എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ഒരു കൊറോണകാലത്ത്.....

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണകാലത്ത്.....

പതിവിലും നേരത്തെ ഉമ്മുകുൽസു ഉണർന്നു. അടുക്കളയിൽ ഉമ്മ പാത്രങ്ങൾ ഒതുക്കുന്നതിന്റെ ശബ്ദം കേൾക്കാം.അവൾ പതുക്കെ അടുക്കള യിലേക്ക്‌ നടന്നു. അവളുടെ കാൽ പെരുമാറ്റം കേട്ട് താൻ ചെയ്യുന്ന ജോലിയിൽ നിന്ന് തിരിഞ്ഞ് നോക്കാതെ ഉമ്മ പറഞ്ഞു :"ഇന്നെന്താണാവോ നേരെത്തെ എണീറ്റത്. സ്കൂളുണ്ടേൽ എത്ര വിളിച്ചാലും എണീക്കില്ല. നിന്ന് തിരിയാണ്ട് വേം പോയി പല്ല് തേക്ക് കുൽസൂ.. " അവൾ ബ്രഷും പേസ്റ്റും എടുത്ത് പുറത്തേക്കിറങ്ങി. അവളുടെ വെല്ലിമ്മ ആയിഷുമ്മത്താത്ത ആട്ടിൻകുട്ടികളെ കൂടിനു പുറത്താക്കി തള്ളാടിനെ പാൽ കറക്കുന്നതിന്റെ ഒച്ചയും ബഹളവും കേട്ടു. അവൾ നേരെ ആട്ടിൻകൂടിനടുത്തേക്ക് പോയി. അപ്പോൾ വെല്ലിമ്മ പറഞ്ഞു :"വേം പല്ല് തേച് അകത്തേക്ക് പൊയ്ക്കോ...കുട്ട്യോളൊന്നും പുറത്തേക്കിറങ്ങരുതെന്നാണ് ആ പഞ്ചായത്ത്‌ മെമ്പർ പറഞ്ഞത്. എങ്ങാണ്ട് ചൈനയിൽ നിന്ന് വന്ന ഒരു കൊറോണ കാരണം മനുഷ്യന് വീടിന് പൊറത്തിറങ്ങാൻ നടക്കാൻ വയ്യാതായി എന്റെ ബദ്‌രീങ്ങളേ എല്ലാരേം കാക്കണേ... "ആട്ടിൻകുട്ടികൾ അവരുടെ പാൽ വെല്ലിമ്മ കറക്കുന്നത് കണ്ട് കൂടിനു ചുറ്റും ഓടാൻ തുടങ്ങി. ഇടക്ക് വന്നു അവളുടെ കാലുകൾ നക്കാൻ തുടങ്ങി. അവൾ പതിയെ കൂടിന്റെ വാതിൽ തുറന്നു. ആട്ടിൻകുട്ടികൾ വെല്ലിമ്മയെ ഇടിച്ചു മാറ്റിക്കൊണ്ട് തള്ളാടിന്റെ അകിടിലേക്ക് ഇടിച്ചു കേറി. അപ്പോൾ വെല്ലിമ്മ പറഞ്ഞു :"എടീ പഹച്ചി നീ എന്നെ ഇവിറ്റോളെ കൊണ്ട് കൊല്ലിക്കോ.. "അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഉമ്മുകുൽസുവിന് ലോക്ക്ഡൗൺ തുടങ്ങിയെ പിന്നെ കൂട്ടുകാർ ആ ആട്ടിൻകുട്ടികളാണ്. പകലന്തിയോളം അവളും കൂടി ഓടിച്ചാടി കളിക്കും. പുറത്തുള്ള കൂട്ടുകാരുടെ അടുത്തേക്കോ അയല്പക്കത്തേക്കോ പോകാൻ പറ്റാത്തതിന്റെ വിഷമം അവൾക്ക് പറഞ്ഞാൽ തീരാത്തത്രയാണ്. "ഇനിയെന്നാണാവോ സ്കൂൾ തൊറക്ക.. പരീക്ഷയും മറ്റും ഇണ്ടാവോ ആവോ.. " ആരും ഒന്നും പറഞ്ഞു കേൾക്കുന്നില്ല. വെല്ലിമ്മ കറന്നെടുത്ത പാലുമായി അടുക്കളയിലേക്ക് ചെന്നു. പാൽ ഉമ്മുകുൽസുവിന്റെ ഉമ്മാടെ കയ്യിലേക്ക് കൊടുക്കുമ്പോൾ പറഞ്ഞു :"എടീ പാത്തൂ.. ഇന്നേലും അദ്രമാൻ വിളിക്കോ.. അവൻ കാശ് അയച്ചിട്ട് രണ്ട് മാസായില്ലേ.. പലചരക്ക് കടയിലെ പറ്റ് ഒരുപാടായി. കടക്കാരൻ മീരാന്റെ മുഖത്തു നോക്കാൻ തന്നെ നാണാ കുന്നു. ഓനാണെങ്കി കൊറോണ കാരണം പീടിക പൂട്ടിയതിന്റെ പരവേശവും വെഷമം പറ്റ് പറഞ്ഞു വാങ്ങുമ്പോൾ അവന്റെ മുഖത്തുണ്ട്. പുറ നാട്ടിലേക്ക് പോയി വരുമ്പോ വിളക്കുംപൊറത്തെ ഇയ്യാലുകളെ പോലെ പറ്റിക്കൂടാൻ വന്നിരുന്ന നാട്ടുകാരൊക്കെ ഇന്ന് ഗൾഫ്കാരനെയും അവന്റെ വീട്ടുകാരനെയും കാണുമ്പോ മോന്ത തിരിച്ച പോണ്. ഒനോടെങ്കിലും കായി ചോയിച്ചാല.. അത്രക്കും ഈ അസുഖം പെരുകീലെ... ആടെ ആർക്കും വേലേം കൂലീം ഇല്ലെന്നു ഈ നാട്ടിൽ പാട്ടായില്ലേ.. അതോണ്ട് പലചരക്ക് പറ്റ് തിരിച്ചു കിട്ടില്ലെന്ന്‌ ഓന് ആതിയുണ്ട്. അദ്രമാൻകുട്ടി പിന്നെ അവന്റെ അളിയന്മാരുടെ കൂടെ ആയതോണ്ട് ഭക്ഷണത്തിനൊന്നും മുട്ടില്ലന്നാണ് അറിവ്. അത് തന്നെയാണ് ഒരു സമാധാനം

Jannath M.S.
10D നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