എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കഥകൾ,കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കഥകൾ,കവിതകൾ

   പ്രതീക്ഷ

  ഉച്ചക്ക് രണ്ടു മണി സമയം.ചിന്നുക്കുട്ടി രുചികരമായ ഉച്ചഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം വീടിന്റെ കിഴക്കേമുറ്റത്ത് ഇരിക്കുകയായിരുന്നു. ഇളംതെന്നൽ വീശിയപ്പോൾ ചെടികളെല്ലാം അവളെനോക്കി കൈയാട്ടുന്നതുപോലെ തോന്നി.ഇളംതെന്നൽ അവളെ സ്പർശിച്ചപ്പോൾ അവളുടെ മിഴികൾ അതാ പാതിമയക്കത്തിലേക്ക് വഴുതി പോകുന്നു.കിളികളുടെ മധുരസ്വരവും, പൂച്ചകുഞ്ഞുങ്ങളുടെ 'മ്യാവൂ,മ്യാവൂ' എന്ന ശബ്ദവും അവളെ പാതിമയക്കത്തിൽ നിന്നും ഉണർത്തി.അപ്പോൾ ദൂരെ നിന്നും ആംബുലൻസിന്റെ ഭയപ്പെടുത്തുന്ന ശബ്ദം അവളുടെ ചെവികളിൽ ഒരു മണിമുഴക്കം പോലെ പതിക്കുന്നു.അനുനിമിഷം ആ മണിമുഴക്കം അടുത്തേക്ക് - അടുത്തേക്ക് വരുന്നതായി തോന്നി.ഒടുവിൽ അവളുടെ വീടിനു സമീപത്തുകൂടെ..... ശേഷം തൊട്ടടുത്ത വീട്ടിൽ.... അതാ ആ വീട്ടിൽ ആംബുലൻസ് നിർത്തിയിരിക്കുന്നു. അവൾ ആശങ്കാകുലയായി.'എന്താണ് സംഭവിച്ചത്? ' അവൾ അവളോട് തന്നെ ചോദിച്ചു.അപ്പോൾ അയൽവാസിയായ അമ്മിണിചേച്ചി അവിടെ കൂടെ നടന്നുപോകുന്നത് അവൾ കണ്ടു.'അമ്മിണി ചേച്ചി അവിടെ എന്താ ആംബുലൻസ് വന്നിരിക്കുന്നേ, എന്തെങ്കിലും സംഭവിച്ചോ?'അവളുടെ ശബ്ദം സങ്കടവും ഭയവും നിറഞ്ഞതായിരുന്നു.

അമ്മിണിചേച്ചി പറഞ്ഞു-ചിന്നുക്കുട്ടി,അവിടത്തെ കേശവൻ അപ്പൂപ്പന് തീരെ വയ്യ, നല്ല പനിയും ചുമയും ഒക്കെ. അങ്ങനെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയാ. അപ്പൂപ്പന്റെ ബോധം തന്നെ പോയി.'

ചിന്നുക്കുട്ടി - 'അയ്യോ ബോധം പോയോ'.

അമ്മിണി ചേച്ചി - 'അതേ ചിന്നുക്കുട്ടി'.

ചിന്നുക്കുട്ടി - 'ശരി അമ്മിണി ചേച്ചി'.

