എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമപഞ്ചായത്ത് ഓഫീസ്
മണപ്പാട്ട് ചിറ
മലയാറ്റൂർ പള്ളി
പെരിയാർ നദി

കേരള സംസ്ഥാനത്ത് എറണാംകുളം ജില്ലയിലെ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് നീലീശ്വരം. മലയാറ്റൂരിലെ സെൻറ് തോമസ് പള്ളിയിലേക്ക് പോകുന്ന വഴിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

ഈ ഗ്രാമത്തിലെ പ്രധാന ജംഗ്ഷന് സമീപം പഞ്ചായത്ത് ഓഫീസ്, അസംപ്ഷൻ മൊണാസ്ട്രി പാരിഷ് ചർച്ച്, എസ്എൻ‌ഡി‌പി ബ്രാഞ്ച് ഓഫീസ്, എൽ‌പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നു. എസ്.എൻ.ഡി.പി ഹൈസ്ക്കൂൾ നീലീശ്വരം ഈ ഗ്രാമത്തിലെ ഏക ഹൈസ്ക്കൂളാണ്.

ചരിത്രം

മലയാറ്റൂരിനോടും കാലടിയോടും തൊട്ടുകിടക്കുന്ന ഗ്രാമമാണ് നീലീശ്വരം. ഇത് ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ പേര് 'മലയാറ്റൂർ-നീലീശ്വരം' ഗ്രാമപ്പഞ്ചായത്ത് എന്നാണ്. എന്നാൽ, രാജഭരണകാലത്ത് നീലീശ്വരം തിരുവിതാംകൂറിന്റെയും മലയാറ്റൂർ കൊച്ചിയുടെയും ഭാഗം ആയിരുന്നു. 1930-ൽ മലയാറ്റൂർ വില്ലേജ് പഞ്ചായത്ത് ആണ് ആദ്യം

നിലവിൽ വന്നത്. 1953-ലാണ് മലയാറ്റൂർ വില്ലേജും മാണിക്കമംഗലം താലൂക്കിലെ നീലീശ്വരം കരയും ചേർത്ത് മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് രൂപവത്കരിച്ചത്. നീലീശ്വര'ത്തിനെ പലരും തെറ്റായി എഴുതി 'നീലേശ്വരം' ആക്കാറുണ്ട്. നീലീശ്വരം തന്നെയാണ് ശരി. കാസർകോഡ് ജില്ലയിലാണ് നീലേശ്വരം എന്ന സ്ഥലം. നീലേശ്വരത്തിനും പേരുണ്ടായത് 'നീല ഈശ്വരൻ' ആയ ശിവനിൽ നിന്നുതന്നെ. നീലീശ്വരത്തും ഒരു ശിവക്ഷേത്രമുണ്ട്.

മറ്റൊരു കഥയുള്ളത് 'നീലി' എന്ന ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയാണ്. പണ്ടിവിടെ വടക്കേടത്ത് മുകുന്ദരാജാ എന്നൊരു നാടുവാഴി ഉണ്ടായിരുന്നു. നാടുവാഴി തുറവൂരിൽ നിന്ന് നീലി എന്നൊരു സ്ത്രീയെ കൊണ്ടുവന്ന് ഇവിടെ ദേവീക്ഷേത്രത്തിനടുത്ത് പാർപ്പിച്ചിരുന്നുവത്രെ. നീലിയെ പാർപ്പിച്ചിരുന്ന സ്ഥലം പിന്നീട് നീലീശ്വരം ആയി അറിയപ്പെടാൻ തുടങ്ങിപോലും. പറവൂർ തമ്പുരാന്റെ അധികാര പരിധിയിലായിരുന്നു പണ്ടിവിടം. ദ്വാപര യുഗത്തിൽ പാണ്ഡവന്മാർ വനവാസം നടത്തിയത് ഇവിടെയായിരുന്നുവെന്നുമുണ്ട് ഒരു വിശ്വാസം. അന്നൊക്കെ ഇവിടം നിബിഡവന പ്രദേശമായിരുന്നു. ജനങ്ങളെ ഉപദ്രവിച്ചിരുന്ന ബകൻ എന്ന രക്ഷസനെ ഭീമസേനൻ കടുത്ത പോരാട്ടത്തിനൊടുവിൽ കൊന്ന് തുണ്ടുതുണ്ടാക്കി

വലിച്ചെറിഞ്ഞത് ഇവിടെ വച്ചായിരുന്നു എന്നാണ് ഐതിഹ്യം. ബകന്റെ തല ചെന്നു വീണ സ്ഥലം തലക്കോടും നടുഭാഗം വീണിടം നടുവട്ടവും കൈ വീണിടം കൈപ്പട്ടൂരും കാല് വീണിടം കാലടിയും മണ (കുടൽമാല) വീണിടം മണപ്പാട്ടുചിറയും ആയി എന്നുമുണ്ട് കഥ. ('ഏകചക്ര' എന്ന ഗ്രാമത്തിലാണ് ബകാസുരൻ താമസിച്ചിരുന്നതെന്നും. അയാൾ ദിവസവും ഓരോ മനുഷ്യനെ വീതം മുഴുവനോടെ ഭക്ഷിച്ചിരുന്നുവെന്നുമാണ് പുരാണം പറയുന്നത്. അത് ശരിയെങ്കിൽ ഈ പ്രദേശം പണ്ട് 'ഏകചക്ര'......

ആയിരുന്നിരിക്കണമല്ലോ. . ബകൻ ഈ നാട്ടുകാരിൽ പലരെയും തിന്നുതീർത്തിരിക്കാനുമിടയുണ്ട് !). പാണ്ഡവരുടെ കഥയുമായി ബന്ധം അരക്കിട്ടുറപ്പിക്കുന്ന മട്ടിൽ 'പാണ്ഡുപാറ' എന്ന പേരിലുമുണ്ട് ഒരു സ്ഥലം ഈ പ്രദേശത്തുതന്നെ. രാജഭരണകാലത്ത് ഇവിടെ കാവൽമാടങ്ങളും വഴിവക്കിൽ സ്ഥാപിച്ച കൈയാമങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. . രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്നവരെ രാജഭടന്മാർ ചോദ്യം ചെയ്യുകയും. സംശയം തോന്നിയാൽ കൈയാമങ്ങളിൽ ബന്ധിപ്പിക്കുകയും ചെയ്തിരുന്നുവത്രെ. തിരുവിതാംകൂർ-കൊച്ചി അതിർത്തിയിലായതിനാൽ പണ്ടിവിടെ 'ചൗക്ക'യും 'കൊതി' കല്ലുകൾ എന്നറിയപ്പെടുന്ന അതിർത്തിശിലകളും ഉണ്ടായിരുന്നു. പള്ളുപ്പേട്ട തോട് ആണ് നീലീശ്വരത്തെയും മലയാറ്റൂരിനെയും പരസ്പരം വേർതിരിക്കുന്നത്. ഇവിടെ പുതിയ പാലം വന്നെങ്കിലും നൂറ്റാണ്ടിന്റെ പഴക്കമുള്ള പഴയ പള്ളുപ്പേട്ട ഇരുമ്പുപാലം ചരിത്രാവശിഷ്ടമായി ഇപ്പോഴുമുണ്ട്.