എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പരിപാവനമായ പൗവ്വത്ത് മലയുടെ അടിവാരത്തിലാണ് എസ്സ് .ആർ .വി .യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ദുര്യോധനൻ പൊന്നു പകുത്ത മലയാണ് പിന്നീടു പവ്വത്തുമലയായി തീർന്നതെന്നു ഐതീഹ്യമുണ്ട്.1200 വർഷം പഴക്കമുള്ള പന്തളം പെരുമ്പുളിക്കൽ വരിക്കോലിൽ കുടുബത്തിന്റെ വക കുടുബ ട്രസ്റ്റാണ് 1951 ൽ ഈ സ്കൂൾ പണി കഴിപ്പിച്ചത്. പരിയാരത്ത് ശ്രീ.ഗോവിന്ദക്കുറുപ്പാണ് ഇതിന് നേതൃത്വം നൽകിയത്.

സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വാരിക്കോലിൽ കുടുംബാംഗം

ചെന്നീർക്കര രാജകുടുംബത്തെ പാണ്ടിപ്പടയിൽ നിന്നും രക്ഷിച്ചത് അവിടുത്തെ സൈന്യാധിപനായിരുന്ന വരിക്കോലിൽ കുടുംബത്തിലെ വലിയ കാരണവരായിരുന്നു.അദ്ദേഹത്തിന്റെ സഹോദരിയെ ജ്യോതിഭദ്ര രാജാവ് (ആശ്ചര്യചൂഢാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ അനന്തര തലമുറ )വിവാഹം കഴിച്ചു.തന്റെ സന്തതിപരമ്പരക്കായി അദ്ദേഹം കരമൊഴിവായി നൽകിയതാണത്രേ പവ്വത്ത്മല ഉൾപ്പെടുന്ന പെരുമ്പുളിക്കൽ പ്രദേശം. പെരുമ്പുളിക്കൽ എന്ന പേരിനു പിന്നിലും ചില കഥകളുണ്ട്.“പെരുന്തളിക്കോയിക്കൽ കാലത്തിന്റെ നീരൊഴുക്കിൽ പെരുമ്പുളിക്കൽ ആയി.ചരിത്ര സംബന്ധിയായ മർമ്മപ്രധാന പ്രസക്തിയുള്ള സംജ്ഞകളാണ് ‘ പെരുന്തളിയും’ ‘കോയിക്കലും’.പെരു’ എന്നാൽ വലിയ എന്നൊക്കെ അർത്ഥകല്പന. പെരുന്തളി എന്നാൽ സ്ഥലത്തെ പ്രധാനപ്പെട്ട ക്ഷേത്രം എന്നു ചുരുക്കം.കോയിക്കൽ (കോയിൽ) കോവിൽ തുടങ്ങിയ പദങ്ങൾക്കു രാജാക്കന്മാരുടെ ആസ്ഥാനം എന്നൊക്കെയാണ് ഗുണ്ടർട്ട് അർത്ഥം നൽകുന്നത്. (ഗുണ്ടർട്ട് നിഘണ്ടു പേജ് 335.) രാജകൊട്ടാരത്തിനാണ് കോയിക്കൽ എന്ന പദം സാധാരണയായി ഉപയോഗിച്ചിരുന്നത്. നാടുവാഴി, സ്ഥലത്തെ പ്രധാന ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിർണ്ണയിക്കുവാൻ വേണ്ടി കോയിക്കൽ വന്നു താമസിക്കാറുണ്ടായിരുന്നു. അങ്ങിനെ നാടുവാഴി വന്നു താമസിച്ചിരുന്ന കോയിക്കൽ എന്ന അർത്ഥത്തിൽ “പെരുന്തളികോയിക്കൽ” കാലാന്തരത്തിൽ പെരുമ്പുളിക്കൽ ആയിത്തീർന്നു.

പെരുമ്പുളിക്കൽ നാട്ടിൽ എസ് .ആർ .വി .യു .പി സ്കൂൾ അറിയപ്പെടുന്നത് കയറ്റുവിള സ്കൂൾ എന്നാണ് .പറന്തൽ സംസ്കൃത സ്കൂൾ കെട്ടിടത്തിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ അഞ്ചാംക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാംവർഷം 5, 6 ,7 ക്ലാസുകളോടുകൂടി സ്കൂൾ പെരുമ്പുളിക്കലിലേക്ക് മാറ്റി സ്ഥാപിച്ചു. ക്രമേണ നാനൂറോളം വിദ്യാർഥികളും 15 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം തുടർന്നു .പന്തളം, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ ഭൂരിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസത്തിന് ഏക ആശ്രയമായിരുന്നു ഈ സ്കൂൾ നാട്ടിലെ കലാ സാംസ്കാരിക രംഗങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഒരു ചരിത്രം കൂടി സ്കൂളിനുണ്ട് . ഈ സ്കൂളിൽ വളരെക്കാലം പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. മധുസൂദനൻ പിള്ള ഒരു നാടകരചയിതാവ് കൂടിയായിരുന്നു അദ്ദേഹത്തിൻറെ ഉൾപ്പെടെ പല നാടകങ്ങളും ഇവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അഭിനയിച്ച് നാട്ടിലെ വിവിധ വേദികളിൽ അവതരിപ്പിച്ച് പ്രശംസ ആർജ്ജിച്ചിട്ടുണ്ട്. "ത്രിവേണി ആർട്സ് ക്ലബ്" എന്ന പേരിൽ ഒരു ഗ്രൂപ്പ് തന്നെ ഉണ്ടായിരുന്നു. സമൂഹത്തിലെ നിരവധി പ്രഗത്ഭരെ സൃഷ്ടിക്കുന്ന പാരമ്പര്യം ഇപ്പോഴും ഈ വിദ്യാലയം തുടർന്നുവരുന്നു .തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് പ്രകൃതിയെ അറിഞ്ഞു പഠിക്കാൻ ഏറെ അനുയോജ്യമാണ്.