എ.യു.പി.എസ്.അരക്കുപറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ പരിശ്രമം.അങ്ങനെ എ.യു.പി.സ്‌കൂൾ അരക്കുപറമ്പ് ജന്മമെടുത്തു.

സ്കൂളിന്റെ പ്രാരംഭ കഥ ഇപ്രകാരമാണ്.മേനോൻ മാസ്റ്ററും സ്കൂളിന്റെ സ്ഥാപക മാനേജരായിരുന്ന പരേതനായശ്രീ.കെ.പി.നാരായണ പിഷാരോടിയും,സ്കൂൾ സ്ഥാപക ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ.എം.കൃഷ്ണൻ നായർ മാഷും അരക്കുപറമ്പിന്റെ സമീപ പ്രദേശമായ വെട്ടത്തൂരിൽ ജോലി ചെയ്യുകയായിരുന്നു.ശ്രീ നാരായണ പിഷാരോടി അവിടുത്തെ ചർക്ക അധ്യാപകനും മറ്റുള്ളവർ സഹ അധ്യാപകരുമായിരുന്നു. പ്രാദേശികരായ അധ്യാപകർക്ക് ജോലി നൽകണം എന്ന നിയമം നടപ്പിൽ വന്നതിന്റെ പേരിൽ ഇവർക്ക് തങ്ങളുടെ ജോലി നഷ്ടമായി.ഇനിയെന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കെ ഷാരോടി മാഷ് എന്തുകൊണ്ട് നമുക്കൊരു സ്കൂൾ തുടങ്ങിക്കൂട എന്ന ആശയം മുന്നോട്ടുവെക്കുകയും മറ്റുള്ളവർക്കും അത് സ്വീകാര്യമാവുകയും ചെയ്തു.സ്കൂളിന് വേണ്ടിയുള്ള സ്ഥലത്തിന്റെ അന്വോഷണാർത്ഥം അവർ പലരെയും സമീപിച്ചു.അവസാനം പാണംപുഴി ഉണിച്ചിരിക്കുട്ടിയമ്മ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നല്കാൻ തയ്യാറായി മുന്നോട്ടുവരുകയും ശ്രീ കെ.പി.നാരായണ പിഷാരോടിയുടെയും മേനോൻ മാസ്റ്ററുടെയും അശ്രാന്ത പരിശ്രമഫലമായി 1953 ജൂലായ് ഒന്നാം തിയ്യതി ഒന്നും രണ്ടും ക്ലാസ്സോടുകൂടി വെറും ആറുകുട്ടികളും മൂന്ന് അധ്യാപകരുമായി ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു.ശ്രീ.കൃഷ്ണൻ നായർമാഷ് പ്രധാനാധ്യാപകനായും പ്രഭാകര മേനോൻ മാസ്റ്റർ,ശ്രീ പരമേശ്വരൻ മാസ്റ്റർ എന്നിവർ സഹാധ്യാപകരായും പ്രവർത്തനം ആരംഭിച്ച അരക്കുപറമ്പ് എ.യു.പി.സ്കൂളിന്റെ പ്രയാണം അങ്ങനെ ആരംഭിച്ചു.ഈ അക്ഷരതറവാട്ടിലേക്ക് വിദ്യയുടെ ആദ്യാക്ഷരം നുകരാൻ ആദ്യമായി എത്തിയ വിദ്യാർത്ഥി മാഞ്ചീരിനാരായണൻ നായർ ആണ് . 1954 ൽ പി.സരോജിനി ടീച്ചർ ,കല്യാണിക്കുട്ടി ടീച്ചർ എന്നിവർകൂടി അധ്യാപകരായി ഇവിടെ ചേർന്നു.

ലോകം ചന്ദ്രമണ്ഡലത്തിലേക്കു കുതിച്ചുയർന്നു കൊണ്ടിരിക്കുമ്പോഴും വിദ്യാഭ്യാസം പല പരിവർത്തനങ്ങളുമായി മുന്നോട്ടുപോയി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും അരക്കുപറമ്പിലെ ജനത ഒരു റോഡില്ലാതെയും മറ്റു പ്രാഥമിക സൗകര്യങ്ങളില്ലാതെയും പിന്നോക്കം നിന്നിരുന്ന ഒരുകാലഘട്ടമായിരുന്നു അന്ന്.ഈ അധോഗതിക്കു മാറ്റുകൂട്ടത്തക്കവിധമായിരുന്നു അന്നത്തെ രക്ഷിതാക്കളുടെ സമീപനവും മനോഭാവവും. കുട്ടികളെ പറങ്കിമാവിൻ തോട്ടം നോക്കുവാനും കന്നുകാലികളെ മേയ്ക്കുവാനും കുട്ടികളെ നോക്കുവാനും അലഞ്ഞുതിരിയാനും മറ്റും വിട്ടു നിരക്ഷര കക്ഷികളാക്കിവളർത്തിയെടുക്കുന്ന രക്ഷിതാക്കളായിരുന്നു ഭൂരിഭാഗവും. കുട്ടികളെ അക്ഷര സമ്പന്നരാക്കേണ്ട ചുമതല അധ്യാപകർക്ക് മാത്രമാണ് എന്ന് തോന്നുന്ന അവസ്ഥയായിരുന്നു അന്ന് നിലനിന്നിരുന്നത്. ഓരോവീട്ടിൽ നിന്നും നാഴി അരിവീതം മേടിച്ചു കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുത്താണ് കുട്ടികളെ സ്കൂളിൽ പിടിച്ചു നിർത്തിയിരുന്നത്. 1960ൽ 8-ാo ക്ലാസ്സ്‌ തുറന്നതോടെ ഒരു പൂർണ്ണ അപ്പർ പ്രൈമറി സ്കൂളായി ഈ സ്ഥാപനം ഉയർന്നു.

നന്മ മാത്രം കൈ മുതലായിരുന്ന പ്രവർത്തനം മുഖമുദ്രയായിരുന്ന സ്ഥാപക മാനേജർ ശ്രീ.നാരായണ പിഷാരോടി സാമ്പത്തിക പരാതീനത മൂലം ഇതിന്റെ മാനേജ്‌മന്റ് അരക്കുപറമ്പിലെ പ്രശസ്തമായ കറുത്തേടത്ത്‌ മനയിലെ പരേതനായ ശ്രീ.കെ.പി.ശ്രീകുമാരൻ നമ്പൂതിരിക്ക് കൈമാറി. 1966 ജൂലായ് മാസം മുതൽ അദ്ദേഹത്തിന്റെ കീഴിലായിരുന്നു ഈസ്ഥാപനം. സാമ്പത്തിക ഭദ്രതയുള്ള കരങ്ങളിലേല്പിക്കപെട്ടപ്പോൾ സ്കൂളിന്റെ മുഖച്ഛായ തന്നെ ആകെ മാറി. പുതിയ കെട്ടിടം, പുതിയ ഡിവിഷനുകൾ എന്നിങ്ങനെ സ്കൂളിന്റെ വളർച്ച പടിപടിയായി ഉയർന്നു. എന്നാൽ വിദഗ്ധ ഹസ്തങ്ങളിലേല്പിച്ച് ഇതിന്റെ വളർച്ച മുഴുവൻ കാണുവാൻ ഭാഗ്യമില്ലാതെ സ്ഥാപക മാനേജർ 1969ജനുവരി 8-ാo തിയ്യതി ഇഹലോക വാസം വെടിഞ്ഞു. പുതിയ ഡിവിഷനുകൾ വന്നതോടുകൂടി സ്കൂളിന്റെ പേരും പെരുമയും വർദ്ധിച്ചു. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ജോലി തേടി ആളുകൾ ഇവിടെ എത്തി. തെക്ക് തിരുവനതപുരം ജില്ല മുതൽ വടക്ക് കാസർകോഡ് ജില്ല വരെയുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള നിരവധി അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവിധ സംസ്കാരങ്ങളുടെ ഒരു കൂട്ടായ്മ തന്നെയായിരുന്നു ഇവിടെ നിലനിന്നിരുന്നത്. സ്കൂളിന്റെ സാരഥ്യം 1983 മുതൽ മുൻ മാനേജരുടെ പുത്രനായ ശ്രീ.കെ.പി.നാരായണൻ നമ്പൂതിരിയുടെ കരങ്ങളിലായി. പിന്നീടങ്ങോട്ടുള്ള സ്കൂളിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. അദ്ദേഹത്തിന്റെ കുശാഗ്ര ബുദ്ധിയും ഭരണ തന്ത്രവും എടുത്തു പറയത്തക്കതാണ്. പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം, പുതിയ അധ്യാപക നിയമനങ്ങൾ, അങ്ങിനെ അദ്ദേഹത്തിന്റെ ശ്രമം ഫലമായി 1992 ൽ 29ഡിവിഷനായി ഉയർന്നു. ഈ സ്കൂളിന്റെ വളർച്ചക്ക് വലിയ സംഭാവന തന്റെ കർമ്മം കൊണ്ട് ചെയ്തു എന്ന് എടുത്തുപറയാതെ വയ്യ. രാധ ടീച്ചറിൽ നിന്ന് സാരഥ്യം ഏറ്റുവാങ്ങിയത് ശ്രീ.ദാമോധരനുണ്ണി മാസ്റ്ററും തുടർന്ന് പാർവ്വതി അന്തർജനം, ശ്രീദേവി ടീച്ചർ, ഉഷ ടീച്ചർ പിന്നീട് മോഹൻദാസ് മാസ്റ്റർ ഹെഡ് മാസ്റ്ററായി തുടർന്ന് വരുന്നു. അതിനിടയിൽ സമൂഹത്തിലുണ്ടായ ഇംഗ്ലീഷ് മതിഭ്രമം ഒപ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ തള്ളിക്കയറ്റവും എല്ലായിടത്തും എന്നപോലെ ഈ സ്കൂളിനെയും ബാധിച്ചു.

2013 ഏപ്രിൽ മാസം 4 -ാoതിയ്യതി, മാനേജർ ആയ കെ.പി നമ്പൂതിരി ഇഹലോക വാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ മരണ ശേഷം ദീർഘ കാലം മാനേജർ ഇല്ലാത്ത അനശ്ചിതാവസ്ഥയിലായിരുന്നു ഈ സ്കൂൾ. അങ്ങനെ ദീർഘകാല തർക്കത്തിനൊടുവിൽ ഈ സ്കൂളിനൊരു നാഥനുണ്ടായി.2021 ൽ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാവുകയും 14.07.2021 മുതൽ കെ.പി സുരേഷ് മാനേജരായി 3 വർഷക്കാലത്തേക്ക് നിയമിതനാവുകയും ചെയ്തു. ഒട്ടേറെ ഇടർച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും അഭിമാനത്തോടെ തലഉയർത്തി നിൽക്കുന്നു എ.യു.പി.സ്‌കൂൾ അരക്കുപറമ്പ്.