എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കവർന്നെടുത്ത എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവർന്നെടുത്ത എന്റെ അവധിക്കാലം

2019 ഡിസംബർ 31 ന് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കണ്ടെത്തിയ മഹാമാരി, ഞങ്ങൾ കുട്ടികൾക്ക് ഈ രോഗത്തിനെ പറ്റി കൂടുതലൊന്നും അറിയില്ലായിരുന്നു. ഏതോ രാജ്യത്തുള്ളൊരസുഖം എന്ന് മാത്രമാണ് മാധ്യമങ്ങളിലൂടെയുള്ള വാർത്ത കണ്ടപ്പോൾ തോന്നിയത്. പക്ഷെ ഏറെ വൈകാതെ നമ്മുടെ കൊച്ചു കേരളത്തിലും കോവിഡ് വരവറിയിച്ചു. തൃശ്ശൂർ ജില്ലയിൽ ജനുവരി അവസാനത്തോടെ കോവിഡ് കണ്ടുതുടങ്ങി. പിന്നെ അങ്ങോട്ട് ലോക രാജ്യങ്ങൾ ഈ പകർച്ചവ്യാധിയുടെ പിടിയിലമരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ലോകമെമ്പാടുമുള്ള ജനങ്ങൾ മരിച്ചുവീഴുന്ന ദയനീയ വാർത്തകൾ കേൾക്കും തോറും എൻ്റെ മനസ്സിൽ ഭയവും സങ്കടവും കൂടി വന്നു. മാർച്ച് ആദ്യവാരത്തോടു കൂടി സ്കൂൾ പൂട്ടിയപ്പോൾ ആദ്യം സന്തോഷമാണ് തോന്നിയത്. പക്ഷെ അതിന് രണ്ട് മൂന്ന് ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. വീട്ടിലിരുന്ന് മുഷിപ്പ് തോന്നി തുടങ്ങി. കൂട്ടുകാരെ പിരിഞ്ഞിരിക്കുന്നതിൽ വിഷമം തോന്നി. എങ്ങനെയെങ്കിലും സ്കൂൾ തുറന്നാൽ മതിയെന്നായി. പക്ഷെ എന്ത് ചെയ്യാൻ പറ്റും. നമ്മുടെ ജില്ലയായ കണ്ണൂരിൽ പോലും രോഗികൾ കൂടി കൂടി വരുന്ന അവസ്ഥയാണുണ്ടായത്. കൊറോണയെ തുരത്താൻ ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വീട്ടിലിരിക്കുകയും ഇടക്കിടെ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ശാരീരിക അകലം പാലിക്കുകയും ചെയ്തു. പുറത്തിറങ്ങാൻ കഴിയാതെ വന്നതിനാൽ വീട്ടിലിരിക്കുന്ന പുസ്തകങ്ങൾ പൊടി തട്ടിയെടുത്ത് വായിക്കുകയും, ടി.വി കാണുകയും ചെയ്ത് ദിവസങ്ങൾ തള്ളി നീക്കുന്നു. അമ്മു ചേച്ചിയുടെ കൂടെ ഞാനും മുത്തച്ഛനും അമ്മമ്മയും അച്ചുവും അമ്മയുമെല്ലാം കരാട്ടെ പരിശീലനവും തട്ടത്തുന്നുണ്ട്. കൂടാതെ പേപ്പർ ക്രാഫ്റ്റും ബോട്ടിൽ പെയിന്റിഗും ചെയ്യുന്നുണ്ട്. ജീവിതത്തിൽ ആദ്യമായാണ് ലോക് ഡൗൺ എന്താണെന്നറിയുന്നത്. അച്ഛന് ജോലി ഇല്ലാത്തതിനാൽ മുഴുവൻ സമയവും വീട്ടിലുണ്ട്. അതുകൊണ്ട് അച്ഛന്റെ കൂടെ ചിലവഴിക്കാൻ കൂടുതൽ സമയവും കിട്ടി. അങ്ങനെ ചില നല്ല മുഹൂർത്തങ്ങളും കോവിഡ് കാലത്തുണ്ടായിട്ടുണ്ട്. കോവിഡ് എന്ന മഹാവിപത്ത് എന്റെ വിഷുക്കാലവും തകർത്തു എന്നതാണെന്റെ ഏറ്റവും വലിയ സങ്കടം. വിഷുവിനെ വരവേൽക്കാനായി കണിക്കൊന്ന പൂത്തുലഞ്ഞപ്പോൾ ഞാനതിനെ നോക്കി എന്റെ സങ്കടം പറഞ്ഞു. ഈ അവധിക്കാലത്ത് അമ്മൂമ്മയുടെ വീട്ടിൽ പോവാൻ കഴിയാത്തതും, വിഷുക്കോടി, വിഷു കൈനീട്ടം എന്നിവ നഷ്ടമായതും ഒരു തീരാനഷ്ടമായി തോന്നുന്നു. ആഘോഷങ്ങളൊക്കെ എനിയും വരുമല്ലോ എന്നോർത്ത് ഞാൻ ആശ്വസിച്ചു. എന്നാലും ലോക ജനത കോവിഡ് 19 എന്ന മഹാരോഗത്തിന്റെ പിടിയിലകപ്പെട്ട ഈ അവസരത്തിൽ ഇതിനെ നേരിട്ടാൽ പ്രയത്നിക്കുന്ന നമ്മുടെ ഡോക്ടർമാരെയും മാലാഖമാരായ നേഴ്സ് മാരെയും ആരോഗ്യ പ്രവർത്തകരെയും സാമൂഹ്യ പ്രവർത്തകരെയും ഞാനീ അവസരത്തിൽ പ്രശംസിക്കുന്നു. കോവിഡ് 19 ഈ ലോകത്ത് നിന്ന് തുടച്ച് നീക്കാൻ കഴിയട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

ദേവപ്രിയ. എം
6 A എരുവട്ടി യു പി സ്കൂൾ, കണ്ണൂർ,
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം