എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം അതിജീവിക്കാം

പ്രതിരോധിക്കാം അതിജീവിക്കാം

കോവിഡ്-19 എന്ന മഹാ വിപത്തിനെക്കുറിച്ച് നാം അറിവ് നേടിക്കഴിഞ്ഞു. എന്താണ് കൊറോണ എന്നും കൊറോണ ബാധിതരുടെ ലക്ഷണങ്ങൾ എന്താണെന്നും വെല്ലുവിളികൾ എന്താണെന്നും അറിഞ്ഞ് ഇതിനെയെല്ലാം ആശങ്കയോടെ നോക്കിക്കണ്ടെങ്കിലും കേരളത്തിലത് സംഭവിക്കാതിരിക്കട്ടെ, ഇന്ത്യയിലത് സ്ഥിരീകരിക്കാതിരിക്കട്ടെ എന്നു ആശിച്ചു , ആഗ്രഹിച്ചു. പക്ഷേ അത് സംഭവിച്ചിരിക്കുന്നു. ഇനിയതിനെ നേരിടുകയെന്നതു തന്നെയാണ് പ്രധാനം. എന്താണ് കൊറോണയെന്നും, കോറോണയെ നേരിടുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും നാം അറിഞ്ഞിരിക്കണം. അതിനായി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ നാം പാലിക്കണം. പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിക്കണം. തുണികൊണ്ടുള്ള മാസ്‌ക്, തോർത്ത്,തൂവാല എന്നിവയും ഉപയോഗിക്കാം. മാസ്‌ക് ധരിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:
1. കൈകൾ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കിയശേഷം ധരിക്കുക.
2. മൂക്കും വായയും മൂടണം.
3. ധരിച്ചുകഴിഞ്ഞാൽ പിന്നെ മാസ്‌കിൽ തൊടരുത്. മാസ്‌കിൽ സ്രവങ്ങൾ ഉണ്ടാകും. തൊട്ടാൽ ഉടൻ കൈ വൃത്തിയാക്കണം.
4. തുണിമാസ്കുകൾ തിളപ്പിച്ച വെള്ളത്തിലിട്ട് കഴുകി ഉണക്കി ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കാം.
5. മാസ്‌ക് അഴിക്കുമ്പോൾ വള്ളികളിൽ മാത്രമേ സ്പർശിക്കാവൂ.
6. ഉപേക്ഷിക്കുന്ന മാസ്‌ക്‌ ബ്ലീച്ചിങ് ലായനിയിൽ മുക്കി അണുവിമുക്തമാക്കി മണ്ണിൽ കുഴിച്ചിടണം.

മാസ്‌ക് ധരിക്കുന്നതിലൂടെ നാം സ്വയം സുരക്ഷിതരാവുക മാത്രമല്ല മറ്റുള്ളവരെ രോഗത്തിൽനിന്നു രക്ഷിക്കുക കൂടിയാണ് ചെയ്യുന്നത്. രോഗാണു നമ്മുടെ ഉള്ളിലേക്ക് പ്രവേശിക്കില്ല. നമ്മിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയുമില്ല. അങ്ങനെ സമൂഹവ്യാപനം ഒരുപരിധിവരെ തടയാൻ സാധിക്കും.. ലോക് ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷവും കോവിഡിനെ ചെറുത്തുനിൽക്കുന്നതിൽ മാസ്‌ക് ധാരണത്തിനു നിർണായക പങ്കു വഹിക്കാനുണ്ട്. കോവിഡ്-19 എന്ന മഹാമാരിയെ ഒറ്റക്കെട്ടായി നമുക്ക്‌ പ്രതിരോധിക്കാം. കോറോണയെ നമുക്ക് അതിജീവിക്കാം.
SMS - സോപ്പ് , മാസ്‌ക് , സോഷ്യൽ-ഡിസ്റ്റൻസിങ് ! ഇതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.

സംവൃത .പി .എസ്
ഏഴ് എ എൽ എ ഐ യു പി എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം