ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യത്തിന്റെ 75th അമൃതവർഷം

ഒ എൽ എഫ് ജി എച് എസ് മതിലകം സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി കൊണ്ടാടി .

ഒ എൽ എഫ് ജി എച് എസ്സിലെ 1097 വിദ്യാർഥികൾ , ലോക്കൽ മാനേജർ റവ.സി.മനീഷ CSST , ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സിബിൾ പെരേര , അധ്യാപക അനധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് ഓഗസ്റ്റ് 10 ന് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹത്വം വിളിച്ചോതി സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് ചാർത്തിക്കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . സ്വാതന്ത്ര്യസമരസേനാനികളുടെയും , സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം പ്രതിപാദ്യവിഷയമാക്കികൊണ്ട് ചിത്രരചനാമത്സരം, ചിത്രപ്രദർശനം എന്നിവ നടത്തി . അന്നേ ദിവസം സ്വാതന്ത്ര്യദിന ക്വിസ് നടത്തുകയും യു പി , എച് എസ് വിഭാഗം വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . ആഗസ്റ്റ് 11 ന് , പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് സ്കൂൾ അങ്കണത്തിൽ ഗാന്ധിമരം നട്ടു . ഓരോ ഡിവിഷനിലെയും രണ്ടു കുട്ടികൾ ചേർന്ന് ഓരോ ഗ്രോ ബാഗിൽ പച്ചക്കറി തൈകൾ നടുകയും അതിനെ പരിപാലിച്ചു വളർത്താൻ നിർദേശിക്കുകയും ചെയ്തു . ആഗസ്റ്റ് 12 ന് വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്യുകയും വിദ്യാർത്ഥി പ്രതിനിധി കുമാരി ഫാത്തിമ നവാൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും എല്ലാ കുട്ടികളും അതേറ്റു ചൊല്ലുകയും ചെയ്തു . സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികളുടെ ഫാൻസി ഡ്രസ്സ് വളരെയേറെ മികച്ചതായിരുന്നു . തുടർന്ന് , സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾറാലി ; ബാൻഡ് , ഭാരത് മാതാ , സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികൾ , എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് , ജൂനിയർ റെഡ് ക്രോസ്സ് , അധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു . എല്ലാ വിദ്യാർഥികളും ദേശീയ പതാക നിർമ്മിച്ചു . ദേശഭക്തിഗാനം , പ്രസംഗം , രാഷ്‌ട്രപതി ദ്രൗപതി മുർമു ചരിത്രാവതരണം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .

ആഗസ്റ്റ് 15 ന് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ദേശീയ പതാക ഉയർത്തി . ബാൻഡ് , എസ് പി സി പരേഡ് , പതാക വന്ദനം , ദേശീയഗാനം , മധുരവിതരണം എന്നിവ നടന്നു . സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ജോസിന്റെ സ്വാഗതപ്രസംഗത്തോടെ പൊതുപരിപാടികൾ ആരംഭിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു . വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ മതിലകം പോലീസ് സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ശ്രീ ടി ജയകുമാറിനെയും, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ പി ഓമനകുട്ടനെയും പൊന്നാട അണിയിച്ചു ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ആദരിച്ചു . രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളും ഒ എൽ എഫ് ജി എച് എസ്സിലെ കുട്ടികളുടെ പിതാക്കന്മാരാണ് എന്ന പ്രത്യേകതയും ഉണ്ട് . കുമാരി ഏയ്ഞ്ചൽ മരിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു . വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ, സെന്റ് മേരീസ് പി ടി എ പ്രസിഡന്റ് ശ്രീ ഫൈസൽ , അധ്യാപക പ്രതിനിധി ശ്രീമതി മാഗ്‌ന ലിസ്സിൻ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നൽകി . വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നടത്തി . തുടർന്ന് വിദ്യാർഥികളുടെ ദേശഭക്തിഗാനം , സ്കിറ്റ് , ഡാൻസ് , ഫ്ലാഷ് മോബ് എന്നീ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി . മാതാപിതാക്കൾ , പി ടി എ , എം പി ടി എ അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിതറാണി നന്ദിപ്രകാശനം നടത്തി . ദേശീയഗാനത്തോടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ സമാപിച്ചു .