥകൾ തുടങ്ങി ഭാഷാപൈതൃകം വിളിച്ചോതുന്ന നിരവധി കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു.

ഔഷധസസ്യത്തോട്ടം

പ്രകൃതിദത്തങ്ങളായ ഔഷധങ്ങളുടെ ഉപയോഗം, ചിത്രം, ശാസ്ത്രനാമം, കുടുംബം എന്നിവയെപറ്റി അറിവ് നൽകുന്നതിനായി നല്ലപാഠം ക്ലബ്ബ് ഒരു ഔഷധസസ്യത്തോട്ടം സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കർപ്പൂരതുളസി, കർപ്പൂരം, സർവ്വസുഗന്ധി, റംമ്പൂട്ടാൻ, കൊക്കോ, കാപ്പി, മൈലാഞ്ചി, കറ്റാർവാഴ, വയമ്പ് തുടങ്ങിയ അപൂർവ്വങ്ങളായ ഔഷധസസ്യങ്ങൾ ഈ തോട്ടത്തിൽ ഉണ്ട്.

ശലഭോദ്യാനം

ശലഭങ്ങളെ ആകർഷിക്കുന്നതിനും, പരാഗണം നടത്തുന്നതിനുമായി വിവിധതരം സസ്യങ്ങൾ ശലഭോദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയുണ്ടായി. കൃഷ്ണകിരീടം, കൊങ്ങിണിചെടി, കിലുക്കാംപെട്ടി, വാടാമുല്ല, കോസ്മോസ് തുടങ്ങിയ ചെടികൾ വച്ച്പിടിപ്പിച്ചപ്പോൾ ധാരാളം ശലഭങ്ങൾ ഇവിടെയെത്തുന്നുണ്ട്. മഞ്ഞപപ്പാത്തി, കരിനീലികടുവ, അരളിശലഭം, നാട്ടുറോസ് എന്നിവ അവയിൽ ചിലതാണ്. അതിനു നടുവിൽ ചെറിയ ഒരു കുളം രൂപപ്പെടുത്തി ആമ്പലുകളും ശലഭോദ്യാനത്തിൽ വളരുന്നുണ്ട്‌.

പേപ്പർ പേനകൾ

കുട്ടികൾ പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച് മണ്ണിലേക്ക് വലിച്ചെറിയുന്നതു തടയുന്നതിനായി പേപ്പർ പേനകളും, വിത്തു പേനകളും നിർമ്മിച്ച് നൽകുകയുണ്ടായി. പേപ്പർ പേനയിൽ ഉറപ്പിച്ചിട്ടുള്ള ഏതെങ്കിലും ഒരു വൃക്ഷത്തിന്റെ വിത്ത്, പേന മണ്ണിൽ ലയിച്ചുചേരുമ്പോൾ മുളയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. പ്രകൃതിസംരക്ഷണം, മരങ്ങൾ ഭൂമിയിൽ വളരുക എന്ന ലക്ഷ്യമാണ്‌ ഇതിലൂടെ സാധ്യമാകുന്നത്.

മാതാപിതാക്കൾക്ക് ബോധവത്ക്കരണം

“കാർബൺ ന്യൂട്രൽ” എന്ന ആശയം മാതാപിതാക്കളിലൂടെ സമൂഹത്തിലെത്തിക്കുന്നതിനായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. കടൽനിരപ്പ് ഉയരുക, മഴയുടെ അളവ് കുറയുക, ശക്തമായ മഴയും, കഠിനമായ വരൾച്ചയും ഉണ്ടാവുക, സമുദ്രജലത്തിന്റെ അളവ് കൂടുക തുടങ്ങിയവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളാണ്. നമ്മുടെ കൊച്ചുകേരളത്തിലും ഇതിന്റെ പ്രതിഫലനങ്ങൾ നമ്മുക്ക് അനുഭവപ്പെട്ടുതുടങ്ങി. ഈയടുത്ത് നമ്മൾ നേരിട്ട പ്രളയവും ഇതിനോട്കൂടി ചേർത്ത് വയ്ക്കേണ്ടി വരും.കാലാവസ്ഥാവ്യതിയാനം ഒരു ആഗോള പ്രശ്നമാണെങ്കിലും ഇതിന്റെ തിക്തഫലങ്ങൾ കൂടുതൽ അനുഭവപ്പെടുക പ്രാദേശികമായി ആയിരിക്കും. മുതിർന്നവരും, കുട്ടികളും ഒരുപോലെ കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ കാലാവസ്ഥാ വ്യതിയാനത്തെ നമ്മുക്ക് ചെറുക്കുവാൻ കഴിയും.കാലാവസ്ഥാവ്യതിയാനത്തെ ചെറുത്ത് പരിസ്ഥിതിയെ ഫലപ്രദമായി സംരക്ഷിക്കുവാനുള്ള ഒരു വഴിയാണ് നാടിനെ കാർബൺ ന്യൂട്രൽ ആക്കി മാറ്റുക എന്നുള്ളത്. 19 രാജ്യങ്ങളിൽ ഈ നയം നിലവിലുണ്ട്. നമ്മുടെ പരിസ്ഥിതി സവിശേഷതകൾകൂടി കണക്കിലെടുത്ത് കാർബൺ ന്യൂട്രൽ നയം രൂപീകരിക്കുവാൻ അഭ്യർത്ഥിച്ച് കൊണ്ട് കുട്ടികൾ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് ഒരു നിവേദനം തയ്യാറാക്കി അയച്ചു. ഈ സ്കൂളിലെ ഏകദേശം 945 കുട്ടികൾ ഇതിൽ ഒപ്പിടുകയുണ്ടായി.കുട്ടികളുടെ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ട ചുമതല മാതാപിതാക്കൾക്കാണ്. പരിസ്ഥിതി സംരക്ഷണത്തിനായി സമൂഹം ഒത്തുചേർന്ൻ പ്രവർത്തിച്ചാൽ വരുംതലമുറയെ പ്രകൃതിദുരന്തത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയും എന്ന സന്ദേശം ആണ് ഈ ബോധവത്ക്കരണക്ലാസിലൂടെ നല്ലപാഠം പ്രവർത്തകർ പകർന്നു നൽകിയത്.

പഠന പ്രോജക്ട്- കാർബൺ ന്യൂട്രൽ സ്കൂൾ

ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യപെടുന്ന ഒരു വിഷയമാണ്‌ കാലാവസ്ഥാ വ്യതിയാനം. മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ കാർബൺഡയോക്‌സൈഡിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണം.പ്രകൃതിയിൽ നിന്നും നാം അനുഭവിക്കുന്ന സേവനങ്ങൾക്ക് പകരമായി പ്രകൃതി സംരക്ഷണം അവബോധം വളർത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരാവശ്യമാണ്. ഇത്തരത്തിൽ ഒരു പരിസ്ഥിതി അവബോധ കർമ്മ പരിപാടി സ്കൂളിൽ തുടങ്ങുന്നതിന്റെ ആദ്യപടിയായി ഒരു പ്രോജക്ട് ഇത്തവണയും കുട്ടികൾ തയ്യാറാക്കുകയുണ്ടായി. ശാസ്ത്രീയമായി തയ്യാറാക്കിയ പ്രവർത്തന രീതിയും ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെയും സ്കൂളിലെ ഹരിതഗൃഹ വാതകങ്ങളുടെ നിർഗ്ഗമനം, ആഗീരണം എന്നിവ കണ്ടെത്തുവാനും സ്കൂളിലെ ആഗോള ഹരിതഗൃഹവാതക നിർഗ്ഗമനം പൂജ്യത്തിനടുത്തെയ്ക്ക് കൊണ്ടുവരുവാനും പരിസ്ഥിതി അവബോധ കർമ്മ പരിപാടികൾ ഓരോ കുട്ടിയിലും, പിന്നീട് വീടുകളിലേയ്ക്കും തുടർന്ൻ സമൂഹത്തിലേയ്ക്കും എത്തിക്കുക എന്നതാണ് പ്രോജക്ടിന്റെ മുഖ്യ ലക്ഷ്യം.

കാർബൺ ന്യൂട്രൽ സ്കൂൾ

ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യപെടുന്ന ഒരു വിഷയമാണ്‌ കാലാവസ്ഥാ വ്യതിയാനം. മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ കാർബൺഡയോക്‌സൈഡിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണം.പ്രകൃതിയിൽ നിന്നും നാം അനുഭവിക്കുന്ന സേവനങ്ങൾക്ക് പകരമായി പ്രകൃതി സംരക്ഷണം അവബോധം വളർത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരാവശ്യമാണ്. ഇത്തരത്തിൽ ഒരു പരിസ്ഥിതി അവബോധ കർമ്മ പരിപാടി സ്കൂളിൽ തുടങ്ങുന്നതിന്റെ ആദ്യപടിയായി ഒരു പ്രോജക്ട് ഇത്തവണയും കുട്ടികൾ തയ്യാറാക്കുകയുണ്ടായി.ശാസ്ത്രീയമായി തയ്യാറാക്കിയ പ്രവർത്തന രീതിയും ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെയും സ്കൂളിലെ ഹരിതഗൃഹ വാതകങ്ങളുടെ നിർഗ്ഗമനം, ആഗീരണം എന്നിവ കണ്ടെത്തുവാനും സ്കൂളിലെ ആഗോള ഹരിതഗൃഹവാതക നിർഗ്ഗമനം പൂജ്യത്തിനടുത്തെയ്ക്ക് കൊണ്ടുവരുവാനും പരിസ്ഥിതി അവബോധ കർമ്മ പരിപാടികൾ ഓരോ കുട്ടിയിലും, പിന്നീട് വീടുകളിലേയ്ക്കും തുടർന്ൻ സമൂഹത്തിലേയ്ക്കും എത്തിക്കുക എന്നതാണ് പ്രോജക്ടിന്റെ മുഖ്യ ലക്ഷ്യം.

മെറിറ്റ് അവാർഡ്

മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . 51 കുട്ടികളെയാണ് ആദരിച്ചത്.ഡോ: നിർമ്മൽ ഔസേപ്പച്ചൻ ഐഎസ് ആണ് വിശിഷടാതിഥി ആയി എത്തിയത്

പച്ചക്കറിത്തോട്ടം

എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷകദിനം ആചരിച്ച് കൃഷിക്ക് തുടക്കം കുറിക്കുന്നു. അതിന് മുൻപ് വിവിധയിനം വിത്തുകൾ ശേഖരിച്ച് തൈചെടികൾ ഉണ്ടാക്കുകയും, നിലം ഒരുക്കുന്നതിനായി സമീപവാസികളായ കർഷകരെ ഉൾപ്പെടുത്താറുണ്ട്. സ്ലറി, ചാണകം, ചകിരിചോറ് തുടങ്ങിയ ജൈവവളങ്ങളാണ് നിലം ഒരുക്കുന്നതിന് ഉപയോഗിക്കുന്നത്. പയർ, വെണ്ട, ചീര, പുതിയിനയില, പച്ചമുളക്, പാവൽ, ചുരയ്ക്ക, പടവലം, മധുരക്കിഴങ്ങ്, കൂർക്ക, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങി വിവിധയിനം സ്കൂൾ പരിസരത്ത് കൃഷി ചെയ്തു വരുന്നു. ലഭ്യതയനുസരിച്ച് ഇവ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുന്നു. കീടങ്ങളെ അകറ്റാൻ വെളുത്തുള്ളി - കാന്താരി മിശ്രിതം ഉപയോഗിക്കുന്നു.

പ്രകൃതി സൗഹൃദ ബാഗുകൾ

പ്ലാസ്റ്റിക് നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം പ്രവർത്തകർ തുണികൊണ്ടുള്ള പ്രകൃതി സൗഹൃദ സഞ്ചികൾ നിർമ്മിക്കുകയുണ്ടായി. സ്കൂളിനടുത്തുള്ള മാർക്കറ്റിൽ പ്ലാസ്റ്റിക് ബാഗുമായി എത്തുന്നവരിൽ നിന്നും അത് ശേഖരിക്കുകയും ഈ സഞ്ചികൾ വിതരണം ചെയ്യുകയുമുണ്ടായി. കുട്ടികൾ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനായി സ്കൂളിൽ പേനകൂടകൾ സ്ഥാപിച്ചിരിക്കുന്നു. മണ്ണും, പരിസരവും മലിനമാകാതെ സൂക്ഷിക്കുന്നതിനും ഇവ ശേഖരിച്ച് പുനരുത്പാദന കേന്ദ്രങ്ങളിലെത്തിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. കുട്ടികളുടെ വലിചെറിയൽ ശീലം ഇല്ലാതാക്കുന്നതിനും ഇത് സഹായകമാണ്.

