എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ രോഗപ്രതിരോധസംവിധാനം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധസംവിധാനം


ജന്തുശരീരത്തിൽ വായ്, ത്വക്ക്, കുടൽ, ശ്വാസനാളികൾ തുടങ്ങിയ എല്ലാ ശരീരഭാഗങ്ങളിലും അണുജീവികൾ വസിക്കുന്നുണ്ട്. ശരീര കലകളിലേക്ക് ആഴ്നിറങ്ങാൻ അവസരമുണ്ടായാൽ അണുബാധയിലൂടെ കോശജ്വലനവും, കലകളുടെ നാശവുമൊക്കെ ഉണ്ടാക്കാൻ പോന്നവയാണ് ഇവയിൽപ്പലതും. ശരീരത്തിൽ സ്വാഭാവികമായി കാണുന്ന ഇവയ്ക്ക് പുറമേയാണ് വെളിയിൽനിന്നു ശരീരത്തിലേക്ക് കടക്കാൻ സാധ്യതയുള്ള രോഗാണുക്കളുടെ നിതാന്ത സാന്നിധ്യവും. ഇവയ്ക്കൊക്കെ എതിരേ പ്രതിരോധമേർപ്പെടുത്തേണ്ടിവരുമ്പോൾ ശരീരം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നത് സ്വന്തവും അന്യവുമായ ഹാനികളെ കൃത്യമായി വേർതിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രതികരണങ്ങളെ നിയന്ത്രിക്കുക എന്നതാണ്. ആന്തരികമായ ഹാനികാരകങ്ങളെത്തന്നെ സ്വന്തം കോശവ്യവസ്ഥയിൽ നിന്ന് വേർതിരിച്ചുകാണേണ്ടത് അവശ്യമാണ്. മറ്റൊരു പ്രധാന വെല്ലുവിളിയാണ് നിരന്തരമായി ജനിതക കോശഘടനാവ്യതിയാനങ്ങളും വഴി പരിണമിച്ചുകൊണ്ടിരിക്കുന്ന അണുക്കളെ തിരിച്ചറിയേണ്ടിവരുകയെന്നത്. ഈ കടമ്പകളെ ഫലപ്രദമായി കടക്കുന്നതിനു വേണ്ടി വിവിധ പ്രതിരോധ രീതികൾ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.




വിവിധ തലങ്ങളുള്ളതും രോഗബാധയ്ക്കെതിരേ ഓരോ ഘട്ടത്തിലും കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കുന്നതുമായ പ്രതിരോധസംവിധാനമാണുള്ളത്. ലളിതമായി പറഞ്ഞാൽ ഭൗതികമായ തടസ്സങ്ങൾ കാരണം ബാക്റ്റീരിയകളൂം വൈറസുകളും മറ്റും ശരീരത്തിൽ കടക്കാതെ തടയപ്പെടുന്നു. രോഗകാരി ഈ തടസ്സം കഴിഞ്ഞ് അകത്തുകടന്നാൽ, സഹജപ്രതിരോധവ്യവസ്ഥ ത്വരിതഗതിയിൽ പ്രവർത്തിക്കുന്നതും കൃത്യതയില്ലാത്തതുമായ ഒരു പ്രതിരോധം തീർക്കും. ഇത്തരം സംവിധാനം എല്ലാ സസ്യങ്ങളിലും ജന്തുക്കളിലും കാണപ്പെടുന്നുണ്ട്. രോഗകാരികൾ ഈ സംവിധാനവും മറികടക്കുകയാണെങ്കിൽ, അനുവർത്തന പ്രതിരോധസംവിധാനം പ്രവർത്തനക്ഷമമാകും. സഹജപ്രതിരോധവ്യവസ്ഥയാണ് അനുവർത്തന പ്രതിരോധ സംവിധാനത്തെ ഉണർത്തുന്നത്. രോഗകാരിയെ തിരിച്ചറിയുകയും അതിനെപ്പറ്റിയുള്ള ഓർമ സൂക്ഷിച്ചുവയ്ക്കുകയുമാണ് ഈ സംവിധാനം ചെയ്യുന്നത്.




രോഗപ്രതിരോധസംവിധാനത്തിനു തകരാറുകൾ സംഭവിക്കുന്നത് രോഗങ്ങൾക്ക് കാരണമാകാം. ഈ തകരാറുകളെ രണ്ടായി വർഗീകരിക്കാം. പ്രതിരോധസംവിധാനത്തിന്റെ അമിതപ്രതികരണം മൂലമുണ്ടാകുന്ന രോഗങ്ങളും പ്രതിരോധവ്യവസ്ഥ ക്ഷയിക്കുന്നതുമൂലമുള്ള രോഗങ്ങളും. സ്വന്ത കോശങ്ങളെയും കലകളെയും അന്യവസ്തുവായിക്കണ്ട് ആക്രമിക്കുക വഴി പ്രതിരോധവ്യവസ്ഥ ശരീരത്തിനു ഹാനിയുണ്ടാക്കുന്നതാണു അമിതപ്രതികരണത്തിൽ സംഭവിക്കുന്നത്. മരുന്നുകളുടെ പാർശ്വഫലം മൂലമോ പ്രതിരോധകോശങ്ങളെത്തന്നെ ബാധിക്കുന്ന ചിലതരം അണുബാധകൾ മൂലമോ ചില ജനിതകത്തകരാറുകൾ മൂലമോ ഒക്കെ രോഗപ്രതിരോധവ്യവസ്ഥ ക്ഷയിക്കാം. ആരോഗ്യമുള്ള സാധാരണ അവസ്ഥകളിൽ നിസാര അണുബാധകളായി വന്ന് പോകുന്ന രോഗങ്ങൾ പോലും അത്തരക്കാരിൽ ആവർത്തിക്കുന്നതും മാരകമായ രോഗങ്ങളായി പരിണമിക്കാവുന്നതും ആണ് .


റിമി രാജൻ
9 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം