എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് . കൃത്യമായി പറഞ്ഞാൽ 1923ൽ. നാട്ടെഴുത്തച്ഛൻമാരുടെ "എഴുത്തൂട്" അല്ലാതെ മറ്റൊരു വിദ്യാദാന സമ്പ്രദായം നിലവിലില്ലാത്ത കാലത്ത് ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവർ കേളു നായർക്ക് തന്റെ മകളുടെ മകൻ കുഞ്ഞിഗോവിന്ദൻ എന്ന കോട്ടയിൽ ഗോവിന്ദൻ നമ്പ്യാർക്ക് സ്കൂൾ വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹത്തിൽ നിന്നും ഉടലെടുത്തതാണ് മേലാങ്കോട് സ്കൂൾ. അതിന് പിന്നിലുള്ള പ്രേരണ കണ്ണൻനായരായിരുന്നു.കുഞ്ഞു ഗോവിന്ദൻ കണ്ണൻ നായരുടെ ഭാര്യാസഹോദരൻ ആയിരുന്നു. കണ്ണൻ നായരുടെ താമസ സ്ഥലത്തിനടുത്ത് തന്നെയുള്ള ഏച്ചിക്കാനത്തിന്റെ സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .സ്കൂൾ ഉണരാൻ കെട്ടിടം മാത്രം പോരല്ലോ കുട്ടികളും അധ്യാപകരും വേണ്ടേ?കുഞ്ഞി ഗോവിന്ദന് ഒറ്റയ്ക്ക് സ്കൂളിലിരിക്കാൻ മടിയായത് കൊണ്ട് കൂട്ടിനായി ഉന്നത ജന്മി കുടുംബങ്ങളിലെ  പത്തോളംകുട്ടികളെയും സ്കൂളിൽ ചേർത്തു.നാട്ടിലൊരിടത്തുനിന്നും അധ്യാപകനെ കണ്ടെത്താൻ കഴിഞ്ഞില്ല.അവസാനം പയ്യന്നൂരിനടുത്തിനിന്നും സുബ്രഹ്മണ്യൻ പട്ടർ എന്ന അധ്യാപകനെ കണ്ടെത്തി.സ്കൂൾ നടത്തിപ്പിന്റെ മുഴുവൻ ചെലവുകളും നടത്തിയത് ഏച്ചിക്കാനം ആയിരുന്നു. 1923 ആയിരുന്നു  സ്കൂളിന്റെ ആരംഭം.1925 ഓടു കൂടിയാണ് കണ്ണൻ നായർ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭ പരിപാദികളിൽ സജീവമാകുന്നതും ഹൊസ്ദുർഗ്  കോൺഗ്രസിന്റെ അഗ്രാസനത്തിൽ എത്തുന്നതും.അതോടെ കണ്ണൻ നായരുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും കർമപരിപാടികളുടെ സിരാകേന്ദ്രമായി മാന്തോപ്പ് മൈതാനവും ബല്ലാ സ്കൂളുകളും മാറി. പ്രധാന ചർച്ചാവേദിയും ബല്ലാ ഗ്രാമത്തിലെ ഈ വിദ്യാലയം തന്നെയായിരുന്നു.ബല്ലാ ഗ്രാമത്തിലെ വിദ്യാലയം എന്ന നിലയിലാണ് "ബല്ലാ സ്കൂൾ" എന്ന പേര് വീണത്. കണ്ണൻ നായരുടെ മേൽനോട്ടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നീങ്ങാൻ തുടങ്ങിയതുമുതൽ പൊതുസമൂഹത്തിലെ സാധാരണക്കാരുടെ മക്കളെയും സ്കൂളിൽ ചേർക്കാൻ തുടങ്ങി.കെട്ടിട സൗകര്യം പോരാത്തതിനാൽ പഴയ കെട്ടിടത്തോട് ചേർന്ന് മറ്റൊരു കെട്ടിടം കൂടി ഏച്ചിക്കാനത്തിന്റെ  വകയായി കണ്ണൻ നായർകെട്ടിയുയർത്തി.ഈ ഇരട്ടക്കെട്ടിടത്തിലാണ് ബല്ലാ സ്കൂൾ ദീർഘകാലം പ്രവർത്തിച്ചത്. 1928 കണ്ണൻ നായർ സ്കൂളിൽ ഒരു നിശാപാഠശാല ആരംഭിക്കുന്നത്. പല രാത്രികളിലും അദ്ദേഹം നിശാപാഠശാലയിൽ എത്തുകയും ക്ലാസ്സെടു ക്കുകയും  ചെയ്തിരുന്നു. കണ്ണൻ നായർ മാത്രമല്ല കോൺഗ്രസ് നേതാക്കളും ഒപ്പം കൂടി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ ബെള്ളിക്കൊത്ത് സ്ഥാപിച്ച  വിജ്ഞാനദായിനി വിദ്യാലയത്തിലെഅധ്യാപകരും നിശാപാഠശാലയിൽ ക്ലാസ്സെടുക്കാൻ എത്തിയിരുന്നു .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും പല യോഗങ്ങളും അന്ന് നടന്നിരുന്നത് ബല്ലാ സ്കൂളിൽ വച്ചായിരുന്നു. അതുകൊണ്ട് കേരളത്തിലെയും കർണാടകത്തിലെയും ഒട്ടുമിക്ക നേതാക്കളും പലപ്പോഴായി ഇവിടെ എത്തിയിരുന്നു.കേരള ഗാന്ധി കേളപ്പൻ  കെ.പി കേശവമേനോൻ, എൻ. എസ്.മാധവൻ നായർ എ.കെ.ഗോപാലൻ മന്നത്തു പത്മനാഭൻ പ്രൊഫസർ മന്മഥൻ നായർ, സുബ്രഹ്മണ്യൻ തിരുമുമ്പ് , ഇ.എം.എസ് ,എസ് നായർ, കൃഷ്ണപിള്ള പറഞ്ഞാൽ തീരാത്തത്ര മഹത്തുക്കളുടെ പാദസ്പർശമേറ്റ മണ്ണാണിത്.

നാടകപ്രവർത്തകരുടെ കേദാരമായിരുന്നു ബല്ല സ്കൂളിന്റെ തിരുമുറ്റം.  ഏച്ചിക്കാനം കാരണവരുടെ വകയായി ഒരു നാടക കൊട്ടക ഇവിടെ പ്രവർത്തിച്ചിരുന്നു. വിദ്വാൻ പി കേളുനായരുടെ പാക്കനാർ ചരിതം, ശ്രീരാമപട്ടാഭിഷേകം, കുട്ടമത്തിന്റെ ബാലഗോപാലൻ, രസിക ശിരോമണി കോമൻ നായരുടെ കള്ളിന്റെ തള്ള്, തുടങ്ങിയ നാടകങ്ങൾ കാണുന്നതിന് നാടുമുഴുവൻ ഇവിടെ ഒത്തുചേർന്നിരുന്നു എന്നതിന് രേഖകളുണ്ട്. സ്വാതന്ത്ര്യ ലബ്ധിയോടെ വിദ്യാലയം സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി.ഹൊസ്ദുർഗ് - കാസർകോട് പ്രദേശങ്ങൾ അന്ന് സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു.മദിരാശി സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്നു സൗത്ത് കാനറ. എ.സി. ചാത്തുക്കുട്ടി നായർ  താലൂക്ക് ബോർഡ് പ്രസിഡണ്ടായിരുന്നപ്പോഴാണ് സ്കൂൾ ജില്ലാ ബോർഡ്ഏറ്റെടുത്തത്. രസിക ശിരോമണി കോമൻ നായരായിരുന്നു അന്ന് പ്രഥമാധ്യാപകൻ ."വിദ്യാലയം കോമൻ നായർക്ക് എഴുതി നൽകാം"എന്ന നിർദേശം കണ്ണൻ നായരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. " എനിക്ക് വേണ്ട, എച്ചിക്കാനത്തിന്  വേണ്ടെങ്കിൽ സർക്കാരിന് വിട്ടു കൊടുക്കാം" എന്ന മറുപടിയാണ്  കോമൻ നായർ നൽകിയത്.അതോടെ സ്ഥാപനം ജില്ലാ ബോർഡിന്റെതായി.ഇന്ത്യ സ്വതന്ത്രയായ 1947 ആഗസ്റ്റ് 15ന് പ്രഭാതത്തിൽ ബല്ല സ്കൂൾ അസംബ്ലിയിൽ പതാക ഉയർത്തിയതും കുട്ടികൾക്കും അധ്യാപകർക്കും സ്വാതന്ത്ര്യദിന സന്ദേശം നൽകിയതും എ.സി.കണ്ണൻ നായർ ആയിരുന്നു.1956 ൽ കേരള സംസ്ഥാനം രൂപീകൃതമാവുകയും ഹൊസ്ദുർഗ് ,- കാസറഗോഡ്  താലൂക്കുകൾ ഐക്യ കേരള സംസ്ഥാനത്തോട് കൂട്ടി ചേർക്കുകയും ചെയ്തതോടെ ഇത് ജി. എൽ.പി. സ്കൂൾ  ബല്ലആയി മാറി.

നിരവധി പ്രയാസങ്ങൾക്കിടയിലൂടെയാണ് പിന്നീട് വിദ്യാലയം നീങ്ങിയത് .1980 വിദ്യാലയം യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പക്ഷേ ക്ലാസ് നടത്താൻ  ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ലായിരുന്നു. സർക്കാർ അനുവദിച്ച ഒരു കെട്ടിടം പണി തീർക്കുന്നതിനുള്ള ശ്രമമാണ് സ്പോൺസറിംഗ് കമ്മിറ്റി നടത്തിയത്. എ.സി. മോഹനൻ നമ്പ്യാർ, വീട്ടൽ ഷേണായ്, കറുത്തമ്പു മേസ്ത്രി,ഉമേഷ് കാമത്ത് സി.എൻ.കമ്മാരൻ നായർ എന്നിവരുടെ കാര്യക്ഷമമായ പ്രവർത്തനം കൊണ്ട് കെട്ടിടനിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ചന്ദ്രശേഖരൻ സവിശേഷശ്രദ്ധ വിദ്യാലയത്തിൽ പഠിപ്പിക്കുകയുണ്ടായി. 1995 തന്നെ വിദ്യാലയം കണ്ണൻ നായരുടെ സ്മരണയ്ക്കായി ശ്രമങ്ങൾ ആരംഭിച്ചു പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങൾ തട്ടിമുട്ടി പ്രവർത്തനം മന്ദഗതിയിലായി.  എന്നാൽ കണ്ണൻ നായരെ സ്നേഹിക്കുന്ന പ്രാദേശിക സമൂഹം ശ്രമം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.  2012 ഈ വിദ്യാലയം എ.സി. കണ്ണൻ നായർ സ്മാരക ഗവൺമെൻറ് യുപിസ്കൂൾ മേലാംകോട് എന്ന പേരിൽ അറിയാൻ തുടങ്ങി .തന്റെ സമ്പത്തും സമയവും ജീവിതം തന്നെയും രാജ്യത്തിന് സമർപ്പിച്ച ഒരു മഹാപുരുഷനുള്ള നിത്യസ്മാരകമായി ഇത് മാറി.

ഇന്ന് കാസർകോട് ജില്ലയിൽ തലയെടുപ്പോടെ നിൽക്കുന്ന ഒരു യുപിസ്കൂൾ ആണിത് .നൂതന അക്കാദമിക സമ്പ്രദായങ്ങളും കലാകായിക പരിശീലനവുമായി വിദ്യാലയം മുന്നോട്ടു കുതിക്കുന്നു ."മേലാങ്കൊട്ടുമുന്നോട്ട് "എന്ന മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ടാണ് പ്രാദേശിക സമൂഹം പിന്തുണയുമായി സ്കൂളിന് ഒപ്പമുള്ളത്. ഇന്ന് അതിമനോഹരമായ കെട്ടിട സമുച്ചയം, മോഡൽ പ്രീ പ്രൈമറി വിഭാഗം ,ശുചിത്വ സമുച്ചയം ഡിജിറ്റൽ ലൈബ്രറി  എന്നിവ ഉള്ളവിദ്യാലയം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.