എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രയോജനമാകത്തക്ക വിധത്തിൽ വിവിധ പ്രവർത്തനങ്ങൾ കൗതുകമുണർത്തക്ക വിധത്തിൽ വിജ്ഞാനപ്രദമായി നടത്തുകയുണ്ടായി.

3.ജൈവവൈവിദ്യ ഉദ്യാനം നിർമിതി വളരെ ഭംഗിയായി ക്രമീകരിച്ചിരുന്നു. വിവിധ തരത്തിലുള്ള പൂക്കളും, പൂമ്പാറ്റകളും, ഔഷധ സസ്യങ്ങളും എല്ലാ ഉദ്യാനത്തെ മനോഹരമാക്കുകയും, വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തുവാനും സാധിച്ചു.

4.സയൻസുമായി ബന്ധപ്പെട്ടു വിവിധ പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. ലളിതമായി ചെയ്തതു കൊണ്ട് പഠന നേട്ടങ്ങളിൽ എല്ലാ കുട്ടികളേയും എത്തിക്കുവാൻ സാധിച്ചു.. കുട്ടികളുടെ പ്രവർത്തനങ്ങൽ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനം നടത്തുകയുണ്ടായി.

5.ശാസ്ത്രം ,ഗണിതം ,ചിത്രരചന ,സാമൂഹിക ശാസ്ത്രം ,വിദ്യാരംഗം ,ഭാഷ വിഷയങ്ങൾ (മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി )തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ മികച്ച സമ്മാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങളുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.

6.നല്ലപാഠം

നന്മ നിറഞ്ഞ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമ്മുടെ കുരുന്നുകളെ പ്രാപ്തരാക്കാൻ മലയാളമനോരമ ചെയ്യുന്ന നല്ലപാഠം പദ്ധതി കേരളത്തിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പലതുള്ളി, വഴിക്കണ്ണ് തുടങ്ങിയ കർമ്മ പദ്ധതികൾ കേരളത്തിന് സമർപ്പിച്ച മലയാളമനോരമയുടെ ഉദ്യമത്തിൽ പങ്കുചേരാൻ എ.എം.എം. ടി.ടി.ഐ & യു.പി സ്കൂളിന്  സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

        ഈ സ്കൂളിൽ പഠിച്ചിരുന്ന ശരത്ത് എന്ന കുട്ടി നിരന്തരമായി ക്ലാസ്സിൽ എത്താത്തതിനാൽ അധ്യാപകർ അന്വേഷിച്ച് പോയി. ജില്ല ആശുപത്രിയിൽ നിരാശനായി കഴിയുന്ന ശരത്തിനെയാണ് കാണാൻ സാധിച്ചത്. ഹൃദ് രോഗിയായ അമ്മയെ ശുശ്രുഷിച്ചിരുന്നത് ശരത്തും മൂത്ത മൂന്ന് സഹോദരിമാരും ആയിരുന്നു. പിതാവ് ഉപേക്ഷിച്ച് പോവുകയും ചെയ്തു. സാമ്പത്തിക ബാധ്യത കാരണം വാടക വീട് ഉപേക്ഷിക്കേണ്ടി വന്നതോടെ ഇവരുടെ ജീവിതം ആശുപത്രി വരാന്തയിലേക്ക് മാറ്റേണ്ടി വന്നു. ശരത്തിൻ്റെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യുകയും മനോരമ നല്ലപാഠം പദ്ധതിയിലൂടെ ആ കുടുംബത്തെ സഹായിക്കാൻ കുട്ടികൾ തയ്യാറാകുകയും ചെയ്തു. ജൂലൈ 10 ആം തീയതി കൂടിയ പി ടി എ മീറ്റിംഗിൽ ഈ വിവരം പറഞ്ഞപ്പോൾ തന്നെ അവർ പരിപൂർണ പിന്തുണ നൽകുകയും ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. സി. കെ മാത്യു നിറഞ്ഞ മനസ്സോടെ ഇതിനെ സ്വാഗതം ചെയ്തു. ഓരോ ക്ലാസ്സിലും പുവർ ബോക്സുകൾ സ്ഥാപിച്ച് കുട്ടികൾ അനാവശ്യമായി ചിലവഴിക്കുന്ന ഓരോ പൈസയും തങ്ങളുടെ കൂട്ടുകാരനായി നീക്കിവയ്ക്കാൻ അവരെ രക്ഷിതാക്കളും അധ്യാപകരും പ്രേരിപ്പിച്ചു. ജൂലൈ പന്ത്രണ്ടാം തീയതി മുതൽ റെഗുലർ ആയി സ്കൂളിൽ വരാൻ ഉള്ള ക്രമീകരണം ചെയ്തു. അവന് ആവശ്യമായ യൂണിഫോമും സ്കൂൾ ബാഗും ബുക്ക്സും വാങ്ങി കൊടുത്തു. അമ്മക്കൊപ്പം നില്ക്കേണ്ട സാഹചര്യം കൂടി പരിഗണിച്ച് സ്കൂൾ ബസ്സിൽ വരാൻ ഉള്ള സൗകര്യം ചെയ്തു കൊടുത്തു. വീടില്ലാത്ത അവർക്ക് ഒരു വീട് എടുത്ത് താമസ യോഗ്യമാക്കി കൊടുത്തു

7. സുമനസ്സുള്ളവർ അറിയുന്നുണ്ടോ ഈ കുഞ്ഞു ഹൃദയത്തിൻറെ വേദന

ജന്മനാ ഹൃദയത്തിന് അസുഖമുള്ള അമൃതയുടെ ചികിത്സാ ചെലവ് എങ്ങനെ സമാഹരിക്കാൻ ആകും എന്ന് അറിയാതെ വിദ്യാർഥികൾ ആശങ്കയിലായിരുന്നു. അമൃത ഒരുമാസമായി സ്കൂളിൽ വരാതിരുന്നപ്പോഴാണ് സഹപാഠികളും അധ്യാപകരും ചേർന്ന് വീട്ടിലെത്തിയത്. ഹൃദയവാൽവിന് തകരാർ സംഭവിച്ചത് മൂലം ഇടയ്ക്കിടയ്ക്ക് മയക്കം വരുന്നതിനാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് അമൃതയെ സ്കൂളിൽ വിടാതിരുന്നത്.  എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവൾ. ഡ്രൈവറായ പിതാവും അംഗൻവാടി അധ്യാപികയായ അമ്മയും, ഒരു സഹോദരനും അടങ്ങുന്നതായിരുന്നു കുടുംബം. അയിരൂരിൽ നാല് സെൻറ് ഉള്ള കൊച്ചുവീട്ടിൽ അമൃതയുടെ പിതാവിൻ്റെ സഹോദരന്മാരുടെ മൂന്ന് കുടുംബാംഗങ്ങളാണ് കഴിയുന്നത്. വീട്ടിലെ ഒരു മുറിയിലാണ് അമൃതയുടെ കുടുംബം താമസിക്കുന്നത്. ഹൃദയവാൽവ് തകരാർ പരിഹരിക്കാൻ രണ്ടു ലക്ഷം രൂപയാണ് ആശുപത്രിയിൽ അടയ്ക്കാൻ വേണ്ടത്. പണം ഇല്ലാതിരുന്നതിനാൽ ചികിത്സ നീട്ടിക്കൊണ്ടു പോയതാണ് അമൃതയ്ക്ക് അസുഖം കൂടാൻ കാരണം. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയപ്പോൾ ജനുവരി ആദ്യവാരത്തിൽ ശസ്ത്രക്രിയ നടത്തിയേ തീരൂ എന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനായി 1,35,000 രൂപ കെട്ടിവയ്ക്കണം. സ്കൂളിലെ സഹപാഠികൾക്ക് ശേഖരിക്കാൻ കഴിഞ്ഞത് നാലാപതിനായിരം രൂപ മാത്രം. സ്കൂൾ മാനേജർ റവ. ഡോ. സി കെ മാത്യു , ഹെഡ്മിസ്ട്രസ്സ് ലൈല തോമസ് എന്നിവരുടെ നേതൃത്വത്തിൽ അമൃതയുടെ വീട്ടിൽ എത്തി തുക കൈമാറി. ശേഷം ഞങ്ങൾ പത്രത്തിൽ വാർത്ത നൽകി. അതു വായിച്ച സുമനസ്സുകൾ അവരെ സഹായിക്കാൻ മുന്നോട്ട് വരുകയും അങ്ങനെ അവരുടെ കണ്ണുനീർ ഒപ്പാൻ സാധിച്ചു. ജനുവരി 23 നടന്ന ശസ്ത്രക്രിയ വിജയകരമാവുകയും ചെയ്തു. ‍

8. സമ്പാദ്യ ശീലം

"സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം" എന്ന പഴമൊഴി നാം മറക്കരുത്. ആരോഗ്യവും സൗകര്യവും ഉള്ള കാലത്ത് കിട്ടുന്നത് ദൂർത്തടിച്ചു കളയാതെ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് ബാക്കി സൂക്ഷിച്ചാൽ ആവശ്യ സമയത്ത് നമുക്ക് ഉപയോഗപ്പെടുത്താം എന്ന ചിന്ത കുട്ടികളിൽ വളർത്തുവാനും, ഭാവി ജീവിതത്തെക്കുറിച്ച് കരുതൽ ഉള്ളവരായി വളർന്നു വരാനും ചുറ്റുപാടിൽ കാണുന്ന ആർഭാടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുംമുള്ള മനോഭാവം കുട്ടികളിൽ വളർത്തുവാനുമായി സമ്പാദ്യശീലം തുടങ്ങുവാൻ ഈ പ്രവർത്തനത്തിലൂടെ സാധ്യമായി.

9. ഗുരുവന്ദനം

ഗുരുവിനോടുള്ള ഭക്തിക്കാണല്ലോ 'ഗുരുഭക്തി' എന്ന് പറയുന്നത്. 'ഗു' എന്നും 'രു' എന്നും രണ്ട് അക്ഷരങ്ങൾ ചേർന്ന് ഉണ്ടായിട്ടുള്ള ഗുരു എന്ന പദത്തിന് വളരെ വിപുലമായ അർത്ഥമാണുള്ളത്. ഭാരതീയരായ നമ്മുടെ സങ്കല്പത്തിൽ ഗുരു ദൈവതുല്യനാണ്. നമുക്ക് അറിവ്, ഉപദേശം ഒക്കെ നൽകി വിജ്ഞാനത്തിൻറെ ചവിട്ടു പടികൾ കയറ്റി ജ്‍ഞാനസോപാനത്തിലേക്കാനയിച്ച ഗുരുക്കൻമാർ നമുക്കു കാണപ്പെട്ട ദൈവം തന്നെ. ഇങ്ങനെയുള്ള ഗുരുക്കന്മാരെ തേടിയെത്തിയ ശിഷ്യന്മാർക്ക് അവരുടെ ജീവിത വിജയത്തിനുള്ള എല്ലാ അറിവും ഉപദേശങ്ങളും നൽകി അവരെ അയച്ചിരുന്നപ്പോൾ 'ആചാര്യ ഭവോത് ഭവ:' എന്നാണ് ഗുരുക്കന്മാർ അനുഗ്രഹിച്ചിരുന്നത്. അതായത് ഗുരുവിനെപ്പോലെ അങ്ങും ആയിതീരട്ടെ എന്നായിരുന്നു. സ്വന്തം ശിക്ഷ്യനെ 'അങ്ങ്' എന്ന് സംബോധന ചെയ്യുന്ന ഒരു സംസ്കാരമായിരുന്നു നമുക്ക് പണ്ട് ഉണ്ടായിരുന്നത്. ഇന്നത്തെ കുട്ടികൾക്ക് സ്നേഹവും ബഹുമാനവും കുറയുന്നു എന്ന് അലമുറയിടുന്ന മുതിർന്ന തലമുറയോട് നമുക്കൊന്ന് ചോദിക്കാം കുട്ടികൾക്ക് ആരാണ് മാതൃകയാകേണ്ടത്? മുതിർന്നവർ എന്നും പക്വതയുള്ളവരെന്നും അഭിമാനിക്കുന്ന നാമോരോരുത്തരും കുട്ടികൾ കണ്ടു പഠിക്കാൻ എന്തു മാതൃകയാണ് മുമ്പിൽ വച്ചിട്ടുള്ളത്? അർത്ഥവത്തായ, ക്രിയാത്മകമായ ഒരു മന:ശാസ്ത്ര സമീപനം തന്നെയാണ് അധ്യാപകൻ നടത്തേണ്ടത്. കൂട്ടുകാരനും, തത്വചിന്തകനും, വഴികാട്ടിയും ആയിരിക്കണം അധ്യാപകൻ. ഇവയെല്ലാം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാനും അവർക്ക് അധ്യാപകരോടു കുട്ടികൾക്ക് ബഹുമാനം ഉണ്ടാക്കുവാനും വേണ്ടി അധ്യാപക ദിനം എങ്ങനെ ആഘോഷിക്കണം എന്ന് തീരുമാനിക്കുവാൻ ഓഗസ്റ്റ് 22 ആം തീയതി ടീച്ചേഴ്സ് മീറ്റിങ്ങ് കൂടി. കുട്ടികൾക്ക് മാതൃകയാകുവാൻ സാധിക്കുന്ന എന്തെങ്കിലും ഒരു പ്രവർത്തനം ചെയ്യണമെന്ന് ആലോചിക്കുകയും 'ഗുരുവന്ദനം' നടത്തണം എന്ന തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു. സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു വിശ്രമജീവിതം നയിക്കുന്ന എല്ലാ അധ്യാപകരേയും സെപ്റ്റംബർ 5 ന് സ്കൂളിൽ ക്ഷണിച്ച് ആദരിക്കുവാൻ തീരുമാനിച്ചു. അധ്യാപക ദിനത്തിൽ കുട്ടികൾക്ക് കാട്ടി കൊടുക്കുവാൻ കഴിയുന്ന 'നല്ല പാഠമായി' ഞങ്ങളിതിനെ കണ്ടു. ഇവിടെനിന്ന് റിട്ടയർ ചെയ്ത് ഇന്ന് ജീവിച്ചിരിക്കുന്ന 33 അധ്യാപകരെയും ഞങ്ങൾ ക്ഷണിച്ചു. ജോലിയിൽനിന്ന് വിരമിച്ചശേഷം തമ്മിൽ കാണാൻ സാധിക്കാതിരുന്ന പലർക്കും ഈ ചടങ്ങു പുതിയ ഉണർവേകി.

10. ജൈവകൃഷിയുടെ നല്ലപാഠം

മനുഷ്യൻ ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയ കാലം മുതൽ കൃഷി അവരുമായി ബന്ധപ്പെട്ടിരിക്കുന്നു ആദ്യകാലം മുതൽ മാറിവന്ന കൃഷിരീതികൾ പുതിയൊരു സംസ്കാരത്തിന് അടിത്തറപാകി. കാർഷികസംസ്കാരം ഏറ്റവും മഹത്തരമായ ഒന്നായി പരിണമിക്കുകയും ചെയ്തു. മനുഷ്യർ സാമൂഹ്യജീവിയായി താമസം തുടങ്ങിയത് മുതൽ കാർഷികസംസ്കാരം ഉടലെടുത്തു. നെൽക‍ൃഷി പ്രധാന കൃഷിയായി മാറി. നെല്ലരി കൃഷി ചെയ്യാൻ വേണ്ടി പാടത്തിൻറെ കരകളിൽ തന്നെ അവർ വീട് വച്ചു താമസിക്കാൻ ആരംഭിച്ചു. പാടത്തിൻറെ സംരക്ഷണത്തിനുവേണ്ടി വേണ്ടതെല്ലാം അവർ ചെയ്തു.

എന്നാൽ ഈ തനത് സംസ്കാരം നമുക്ക് നഷ്ടമായിരിക്കുന്നു. റബ്ബർ, കാപ്പി, ഏലം തുടങ്ങിയവ നാണ്യവിളകളുടെ കൃഷി വ്യാപകമായി. ഇതിൽനിന്നുള്ള വരുമാനം വർദ്ധിച്ചത് കൊണ്ട് ഭക്ഷ്യവിളകളോടപള്ള താല്പര്യം മനുഷ്യർ അകലാൻ തുടങ്ങി. ലാഭം കിട്ടുക എന്നത് മാത്രമായി അവൻറെ ലക്ഷ്യം. നമ്മുടെ ഭക്ഷണസാധനങ്ങൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നുവാൻ നമുക്കിന്ന് ഒരു മടിയും ഇല്ലാതായിരിക്കുന്നു. അമിതമായ രാസവള പ്രയോഗവും കീടനാശിനി പ്രയോഗവും ഏറ്റു വളർന്ന പച്ചക്കറികൾ വാങ്ങി കഴിക്കുവാൻ മലയാളിക്ക് മടിയില്ല. ഈ ജീവിത സംസ്കാരം നമ്മുടെ കൊച്ചു കുട്ടികളെ പോലും മടിയന്മാരും രോഗികളും ആക്കി മാറ്റിയിരിക്കുന്നു എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം.

സ്കൂളിൽ ഉച്ചക്കഞ്ഞിക്ക് പകരം ചോറ്' എന്ന പദ്ധതി സർക്കാർ നടപ്പിലാക്കിയപ്പോൾ കടകളിൽ നിന്നും പച്ചക്കറികൾ വാങ്ങേണ്ട സാഹചര്യമുണ്ടായി. കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ തങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന ചിന്ത കുട്ടികളിൽ ഉണ്ടാവുകയും സ്കൂളിലെ ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനെ കുറിച്ച് ഞങ്ങളോട് സംസാരിക്കുകയും ചെയ്തു. കൃഷിഭവനിൽ നിന്നും സ്കൂൾ കുട്ടികൾക്ക് നൽകിയ വിത്തുകളിൽ കുറേ ഞങ്ങൾ പാകി. രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കുവാൻ ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ല. അതിനാൽ 'ജൈവകൃഷി തോട്ടം ' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ കൃഷി ഓഫീസറെ സമീപിച്ചു. ഞങ്ങളുടെ പദ്ധതിയെക്കുറിച്ച് അറിഞ്ഞ അദ്ദേഹത്തിന് വളരെ സന്തോഷമായി. കൃഷിവകുപ്പിൽ നിന്ന് ആവശ്യമായ എല്ലാ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. അങ്ങനെ ഞങ്ങൾ സ്കൂളിൽ ഒരു ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.

11. 'തോടുകൾ നാടിന്റെ ജീവനാഡി '

മലയാള മനോരമ ദിനപത്രത്തിൽ ശ്രീ വർഗീസ് സി.തോമസിന്റെ കുളം തോണ്ടരുതേ  ജലാശയങ്ങൾ എന്ന പരമ്പരയെ അടിസ്ഥാനമാക്കി 17-08-2012-ൽ നമ്മുടെ പഞ്ചായത്തിലെ (തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് )അഞ്ചാം പാലം തോടിന്റെ ദുരവസ്ഥയെക്കുറിച്ച് വന്ന ചിത്രം ഞങ്ങളെ ഏറെ ചിന്തിപ്പിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തോടുകളിൽ മാലിന്യം തള്ളുന്നതിനെതിരെ ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിശുദ്ധവും ദൈവികവുമായ മാരാമണ്ണിൽ ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹമാണ് പമ്പാനദിയും തോടുകളും അരുവികളും എല്ലാം. ഒഴുക്ക് നിലച്ച മാലിന്യക്കൂമ്പാരമായി മാറിയ പല ജലാശയങ്ങളും നമ്മുടെ പഞ്ചായത്തിൽ ഉണ്ട്. അവയിൽ പലതിനെയും ഒഴുക്ക് അവസാനിക്കുന്ന പുണ്യനദിയായ പമ്പയിൽ ആണ് ചരിത്രം വിശ്വാസം പൈതൃകം എന്നിവയുടെയെല്ലാം അന്തർധാര ഒഴുകുന്ന ജലധാര യിലേക്കാണ് നാം ഒഴുക്കിവിടുന്ന മാലിന്യങ്ങൾ എത്തിച്ചേരുന്നത് ഈ കാര്യങ്ങൾ ഞങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും 17-08-2012 പ്രസ്തുത വിഷയത്തിൽ കുട്ടികളുമായി ചർച്ചയിൽ ഏർപ്പെടുകയും ചെയ്തു.

   സ്കൂളിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഇക്കോ ക്ലബ്ബ് അംഗങ്ങൾ രംഗത്ത് വരികയും പഞ്ചായത്തിലെ ജലാശയങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന് ഒരു നിവേദനം സമർപ്പിക്കുകയും ഒപ്പംതന്നെ 'ജലാശയങ്ങൾ നാടിന്റെ സമ്പത്താണ്' എന്ന ബോധ്യം ജനങ്ങളിൽ ഉണ്ടാവാൻ കരയിൽ ഒരു അറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ആവശ്യമായ പണം കണ്ടെത്താമെന്ന നിർദ്ദേശവും അവർ ഉയർത്തി.

21-08-2012-ൽ കൂടിയ അധ്യാപക മീറ്റിംഗിൽ ഞങ്ങൾ കുട്ടികളുടെ ഈ നിർദ്ദേശം ചർച്ച ചെയ്യുകയും അറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിനായി PWD റോഡിന്റെ അധീനതയിലുള്ള അഞ്ചാം പാലം ഭാഗത്ത് സ്ഥലം നിശ്ചയിച്ച തരുവാനുള്ള അപേക്ഷ 22-08- 2012-ൽ സ്കൂൾ HM കൊടുക്കുകയും വില്ലേജ് ഓഫീസിൽ ചെന്ന് പ്രസ്തുത തോടിന്റെ ലൊക്കേഷൻ സ്കെച്ച് പരിശോധിക്കുകയും വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ വളരെ സന്തോഷത്തോടെ ഞങ്ങളോട് സഹകരിച്ചതും ഇത്തരുണത്തിൽ സ്മരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

  24-08-2021-ൽ സ്കൂളിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഈ പ്രവർത്തനങ്ങളും ഞങ്ങൾ കൂട്ടിച്ചേർത്തു. ദേശീയോത്സവമായ ഓണത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ആറന്മുള വള്ളംകളി അടുത്ത തലമുറയ്ക്ക് അന്യമാകാതിരിക്കണമെങ്കിൽ ഈ പമ്പാനദി നാം  സംരക്ഷിച്ചേ മതിയാകൂ. അതുകൊണ്ടുതന്നെ ജലാശയങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാൻ ഈ ദിവസം തിരഞ്ഞെടുത്തു. അന്നേദിവസം രാവിലെ പതിനൊന്നരയോടെ സ്കൂൾ മാനേജർ റവ. ഡോ.സി.കെ. മാത്യു, എച്ച്. എം. ശ്രീമതി ലൈല തോമസ്, പി. ടി.എ. പ്രസിഡന്റ് ശ്രീ. സന്തോഷ് അഗസ്റ്റി എന്നിവരുടെ നേതൃത്വത്തിൽ ഇക്കോ ക്ലബ്ബ് അംഗങ്ങൾ പഞ്ചായത്തിലെത്തി നിവേദനം സമർപ്പിക്കുകയും ശേഷം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ കുട്ടികൾ അറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. നാടിന്റെ ഉന്നതിക്കായി പ്രയത്നിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ  സഹകരണം  ഞങ്ങളുടെ സ്കൂളിൽ ഓരോ പ്രവർത്തനത്തിനും കൂടുതൽ തിളക്കം  നൽകുന്നു.

12. മാലിന്യസംസ്ക്കരണം

സമൂഹത്തിന്റെ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തിന് ഒരു പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെ ഞങ്ങൾ കുട്ടികളുമായി കൂടിയാലോചിച്ചു. ഇതിന്റെ ആദ്യപടിയായി വീടുകളിൽ ഒരു സർവേ നടത്തുവാൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി ഒരു ചോദ്യാവലി തയ്യാറാക്കുകയും ഓരോ കുട്ടിക്കും 7 മുതൽ 10 വരെ വീടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു. മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സ്ഥലപരിമിതിയും അതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ അജ്ഞതയുമാണ് ഒരു പ്രശ്നം എന്ന് മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ,തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവരുമായി ചേർന്ന് ഒരു സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

06-10-2012-ൽ ഞങ്ങൾ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ ചെല്ലുകയും അവിടത്തെ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ ശ്രീ.മുഹമ്മദ് സലീമുമായി ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു. ഈ പ്രവർത്തനത്തിൽ ശുചിത്വമിഷൻ എല്ലാ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്യുകയും 16-10- 2012-ൽ സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ്,മെമ്പർമാർ സി.ഡി.എസ്,എ.ഡി.എസ്. അംഗങ്ങൾ, സ്കൂൾ മാനേജ്മെന്റ്, പി.ടി.എ  കമ്മിറ്റി, അധ്യാപകർ,കുട്ടികൾ എല്ലാവരെയും പങ്കെടുപ്പിച്ചു ഒരു സെമിനാർ നടത്താനും അദ്ദേഹം അതിന് നേതൃത്വം നൽകാമെന്ന് സമ്മതിക്കുകയും എല്ലാവർക്കും എച്ച്. എം. കത്ത് നൽകുകയും ചെയ്തു.

   16-10-2012-ൽ രാവിലെ 11 മണിയോടെ എല്ലാവരും എത്തിച്ചേർന്നു. 11 മണിക്ക് ആരംഭിച്ച സെമിനാറിൽ സ്കൂൾ എച്ച് എം ശ്രീമതി. ലൈല തോമസ് എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാമചന്ദ്രൻനായർ ഉദ്ഘാടന പ്രസംഗം നടത്തുകയും സ്കൂൾ മാനേജർ റവ.ഡോ. സി.കെ. മാത്യു അധ്യക്ഷ പ്രസംഗം പറയുകയുമുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ഷൈനി സജു പി.ടി.എ. പ്രസിഡന്റ് ശ്രീമതി.സന്തോഷ് അഗസ്റ്റിൻ സ്കൂൾ കറസ്പോണ്ടൻന്റ് ശ്രീ. ജേക്കബ് എന്നിവർ ആശംസ പ്രസംഗം നടത്തി.

ഇന്ന് ഭൂമിയിൽ ആകെ നടക്കുന്ന ഉല്പാദനത്തിനും ഉപഭോഗത്തിനും ഭാഗമായുണ്ടാകുന്ന മാലിന്യത്തെ സംസ്കരിക്കാൻ ഒന്നര ഭൂമി വേണ്ടിവരും എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. വ്യക്തി ശുചിത്വത്തിൽ മുന്നിൽ നിൽക്കുന്ന നാം സാമൂഹിക ശുചിത്വത്തിന് വിലകൽപ്പിക്കാത്ത ദുഃഖകരമാണ്.

മാലിന്യങ്ങൾ പ്രധാനമായും മൂന്നു തരത്തിൽ പെട്ടവയാണ്:

1. പ്രകൃതി അവശിഷ്ടങ്ങൾ- സ്വാഭാവികമായി ദ്രവിച്ചു മണ്ണോട് ചേരുന്നവയാണ് ഉദാ: പഴം,പച്ചക്കറി മാംസം ഇലകൾ ഇവയൊക്കെ

2. പ്ലാസ്റ്റിക് മാലിന്യങ്ങൾ- കൂടുതൽ പ്രശ്നകാരിയും അപകടകാരിയും ആണ്, കാരണം ഒന്നു സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ ഒരിക്കലും വിഘടിക്കാത്ത രാസഘടനയാണ് പ്ലാസ്റ്റിക്കിനുള്ളത്. ഇവയുടെ ഉപയോഗം പൂർണമായി നിരോധിക്കുവാൻ സാധ്യമല്ല എന്നാൽ നമുക്ക് ഉപയോഗം കുറയ്ക്കുവാൻ സാധിക്കും.

3. അപകടകാരികളായ മാലിന്യങ്ങൾ - ഉപയോഗിച്ച് ബാക്കി വരുന്ന മരുന്നുകൾ, ആസിഡ്,രാസവസ്തുക്കൾ, കമ്പ്യൂട്ടറിനെയും ടിവിയുടെയും ഒക്കെ അവശിഷ്ടങ്ങൾ (ഇ-വേസ്റ്റ് )തുടങ്ങിയവ.

  കമ്പോസ്റ്റ് നിർമ്മാണ കുഴി, മാലിന്യനിർമ്മാർജ്ജന പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ഇവയൊക്കെ നിർമിക്കാൻ സൗകര്യം ഉള്ളവർക്ക് വളരെ ചുരുങ്ങിയ ചിലവിൽ ഇവ സ്ഥാപിക്കാൻ പഞ്ചായത്ത് സബ്സിഡി നൽകുന്നുണ്ട്. കുളിമുറി അടുക്കള തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വന്ന വീഴുന്നിടത്ത് ഒരു സോക്കേജ് പിറ്റ് സ്ഥാപിക്കണം. ഇവയൊക്കെ നമ്മുടെ വീടുകളിൽ ചെയ്താൽ ജൈവമാലിന്യങ്ങൾ മൂലവും മലിനജലം മൂലവും ഉണ്ടാകാനിടയുള്ള മലിനീകരണം ഇല്ലാതാക്കാൻ സാധിക്കും.

പ്ലാസ്റ്റിക് മാലിന്യങ്ങളെ മണ്ണിൽ എറിയുകയോ കത്തിക്കുകയോ ചെയ്യാതെ ഒരിടത്ത് കൂടി വയ്ക്കാം എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ശേഖരിച്ചുവയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ പഞ്ചായത്ത് തലത്തിൽ ഒരു സംഭരണ യൂണിറ്റിൽ എത്തിക്കുക ആണെങ്കിൽ ശുചിത്വമിഷൻ അത് അവിടെ നിന്ന് കൊണ്ടുപോയിക്കൊള്ളാം എന്ന് ശ്രീ.മുഹമ്മദ് സലീം പറയുകയുണ്ടായി. തമിഴ്നാട്ടിൽ നിന്നും മറ്റും പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുന്ന ആളുകളും റോഡ് ടാറിങ്ങിൽ ടാറിനൊപ്പം ഇടുന്നതിനുമൊക്കെ ചിലർ ഇത് ശേഖരിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതി നുള്ള 'ഷണ്ടിങ് മെഷീൻ' ശുചിത്വ മിഷനും പഞ്ചായത്തും ചേർന്ന് വാങ്ങിയാൽ നമ്മുടെ പഞ്ചായത്ത് തന്നെ ഇത് പൊടിയാക്കി പ്ലാസ്റ്റിക്കിന് അളവ് കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങളൊക്കെ സശ്രദ്ധം കേട്ടിരുന്ന പഞ്ചായത്ത് പ്രസിഡന്റ്, കുടുംബശ്രീ, അയൽക്കൂട്ടം, സന്നദ്ധ സംഘടനകൾ സ്കൂളുകൾ ഇവയുടെയൊക്കെ സഹകരണത്തിൽ പഞ്ചായത്തിൽ ഒരു പ്ലാസ്റ്റിക് സംഭരണ യൂണിറ്റ് സ്ഥാപിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി പഞ്ചായത്ത് ഭരണസമിതി കൂടിയാലോചന നടത്തി ഒരു 'ഷണ്ടിങ് മെഷീൻ 'വാങ്ങാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടനെ തന്നെ ഇക്കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം ഉണ്ടാക്കാൻ മേൽപ്പറഞ്ഞ ആളുകളെയും ശുചിത്വ മിഷനെയും ഉൾപ്പെടുത്തി  പഞ്ചായത്ത് തലത്തിൽ ഒരു മീറ്റിംഗ് കൂടുകയും അതിന് ആവശ്യമായ സ്ഥലം നിശ്ചയിക്കുകയും അതിന്റെ

പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ എത്തിച്ചേരുകയും ചെയ്യും എന്ന് അദ്ദേഹം വാഗ്ദാനം നൽകി.

സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂൾ ഗൈഡ്സും  ഇക്കോ ക്ലബ് അംഗങ്ങളും ചേർന്ന് 'ശുചിത്വ സേന' രൂപീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകം ബാസ്ക്കറ്റ് ക്രമീകരിച്ചു. കഴിയുന്നതും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക എന്നും തീരുമാനിച്ചു.

13. സ്വാതന്ത്ര്യത്തിന്റെ നല്ലപാഠം

സ്വാതന്ത്ര്യത്തിന് അറുപത്തിയാറാം വാർഷികം ഒരു പുനർ ചിന്തയുടെ ആവട്ടെ എന്ന തീരുമാനത്തിൽ നിന്നാണ് ഞങ്ങൾ വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷം ക്രമീകരിച്ചത്. അതിനായി പിടിഎ മീറ്റിംഗ് കൂടുകയും തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനി ആയ ശ്രീ. ഓ. സി. ചാക്കോയെ ആദരിക്കാൻ ഉള്ള തീരുമാനമുണ്ടായി. അതോടൊപ്പം തന്നെ നല്ല പാഠം പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂൾ പാതയിൽ അപകടകരമായ വിധത്തിലുള്ള രണ്ടു വളവുകളിലും അപകട സൂചന ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും ഭീഷണിയായ സാഹചര്യത്തിലാണ് നല്ല പാഠത്തിലൂടെ ഈ ആശയം സ്കൂൾ അധികൃതർ മുന്നോട്ടുവെച്ചത്.  ഈ പരിപാടികൾക്ക് ആവശ്യമായ പണം പി.ടി.എ.ഫണ്ടിൽ എടുക്കാമെന്ന് പിടിഎ കമ്മിറ്റി യുടെ നിലപാട് ഞങ്ങൾക്ക് ആശ്വാസമേകി. ഓഗസ്റ്റ് 15 ആം തീയതി രാവിലെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 1943 മുതൽ 1945 വരെ നേതാജി സുഭാഷ് ചന്ദ്രബോസിനെ ഐഎൻഎയുടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ഓർമ്മകൾ ശ്രീ.ഒ.സി ചാക്കോ കുട്ടികളുമായി പങ്കുവെച്ചു. ഈ പ്രവർത്തനത്തിലൂടെ  ദേശത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളെ സ്മരിക്കാനും അവരുടെ പ്രവർത്തനങ്ങളെ ഓർത്ത് അഭിമാനിക്കുവാനും ഓരോ കുട്ടിക്കും സാധിച്ചു.

സ്വാതന്ത്ര്യ ദിന ക്വിസ്, ദേശഭക്തിഗാനം മത്സരം, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നടന്ന പല സംഭവങ്ങളെയും നാടക വൽക്കരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. സ്വാതന്ത്ര്യ  ദിനാഘോഷത്തിന്റെ ഭാഗമായി തന്നെ നല്ല പാഠത്തിലൂടെ റോഡുകളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിച്ചു. ചെട്ടിമുക്ക്- പരപ്പുഴ കടവിന് സമീപവും യാക്കോബായ പള്ളിക്ക് സമീപവുമാണ് പി. ടി. എ. യുടെ സഹകരണത്തോടെ ബോർഡ് സ്ഥാപിച്ചത്. സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ശേഷം പഞ്ചായത്ത് പ്രസിഡന്റ് സ്കൂൾ മാനേജർ പിടിഎ പ്രസിഡന്റ്,പി. ടി. എ.അംഗങ്ങൾ അധ്യാപകർ, കുട്ടികൾ എന്നിവർ സ്കൂൾ ബാന്റിന്റെ അകമ്പടിയോടെ ബോർഡ്  സ്ഥാപിച്ചത് മറ്റൊരു സ്വാതന്ത്ര്യ ആഘോഷ കാഴ്ചയായി മാറി.

ദേശസ്നേഹം ചെറുപ്പകാലത്തുതന്നെ ശീലം ആക്കേണ്ടതാണ്. അങ്ങനെയുള്ള ശീലം പിന്നീട് ജീവിതകാലത്ത് ഒരിക്കലും മറക്കുകയില്ല.ദേശസ്നേഹം ഓരോ പൗരനും ആത്മാവിൽ കിടക്കണം.

14. ലോകമിതവ്യയദിനം

കുട്ടികൾ സ്കൂളിൽ കൊണ്ടു വരുന്ന ഉച്ച ഭക്ഷണം പാഴാക്കിക്കളയുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുകയും ഈ പ്രവണത കുട്ടികളിൽ നിന്നും മാറ്റിക്കളഞ്ഞു മിതവ്യയത്തിന്റെ നല്ലപാഠം അവർക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ മുപ്പതാം തീയതി ഞങ്ങൾ ലോകമിതവ്യയ ദിനാചരണം നടത്തിയത്.

ഒക്ടോബർ 29 ആം തീയതി സ്കൂൾ അസംബ്ലിയിൽ എച്ച് എം കുട്ടികളോട് ഇക്കാര്യം ചർച്ച ചെയ്തു തങ്ങൾ പാഴാക്കി കളയുന്ന ഭക്ഷണം മറ്റു പലരുടെയും വിശപ്പു മാറ്റാൻ ഉതകുന്നതാണ് എന്ന വസ്തുത ഇതിലൂടെ കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു തങ്ങൾ ചെയ്തത് വലിയ തെറ്റായിരുന്നു എന്ന് അവർക്ക് ബോധ്യപ്പെടുകയും ഇനി അത് ആവർത്തിക്കില്ല എന്ന് അവർ തീരുമാനിച്ചു. ലോക മിതവ്യയ ദിനം എങ്ങനെ ആചരിക്കണം എന്ന ചോദ്യത്തിന് കുട്ടികൾ തന്നെ കണ്ടെത്തിയ ഉത്തരമായിരുന്നു പ

'പിടിയരി ദാനം 'എന്ന പ്രവർത്തനം. ഒക്ടോബർ മുപ്പതാം തീയതി രാവിലെ സ്കൂൾ അസംബ്ലിയിൽ ലോക മിതവ്യയ  ദിനത്തിനെക്കുറിച്ച് നല്ലപാഠം വിദ്യാർഥി കോർഡിനേറ്റർ കുമാരി ഷേബ ആൻ ഫിലിപ്പ് കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു. തിരുക്കുറൾ കർത്താവും തമിഴ്നാട്ടിലെ ആത്മീയ ആചാര്യനും ആയിരുന്ന തിരുവള്ളുവർ മരണശേഷം തന്റെ ദേഹം ജന്തുക്കൾക്ക് തിന്നാൻ ഇട്ടു  കൊടുക്കാൻ കൽപ്പിച്ച തിരുവള്ളുവർ, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്ന് വിശ്വസിച്ചു.

അദ്ദേഹത്തെപ്പറ്റി ഒരു കഥയുണ്ട് :-

കുളിയും കുറിയും കഴിഞ്ഞ് തിരുവള്ളുവർ ഭക്ഷണത്തിനിരിക്കുമ്പോൾ എന്നുമൊരു സൂചിയും ഒരു കിണ്ടി വെള്ളവും ആവശ്യപ്പെടും. എന്തിന് ചോദിക്കാതെ ഭാര്യ വാസുകി അതുകൊണ്ട് വയ്ക്കും. ദശാബ്ദങ്ങളായി ഈ പതിവ് തുടർന്നു. വാസുകി രോഗശയ്യയിലായി. മരിക്കുന്നതിനു മുൻപ് എന്തെങ്കിലും ആഗ്രഹം അവശേഷിക്കുന്നുണ്ടോ എന്ന് തിരുവള്ളുവർ ചോദിച്ചു. വർഷങ്ങളായി ഞാൻ ഭക്ഷണത്തിനു മുൻപ് വെള്ളം കൊണ്ട് വയ്ക്കുന്നു.പക്ഷേ ഇന്നേവരെ അങ്ങ് അത് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. എന്തിനാണ് എന്ന് അറിയാൻ ആഗ്രഹമുണ്ട് അവർ ക്ഷീണശബ്ദത്തിൽ പറഞ്ഞു. "ഭക്ഷണം കഴിക്കുമ്പോഴോ വിളമ്പുമ്പോഴോ ഒരു വറ്റെങ്കിലും വീണുപോയാൽ സൂചി കൊണ്ട് കുത്തി ഞാൻ ആഹരിക്കുമായിരുന്നു. നിന്റെ വിളമ്പലിന്റെ സൂക്ഷ്മതകൊണ്ടും ഉണ്ണ്യന്നത്തിലുള്ള എന്റെ ശ്രദ്ധയും മൂലം ഇതുവരെ അതിനു ഇട വന്നിട്ടില്ല" - തിരുവള്ളുവർ പറഞ്ഞു.

അതിനുശേഷം എച്ച്.എം ശ്രീമതി. ലൈല തോമസ് "ലോകമിതവ്യയദിനമായ ഇന്നു മുതൽ ഒരിക്കലും ഞാൻ ഭക്ഷണസാധനങ്ങൾ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ഇല്ല" എന്ന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് അവർ കൊണ്ടുവന്ന അരി തയ്യാറാക്കി വച്ചിരുന്ന കാർട്ടൂണുകളിൽ നിക്ഷേപിക്കുകയും ചെയ്തു. ഇങ്ങനെ ശേഖരിച്ച അരി സ്കൂൾ ഏറ്റെടുത്ത് സംരക്ഷിച്ചു പോരുന്ന ശരത്തിന്റെ കുടുംബത്തിന് നൽകുവാൻ തീരുമാനിച്ചു. തങ്ങളുടെ കൊച്ചു കൈകൾ നീട്ടിയ അരിമണികൾ ഒരു കുടുംബത്തിന് വിശപ്പകറ്റാൻ മതിയായതാണ് എന്ന തിരിച്ചറിവ് കുട്ടികളുടെ ഹൃദയത്തിൽ കാരുണ്യത്തിന്റെ നനവ് പടർത്തി.

15. ദേശീയ തപാൽ ദിനചാരണം - Oct10

മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അതിപ്രസരം ഇന്നത്തെ തലമുറയെ എഴുത്തിൽ നിന്നും വായനയിൽ നിന്നും എല്ലാം അകറ്റി നിർത്തിയിരിക്കുന്നു. നാം കൈവിട്ടു കളഞ്ഞ ആ നല്ല ശീലം തിരികെ കൊണ്ട് വരിക, തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഇക്കാലത്ത് അതിനുള്ള പ്രസക്തിയെക്കുറിച്ചും കുട്ടികൾക്ക് ബോധ്യം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഞങ്ങൾ ദേശീയ തപാൽ ദിനനാഘോഷം ക്രമീകരിച്ചു. ഒക്ടോബർ പത്താം തീയതി രാവിലെ 9 മണിക്ക് കരുതിവെച്ചിരുന്ന പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ പ്രിയപെട്ടവരുടെ അഡ്രസ് എഴുതി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒക്കെ അവർ കത്തെഴുതാൻ ആരംഭിച്ചു. സ്നേഹം നിറഞ്ഞ വാക്കുകൾ എഴുതി ചേർത്തപ്പോൾ അവർക്കുണ്ടായ ആനന്ദം വർണനാതീതം ആയിരുന്നു. കുട്ടികൾക്ക് ഇത് ആദ്യത്തെ അനുഭവമായിരുന്നു. വിശേഷങ്ങൾ എഴുതാൻ തുടങ്ങിയപ്പോഴാണ് തങ്ങൾ ഇത്രനാളും നഷ്ടപ്പെടുത്തിയ ഈ സന്തോഷ അനുഭവത്തെ അവർ തിരിച്ചറിഞ്ഞത്. 10 മണിയോടെ ഞങ്ങൾ കുട്ടികളുമായി കോഴഞ്ചേരി പോസ്റ്റ് ഓഫീസിൽ ചെന്നു. ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചിരുന്ന അവിടുത്തെ ജീവനക്കാർ വളരെ സന്തോഷത്തോടെ ഞങ്ങളെ എതിരേറ്റു.പോസ്റ്റ് മിസ്ട്രസ് ശ്രീമതി.വിജയകുമാരി, മറ്റ് സ്റ്റാഫ് എല്ലാം അവരുടെ ജോലിയെക്കുറിച്ച് വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വളരെ ലളിതമായി അവർ വിശദീകരിച്ചു. തപാൽ സേവനങ്ങളെക്കുറിച്ചും തപാൽ സംവിധാനങ്ങളെക്കുറിച്ചും ഒക്കെയുള്ള അറിവുകൾ പലതും കുട്ടികളിൽ കൗതുകമുണർത്തി.പോസ്റ്റ് ഓഫീസ് കണ്ടിട്ടില്ലാത്ത കുട്ടികളും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ഒരു കത്ത് എത്ര ഘട്ടങ്ങളിലൂടെ കടന്നാണ് മേൽവിലാസക്കാരന്റെ കൈയിൽ എത്തുന്നത് എന്ന് പോസ്റ്റ് മാൻ വിവരിച്ചപ്പോൾ കേട്ട് നിന്നവർക്ക് അതിശയമായിരുന്നു. ബോക്സ് നമ്പർ വച്ച് വരുന്ന കത്തുകൾ എങ്ങനെയാണ് ഉടമസ്ഥന് ലഭിക്കുന്നതെന്നും ടെലഗ്രാം,മണിയോഡർ ഇവയൊക്കെ അയക്കുന്നത് എങ്ങനെ എന്നും അതിന്റെ ഫോമിനെക്കുറിച്ച്മൊക്കെ വിശദീകരിച്ചു കൊടുത്തു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഏർപ്പെട്ടിരിക്കുന്ന വിനോദമായ ഫിലാറ്റലിയെക്കുറിച്ച് അറിഞ്ഞപ്പോൾ അതിൽ ഏർപ്പെട്ടിരിക്കുന്ന പല കുട്ടികൾക്കും അതിനെക്കുറിച്ച് അറിയുവാൻ കൂടുതൽ ജിജ്ഞാസയായി. കൂടുതൽപേർ സ്റ്റാമ്പ് ശേഖരണം തുടങ്ങാൻ തീരുമാനിച്ചു. തപാൽ വകുപ്പിന്റെ ഫിലാറ്റലിക് ബ്യൂറോകളെക്കുറിച്ചുള്ള  അറിവ് അവർക്ക് പുതിയതായിരുന്നു. ലോകത്തെ ആദ്യ ഫിലാറ്റലിക് സംഘടനയായ ഓംനിബസ് നെ കുറിച്ച് ശ്രീമതി. വിജയലക്ഷ്മി വിശദീകരിച്ചു ഇന്ത്യൻ തപാൽ സ്റ്റാമ്പിന്റെ പിതാവിനെക്കുറിച്ചും സ്വാതന്ത്ര്യ ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി ഗാന്ധിജി ആയിരുന്നു എന്നും അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തപാൽ രംഗത്തെ പദങ്ങളായ ബീറ്റ്, കട്ടർ ,ഡേറ്റ് സ്റ്റാമ്പ് പോസ്റ്റ് മാർക്ക്,ഈ പോസ്റ്റ് തുടങ്ങിയവ അവർ കുട്ടികളെ പരിചയപ്പെടുത്തി. സ്റ്റാമ്പ് ഇൻലാൻഡ്,പോസ്റ്റുകാർഡ്, പോസ്റ്റ് കവർ ഇവയൊക്കെ കുട്ടികളെ കാണിച്ചുകൊടുക്കുകയും വില പറയുകയും ചെയ്തു. തപാൽ വകുപ്പിലെ വിവിധ സമ്പാദ്യ പദ്ധതികളെക്കുറിച്ച് പറയുവാനും അവർ മറന്നില്ല. ഇതൊക്കെ തങ്ങൾ ജോലി ചെയ്യുന്ന മേഖലയോടുള്ള അവരുടെ അർപ്പണ മനോഭാവത്തോടെ ആണ് കാണിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തപാൽ വകുപ്പിനെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ അവർ കാട്ടിയ ഉത്സാഹത്തെ ഞങ്ങൾ ഹൃദയപൂർവ്വം അഭിനന്ദിക്കട്ടെ. ഓരോ സെക്ഷനിലും അവർ ചെയ്യുന്ന ജോലികൾ കുട്ടികൾ കണ്ടു മനസ്സിലാക്കി.ഇന്റർനെറ്റ് മൊബൈൽ ഇവയുടെ ഉപയോഗം തപാൽ വകുപ്പിന് പ്രവർത്തനത്തെ മന്ദീഭവിച്ചപ്പിചിട്ടില്ല എന്നും സാധാരണക്കാർ ഇന്നും തപാൽ വകുപ്പിനെയാണ് ഏതിനും ആശ്രയിക്കുന്നത് എന്നും അവർ വ്യക്തമാക്കി. ഓഫീസിനകത്തെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കിയ ശേഷം അവിടെ സ്ഥാപിച്ചിരുന്ന 'അഞ്ചൽ എഴുത്തുപെട്ടി' കാണാൻ കുട്ടികൾ പുറത്തേക്കിറങ്ങി.അതിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ച് പുതിയതലമുറയ്ക്ക് അറിവ് പകർന്നു നൽകാനും പോസ്റ്റ് മാസ്റ്റർ മറന്നില്ല. തിരുവിതാംകൂർ രാജവംശകാലത്ത് സ്ഥാപിതമായ അഞ്ചൽ പെട്ടികൾ ഇന്ന് വളരെ വിരളമായി കാണുന്നുള്ളൂ എന്നത് അതിന്റെ ചരിത്രപ്രാധാന്യം വിളിച്ചോതുന്നു. കത്തെഴുതുന്ന ശീലം മറന്നു പോയ മലയാളിയെ അതൊന്ന് ഓർമ്മിപ്പിക്കാനും സന്ദേശങ്ങൾ കത്തുകളിലൂടെ കൈമാറുമ്പോൾ ലഭിക്കുന്ന ആനന്ദം കുട്ടികളിൽ ജനിപ്പിക്കുകയും അവർ തങ്ങളുടെ കൂട്ടുകാർക്ക് എഴുതിയ കത്തുകൾ അഞ്ചൽ പെട്ടിയിൽ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ്,മെമ്പർമാർ,സ്കൂൾ മാനേജർ എന്നിവർക്കും തപാൽ ദിനാശംസകൾ അയക്കുവാൻ അവർ മറന്നില്ല. നമുക്ക് വേണ്ടി സേവനം ചെയ്യുന്ന ഒരു കൂട്ടം ആൾക്കാരുടെ പ്രയത്നം നമ്മുടെ ജീവിതത്തിന് സുരക്ഷിതത്വം നൽകുന്നു എന്ന നല്ലപാഠം ഈ പ്രവർത്തനങ്ങളിലൂടെ എല്ലാം കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

16. ഈശ്വരൻ മനുഷ്യന് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ് വനങ്ങൾ. നിബിഡവനങ്ങൾ ദൈവിക ദാനമാണ്.അവ നമ്മുടെ നിലനിൽപ്പിന് അനിവാര്യമാണ്. എല്ലാം അറിയാമായിരുന്നിട്ടും നാമവയെ സംരക്ഷിക്കുവാനോ കരുതുവാനോ മുതിരുന്നില്ല  എന്ന് മാത്രമല്ല അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഞങ്ങൾ ദേശീയ വന്യജീവി വാരാചരണം നടത്തുവാൻ തീരുമാനിച്ചു. അതിനോടനുബന്ധിച്ച് വനവും വന്യജീവികളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരം, ചിത്രരചന മത്സരം എന്നിവ നടത്തുകയുണ്ടായി. മരങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ സ്കൂൾ കോമ്പൗണ്ടിലെ വൃക്ഷത്തൈകളുടെ സംരക്ഷണം ഓരോ ക്ലാസുകാരെ ഏൽപ്പിച്ചു. വന്യജീവി വാരാഘോഷ സമാപന ചടങ്ങിൽ 'മാനവരാശിക്ക് വേണ്ടി മരങ്ങളെയും വന്യജീവികളെ സംരക്ഷിക്കുക'എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി സ്കൂളിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു.05-10- 2012 ൽ റാന്നി വനം വകുപ്പുമായി ബന്ധപ്പെടുകയും അവിടുത്തെ റാപ്പിഡ് റെസ്പോൺസ് ടീം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീ. മധുസൂദനൻ നായർ 08-10-2012 ൽ സ്കൂളിലെത്തി കുട്ടികൾക്ക് ക്ലാസ് എടുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു.

രാവിലെ 10 മണിയോടെ മീറ്റിംഗ് ആരംഭിച്ചു. സ്കൂൾ എച്ച്. എം.ശ്രീമതി. ലൈല തോമസ് അധ്യക്ഷത വഹിച്ച പ്രസ്തുത മീറ്റിംഗ് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. സി.കെ. മാത്യു ആശംസാ പ്രസംഗം നടത്തി.

ഈ പ്രകൃതിയിൽ ഉള്ള സർവ്വചരാചരങ്ങൾക്കും അവകാശപ്പെട്ട ഈ ഭൂമിയെ മനുഷ്യൻ നാശോന്മുഖമാക്കുന്നു. പ്രകൃതിയിൽനിന്ന് പറിച്ചുമാറ്റി കൃത്രിമ ലോകത്ത് aവളർത്തപ്പെടുന്ന പുതിയ തലമുറ, പ്രകൃതിയാണ് സത്യം എന്ന് തിരിച്ചറിയണം.

ഒരു ദിവസം ഒരു ജീവിവർഗം എന്ന നിലയിൽ ഭൂമിയിൽ ജീവികൾക്ക് നാശം സംഭവിക്കുന്നു ഇത് പ്രകൃതിയെ പ്രതികൂലമായി ബാധിക്കും അതിനാൽ ജീവജാലങ്ങളുടെ നിലനിൽപ്പ് മനുഷ്യവർഗ്ഗത്തിന് നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. വൻതോതിലുള്ള വ്യവസായങ്ങളും വനനശീകരണവും നായാട്ടും പക്ഷികളുടെയും മൃഗങ്ങളുടെയും നാശത്തിനു കാരണമായി. ഇനി അവയെ വീണ്ടെടുക്കുക എന്നത് പ്രായോഗികമല്ല.എന്നാൽ ഇനിയുള്ളതിനെ സംരക്ഷിക്കാൻ നമുക്ക് കഴിയണം. വനഭൂമി നിലനിർത്തിയത് കൊണ്ട് മാത്രം വന്യജീവികൾക്ക് സംരക്ഷണം ലഭിക്കുകയില്ല. വന്യജീവികളുടെ നിലനിൽപ്പ് ഉറപ്പുവരുത്തണം. വന്യജീവികളെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തേണ്ടത് ആവശ്യമാണ്. നശിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ വംശവർധനയ്ക്ക് സാഹചര്യം ഉണ്ടാകണം.  നമ്മുടെ ഗവൺമെന്റ് ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ട്. അതിനു തെളിവാണ് സംസ്ഥാനത്തുള്ള വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ. വന്യജീവിസംരക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിന് അനവധി അപാകതകൾ ഉണ്ട്. കേന്ദ്രങ്ങൾ വിനോദ സഞ്ചാര മേഖല ആക്കുന്നതാണ് പ്രധാനം. അവിടെ വിനോദസഞ്ചാരം അനുവദിക്കുന്നത് കൊണ്ട് ജീവികളുടെ സ്വൈര്യ ജീവിതത്തെ തടസ്സപ്പെടുത്തും. വന്യജീവി സംരക്ഷണകേന്ദ്രങ്ങളിൽ മനുഷ്യർക്ക് പ്രവേശനം അനുവദിച്ചുകൊടുക്കുന്നത് കൊണ്ട് പല ദോഷങ്ങളുമുണ്ട്. നിരവധി ആളുകൾ വരികയും പോവുകയും ചെയ്യുമ്പോൾ കാടിന്റെ ഘടനതന്നെ മാറുന്നു . വന്യജീവികൾക്ക് ഭയം ഉണ്ടാവുകയും സ്വാഭാവികം അല്ലാത്ത സാഹചര്യത്തിൽ നിന്ന് പാലായനം ചെയ്യുകയും ചെയ്യും. തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ക്ലാസ്സിൽ പറഞ്ഞു.

വന്യജീവി വാരാഘോഷ ത്തിന് ഈ വർഷത്തെ സന്ദേശമായി "മാനവരാശിക്ക് വേണ്ടി മരങ്ങളെ രക്ഷിക്കുക, വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുക" എന്ന സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. പ്രകൃതിയുടെ  ചെറുചലനങ്ങൾ പോലും ശ്രദ്ധിക്കാനും നിരീക്ഷിക്കാനും,ലഭിക്കുന്ന വിവരങ്ങൾ ശേഖരിച്ചു വയ്ക്കാനും കുട്ടികളിൽ താൽപര്യം വർദ്ധിച്ചു. ഈ ക്ലാസിന്റെ ഫലമായി പല കുട്ടികളും ഇലകൾ ശേഖരിക്കുക, പക്ഷികളെയും മൃഗങ്ങളെയും നിരീക്ഷിച്ച് ചിത്രീകരിക്കുക, ഔഷധസസ്യങ്ങളെ കണ്ടെത്തുക തുടങ്ങി പല പ്രകൃതിസൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയിരിക്കുന്നു. പ്രകൃതി  സംരക്ഷണം തങ്ങളുടെ ഉത്തരവാദിത്വം ആണെന്ന ബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ ഈ പ്രവർത്തനം സഹായകമായി.