എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എൻ്റെ ഗ്രാമത്തിലൂടെ......

ഗ്രാമഭംഗി
  • കടയ്ക്കാവൂർ ചരിത്രം

ചിരപുരാതനമായ ഒരു ചരിത്ര സാംസ്‌കാരിക പശ്ചാത്തലം കടക്കാവൂരിൻ്റെതായുണ്ട്. നാട്ടുരാജ്യമായ വേണാടിൻ്റെ ഭാഗമായിരുന്ന ഇവിടെ അധിവസിച്ചരുന്ന വിവിധ വിഭാഗങ്ങളോടൊപ്പം വന്ന് ചേർന്ന തമിഴ് ബ്രാഹ്മണ സംസ്ക്കാരവും തെങ്ങു കൃഷിക്കായി സിലോണിൽ നിന്ന് വന്നു ചേർന്നവരുടെ സിംഹള സംസ്ക്കാരവും ചേർന്ന ഒരു സമ്മിശ്ര സംസ്കാരമാണ് ഇവിടെ നിലനിൽക്കുന്നത് . അതോടൊപ്പം ക്രൈസ്തവ സംസ്ക്കാരവും ഇസ്ലാമിക സംസ്കാരവും കടക്കാവൂരിൻ്റെ സാംസ്‌കാരിക പാരമ്പര്യത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട് .

സ്ഥല നാമം

കടയ്ക്കാവൂർ എന്ന പേര് ലഭിച്ചതിനു പിന്നിൽ വ്യത്യസ്തങ്ങളായ പല കഥകളും പറഞ്ഞു പോരുന്നു. കടലും കായലും ചേർന്നുകിടക്കുന്ന പ്രദേശമെന്ന നിലയിൽ കടൽ- കായൽ ഊര് എന്നത് കടയ്ക്കാവൂർ ആയി രൂപാന്തരപ്പെട്ടു എന്നാണ് ഒരു കഥ. കടയ്ക്കാവൂരിൻ്റെ ഉയർന്ന പ്രദേശങ്ങളിൽ അടയ്ക്കാകൃഷി ചെയ്തിരുന്നതിനാൽ 'അടയ്ക്കാവൂർ' എന്ന പേർ ലഭിച്ചു എന്നും പിന്നീട് കടയ്ക്കാവൂർ ആയി പരിണമിച്ചു എന്ന് മറ്റൊരു കഥ. ഒരു വശത്തു വാമനപുരം നദിയും മറുഭാഗത്ത് അഞ്ചുതെങ്ങു കായലും മറ്റൊരു ഭാഗമായ പാലാംകോണം പ്രദേശത്തു നിബിഡമായ വനവും ഉണ്ടായിരുന്നതിനാൽ 'കടക്കാൻ കഴിയാത്ത ഊര് 'എന്ന പ്രയോഗത്തിൽ നിന്നും കടയ്ക്കാവൂർ എന്ന പേര് ലഭിച്ചു എന്നും പറയപ്പെടുന്നു .

ദേശീയ പ്രസ്ഥാനത്തിലെ പങ്ക്

ബ്രിട്ടീഷ് വിരുദ്ധ വിപ്ലവങ്ങളിൽ ഭാഗഭാക്കാവുന്നതോടെയാണ് കടയ്ക്കാവൂർ ചരിത്ര രേഖകളിൽ സ്ഥാനം പിടിക്കുന്നത്. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെട്ട കടയ്ക്കാവൂർ പ്രദേശത്തിലെ ദേശാഭിമാനികൾ ബ്രിട്ടീഷുകാർക്ക് എതിരായിരുന്നു. ഉദാഹരണമാണ് 1721 ലെ ആറ്റിങ്ങൽ ലഹള . 1684 ൽ ആദ്യമായി അഞ്ചുതെങ്ങു കടൽക്കരയിലെത്തിയ ബ്രിട്ടീഷുകാർക്ക് അവിടെ ഒരു വാണിജ്യകേന്ദ്രം സ്ഥാപിക്കുവാൻ ആറ്റിങ്ങൽ റാണി അനുവാദം നൽകി . 1690 ൽ ഒരു കോട്ട നിർമിക്കുന്നതിനും റാണി ബ്രിട്ടീഷുകാരെ അനുവദിച്ചു. ആറ്റിങ്ങൽ രാജകുടുംബവും തിരുവിതാംകൂർ രാജാവും ഈ വിദേശീയർക്ക് നിലവിട്ടുള്ള സഹായങ്ങൾ നൽകിയത് തദ്ദേശീയരിൽ അമർഷം ഉളവാക്കി . നാടുഭരിക്കുന്നവരുടെ പൂർണമായ പിന്തുണയോടെ എന്തഴിമതിയും അക്രമവും കാണിക്കാമെന്ന മട്ടിൽ ഇംഗ്ളീഷുകാർ അഞ്ചുതെങ്ങിൽ ശരിക്കും ഭരണം തുടങ്ങിയതോടെ ജനരോഷം വർദ്ധിച്ചു. എന്നാൽ വിലയേറിയ സമ്മാനങ്ങൾ കാഴ്ചവച്ച് റാണിയെ പ്രീതിപ്പെടുത്താൻ ഇംഗ്ലീഷുകാർ ശ്രെമിച്ചു. 1721 ഏപ്രിൽ 15 നു റാണിക്കുള്ള സമ്മാനങ്ങൾ നേരിട്ട് സമർപ്പിക്കുന്നതിന് അംഗരക്ഷകരോടും പരിവാരങ്ങളോടും കൂടി ബ്രിട്ടീഷ് തലവൻ ആറ്റിങ്ങലിലേക്കു തിരിച്ചു. വെള്ളക്കാരുടെ ഹുങ്കിലും ശക്തിപ്രകടനത്തിലും അമർഷം പൂണ്ട ജനങ്ങൾ വെള്ളപ്പടയെ ആക്രമിച്ചു. ബ്രിട്ടീഷ് തലവൻ ഉൾപ്പെടെ 141 പേരെയും വധിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ ആസൂത്രിത മുന്നേറ്റമായിരുന്നു ആറ്റിങ്ങൽ കലാപം. ഈ സംഭവവുമായി ബന്ധപ്പെട്ടു കടക്കാവൂരിലെ ഒട്ടനവധി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകാരികളെ പീഡനങ്ങൾക്കു വിധേയമാക്കുകയും പലരും ദാരുണമായി വധിക്കപ്പെടുകയും ചെയ്‌തു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമര ചരിത്രത്തിലും കടക്കാവൂരിൻ്റെ സജീവ പങ്കാളിത്തം ഉണ്ട്. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും കുറവായിരുന്നില്ല. ശ്രീമാൻ.എൻ.കുഞ്ഞുരാമൻ്റെ നേതൃത്വത്തിൽ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനം ശക്തി പ്രാപിച്ചു. പിൽകാലങ്ങളിൽ ശ്രീ.ആർ.പ്രകാശത്തിൻ്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനവും ശക്തിയാർജിച്ചു.

നവോത്ഥാന നായകർ

ശ്രീനാരായണ ഗുരുവിൻ്റെയും കുമാരനാശാൻ്റെയും വക്കം അബ്‌ദുൾ ഖാദർ മൗലവിയുടെയും സാമൂഹിക സാംസ്കാരിക സ്വാതന്ത്ര്യം, സമര പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ പ്രദേശത്തെ വിപ്ലവകരമായ മുന്നേറ്റത്തിന് ജനങ്ങളെ സജ്ജരാക്കി. ക്ഷേത്രപ്രവേശന വിളംബരം നടക്കുന്നതിന് പതിമൂന്നോളം വർഷങ്ങൾക്ക് മുൻപ് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അവർണ വിഭാഗത്തിലെ ഒരു സംഘം ചെറുപ്പക്കാർ, കാവിൽ പത്മനാഭൻ, എ.കെ.വേലു എന്നിവരുടെ നേതൃത്വത്തിൽ സംഘടിക്കുകയും തേവരുനട സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച് കൊടിമരത്തിൽ തൊട്ടുകൊണ്ട് ഒരു വിപ്ലവത്തിന് നാന്ദി കുറിക്കുകയും ചെയ്തു. വിപ്ലവം നയിച്ചവർക്കെതിരെ കേസെടുക്കുകയും മർദ്ദനത്തിന് വിധേയരാക്കുകയും ചെയ്തു. പിന്നോക്ക സമുദായങ്ങൾക്ക് ഹൈന്ദവ സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അഞ്ചുതെങ്ങിൽ നിലവിലിരുന്ന ഇംഗ്ലീഷ് സ്കൂളുകളിലൂടെ ധാരാളംപേർ വിദ്യാഭ്യാസം നേടുകയും സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർന്നു വരികയും ചെയ്തു. ഡി.ഐ.ജി, എ.എസ്.പി, രജിസ്ട്രാർ, പേഷ്കാർ, ലേബർ കമ്മീഷണർ, അഡ്വക്കേറ്റ്, തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും പ്രഗത്ഭരായവർ അക്കാലത്തു  പഞ്ചായത്തിൽ  ഉണ്ടായിരുന്നു.

സാമൂഹിക സാംസ്കാരിക ആരോഗ്യ വ്യവസായ രംഗങ്ങളിലെ മുന്നേറ്റം

സാമൂഹിക സാംസ്കാരിക ചികിത്സ വ്യവസായ രംഗങ്ങളിലും കടയ്ക്കാവൂരിന്  തനതായ ഒരു പാരമ്പര്യമുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ അംഗീകൃത തൊഴിലാളി പ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നതിനു മുമ്പുതന്നെ പല തൊഴിലാളി സംഘടനകളും രൂപീകൃതമാവുകയും നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതിൽ പ്രധാനപ്പെട്ടവ സ്വതന്ത്ര നാവിക തൊഴിലാളി യൂണിയൻ, നെയ്തു തൊഴിലാളി യൂണിയൻ, കേരള കയർ വർക്കേഴ്സ് യൂണിയൻ, ചിറയിൻകീഴ് താലൂക്ക് സിനിമ തൊഴിലാളി യൂണിയൻ തുടങ്ങിയവയായിരുന്നു. സഖാവ് സുകുമാരൻ, മുൻ മന്ത്രി ശ്രീ.കുഞ്ഞിരാമൻ, മുൻ എം.എൽ.എ ശ്രീ.നീലകണ്ഠൻ തുടങ്ങിയവർ ഈ  പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവരാണ്. കേരളത്തിൽ പ്രൊഫഷണൽ നാടക സംഘത്തിന് തുടക്കം കുറിക്കുന്നതും കടക്കാവൂരിൽ നിന്നാണ്. ശ്രീ.കുഞ്ഞുകൃഷ്ണ പണിക്കരുടെ നേതൃത്വത്തിൽ നടന്നിരുന്ന സഹൃദയ നന്ദിനി  നടന സഭയിൽ സെബാസ്റ്റ്യൻ, കുഞ്ഞുകുഞ്ഞു ഭാഗവതർ, അഗസ്റ്റിൻ ജോസഫ്, ഓച്ചിറ വേലുക്കുട്ടി, മാധവൻ ആശാൻ, കൊച്ചുകൃഷ്ണൻ ആശാൻ തുടങ്ങി അന്നത്തെ പ്രശസ്തരായ പല കലാകാരന്മാരും വരികയും നാടക പരിശീലനം നടത്തുകയും ചെയ്തിരുന്നു. ചികിത്സ രംഗങ്ങളിൽ കാവുങ്ങൽ കൊച്ചുരാമൻ വൈദ്യൻ, താഴത്തയിൽ  തയ്യിൽ കൃഷ്ണൻ വൈദ്യൻ, കീഴാറ്റിങ്ങൽ നീലകണ്ഠൻ വൈദ്യൻ തുടങ്ങിയ പ്രശസ്തരും പ്രഗത്ഭരുമായ ഭിഷഗ്വരന്മാർ നമ്മുടെ നാടിന്റെ സംഭാവനകളാണ്. കയർ, കൊപ്ര തുടങ്ങിയ വ്യവസായങ്ങളിൽ ഈ പ്രദേശം അക്കാലത്ത് മുൻപന്തിയിലായിരുന്നു. കടയ്ക്കാവൂർ ഉൽപ്പന്നമായ അഞ്ചുതെങ്ങ് കയർ ഇന്നും പ്രശസ്തമാണ്, മരുതുവിൽ കൊച്ചുപിള്ള മുതലാളി നടത്തിയിരുന്ന ചുടുകട്ട ഫാക്റ്ററി അക്കാലത്ത് പ്രശസ്തമായിരുന്നു, അഞ്ചുതെങ്ങ് കോട്ട, വർക്കല തുരപ്പ് തുടങ്ങിയവയുടെ നിർമാണത്തിന് ഇവിടെനിന്നുള്ള ചുടുകട്ട ആയിരുന്നു ഉപയോഗിച്ചത്.  സുപ്രസിദ്ധമായ ഫയൽമാൻമാരെയും കായികാഭ്യാസികളേയും കൊണ്ടുവന്ന്  മത്സരങ്ങൾ നടത്തുക അക്കാലത്ത് പതിവായിരുന്നു. തിട്ടയിൽ  ദാമോദരൻ ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തതിൽ പ്രമുഖൻ.

ഇന്നും പ്രഗത്ഭരും പ്രശസ്തരുമായ നിരവധിപേർ ഈ നാട്ടിലുണ്ട്. അന്താരാഷ്ട്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഡോക്ടർമാരും എൻജിനീയർമാരും കലാകാരന്മാരും കായികാഭ്യാസികളും കടയ്ക്കാവൂരിൽ ഉണ്ട്.

ചരിത്ര സ്മാരകങ്ങൾ

അഞ്ചുതെങ്ങു കോട്ട

അഞ്ചുതെങ്ങു കോട്ട

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്‌ താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനി 1695-ൽ കെട്ടിയ ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക്‌ വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്. ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് 1690-ൽ അഞ്ചുതെങ്ങിൽ ഒരു കോട്ട പണിയാനുള്ള അനുവാദം നൽകി. കോട്ട പണികഴിപ്പിച്ച് പൂർത്തിയായത് 1695-ലാണ്.

ലൈറ്റ് ഹൗസ്സ്

ലൈറ്റ് ഹൗസ്സ്

കോട്ടക്ക് സമീപത്തായിട്ടാണ് ലൈറ്റ് ഹൗസ്സ്. ശത്രു അക്രമണം വീക്ഷിക്കുന്നതിനും കടൽ യാത്രക്കാർക്കും ഇത് സഹായകമായി. കോട്ടയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു.

കുമാരനാശാൻ സ്മാരകം

കുമാരനാശാൻ സ്മാരകം

മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). 1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ കുമാരു (കുമാരനാശാൻ) ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവ സമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാനതൊഴിൽ കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ, ഈശ്വര ഭക്തയായൊരു കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്കു നല്ല അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിറുത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛനാലപിക്കുന്ന കീർത്തനങ്ങൾ കേട്ട്, കുമാരു ലയിച്ചിരിക്കുമായിരുന്നു. വലുതാകുമ്പോൾ, അച്ഛനെപ്പോലെ താനും കവിതകളെഴുതുമെന്ന്, കൊച്ചുകുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലുമുള്ള താല്പര്യം അച്ഛനിൽനിന്നു ലഭിച്ചതാണ്. ബാല്യകാലത്ത്‌ പലവിധ അസുഖങ്ങൾവന്ന് കുമാരു കിടപ്പിലാകുക പതിവായിരുന്നു. അങ്ങനെയിരിക്കേ കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ചു കിടപ്പിലായിരുന്ന അവസരത്തിൽ കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം ശ്രീനാരായണഗുരു അവരുടെ വീട്ടിൽ വരുകയും കുമാരുവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടു പോകുകയുംചെയ്തു. ഗോവിന്ദനാശാന്റെകീഴിൽ യോഗയും താന്ത്രികവുമഭ്യസിച്ച്, വക്കത്തുള്ള ഒരു മുരുകൻക്ഷേത്രത്തിൽക്കഴിയുമ്പോൾ, കുമാരുവിൽ കവിതയെഴുത്ത് ഒരു കമ്പമായി രൂപപ്പെട്ടിരുന്നു. ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.

കടക്കാവൂർ - ആരാധനാലയങ്ങൾ

  • തേവർ നട
  • അർദ്ധനാരീശ്വരക്ഷേത്രം
  • ഊരാൻകുടി
  • ഗുരു നാഗപ്പൻ കാവ്
  • ജുമാ -മസ്ജിദ്
  • ആയാന്റെവിള ക്ഷേത്രം
  • വൃന്ദാവൻ ക്ഷേത്രം
സമീപ പ്രദേശത്തെ ആരാധനാലയങ്ങൾ
  • ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രം
  • ശാർക്കര ക്ഷേത്രം
  • ശിവഗിരി