എസ് എൻ വി യു പി എസ് ആളൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആളൂർ: സാമൂഹ്യ-സാംസ്കാരിക ചരിത്രം

ആദി ദ്രാവിഡരുടെ ഒരു പ്രധാന സങ്കേതമായിരുന്നു ഈ പ്രദേശം. കല്ലേറ്റുംകര കേന്ദ്രീകരിച്ച് പഞ്ഞപ്പിള്ളി പ്രദേശത്തായി അയ്യൻ തിരുകണ്ടൻ എന്ന ദ്രാവിഡരാജാവ് ഈ ദേശം അടക്കിവാണിരുന്നു. തിരുകണ്ടൻ രാജാവ് തന്റെ മകളുടെ വിവാഹത്തിന് കൊച്ചിരാജാവിനെ ക്ഷണിച്ചു. അധഃസ്ഥിതജാതിക്കാരനായ തിരുകണ്ടൻ രാജാവ്, തന്നെ വിവാഹത്തിന് ക്ഷണിച്ചത് അധിക്ഷേപിക്കാനാണെന്ന് കൊച്ചിരാജാവിനു തോന്നിയെങ്കിലും, രാജകീഴ്വഴക്കമനുസരിച്ച് രാജാവ് വിവാഹദിനം പന്തലിപാടത്തേക്ക് എഴുന്നള്ളി. അന്നത്തെ രാജാവിനെ ആർഭാടമായി സ്വീകരിക്കുവാൻ വെറ്റിലകൊണ്ട് അതിവിശാലമായ ഒരു പന്തൽ തീർത്തത് ഇന്നത്തെ പന്തൽപാടത്തായിരുന്നുവെന്നു പറയപ്പെടുന്നു. തളിർവെറ്റില കൊണ്ട് മേഞ്ഞ മനോഹരമായ കല്ല്യാണപന്തലിലേക്ക് പ്രവേശിച്ച മഹാരാജാവിനെ സ്വർണ്ണലിഖിത തൂണുകളും സ്വർണതാലമേന്തിയ സുന്ദരിമാരും സ്വർണ്ണനാണയം നിറച്ച സ്വർണ്ണപറയും കൊണ്ടാണത്രെ തിരുകണ്ടൻരാജാവ് സ്വീകരിച്ചത്. സമ്പദ്സമൃദ്ധി വിളിച്ചറിയിക്കുന്ന ഈ പ്രകടനങ്ങൾ നാടുവാഴിയുടെ അസൂയയെ ആളികത്തിച്ചുവെന്നും കാൽതൊട്ട് വന്ദിക്കാനായി കൂനിഞ്ഞ തിരുകണ്ടൻ രാജാവിനെ, കൊച്ചിരാജാവ് വാളൂരി ഗളച്ഛേദം ചെയ്തുവെന്നും അതോടെ ആദി ദ്രാവിഡവാഴ്ച അവസാനിച്ചെന്നുമാണ് ചരിത്രസൂചനകൾ. പഞ്ഞപ്പിള്ളി ഒരു ബുദ്ധമതകേന്ദ്രമായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഈ പഞ്ചായത്തിൽ ഇപ്പോൾ ഉയർന്ന ജനവാസമുള്ള പല പ്രദേശങ്ങളും പണ്ടുകാലത്ത് വന്യമൃഗങ്ങൾ വിഹരിച്ചിരുന്ന കാടുകളാണ്. ആലുകൾ ധാരാളമുള്ള സ്ഥലമായിരുന്ന ഇവിടം ആലൂർ എന്നു വിളിക്കപ്പെട്ടിരുന്നതായും പിൽക്കാലത്ത് ആലൂർ ലോപിച്ച് ആളൂർ എന്ന സ്ഥലനാമമുണ്ടായെന്നും ഒരഭിപ്രായമുണ്ട്. സമീപമുള്ള ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ആളുകൾ കൂടുതലായി വസിച്ചിരുന്ന പ്രദേശം എന്ന അർത്ഥത്തിൽ ആളൂർ എന്നറിയപ്പെടുന്നുവെന്നും അഭിപ്രായമുണ്ട്. ആനത്തടം, ആനപ്പാറ, പുലിപ്പാറകുന്ന്, മാനാട്ട്കുന്ന് (മാനുകളുള്ള കാട്ടുകുന്ന്) എന്നീ പേരുകളും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടവയാണ്. ദേവരുകാട്, കിഴക്കേകാട്, പതിക്കാട് എന്നീ കരപ്പേരുകളും കാടിന്റെ ആധിക്യത്തെ സൂചിപ്പിക്കുന്നവയാണ്. ആദിദ്രാവിഡരുടെ ഒരു പ്രധാന സങ്കേതമായിരുന്നു ഈ പ്രദേശം. തെങ്ങുകൾ ധാരാളമായി ഉണ്ടായിരുന്ന സ്ഥലമാണ് താഴെക്കാട് എന്ന് അറിയപ്പെട്ടതെന്ന് പ്രസിദ്ധ ചരിത്രഗവേഷകനും കൊച്ചിയിലെ ആക്ടിംഗ് ദിവാനുമായിരുന്ന കോമാട്ടിൽ അച്യുതമേനോൻ അഭിപ്രായപ്പെടുന്നു. പണ്ടുകാലത്ത് കരക്കുടിശിക വരുത്തുന്നവർക്കുള്ള ശിക്ഷാവിധി മുതുകിൽ കല്ലുകയറ്റിനിർത്തുക എന്നതായിരുന്നു. അത്തരം ശിക്ഷകൾ നടപ്പാക്കിയിരുന്ന സ്ഥലമാണ് കല്ലേറ്റുംകര എന്നറിയപ്പെടുന്നത്. ഇന്നത്തെ ഇരിങ്ങലക്കുട റെയിൽവേസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നുവത്രെ പ്രസ്തുത ശിക്ഷ നടപ്പിലാക്കിയിരുന്നത്. അതിനടുത്തുതന്നെ ഒരു കുതിരപന്തിയുമുണ്ടായിരുന്നവെന്നുവത്രെ. ഇരിഞ്ഞാലക്കുട (കല്ലേറ്റുകര) തീവണ്ടിയാപ്പീസിനു സമീപം സ്ഥിതി ചെയ്യുന്ന ഇരിങ്ങാലപ്പിള്ളി ഇല്ലവും ഭഗവതിക്ഷേത്രവും പ്രാചീനത ഏറെയുള്ളതാണ്. ആധുനികഗണിതശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ സംഗമഗ്രാമമാധവൻ എന്ന ഗണിതശാസ്ത്രജ്ഞൻ ഇരിങ്ങാലപ്പിളളി ഇല്ലത്തുകാരനായ മാധവൻ നമ്പൂതിരിയാണ്. ഗോളവിത്ത് എന്ന അപരനാമത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള ബന്ധത്തിന്റെ സൂത്രവാക്യം, പൈയുടെ വില കൃത്യമായി കണക്കാക്കുന്ന സൂത്രവാക്യം എന്നിവ ആദ്യമായി ലോകത്തിനു സംഭാവന ചെയ്തത് ഇദ്ദേഹമാണ്. വേണ്വാരോഹം, ചക്രവാക്യനി എന്നിവയാണ് അദ്ദേഹം രചിച്ച പ്രധാന ഗ്രന്ഥങ്ങൾ. ആര്യഭട്ടന്റെ പ്രധാന അനുനായിയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു പ്രാചീന ചരിത്രരേഖയാണ് താഴെക്കാട് പള്ളി ശിലാശാസനം. രാജ്യസിംഹപെരുമാൾ എന്ന ചേരരാജാവ് ഇവിടെ കുടിയേറിയ മണിഗ്രാമക്കാരായ ചാത്തൻ, വടുകൻ, ഇരവികൊത്തൻ എന്നീ ക്രിസ്ത്യാനികൾക്ക് സ്ഥലവും കച്ചവടത്തിനുള്ള അവകാശവും അനുവദിച്ചുകൊടുത്തതിന്റെ രേഖയാണിത്. ഉദ്ദേശം 8-10 ശതാബ്ദത്തിലേതാണ് ഈ രേഖയെന്ന് ചരിത്രഗവേഷകർ പറയുന്നു. താഴെക്കാട് വാസുപുരം ക്ഷേത്രത്തിലുള്ള പുരാരേഖകൾ ഇനിയും വ്യാഖ്യാനപ്പെടാൻ ബാക്കി നിൽക്കുന്നു. 600 കൊല്ലത്തിലധികം പഴക്കമുള്ള വട്ടെഴുത്തുലിപിയിൽ എഴുതപ്പെട്ടതാണ് പ്രസ്തുതശിലാലിഖിതം. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തൻ പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിക്കപ്പെടുന്ന നാറാണത്തു മഹാവിഷ്ണു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണാം. നാറാണത്തുകുളവും നാറാണത്തുപാടവും ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു. ശ്രീനാരായണഗുരു നാറാണത്തുപാടത്തിന്റെ കിഴക്കുള്ള ഇടക്കുഴി പ്രദേശത്തെ പാറക്കുട്ടങ്ങളിലും ഗുഹകളിലും ധ്യാനനിരതനായി