എൻ.ഇ.യു.പി.എസ്.കേരളശ്ശേരി/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രത്തിന്റെ ഇടനാഴികളിലൂടെ കേരളശ്ശേരിയുടെ ചരിത്രവിസ്മയങ്ങളിൽ ഒന്നായിരുന്നു പാലക്കാട് ജില്ലയിലെ , പറളി ഉപജില്ലയിൽ 1950 ജനുവരി 2 ന് ജന്മം കൊണ്ട് നോർത്ത് ഈസ്റ്റ് അപ്പർ പ്രൈമറി വിദ്യാലയം . യശഃശരീരനായ ശ്രീ.സി.കെ.ഗോവിന്ദൻ കുട്ടി മാസ്റ്റർക്ക് തന്റെ '25 -ാം വയസ്സിൽ അന്തരംഗത്തിൽ വിരിഞ്ഞ ഈ വിദ്യാലയത്തിൽ കേവലം 3 അദ്ധ്യാപകരും 74 വിദ്യാർത്ഥികളുമായാണ് കർമ്മനിരതരായത് . വിദ്യാലയം 1954 ൽ 5 -ാം തരം പൂർത്തിയാക്കി . നിരന്തരവും അക്ഷീണവുമായ പ്രയ്തനത്തിന്റെ ഫലമായി അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നത് 1957 ൽ ആണ് . 1959 ൽ 8 -ാം ക്ലാസ്സ് നിലവിൽ വന്നെങ്കിലും പിന്നീട് അത് സർക്കാർ എടുത്തുമാറ്റുകയായിരുന്നു . 1960 ലെ ദശവാർഷികം , തുടർന്നുള്ള വാർഷികങ്ങൾ ഓരോന്നും അതിഗംഭീരമായി ആഘോഷിച്ചു . 1975 ജനുവരി 2 , 3 , 4 തിയ്യതികളിൽ നടന്ന രജതജൂബിലി ഈ പ്രദേശത്തിന്റെ തന്നെ ഉത്സവമായി മാറി എന്നത് ശ്രദ്ധേയമാണ് . 1994 ജൂലൈ 15 ന് ഈ സരസ്വതി ക്ഷേത്രത്തിന്റെ ശിൽപിയായ ശ്രീ.സി.കെ.ഗോവിന്ദൻകുട്ടി മാസ്റ്റർ ഈ ലോകത്തോട് വിടപറഞ്ഞു . അദ്ദേഹത്തോടുള്ള ആദരസൂചകമായി തുടർന്നുള്ള എല്ലാ വർഷവും ജൂലൈ 15 ന് മികച്ച വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം , എൻടോവ്മെന്റ് വിതരണം , യൂണിഫോം വിതരണം , പരിസ്ഥിതി സംരക്ഷണം തുടങ്ങി കാലാനുസൃതമായ പല പദ്ധതികളും വളരെ വിപുലമായ രീതിയിൽ നടത്തിവരുന്നു . വിദ്യാലയത്തിന്റെ സുവർണ്ണജൂബിലി 2000 ജനുവരി 2 , 3 , 4 തിയ്യതികളിൽ അർഹിക്കുന്ന അന്തസ്സോടെ തന്നെ 3 ദിവസങ്ങളിലായി പ്രദേശം ഒന്നിച്ച് ആഘോഷിക്കുകയായിരുന്നു . ശ്രീ.സി.കെ.ഗോവിന്ദൻകുട്ടി മാസ്റ്റർക്ക് ശേഷം മാനേജർ സ്ഥാനം അലങ്കരിച്ച എം.പി.ജാനകിയമ്മയുടെ വേർപാട് വിദ്യാലയത്തിന്റെ 60 -ാം വാർഷികത്തിൽ ശോകച്ഛായ നിഴലിച്ചു . ഉപജില്ല മേഖലകളിലും ജില്ലാമേളകളിലും പ്രാഗത്ഭ്യം തെളിയിച്ച കലാ പ്രതിഭകളുടെ കിരിടങ്ങൾ ഈ വിദ്യാലയത്തിനെന്നും അഭിമാനമായി . മാത്രമല്ല പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുകൾ തെളിയിച്ച് കൊണ്ട് മുന്നേറുന്ന അധ്യേതാക്കൾ പൗർണമിയിലെ നിലാവ്പോലെ രാഷ്ട്രത്തിന്റെ സമ്പത്തായി വിളങ്ങുന്നു . ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ കുതിച്ചുചാട്ടങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊണ്ട് നമ്മുടെ സരസ്വതീക്ഷേത്രം 72 -ാം വയസ്സിലും തന്റെ യാത്ര അനുസൃതം മുന്നേറുന്നു.