എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പഴയ കാല കേരളീയ ജീവിതം പ്രകൃതിയുമായി എങ്ങനെ ചേർന്നു പോകുന്നു.

കാവുകളുടെ സംസ്കാരം

കാർഷിക സംസ്കൃതിയുടെയും ഉർവ്വരാരാധനയുടെയും ഭാഗമായാണ് കേരളത്തിലെ കാവുകൾ വലിയ നാശം കൂടാതെ നിലനിന്നത്‌. ദൈവങ്ങൾ കൂടിയിരിക്കുന്ന കാവുകൾക്ക് പുറമെ ദേശത്തെ ഓരോ വീട്ടുപറമ്പിലും നാഗാരാധനയുമായി ബന്ധപ്പെട്ടും കാവുകൾ നിലനിന്നിരുന്നു. കാവുകളിൽ ജൈവവൈവിധ്യം നിറഞ്ഞ സമൃദ്ധമായ ഗ്രാമീണ വനങ്ങൾ സംരക്ഷിക്കപ്പെടുന്നു.കാവിലെ മരം മുറിക്കുന്നതും ജീവികളെ ഉപlദ്രവിക്കുന്നതും ഈശ്വരകോപം വരുത്തി വയ്ക്കും എന്ന് വിശ്വസിക്കപ്പെടുന്നു.കാവുതീണ്ടിയാൽ കുളവും പുഴയും വറ്റുമെന്നത് കാർഷിക നാട്ടറിവിൻ്റെ അടിസ്ഥാന പ്രാമാണമായിരുന്നു. വിശ്വാസങ്ങളുടെ സൗന്ദര്യമായി നിലനിന്നിരുന്ന ഇത്തരം നാട്ടറിവുകളാണ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ പ്രകൃതിയുടെ ജൈവ സന്തുലനം നിലനിർത്തുകയും കാർഷിക വ്യവസ്ഥയെ പരിപാലിക്കുകയും ചെയ്തു പോന്നിരുന്നത്. മണ്ണിൻ്റെ ഉർവ്വരതയാണ് കർഷക ജീവിതത്തിൻ്റെ ആസ്ഥാന ബലം എന്ന് തിരിച്ചറിഞ്ഞ കർഷക സമൂഹം അതിൻ്റെ പരിസ്ഥിനിക്ക് ചേർന്ന ദൈവങ്ങളേയും നിലനിർത്തുകയായിരുന്നു.

നാഗകന്യകയ്ക്കുള്ള കളവും സർപ്പപ്പാട്ടും നടത്തുന്നത് ഉർവ്വരാരാധനയുടെ ഭാഗമാണ്. നല്ല വിള ലഭിയ്ക്കാനും ഈതി ബാധകളിൽ നിന്ന് വിളയ്ക്ക് രക്ഷ ലഭിക്കാനുംവേണ്ടി പുള്ളുവന്മാർ വിളവിറക്കുമ്പോൾ വരമ്പത്തിരുന്ന് പാടുന്നത് ഒരു കാർഷികാചാരമായിരുന്നു

" പൊലികാ പൊലികാ ദൈവമെ താൻ നെൽ പൊലിക "

എന്നു തുടങ്ങുന്ന പഴയ പുള്ളുവപ്പാട്ട് ഈ ആചാരത്തിൻ്റെ ഭാഗമാണ്. സർപ്പക്കാവുകൾനിബിഡമായ വള്ളിപ്പടർപ്പുകളെയും കൂറ്റൻ മരങ്ങളെയും ഉരഗങ്ങളെയും മണ്ണിൻ്റെ ബന്ധുക്കളായ മറ്റനേകം ചെറുജീവികളെയും കാത്തു പോറ്റി. മനുഷ്യനോടൊപ്പം അവൻ്റെ ആവാസസ്ഥലത്ത് ജീവിക്കേണ്ടവരാണ് ഇത്തരം സസ്യജാലങ്ങളും ജീവികളും എന്ന മഹത്തായ ജൈവാവബോധത്തിൻ്റെ സംസ്കാരം കാവുകൾ നമ്മെ പഠിപ്പിക്കുന്നു. പാമ്പുകൾക്ക് നൂറുംപാലും കൊടുത്ത്, സത്യമുളള ജീവികളായ് സങ്കല്പിച്ച് സ്വന്തം പാർപ്പിടത്തിനടുത്ത് ഇടം കൊടുത്തപ്പോൾ പ്രാചീന മനുഷ്യർ മണ്ണിൻ്റെ ബന്ധുക്കളാണ് പാമ്പുകൾ എന്നറിഞ്ഞിരുന്നു. കാവുകളിലെ മേൽ മണ്ണിനെ നിരന്തരം ഉഴുതുമറിച്ച് സുതാര്യവും ഫലഭൂയിഷ്ടവുമാക്കിക്കൊണ്ട് മണ്ണിൻ്റെ സ്വന്തം ഉഴവന്മാരായ മണ്ണിരകൾ കാവുകളിലെമ്പാടും കുടിപാർത്തു. കാവിലെ വൃക്ഷങ്ങളുടെ ഇലകൾ കൊഴിഞ്ഞു വീണ് ജൈവ പുതപ്പു പോലെ മണ്ണിന് സ്വാഭാവികമായ ആവരണമുണ്ടായി. ഭൂഗർഭ ജലസ്രോതസ്സുകളെയും ഉറവകളെയും പരിസ്ഥിതിയുടെ നൈസർഗികത പോകാത്ത വിധത്തിൽ ഇത്തരം കാവുകൾ കാത്തു സൂക്ഷിച്ചു.