സൂര്യഗ്രഹണത്തെ അറിയാൻ

പാരമ്പര്യമായി പകർന്നു കിട്ടിയ അബദ്ധധാരണകൾ മാറ്റുന്നതിനും ഭയലേശമന്യേ ഈ അത്ഭുതപ്രതിഭാസം വീക്ഷിക്കുന്നതിനുമായി നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ സൗരകണ്ണട നിർമ്മാണവും ബോധവത്ക്കരണക്ലാസും സംഘടിപ്പിച്ചു. ഡിസംബർ ഇരുപതാം തിയതി നടത്തിയ ഈ ക്ലാസിന് നേതൃത്വം നൽകിയത് റിട്ടയേർഡ് ADPI ശ്രീ. ജിമ്മിസർ ആയിരുന്നു. വളരെയധികം പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു ഇത്. 500 ഓളം സൗരകണ്ണടകൾ കുട്ടികൾ തന്നെ നിർമ്മിച്ച് വിതരണം ചെയ്ത് സൂര്യഗ്രഹണത്തെ വരവേൽക്കാൻ തയ്യാറായി എന്നത് ഏറെ ശ്രദ്ധേയമായി.

ഇന്റർനാഷണൽ യോഗാദിനം

അന്തർദേശീയ യോഗാദിനത്തോടനുബന്ധിച്ചു ശ്രീ. ആർ.ഡി. ബാബുസാറിന്റെ നേതൃത്വത്തിൽ വിവിധ രീതിയിലുള്ള യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവ ചെയ്തു കാണിക്കുകയും, യോഗ ദിനചര്യയാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു നല്ല പ്രഭാഷണം നടത്തുകയും ചെയ്തു.

ഹിരോഷിമ, നാഗസാക്കി ദിനാചരണം

“യുദ്ധം മാനവരാശിക്ക് ഒരിക്കലും നേട്ടമുണ്ടാക്കില്ല” എന്ന സന്ദേശം കുട്ടികളിലേക്കെത്തിക്കുന്നതിനായി ഹിരോഷിമ, നാഗസാക്കി ദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഓഡിയോ സംപ്രേഷണത്തിലൂടെ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾ ഉൾക്കൊണ്ടു.

ആർദ്രമീ ആര്യാട്

ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 12 നല്ലപാഠം പ്രവർത്തകർക്ക് “ കുട്ടി ഡോക്ടറുടെ” പരിശീലനം നൽകി. പരിശീലനം നേടിയ കുട്ടികൾ അവർ നേടിയ പുത്തൻ അറിവുകൾ തങ്ങളുടെ സഹപാഠികൾക്ക് പകർന്നു കൊടുത്ത് ആതുര സേവനത്തിന് മാതൃകയായി.

വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് നിർമ്മാണം

ഭൂമിയെ മലിനമാക്കുന്നരീതിയിൽ വലിച്ചെറിയുകയും, കത്തിച്ചുകളയുകയും ചെയ്യുന്ന വസ്തുക്കൾ പുന:രുപയോഗിക്കാൻ പാകത്തിൽ മറ്റു വസ്തുക്കൾ നിർമ്മിച്ച് ഭൂമിയെ മാലിന്യകൂമ്പാരത്തിൽ നിന്നും സംരക്ഷിക്കുവാൻ നല്ലപാഠം പ്രവർത്തകർ നിരവധി പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി.ഉപയോഗശൂന്യമായ പഴയതുണികൾ, പ്ലാസ്റ്റിക് കുപ്പികൾ ഇവ ഉപയോഗിച്ച് പ്രകൃതി സൗഹൃദ ചവിട്ടികൾ, കൗതുകവസ്തുക്കൾ എന്നിവ കുട്ടികൾ നിർമ്മിക്കുകയും പരിശീലിപ്പിക്കുകയും ഉണ്ടായി.പഴയസാരി, ഷോൾ എന്നിവ മുറിച്ച് വിവിധ വർണ്ണങ്ങൾ ഇടകലർത്തിയ ചവിട്ടികൾ കാഴ്ചയ്ക്ക് മനോഹരവും അഴുക്കു പിടിച്ചാൽ കഴുകി ഉണക്കി ഉപയോഗിക്കുവാൻ പാകത്തിലുള്ളതുമാണ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് കൗതുകകരമായ വെർട്ടിക്കൽ ഗാർഡൻ, കൗതുക വസ്തുക്കൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. കുട്ടികൾതന്നെ കുട്ടികൾക്ക് ഇവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകുകയും ധാരാളം കുട്ടികൾ വീടുകളിൽ ഇവയെല്ലാം നിർമ്മിക്കുകയും ഉണ്ടായി.

ലഹരിവിരുദ്ധദിനാചരണം

സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനാചരണം നടത്തപ്പെട്ടു. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി കുട്ടികൾ ചെട്ടികാട്‌, പൂങ്കാവ് മാർക്കറ്റ്, കുരിശടി ജംഗ്ഷൻ വരെ റാലി നടത്തി. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നാടൻപാട്ട്, പ്രഭാഷണങ്ങൾ, നാടകം എന്നിവയിലൂടെ ലഹരിയുടെ ദൂഷ്യഫലങ്ങളെകുറിച്ച് ഒരു ബോധവത്ക്കരണം നൽകാൻ ഈ ദിനാചരണത്തിന് കഴിഞ്ഞു. സ്കൂളിന്റെ 100m ചുറ്റളവിൽ പുകയിലവസ്തുക്കളുടെ വിൽപ്പന നിരോധിച്ചുകൊണ്ടുള്ള ബോർഡ് സ്കൂൾ മേഖലയിൽ സ്ഥാപിച്ചു.

ഗൃഹപാഠങ്ങൾ - നാടകം

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളത്തിൽ സംഭവിച്ചതുപോലെയുള്ള പാരിസ്ഥികത്തകർച്ച ലോകത്ത് മറ്റെവിടെയും ഉണ്ടായിട്ടില്ല. മലിനമാകാത്ത ജലസ്രോതസ്സുകൾ ഒന്നും തന്നെ അവശേഷിക്കുന്നില്ല. മണ്ണും വെള്ളവും വായുവും വിഷലിപ്തം. രോഗങ്ങളുടെ പറുദീസ. ഇത്തരമൊരു ദുരവസ്ഥയിൽ നിന്ൻ കേരളത്തെ എങ്ങനെ കരകയറ്റാം എന്ന ചിന്തയാണ് ‘ഗൃഹപാഠങ്ങൾ’ എന്ന പരിസ്ഥിതി നാടകം.ക്ലാസ് മുറിയിൽ ആരംഭിച്ച് പുറംലോകത്തേക്ക് വ്യാപിക്കുന്ന വിധത്തിൽ വിഭാവനം ചെയ്തിരിക്കുന്ന പഠനപ്രവർത്തനങ്ങൾ കുട്ടികളുടെ നൈസർഗ്ഗീഗമായ പാരിസ്ഥിതിക പ്രജ്ഞയെ തിളക്കിയെടുക്കുന്നു. ഇപ്രകാരമുള്ള ഒരു കുട്ടിക്കൂട്ടത്തെ ഈ നാടകത്തിൽ കാണാവുന്നതാണ്‌. അവരുടെ നിഷ്കളങ്കമായതും കുസൃതിനിറഞ്ഞതുമായ ചോദ്യങ്ങൾ ആദ്യമൊക്കെ മുതിർന്നവരെ ആലോസരപ്പെടുത്തുന്നുണ്ടെങ്കിലും സാവധാനം അവരും പുതിയ ചിന്തയിലേക്ക് നയിക്കപ്പെടുന്നതായി കാണാവുന്നതാണ്.ജലം, വായു, പരിസരം, ഭക്ഷ്യവസ്തുക്കൾ എന്നിവ കീടനാശിനികളുടെ അമിതോപയോഗം നിമിത്തം വിഷലിപ്തമായിരിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കപെടുന്നു. ഇവയെല്ലാം പരിസ്ഥിതിയെ തകർക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു. കുട്ടികളിൽ നിന്നും കുടുംബത്തിലേക്ക് അവിടെ നിന്നും സമൂഹത്തിലേക്ക് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയം എത്തിക്കുക എന്നതാണ് ഈ നാടകം ലക്ഷ്യം വയ്ക്കുന്നത്. ഈ കുട്ടിക്കൂട്ടം നിരവധി സ്ഥലങ്ങളിൽ ഈ നാടകം അവതരിപ്പിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുകയുണ്ടായി. ഈ നാടകം രചിച്ചത് സ്കൂളിലെ മുൻ പി.റ്റി.എ പ്രസിഡന്റ് യശശരീരനായ ശ്രീ. സി.എഫ്.ജോസഫാണ്.

ബഷീർ ദിനാചരണം

ബഷീർദിനാചരണം സമുചിതമായി സംഘടിപ്പിച്ചു. പ്രത്യേക അസ്സംബ്ലി നടത്തുകയും, ബഷീർദിന പതിപ്പ്, ബഷീർദിന പ്രത്യേക ന്യൂസ് പേപ്പർ, ബഷീർദിന ക്വിസ് എന്നിവ നടത്തി ആ ദിവസത്തിന്റെ മാറ്റ് കൂട്ടി.

ബോധവത്ക്കരണ ക്ലാസ്

ചെട്ടികാട് പി.എച്ച് സെന്ററിലെ ശ്രീ. റിയാസ് പകര്ച്ചവ്യാധികളെ കുറിച്ചുള്ള ഒരു ബോധവത്ക്കരണക്ലാസ്സ് നൽകി.

കണ്ണ് പരിശോധന ക്യാമ്പ്

ചെട്ടികാട് പി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു നേത്രക്യാമ്പ് നടത്തപ്പെട്ടു.ചെട്ടികാട് പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധ പുലർത്തി വരുന്നു. പകർച്ചപ്പനിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസുകൾ, നേത്ര പരിശോധന, പരിസരശുചീകരണം ഉറപ്പുവരുത്തൽ, രക്തഗ്രൂപ്പ് നിർണ്ണയം, ടെറ്റനസ് വാക്സിനേഷൻ എന്നിവ യഥാസമയം നൽകി വരുന്നു.

ലോകവയോജനദിനം

വാർധക്യം ഒരു ശാപമല്ല ഒരു അവസ്ഥയാണ് എന്ന തിരിച്ചറിവ് ഉൾക്കൊണ്ട നല്ലപാഠം പ്രവർത്തകർ ലോകവയോജനദിനത്തിൽ പാതിരാപ്പള്ളി കാരുണ്യദീപം സന്ദർശിച്ച് അവിടുത്തെ അന്തേവാസികൾക്ക് സമ്മാനങ്ങളും, മധുരങ്ങളും നൽകി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

സ്കൂൾ പാർലമെന്റ് രൂപീകരണം

ജൂലൈ 11 ന് സ്‌കൂൾ പാർലമെന്റ് രൂപീകരണം നടന്നു. പൂങ്കാവ് പള്ളി വികാരി ശ്രീ. ഫ്രാൻസിസ് കുരിശിങ്കൽ അതിഥിയായി എത്തിയ ചടങ്ങിൽ സ്‌കൂൾ ലീഡേഴ്‌സ്, house ലീഡേഴ്‌സ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്‌കൂൾ പാർലമെന്റ് അംഗങ്ങൾ ആയി.

മാലിന്യപ്രശ്നം ചർച്ച ചെയ്ത് കുട്ടികൂട്ടം

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൂട്ടം സംഘടിപ്പിക്കപെട്ടു. സ്കൂളിന്റെ സമീപ പ്രദേശമായ ഉദയാ സ്റ്റുഡിയോയ്ക്ക് സമീപത്തായി ശുചിമുറി മാലിന്യം തള്ളുന്നു എന്ന മാലിന്യപ്രശ്നമാണ് കുട്ടികൾ ചർച്ചയ്ക്ക് എടുത്തത്. ദിനംപ്രതി സ്കൂളിലേയ്ക്ക് വരുന്ന കുട്ടികൾ ഈ ദുർഗന്ധം സഹിച്ചുകൊണ്ടാണ് വരുന്നതെന്ന വസ്തുത നിലനിൽക്കെ 13.11.19 ബുധനാഴ്ച മലയാള മനോരമയുടെ എന്റെ വാർത്തയിലൂടെ ശ്രീ. എൻ.രാജൻ ഈ വാർത്ത ജനശ്രദ്ധയിൽ കൊണ്ട് വന്നു. എന്തുകൊണ്ടും അത് ഒരു ജനകീയ പ്രശ്നം തന്നെയാണെന്ന് മനസിലാക്കികൊണ്ടാണ് ഈ വിഷയം ചർച്ചയ്ക്കെടുത്തത്. ചർച്ചയ്ക്കൊടുവിൽ മണ്ണഞ്ചേരി പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന ഈ പ്രദേശത്തിന്റെ മാലിന്യപ്രശ്നം പരിഹരിച്ചു കിട്ടണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് പ്രസിഡന്ടിനു നിവേദനം തയാറാക്കി. ഒഴാഴ്ചയ്ക്കുള്ളിൽ നടപടി ഉണ്ടയില്ലായെങ്കിൽ ഉന്നത അധികാരികളുടെ ശ്രദ്ധയിൽ പ്രശ്നം അവതരിപ്പിക്കുവാനും ചർച്ചയിൽ തിരുമാനമായി. സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ വീഡിയോ രൂപത്തിലാക്കുന്ന മലയാള മനോരമ സംഘടിപ്പിച്ച ഈ മത്സരത്തിൽ നല്ലപാഠം സ്റ്റുഡന്റ് കോഓർഡിനേറ്റർ ആര്യാലാലിയുടെ നേതൃത്വത്തിലുള്ള ടീം ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒന്ന് നേടി വിജയിക്കുകയുണ്ടായി.

സേഫ്റ്റി ഓഡിറ്റ്

മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിലെ കുട്ടി പ്രവർത്തകരുടെ ഒരു സംഘം ആര്യാലാലിയുടെ നേതൃത്വത്തിൽ സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിനായി സ്കൂൾ പരിസരം, കെട്ടിടങ്ങൾ ഇവ ഉൾപ്പെടുത്തിയ ഒരു മാപ്പിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ എല്ലാ ഭാഗങ്ങളും നിരീക്ഷിക്കുകയുണ്ടായി. അതിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ട്. മൂന്നു പ്രധാന കെട്ടിടങ്ങളും, ഗ്രൗണ്ടും ഉള്ള ഈ സ്കൂളിൽ കാട് പിടിച്ചതോ, ഒഴിഞ്ഞു കിടക്കുന്നതോ ആയ സ്ഥലങ്ങൾ കുറവാണ്. ഉള്ള സ്ഥലം പച്ചക്കറി കൃഷി, ജൈവവൈവിദ്ധ്യ വൃക്ഷങ്ങൾ എന്നിവ വച്ച് പിടിപ്പിച്ചിരിക്കുന്നു.വളരെ ബലമുള്ള കെട്ടിടങ്ങളും അതിൽ ഉറപ്പുള്ള ഫർണീച്ചറുകളും സുരക്ഷിതമായ രീതിയിലുള്ള വൈദ്യുതോപകരണങ്ങളുമാണുള്ളത്. ടെറസ്, വാട്ടർ ടാങ്ക് എന്നിവ പൂട്ടി സൂക്ഷിച്ചിരിക്കുന്നു. ഫയർ സ്റ്റേഷൻ 7 km അകലെയും നോർത്ത് പോലിസ് സ്റ്റേഷൻ 5km പരിധിയിലും ഉണ്ട്. എന്തെങ്കിലും അപകടം കുട്ടികൾക്ക് സംഭവിച്ചാൽ 11/2 km ദൂരത്തു ചെട്ടികാട്‌ താലൂക്ക് ആശുപത്രിയും, പ്രൊവിഡൻസ് ഹോസ്പിറ്റലും സ്ഥിതി ചെയ്യുന്നു. തുടർ ചികിത്സ വേണ്ടി വന്നാൽ 8km അകലെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കും പോകാവുന്നതാണ്.

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്

ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ ഉതകുന്ന ഒരു ബോധവത്ക്കരണ ക്ലാസ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ശ്രീ. മനോജ് നടത്തി.

സ്പേസ്

ആലപ്പുഴ ലീഗൽഅതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന sincere parenting and child education.നമ്മുടെ സ്കൂളിൽ വച്ച് നടത്തിയ മീറ്റിംഗിൽ നല്ലപാഠം പ്രവർത്തകർ പങ്കെടുത്തു. ഓരോ കുട്ടിയുടെയും വളർച്ചയിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ “ അമ്മ അറിയാൻ” എന്ന കൂട്ടായ്മ സംഘടിപ്പിച്ച് നമ്മുടെ സ്കൂൾ ഇതിന് വേദിയായി. ആദരണീയനായ ഹൈക്കോടതി ജഡ്ജി ശ്രീ. ഹരിലാൽ മുഖ്യാതിഥിയായ ഈ യോഗത്തിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായത് ശ്രദ്ധേയമായി.

സ്‌കൂൾ കലോത്സവം

സ്‌കൂൾ കലോത്സവം രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ടു. വിവിധ house അടിസ്ഥാനത്തിൽ നടത്തപ്പെട്ട മത്സരങ്ങൾ സ്‌കൂളിൽ തന്നെ സജ്‌ജമാക്കിയ രണ്ടു വേദികളിലായാണ് നടത്തപ്പെട്ടത്.

പ്രളയ സഹായം

പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ സ്‌കൂൾ ധനസമാഹരണം നടത്തി. ശേഖരിച്ച 50000 രൂപ ഡിസ്ട്രിക്റ്റ് കലക്ടറിനെ ഏൽപ്പിച്ചു

നന്മയുടെ മാതൃകയായി സ്നേഹവീട്

പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതപാഠങ്ങൾ പകർന്നു നൽകുന്ന നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് സഹപാഠിയ്ക്ക് ഒരു സ്നേഹവീട്. കഴിഞ്ഞ വർഷം തുടങ്ങിയ ഭവനനിർമ്മാണം പൂർത്തീകരിക്കുവാനും അടുത്ത വീടിന്റെ പണി പുരോഗമിച്ചു വരുന്നു. ഭക്ഷ്യമേള നടത്തിയും പഴയ പത്രങ്ങൾ ശേഖരിച്ച് വിറ്റും, നറുക്കെടുപ്പ് നടത്തിയും , പൂർവ്വവിദ്യാർത്ഥികൾ, സ്വമനസുകൾ എന്നിവരുടെ സഹായത്താലുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്.

ബയോഗ്യാസ് പ്ലാന്റ്

ചാണകം, ഭക്ഷ്യഅവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച് ബയോഗ്യാസ് പ്ലാൻറ് പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും ഇതിൽ നിന്നും ലഭിക്കുന്ന സ്ലറി ഒരു ജൈവവളമായി ഉപയോഗിക്കുന്നു. പരിസര ശുചീകരണം, പരിസ്ഥിതിസൗഹാർദ്ദ ഇന്ധനം എന്നിവയെകുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നു. മിക്ക കുട്ടികളുടേയും വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചു വരുന്നു.ഔഷധസസ്യത്തോട്ടം, പച്ചക്കറികൃഷി, ശലഭോദ്യാനം, ബയോഗ്യാസ് പ്ലാൻറ് ഇവയുടെ സംരക്ഷണം കാർബൺ ന്യൂട്രൽ എന്ന ആശയത്തോടൊപ്പം കുടുംബത്തിലും സമൂഹത്തിലും ഇവ പരിപാലിക്കുന്നതിനുള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നു.

വിദ്യാലയം പ്രതിഭകളോടൊപ്പം

സ്കൂളിന് സമീപത്തുള്ള പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി അധ്യാപകരും സ്കൂളിലെ നല്ലപാഠം പ്രവർത്തകരും ചേർന്ൻ സ്കൂളിലെ രക്ഷിതാക്കളായ പ്രതിഭകളെതന്നെ കണ്ടെത്തി ആദരിച്ചത് ശ്രദ്ധേയമായി. കവയിത്രി ശ്രീമതി. അനിതാ സതീഷ്‌,ആർട്ടിസ്റ്റായ ശ്രീ. ജോണി, ശ്രീമതി. ഡൽഫി ജോണി, സംഗീതാധ്യാപിക ലുസിയാമ്മ ടീച്ചർ, കുട്ടികളുടെ ഡോക്യൂമെന്ററി ഫിലിമിന് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പൂങ്കാവിന്റെ സ്വന്തം ശ്രീ.പ്രിൻസ് അശോക്‌ എന്നിവരെ അവരുടെ ഭവനങ്ങളിൽ പോയി കുട്ടികൾ ആദരിക്കുകയും, അവർ തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെയ്ക്കുകയും ചെയ്തു.