കഴിച്ചുകൂട്ടിയിട്ടുണ്ടെന്നു പഴമക്കാർ പറയുന്നു. കൊമ്പിടിഞ്ഞാമാക്കൽപറമ്പി റോഡിനു സമീപത്താണ് ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് പടയാളികൾ തമ്പടിച്ച മുട്ടത്തൂർകുന്ന്. സുൽത്താനും സൈന്യവും ഇരുന്നിടത്തുണ്ടായിരുന്ന ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് നാശനഷ്ടങ്ങൾ ഉണ്ടായിയെന്നും അതിനുശേഷമാണ് കൊമ്പൊടിഞ്ഞ ആലൂക്കൽ എന്നും തുടർന്ന് കൊമ്പൊടിഞ്ഞാമാക്കൽ എന്നും ഈ പ്രദേശം അറിയപ്പട്ടത്. താഴെക്കാട് 1923 വരെ ചാലക്കുടി വില്ലേജിലാണ് ഉൾപ്പെട്ടിരുന്നത്. പ്രാചീനകേരളത്തിലെ 63 ദേശങ്ങളിലൊന്നായ ഇരിങ്ങാലക്കുടയിൽ ഉൾപ്പെട്ടതായിരുന്നു ആളൂർ പഞ്ചായത്തിൽ പെടുന്ന പ്രദേശങ്ങൾ. കൊച്ചിയിലെ മന്ത്രിയായിരുന്ന പറമ്പി ലോനപ്പന്റെ കാലത്ത് ആരംഭിച്ച റോഡിന് അദ്ദേഹത്തിന്റെ സ്മാരകമായി പറമ്പി റോഡ് എന്ന് ജനങ്ങൾ പേരിട്ടു. മാള-തൃശൂർ റോഡും ഇരിങ്ങാലക്കുട-ചാലക്കുടി എഴുന്നള്ളത്ത് പാത റോഡും ചേരുന്ന പ്രദേശമാണ് പറമ്പിറോഡെന്ന് ഇന്നറിയപ്പെടുന്നത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്നും കൂടപ്പുഴയിലേക്ക് ആറാട്ട് പോകുന്ന വഴിയാണ് എഴുന്നള്ളത്തുപാത. 1959-ലെ വിമോചന സമരം ആളൂർ പഞ്ചായത്തിലെ കുഴിക്കാട്ടുശ്ശേരി കാരൂർ ഭാഗങ്ങളിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ശ്രീദേവിനിഘണ്ടു കർത്താവായ കരുണാകരമേനോൻ, ഗ്രന്ഥകാരനായ പ്രൊഫ.എ.സി.വാസു, സ്വാതന്ത്ര്യസമരസേനാനിയും ഐ.എൻ.എ ഭടനുമായ ഇ.എ.കുമാരൻ തുടങ്ങിയവർ ഈ പഞ്ചായത്തുനിവാസികളാണ്. പ്രായപൂർത്തിവോട്ടവകാശം നിലവിൽ വരുന്നതിനുമുമ്പ്, ഗവൺമെന്റ് നോമിനേഷൻ വഴി ഭരണസമിതിയെ നിശ്ചയിക്കുകയായിരുന്നു പതിവ്. കരംകൊടുക്കുന്നവർക്ക് മാത്രം വോട്ടവകാശമുണ്ടായിരുന്ന കാലഘട്ടമുണ്ടായിരുന്നു. തിരു-കൊച്ചിയിൽ ആദ്യമായി നിലവിൽ വന്ന പഞ്ചായത്തുകളിൽ ഒന്നാണ് ആളൂർപഞ്ചായത്ത്. ആദ്യ പഞ്ചായത്തുപ്രസിഡന്റ് തോട്ടപ്പിള്ള തോമൻ കുഞ്ഞപ്പാലുവാണ്. പിന്നീട് പ്രസിഡന്റായി അധികാരമേറ്റത് വില്ലേജ് കോർട്ട് ജഡ്ജിയും പൊതുകാര്യ പ്രസക്തനുമായിരുന്ന വർഗീസ്.എ.അംബൂക്കനായിരുന്നു. പ്രായപൂർത്തിവോട്ടവകാശം നിലവിൽ വന്നതിനുശേഷം നടന്ന ആദ്യതെരഞ്ഞടുപ്പിൽ ഇ.സി.അയ്യപ്പക്കുട്ടി, ഇ.എം.കുഞ്ഞിക്കോരൻ, എം.ഗോവിന്ദമേനോൻ, എൻ.സി.അന്തോണി, കെ.എ.കൊച്ചപ്പു, പി.വി.തോമസ്, പി.പരമേശ്വരമേനോൻ, കെ.കുഞ്ഞിരാമൻ, ടി.ഒ.ആന്റണി എന്നിവർ വിജയികളായി. പി.പരമേശ്വര മേനോനായിരുന്നു പ്രസിഡണ്ട്.


അവലംബം -ആളൂർ ഗ്രാമപഞ്ചായത്ത് വെബ്സൈറ്റ്