കാവുകളുടെ ശാസ്ത്രീയത

ഭൂമിയിലെ സർവ്വ ചരാചരങ്ങളെയും ഒന്നിച്ചു നിലനിർത്തുക എന്ന ലക്ഷ്യമാണ് കാവുകളിൽ കൂടി നടന്നിരുന്നത് അതിനാൽ പാമ്പുകൾ, എലി, ആന, പക്ഷികൾ തുടങ്ങി എല്ലാ ജീവിളും ഈശ്വരന്മാരുടെ വാഹനങ്ങളായി ആചാരങ്ങളുടെ പേരിൽ ഇവർ ൺ ഒരു സംരക്ഷണവലയമേകുന്നു. ശാസ്ത്രത്തിൻ്റെ കടന്നുകയറ്റം ഇത്തരം ചിന്തകൾക്ക് ഭീഷണിയായി. ഈ ചിന്ത ലോപിക്കാൻ തുടങ്ങിയപ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടി.

പണ്ടത്തെ ചില ആചാരങ്ങളും വിശ്വാസങ്ങളും മൂലമുള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. പണ്ട് ജലത്തിൻ്റെ ഉപയോഗത്തിനായി കിണ്ടി, വെങ്കലപ്പന തുടങ്ങിയ പാത്രങ്ങൾ ഉപ്പയോഗിച്ചിരുന്നു.ഇതുമൂലം ജലം പാഴായിപ്പേകുന്നത്‌ തടയാൻ കഴിഞ്ഞിരുന്നു. മറ്റൊന്ന്, വീട്ടുമുറ്റത്ത് തുളസി, വേപ്പ് എന്നിവ നട്ട് പിടിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഇതിനു കാരണം ഈ വൃക്ഷങ്ങൾ കാർബൺഡൈ ഓക്സൈഡിനെ പെട്ടെന്ന് വലിച്ചെടുക്കുന്നു എന്നുള്ളതാണ്.അങ്ങനെ അന്തരീക്ഷ മലിനീകരണം കുറയുന്നു.

ആലിൽ നിന്നും ഓക്സിജൻ ധാരളമായി പുറന്തള്ളപ്പെടുന്നു.ഇതിനാലാണ് ആലിൻ തറയിൽ നിന്നാൽ ക്ഷീണം മാറുമെന്ന് പറയുന്നത്. എന്നാൽ പാലച്ചെടിയിൽ നിന്നും ധാരാളമായി കാർബൺഡൈ ഓക്സൈസ് പുറന്തള്ളപ്പെടുകയും നമുക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നതു കൊണ്ടാണ് അത് വച്ചുപിടിപ്പിക്കരുതെന്ന് പറയുന്നത്. പണ്ടു കാലങ്ങളിൽ വൃക്ഷ പൂജ നടത്തി അനുവാദം വാങ്ങിയതിനു ശേഷം മാത്രമേ മരങ്ങൾ മുറിക്കാറുണ്ടായിരുന്നുള്ളൂ.

സാമൂഹിക ജീവിതം താളം തെറ്റാതെ മുന്നോട്ടു പോകുവാൻ ഭൂതകാലത്തെ വർത്തമാന കാലവുമായി സമന്വയിപ്പിക്കുവാൻ നമുക്ക് കഴിയണം. പുതിയ കാലഘട്ടത്തിനനുസരിച്ച് വിശ്വാസ പ്രമാണങ്ങളിൽ മാറ്റം വരാം. എന്നാൽ പാരമ്പര്യവിജ്ഞാനങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നുള്ള സത്യം ഉൾക്കൊള്ളുകയും വേണം. അവഗണിക്കപ്പെടേണ്ട ഒന്നല്ല നമുടെ ഭൂതകാല ചരിത്രം എന്ന അത്ഭുതകരമായ തിരിച്ചറിവ് നമുക്ക് നേട്ടങ്ങളേ ഉണ്ടാക്കൂ!

ഗൗരി .എസ്
10 സി എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം