എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രവർത്തനങ്ങൾ

കടയ്ക്കാവൂരിന്റെ വിദ്യാ മണ്ഡലത്തിൽ നൂറ്റിരണ്ടുവർഷമായി വിരാജിക്കുന്ന ശ്രീ സേതു പാർവ്വതി ഭായി ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചു മുതൽ പന്ത്രണ്ട് ക്ലാസ് വരെയായി 1727 വിദ്യാർഥികളും 72 അധ്യാപകരും 7 അനധ്യാപകരുമുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളായി കോവിഡിന്റെ പശ്ചാത്തലത്തിലും ഒട്ടേറെ മികവാർന്ന പ്രവർത്തനങ്ങൾ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഈ കാലയളവിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും ഏറെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കോവിഡ് കാല വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എല്ലാ കുട്ടികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഇരുപതോളം കുട്ടികൾക്ക് ഒന്നാംഘട്ടത്തിൽ ടെലിവിഷനും 120 ഓളം കുട്ടികൾക്ക് രണ്ടാംഘട്ടത്തിൽ സ്മാർട്ട് ഫോണും നൽകാൻ നമുക്ക് സാധിച്ചു. സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ഭക്ഷ്യക്കിറ്റ് വിതരണം, പഠനോപകരണ വിതരണം, വാക്സിൻ ചലഞ്ച് ഏറ്റെടുക്കൽ, കോവിഡ് ഹെൽപ് ഡസ്ക് പ്രവർത്തനം, ചികിൽസാ സഹായങ്ങൾ, കോവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിക്കൽ, വാക്സിൻ രജിസ്ട്രേഷന് വേണ്ട സഹായങ്ങൾ, സാമൂഹിക അടുക്കളയ്ക്ക് വേണ്ട സഹായങ്ങൾ, പൾസ് ഓക്സിമീറ്റർ വാങ്ങി നൽകൽ, അശരണർക്ക് ഭക്ഷണപ്പൊതി വിതരണം, മാസ്ക്, സാനിറ്റൈസർ വിതരണം, ഉൾപ്പെടെയുള്ള സേവന സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞത് നമ്മളെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലത്തും മത്സര പരീക്ഷകളിലും, സബ്ജില്ലയിലും പൊതുവിലും നടത്തിയ മറ്റു മത്സരങ്ങളിലും നമ്മുടെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞുവെ ന്നതും ശ്രദ്ധേയമാണ്. പ്രതികൂലസാഹചര്യങ്ങൾക്കിടയിലും 2021 എസ്എസ്എൽസി പരീക്ഷയിൽ 50 ഫുൾ എ പ്ലസ്, 28 9 എ പ്ലസ്, 17 8 എ പ്ലസ് ഉം മായി മികച്ച വിജയം നേടാനും ഹയർ സെക്കൻഡറിയിൽ 80 ശതമാനം വിജയം നേടാനും നമുക്ക് സാധിച്ചു. സർക്കാറിന്റെ വിവിധ അക്കാദമിക് പരിപാടികൾ ആയ ലാബ് അറ്റ് ഹോം, വീട് ഒരു വിദ്യാലയം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ഗണിതം മധുരം, തുടങ്ങിയ പരിപാടികൾ നല്ല നിലയ്ക്ക് നടത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞു. കോവിഡ് ഡിജിറ്റൽ പഠനത്തിന് വഴിയൊരുക്കിയപ്പോൾ നമ്മുടെ വിദ്യാലയവും സമ്പൂർണ്ണ ഡിജിറ്റൽ ആയി മാറി. വാട്സ്ആപ്പ്, ഗൂഗിൾ മീറ്റ് ക്ലാസ്സുകളോടപ്പം വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ജി സൂട്ട് പദ്ധതി കുട്ടികൾക്ക് ആകർഷകമാകും വിധം മാതൃകാപരമായി നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞു. ഈ വർഷം എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി റെഗുലർ ക്ലാസ്സുകളോടൊപ്പം പഠനനിലവാരം വർദ്ധിപ്പിക്കുന്നതിനുതകുന്ന കൂടുതൽ പിന്തുണാസംവിധാനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ഈ കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന മാനസികമായ പ്രശ്നങ്ങളെ അതിജീവിക്കുന്നതിന് ആവശ്യമായിട്ടുള്ള കൗൺസിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിക്കാൻ സാധിച്ചു. ഒരു മുന്നനുഭവവും ഇല്ലാത്ത കോവിഡ് കാലത്തെ അതിജീവിച്ചു മുന്നേറുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന അക്കാദമികവും അക്കാദമികേതരവുമായ മികച്ച പ്രവർത്തനങ്ങൾ നടത്താൻ ഇക്കാലയളവിൽ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്.