        ചിന്നുക്കുട്ടിയുടെ മനസ്സ് വിങ്ങിപൊട്ടി. തന്നെ ലാളിച്ചു വളർത്തിയ കേശവൻ അപ്പൂപ്പൻ. എത്ര മിഠായി ചോദിച്ചാലും വാങ്ങിച്ചു തരുന്ന അപ്പൂപ്പൻ.തന്നെ സ്വന്തം കൊച്ചുമകളെ പോലെ കണ്ടിരുന്ന അപ്പൂപ്പൻ, ആ അപ്പൂപ്പന് എന്ത് സംഭവിച്ചു? അവൾക്ക് അവളുടെ സങ്കടം സഹിക്കാൻ കഴിയുന്നില്ല.അവൾ അവളുടെ പഴയകാലചിന്തകളിലേക്ക് മുഴുകിപോകുന്നു.എട്ട് വർഷങ്ങൾക്ക് മുൻപ് തന്റെ ആറാമത്തെ വയസ്സിൽ അവളുടെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് ഒരു അപ്പൂപ്പനും അമ്മൂമ്മയും വരുന്നു.അപ്പൂപ്പന്റെ പേര് കേശവൻ. അമ്മൂമ്മയുടെ പേര് ഗൗരിയമ്മ. അവർക്ക് രണ്ട് മക്കളുണ്ട്, രണ്ടുപേരും ലണ്ടനിൽ സ്ഥിരതാമസമാണ്.തൊട്ടടുത്ത താമസക്കാരായതുകൊണ്ടുതന്നെ അവളുടെ വീട്ടുകാരുമായി വളരെ പെട്ടെന്ന് തന്നെ അപ്പൂപ്പനും അമ്മൂമ്മയും കൂട്ടുകൂടി.അവളുടെ വീട്ടിൽ അവളല്ലാതെ അച്ഛനും അമ്മയും ചേട്ടനുമുണ്ടായിരുന്നു.അച്ഛന്റെ പേര് വിശ്വൻ, അമ്മയുടെ പേര് കമല, ചേട്ടന്റെ പേര് അരുൺ. അവൾ കുഞ്ഞുകുട്ടി ആയതുകൊണ്ടുതന്നെ അപ്പൂപ്പന് അവളെ വളരെയധികം ഇഷ്ടമായിരുന്നു.ഒരു ദിവസം അപ്പൂപ്പന്റെ അടുത്ത് പാർക്കിൽ പോകണമെന്ന് ചിന്നുക്കുട്ടി വാശിപിടിച്ചു.അങ്ങനെ അപ്പൂപ്പൻ അവളോടൊപ്പം പാർക്കിൽ പോയി.അതിമനോഹരമായ സ്ലൈഡുകൾ, പറപറക്കുന്ന ഊഞ്ഞാലുകൾ എന്നിങ്ങനെ കുട്ടികളെ രസിപ്പിക്കുന്ന അനവധി വസ്തുക്കൾ പാർക്കിൽ ഉണ്ടായിരുന്നു.അവൾ അപ്പൂപ്പനെയും കളിക്കാനായി കൂട്ടി.അങ്ങനെ അവർ ഊഞ്ഞാലിലാടി കളിച്ചു രസിച്ചു.മറ്റൊരു ദിവസം സൂര്യാസ്തമയ സമയത്ത് ഇവർ രണ്ടുപേരും കടലിൽ പോയി.തിരമാലകളുടെ ഉയർച്ചതാഴ്ചകളും അതുപോലെ ഒരു പകൽമുഴുവൻ ഈ പ്രപഞ്ചഗോളത്തിന് ചൂടും വെളിച്ചെവുമേകി നമ്മെ സംരക്ഷിക്കുന്ന സൂര്യൻ പടിഞ്ഞാറൻ ഭാഗത്ത് അസ്‌തമിക്കാൻ പോകുന്ന കാഴ്ചയും കണ്ടു.സൂര്യാസ്തമയം കണ്ടപ്പോൾ അപ്പൂപ്പന് ഓർമ്മവന്നത് "ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ള"യുടെ "സൗന്ദര്യലഹരി"എന്ന കവിതയിൽ സൂര്യാസ്തമയത്തെ വർണിക്കുന്നതാണ്.

"പച്ചിലച്ചാർത്തിൻ പഴുത്തിങ്കലൂടതാ കാണ്മു,

പശ്ചിമാംബരത്തിലെ പനിനീർ പൂന്തോട്ടങ്ങൾ.. "

അപ്പൂപ്പൻ ആലോചിച്ചു എന്തു മനോഹരമായിട്ടാണ് ചങ്ങമ്പുഴ ഈ വരികളിലൂടെ സൂര്യാസ്തമയത്തെ വർണിച്ചിരിക്കുന്നത്.

          പല വർഷങ്ങളിലൂടെയുള്ള ഓർമയുടെ മധുരസ്മരണകൾ ചിന്നുകുട്ടിയുടെ മനസ്സിലൂടെ കടന്നുപോയി.കൊറോണ മഹാമാരിക്കാലത്ത് അവളുടെ കുഞ്ഞുമനസ്സ് ഒറ്റപ്പെട്ടുപോയി.ലോക്ക്ഡൗൺ ആയിരുന്നതിനാൽ അവൾക്ക് വീട്ടിലും പരിസരത്തും മാത്രമേ നടക്കാൻ സാധിക്കുമായിരുന്നുള്ളു. അതിനാൽ അവൾക്ക് അപ്പൂപ്പന്റെ അടുത്തോട്ടു പോകാനോ, അപ്പൂപ്പനോടൊപ്പം കളിക്കുവാനോ സാധിക്കുമായിരുന്നില്ല.അന്ന് അവൾ സമയം ചിലവഴിച്ചിരുന്നത് പക്ഷി പരിപാലനത്തിലൂടെയും മത്സ്യവളർത്തലിലൂടെയുമായിരുന്നു.പല വർണത്തിലും വലുപ്പത്തിലും ഉള്ള മത്സ്യങ്ങൾ നീന്തികളിക്കുന്നത് കാണാനും സുന്ദരമായിരുന്നു.

                  അപ്പൂപ്പന് എന്താണ് പറ്റിയത് എന്ന ചിന്തയോടെ അവൾ ഉറക്കമേണീറ്റു.അപ്പൂപ്പന്റെ കാര്യം ആലോചിച്ച് പ്രഭാതഭക്ഷണം പോലും അവൾക്ക് കഴിക്കാൻ തോന്നിയില്ല.സമയം പകൽ 10 മണി.പെട്ടെന്ന് ഒരു ഫോൺ കാൾ. ചിന്നുക്കുട്ടിയുടെ അമ്മ കാൾ അറ്റൻഡ് ചെയ്യുന്നു.

കമല -: ഹലോ, ആരാ?

അമ്മിണിചേച്ചി-:ഞാൻ അമ്മിണിയാ ചേച്ചി, കേശവൻ അപ്പൂപ്പന്റെ കാര്യം പറയാനാ വിളിച്ചേ.

കമല -:മാമന് ഇപ്പോൾ എങ്ങനെ ഉണ്ട്? പനി മാറിയോ?

അമ്മിണിചേച്ചി -:പനി മാറി ചേച്ചി, കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണ്. ആരോഗ്യനിലയൊക്കെ മെച്ചപ്പെട്ടു.

കമല -:ഓ ഭാഗ്യം!എന്തായാലും ആരോഗ്യനില മെച്ചപ്പെട്ടല്ലോ, വേറൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് സർവേശ്വരനോട്‌ പ്രാർത്ഥിക്കാം.

അമ്മിണി ചേച്ചി -:അതേ ചേച്ചി.

കമല :-ശരി അമ്മിണി.

പിന്നീട് ചിന്നുക്കുട്ടി അമ്മയോട് ചോദിച്ചു -:എന്താ അമ്മേ അമ്മിണി ചേച്ചി വിളിച്ചത്,അപ്പൂപ്പന്റെ കാര്യത്തെപ്പറ്റി എന്തു പറഞ്ഞു?

അമ്മ -:ങാ മോളെ, അപ്പൂപ്പന്റെ ആരോഗ്യനിലയൊക്കെ മെച്ചപ്പെട്ടു.പക്ഷെ, കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണ്.

ചിന്നുക്കുട്ടി -:അയ്യോ!അപ്പോൾ ഇപ്പോഴൊന്നും അപ്പൂപ്പനെ കാണാൻ പറ്റില്ലേ?

അമ്മ -:ഇല്ല മോളെ, എന്തായാലും ഒരുമാസത്തോളം കാണാൻ പറ്റില്ല.

             ഇതുകേട്ട ചിന്നുക്കുട്ടി അപ്പൂപ്പൻ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.അവൾക്കറിയില്ല എന്ന് വരുമെന്ന്,പക്ഷെ അവളിലുള്ള ആ പ്രതീക്ഷ അവൾക്ക് ആത്മവിശ്വാസം നൽകുന്നു.അപ്പൂപ്പൻ വന്നതിനുശേഷം കളിച്ചുരസിക്കാം എന്ന ശുഭപ്രതീക്ഷയോടെ ചിന്നുക്കുട്ടി കാത്തിരിക്കുന്നു.

                    അനഘ.എസ്, 9 B

പൂക്കാലം

ഒരു ഗ്രാമം. അത് കുന്നുകൾ കൊണ്ട് നിറഞ്ഞിരുന്നു. പച്ച കുന്നുകൾ, രാവിലെ അത് നീല കുന്നുകൾ ആണ്, ചിലയിടങ്ങളിൽ കടുത്ത കാപ്പിപ്പൊടി കുന്നുകൾ. ആ ഗ്രാമം തണുപ്പ് നിറഞ്ഞതാണ്. അവിടെ തണുപ്പാണെങ്കിലും തണുപ്പിൽ കളിയാടി നിൽക്കാൻ പൂക്കൾ മാത്രം ഇല്ലായിരുന്നു. ഓണം കാത്തിരിക്കുന്ന കുട്ടികൾക്ക് അത്തമിടാൻ പൂവില്ലായിരുന്നു. ഓടി കളിക്കുന്ന കുഞ്ഞു പെൺകുട്ടികൾക്ക് മുടിയിൽ തിരുകാൻ പൂവില്ലായിരുന്നു. പാറി പറക്കുന്ന പൂമ്പാറ്റയ്ക്ക് തേൻ നുകരുവാനും പൂവില്ലായിരുന്നു. പൂവില്ലാ ഗ്രാമത്തിൽ പൂ വന്നിട്ട് 50 വർഷത്തോളം കഴിയുന്നു. ഒരു ദിവസം മാത്രം ഗ്രാമവാസികൾ കടകളിൽ കയറി വലിയ നിരയായി. ഇതൊന്നും അറിയാത്ത നീലുമോൾ കടയിൽ വന്നപ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും വൻ ഘോഷയാത്ര കണ്ടു. തിക്കിതിരക്ക് എന്തെന്ന് ചോദിച്ച നീലുമോളോട് ഹരിക്കുട്ടൻ പറഞ്ഞു. ആദ്യമായി നമ്മുടെ ഗ്രാമത്തിൽ പൂക്കൾ വിരിഞ്ഞല്ലോ, നീ അറിഞ്ഞില്ലേ.... ലാ.. ലാ.. ലല്ലല്ലാ... ലാ.. ലാ.. ലാ.... മൂളിപ്പാട്ടും പാടി അവൻ വരിയിൽ കയറി നിന്നു. നീലുമോൾ നോക്കിയപ്പോൾ കുട്ട നിറയെ മുല്ലപ്പൂ, പിച്ചിപ്പൂ, കൊന്നപ്പൂ, ജമന്തിപ്പൂ, ലില്ലിപ്പൂ, റോസാപ്പൂ, ഹാ അതി മനോഹരം. അവൾ പറഞ്ഞു. അവൾ മുല്ലപ്പൂവും പിച്ചിപ്പൂവും റോസാപ്പൂവും അങ്ങനെ എല്ലാ തരത്തിലുമുള്ള പൂക്കളും വാങ്ങി. നാളെ ഓണമാണ്. നിറയെ പൂ കെട്ടി ആഘോഷിക്കണം. അവൾ വീട്ടിലെത്തി പൂക്കൾ ഒരു മൂലയിൽ വച്ചു. അടുത്ത ദിവസം വന്നു.അവൾ സന്തോഷത്തോടെയാണ് എഴുന്നേറ്റത്. ഓണം, തിരുവോണം, പോന്നോണം. പക്ഷെ മുറ്റത്ത്‌ നിറയെ കരിഞ്ഞ പൂക്കൾ. അപ്പോൾ അവൾ ഇന്നലെ വാങ്ങിയ പൂക്കൾ നോക്കി. അതും ഉണങ്ങിപ്പോയി. അവിടെ ഒരു നാട്ടുകൂട്ടം. ചെന്നപ്പോൾ എല്ലാവരും ഈ വിഷയമാണ് സംസാരിക്കുന്നത്. അവൾ ചെന്നപ്പോൾ കരിഞ്ഞ പൂക്കൾ കൂനയായി ഇട്ടിരിക്കുന്നു. അവൾ ഞെട്ടി ഉണർന്നു.അത് അവളുടെ സ്വപ്നമായിരുന്നു. അവൾ എഴുന്നേറ്റ് വന്ന് കലണ്ടർ നോക്കിയപ്പോൾ ഹാ, ഇന്ന് ഓണമാണ്. കതക് തുറക്കാൻ തുടങ്ങിയപ്പോൾ അവൾ സ്വപ്നം കണ്ടത് ഓർത്തു. അവൾ കതക് മെല്ലെ തുറന്നു. അവൾ കണ്ണടച്ചുകൊണ്ടാണ് തുറന്നത്. പെട്ടെന്ന് ഒരു ഇളം കാറ്റ് അവളെ തഴുകി. അവൾ പുഞ്ചിരിച്ചു. അവൾ സ്വപ്നം പിന്നെയും ആലോചിച്ചു. അവൾക്കു നേരെ ഒരു സുഗന്ധം വീശി. അവൾ കണ്ണുകൾ മെല്ലെ തുറന്നു. വീടിനു മുന്നിൽ പൂക്കളുടെ മലകൾ പ്രത്യക്ഷപ്പെട്ടു. അവിടെ തുള്ളിചാടി നടക്കുന്ന കൂട്ടുകാരെ അവൾ കണ്ടു. അവൾ അമ്പരന്നു. എത്ര നാളായി കാത്തിരുന്ന സൗഭാഗ്യമാണ് കൺ മുന്നിലുള്ളത്. അവൾ കൂട്ടുകാരോടൊത്ത് തുള്ളിചാടി നടന്നു. കണ്ടവരെല്ലാം ഓടിയടുത്തു. പിന്നെ അവിടെ പൂക്കളുടെ ആഘോഷമായിരുന്നു.

ദേവി, 6 C

വർണസ്വപ്‌നങ്ങൾ പൊലിഞ്ഞ ബാല്യം...

  വിജയവാഡയിലെ ഹോസ്റ്റൽ മുറിയിലിരുന്നു കൊണ്ട് ഗായത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ കണ്ണോടിക്കുകയായിരുന്നു.പെട്ടെന്ന് അവൾ "ഞങ്ങൾ കൂട്ടുകുടുംബം" എന്ന ഗ്രൂപ്പിന്റെ ഒരു പോസ്റ്റ് കണ്ടു."കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിന് കോടിയേറി " എന്നായിരുന്നു ആ പോസ്റ്റ്.

അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി, ഒപ്പം സങ്കടവും.ആദ്യമായിട്ടാണ് അവൾ ഇല്ലാത്തൊരു ഉത്സവം നടക്കുന്നത്.അവളുടെ മനസ്സിൽ ഒരായിരം ചിന്തകൾ കടന്നുകൂടി....

                        അമ്പലങ്ങളാലും,ഇടവഴികളാലും നിറഞ്ഞ ഒരു ഗ്രാമം,അതായിരുന്നു അവളുടേത്.ഉത്സവം എത്തി കഴിഞ്ഞാൽ അവിടെ വീടുകളിലെല്ലാം ഓണം പോലെ ആയിരുന്നു.വൈകുന്നേരം ആകുമ്പോൾ നാട്ടിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഒക്കെ അമ്പലപ്പറമ്പിൽ തന്നെയാണ്.

ഒരു ഉത്സവം തന്റെ ഗ്രാമത്തെ എത്ര മാത്രം സുന്ദരമാക്കിയിരുന്നു എന്ന് ഗായത്രി ചിന്തിച്ചു.ഇതൊക്കെയാണെങ്കിലും വർഷങ്ങൾക്ക് മുൻപ് അവളുടെ മനസ്സിൽ പതിഞ്ഞ ഒരു കുഞ്ഞ് മുഖമുണ്ട്,ഊമയായ മല്ലിയുടെ മുഖം...


      പതിവ് പോലെ അച്ഛന്റെ കൈയും പിടിച്ചു ഗായത്രി അമ്പലപ്പറമ്പിലെത്തി.പറമ്പിന്റെ പല കോണുകളിലായി പലതും അവൾ കണ്ടു.

എന്നാൽ ഗായത്രിയുടെ കണ്ണുകൾ ഉടക്കിയത് പല വർണ്ണങ്ങളിലും രൂപങ്ങളിലും നൂലിൽ കെട്ടിയിരുന്ന ബലൂണുകളിലായിരുന്നു. കറുത്ത് മെലിഞ്ഞ് നീണ്ട ബലൂൺകച്ചവടക്കാരന് ചുറ്റും കുട്ടികളുടെ ഒരു ബഹളം തന്നെയായിരുന്നു.അയാൾ ബലൂണുകൾ വീർപ്പിച്ചു കെട്ടുന്നത്  കൗതുകകരമായിരുന്നു.ഗായത്രി അച്ഛനോട് പറഞ്ഞു;"അച്ഛാ എനിക്കും ഒരു ആപ്പിൾ ബലൂൺ വേണം" "വാങ്ങിത്തരാം മോളെ,തിരക്കൊന്ന് ഒഴിയട്ടെ" അച്ഛൻ പറഞ്ഞു.തിരക്കൊഴിയുന്ന ലക്ഷണമില്ലെന്ന് കണ്ട ഗായത്രി വീണ്ടും ബലൂണിനായി വാശി പിടിച്ചു."ശരി വരൂ,വാങ്ങിത്തരാം" അച്ഛൻ പറഞ്ഞു."നിനക്ക് ഏത് നിറമാവേണ്ട?"

"ദാ ആ മഞ്ഞയിൽ പച്ചയും ചുവപ്പും പുള്ളിയുള്ള ബലൂൺ" ഗായത്രി പറഞ്ഞു.

ബലൂൺ അവളുടെ കൈകളിൽ വച്ചു കൊടുത്തുകഴിഞ്ഞപ്പോഴാണ് ,ബലൂൺകാരന്റെ തൊട്ടടുത്ത് നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ അവൾ കാണുന്നത്.ഏറിയാൽ നാലോ അഞ്ചോ വയസ്സ് പ്രായം വരും.കീറിയ പാവാടയും ഷർട്ടും ആയിരുന്നു വേഷം.ചകിരി പോലെ അലങ്കോലപ്പെട്ട് കിടക്കുന്ന മുടി.അൽപ്പം പോലും സന്തോഷം ആ കൊച്ചുപെൺകുട്ടിയുടെ മുഖത്തുണ്ടായിരുന്നില്ല.ഇതേ സമയം പറമ്പിലെ സ്റ്റേജിൽ ഗാനമേള നടക്കുകയായിരുന്നു.ഗായത്രിയുടെ അച്ഛൻ അത് ശ്രദ്ധിച്ച് നിൽക്കുകയായിരുന്നു,എന്നാൽ അവളാകട്ടെ ഇടയ്ക്കിടെ ആ കൊച്ചുകുട്ടിയെ തന്നെ നോക്കി നിന്നു.

എത്ര സന്തോഷമായിട്ടാണ് ഓരോ കുട്ടികളും ബലൂൺ വാങ്ങി കൊണ്ട് പോകുന്നത്.പക്ഷെ ഇത്രയും നിറമുള്ള ബലൂണുകൾ ഒരുമിച്ച് കണ്ടിട്ടും അവൾക്കെന്തേ സന്തോഷമില്ലാത്തെ?

ഗായത്രി ചിന്തിച്ചു.നേരം വൈകി തുടങ്ങി.

തന്റെ അവസാന ബലൂണും വിറ്റ് ആ ബലൂൺകാരൻ പോകാൻ തുടങ്ങി.ഗായത്രി അച്ഛനോട് ചോദിച്ചു ,"അച്ഛാ ഈ ബലൂൺ ഞാൻ ആ കുട്ടിക്ക് കൊടുത്തോട്ടേ? " അച്ഛന്റെ അനുവാദത്തോടുകൂടി അവൾ ആ ബലൂൺ ഓടികൊണ്ടുപോയി ആ കുട്ടിക്ക് കൊടുത്തു.എന്നാൽ ആ ബലൂൺ കൈയിൽ കിട്ടിയിട്ടും യാതൊരു ഭാവമാറ്റവും ആ കുട്ടിയുടെ മുഖത്ത് കണ്ടില്ല.ഗായത്രി അവളോട് ചോദിച്ചു "എന്താ നിന്റെ പേര്?" അവൾ ഒന്നും മിണ്ടിയില്ല."എന്തേ നീയൊന്നും മിണ്ടാത്തത്?"അതിനുത്തരം അവളുടെ അച്ഛൻ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു,"അവൾ പേർ മല്ലി,അവൾക്ക് പേസ തെരിയാത്, ഊമ താൻ". മല്ലി അവളെയും നോക്കി അച്ഛന്റെ കൈയും പിടിച്ചു മുന്നിൽ കണ്ട ചായ കടയിലേക്ക് കയറി.അവിടെനിന്നും അവളുടെ അച്ഛൻ ഒരു വടയും ചായയും വാങ്ങി കൊടുത്തു.ബലൂൺ അവളുടെ കൈകളിൽ നിന്നും പറന്നു പോകുന്നത് ഗായത്രി കണ്ടു.മല്ലി വട കഴിച്ചു കൊണ്ട്  ഗായത്രിയെ തിരിഞ്ഞു നോക്കി.അവളുടെ മുഖത്ത് തെളിഞ്ഞു വന്ന ചിരി ഗായത്രി കണ്ടു.ബലൂണുകളുടെ നിറങ്ങൾക്ക് കൊടുക്കാൻ സാധിക്കാത്ത,വർണ്ണിക്കാൻ കഴിയാത്ത മനോഹരമായ ചിരി ആയിരുന്നു അത്.....

നവമി, 9 C