എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി.......ഇനിയും മാറാത്ത മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന പരിസ്ഥിതി.......ഇനിയും മാറാത്ത മനുഷ്യൻ

"ഭൂമി മനുഷ്യൻ്റെയല്ല.... മനുഷ്യൻഭൂമിയുടേതാണ്‌" "മനുഷ്യനെ പ്രകൃതിയോടിണക്കുക ” ലോകപരിസ്ഥിതി ദിനത്തിലെ സന്ദേശമായിരുന്നു ഇത്‌. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധംതീർത്തും നഷ്ടപ്പെട്ടിരിക്കുന്ന ഒരു കാലത്താണ്‌ നാം ഇന്ന്‌ ജീവിക്കുന്നത്‌.ഇല്ലാതാകുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയേയും തിരിച്ച്‌ പിടിക്കാൻ ഓർമ്മപ്പെടുത്തുകയാണ്‌ ഓരോ പരിസ്ഥിതിദിനവും.പ്രകൃതിയെ അമ്മയായും ദേവിയായുമൊക്കെ ആദരിക്കുക എന്നത്‌ ഭാരത സംസ്കാരത്തിൻ്റെ അതുല്യമായ പ്രത്യേകതയാണ്‌.പണ്ട്‌ നമ്മുടെ പൂർവ്വികർ പരിസ്ഥിതിയെ വളരെയധികം ശ്രദ്ധിക്കുകയും അവയെ നീതിപൂർവ്വമായി വിനിയോഗിക്കുകയും ചെയ്തു. അതിൻ്റെ പൈതൃക മൂല്യം ഉൾക്കൊണ്ട്‌ ജീവിതം മുന്നോട്ട്‌ നയിച്ചു.അവർക്കറിയാമായിരുന്നു ശരിയായ പരിസ്ഥിതി എന്താണെന്ന്‌? അത്‌ എന്തിനാണെന്ന്‌? എന്നാൽ ഇന്നത്തെ മനുഷ്യർ അവരുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി നമ്മുടെ ദാഹജലം ഉറ്റിയെടുത്ത്‌ കോർപ്പറേറ്റ്‌ കമ്പനികൾക്ക്‌ തീറെഴുതി കൊടുത്തു. മണ്ണും,മലയും,പുഴയും,കുന്നും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെയെല്ലാം സ്വാർത്ഥലാഭത്തിനുവേണ്ടി നശിപ്പിച്ചു. വികസനം പരിസ്ഥിതിയെ പരിഗണിച്ചാവണം എന്ന തിരിച്ചറിവില്ലാതെ മലിനീകരണം സൃഷ്ടിക്കുന്ന കീടനാശിനികൾ രാസവളങ്ങൾ എന്നിവ ഉപയോഗിച്ചു.എന്നാൽ പ്രകൃതിയോട്‌ മനുഷ്യൻ ചെയ്തക്രൂരതകളോട്‌ അതേ നാണയത്തിൽ പ്രകൃതി തിരിച്ചടിക്കുന്ന കാഴ്ച്ചയാണ്‌ നാം ഇന്ന്‌ കാണുന്നത്‌. പുഴകളും തണ്ണീർതടങ്ങളും വറ്റിവരണ്ടു, പ്രകൃതിക്ഷോഭം, ആഗോളതാപനം, മാറാരോഗങ്ങൾ കാലാവസ്ഥാമാറ്റം എല്ലാം തുടർന്നു കൊണ്ടേ ഇരിക്കുന്നു.മാറുന്ന പരിസ്ഥിതി മാറാത്ത മനുഷ്യനെ വെല്ലുവിളിക്കുന്നു എന്ന ബോധത്തിനപ്പുറം ഇതൊരു ജീവൻ പ്രശ്നമായി കാണാൻ നമുക്കാകണം.ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ അധികകാലം ഈ ഭൂമിയിൽ ജീവിക്കാനാവില്ല.

അക്ഷയ്.കെ.എ
3 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം