കയനി യു പി എസ്‍‍/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

"സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ പ്രജീവ് നമ്പ്യാരുടെ വിദ്യാലയത്തെ കുറിച്ചുള്ള അനുഭവ കുറിപ്പ് "

വെള്ളംതുള്ളി

ഞാൻ പ്രജീവ് എന്റെ എന്റെ സൗഹൃദം എന്റെ സന്തോഷം.ഇവിടെ കുറിച്ചു തുടങ്ങട്ടെ...

ആമുഖം

ഞാൻ നാലാം ക്ലാസ് മുതൽ ഏഴാംക്ലാസ് വരെ പഠിച്ച സ്കൂളിനെ പറ്റി ഫേസ്ബുക്കിൽ പരാമർശിക്കുകയുണ്ടായി... അത് എങ്ങിനെയോ കണ്ട കൂട്ടുകാരികൾ, ഏഴാം ക്ലാസിനു ശേഷം കണ്ടോ? അറിയില്ല... എന്നെ ഫേസ്ബുക്കിൽ കാണുകയും പരിചയം പുതുക്കുകയും ചെയ്തു.സൂന. സുബിന. സുബിനയാണ് ആദ്യം പറഞ്ഞത് ഒരു വാട്സപ്പ് ഗ്രൂപ്പ് തുടങ്ങിയാലോ.... പിന്നെ സൂനയും ചോദിച്ചു... ഞാൻ ഓക്കെ പറഞ്ഞു. എന്നാൽ കൊറോണ രോഗപശ്ചാത്തലത്തിൽ ലീവ് ക്യാൻസൽ ആയി ഒരു പ്രത്യേക മാനസിക അവസ്ഥയില്ലായിരുന്ന എനിക്ക് വലിയ താല്പര്യം തോന്നിയില്ല... എന്നാൽ ഇവരുണ്ടോ വിടുന്നു. ഗ്രൂപ്പിനു ഞാൻ നിർദേശിച്ച കുറച്ചു പേരുകളിൽ നിന്ന് ഒരു - പേരൊക്കെ ഇട്ടു, എന്നാൽ ഗ്രൂപ്പിനു പിറവി ഉണ്ടായില്ല.

പല ഗ്രൂപ്പുകളും അടിച്ചു പിരിയുന്നതിനു സാക്ഷിയായിട്ടുണ്ട് 19, 20 വർഷത്തിനുശേഷം അന്നത്തെ സഹപാഠികൾ ഇന്ന് എങ്ങനെ? എവിടെ? ഒന്നുമറിയില്ല... ഞാൻ ഒഴിവാക്കാൻ പറഞ്ഞു, "നിങ്ങൾ തുടങ്ങു ഞാൻ കൂടെയുണ്ട്... ". - എന്നിട്ടും കാര്യമില്ല എന്നെക്കൊണ്ട് തുടങ്ങിപ്പിച്ചു, ഗ്രൂപ്പ് ഐക്കൺ ഒക്കെ ഉണ്ടാക്കിയതാണല്ലോ....

ജനനം (വെള്ളംതുള്ളി

2020 ജൂൺ അഞ്ചാം തീയതി രാത്രി 10 മണി കഴിഞ്ഞു 42 മിനിറ്റ്, ഞാൻ ഗ്രൂപ്പ് രൂപീകരിച്ചു... ഞാനും സുബിനയും സൂനയും അഡ്മിൻ ആയി, നമുക്കറിയാവുന്നവരെ നമ്മൾ ഓരോരുത്തരായി ആഡ് ചെയ്തു തുടങ്ങി... - അവർ അവർക്കറിയാവുന്നവരെയും കൂടെകൂട്ടി.... നമ്മുടെ വെള്ളം തുള്ളി തഴച്ചുവളർന്നു... ഇലകൾ കൂടി കൂടി വന്നു... - പിന്നെ സംഭവബഹുലമായിരുന്നു ഒരു ദിവസം

കൊണ്ട് 23 അംഗങ്ങൾ... കൂടെ വായിച്ചാൽ തീരാത്ത, കേട്ടാൽ തീരാത്ത ആയിരക്കണക്കിന് മെസ്സേജുകളും

ആൺകുട്ടികളുടെ ബെഞ്ചിൽ നിന്നും മജു, ലിജു, ശ്രീലേഷ്, രതീഷ്, രാഹുൽ, ബൈജു, ഷിജിൻ, സുജിത്ത്, സുനീഷ്, പ്രഗിൻ, പ്രനീഷ്, ശരത്, സുജിത്, സുനീഷ്, ഉമേഷ്, ധനേഷ്, നിജീഷ്, രമിഷ്... പെൺകുട്ടികളുടെ ബെഞ്ചിൽനിന്ന് സൂന, സുബിന, സൽന, സ്നേഹ, ഫൗസിയ, ശർമിന... ഒരുത്സവകാലം. കല്യാണം കഴിഞ്ഞവരും അല്ലാത്തവരും, - അച്ഛൻമാരും അമ്മമാരും, നാട്ടിൽ ഉള്ളവരും വിദേശത്തുള്ളവരും, ആ പഴയ സ്കൂൾ ബെഞ്ചിൽ എത്തിയിരിക്കുന്നു.

സ്റ്റാർ ഓഫ് ദി ഡേ

RJ MANU നമ്മുടെ മജു ഒരു ആശയവുമായി മുന്നോട്ടു വന്നു, " സ്റ്റാർ ഓഫ് ദി ഡേ" ഒരു ദിവസം ഒരാൾ അയാളെ പറ്റി, അയാളുടെ ജോലിയെപ്പറ്റി അല്ലെങ്കിൽ അവർക്കിഷ്ടപ്പെട്ട എന്തിനെയെങ്കിലും പറ്റിപറയുക... ആദ്യം സുനീഷ് (08 ജൂൺ 2020), സെൻട്രൽ ജയിൽ പോലീസ്, അവൻ ജോലിയെ പറ്റി പറഞ്ഞു ആർക്കും അറിയാത്ത ശിക്ഷ രീതികളെക്കുറിച്ചും മാസ്ക്, സാനിറ്റൈസർ നിർമ്മാണത്തെക്കുറിച്ചുമൊക്കെ ഗ്രൂപ്പംഗങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു, അടുത്തദിവസം, 09 ജൂൺ 2020, ബൈജുവാണ് സ്റ്റാർ ഓഫ് ദ ഡേ...

ഷിജിൻ മാഷിന്റെ മെസ്സേജ്

കൊവിഡ് പശ്ചാത്തലത്തിൽ കേരളം മുഴുവൻ ഓൺലൈൻ ക്ലാസ് നടക്കുന്നു... ടിവി ഇല്ലാതെ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം - നിൽക്കുന്ന കുട്ടികളെ പഠനത്തിന് സഹായിക്കാൻ പറ്റുമോ? ഒരു ടിവി അല്ലേൽ മൊബൈൽ കൊടുക്കാമോ? ഞാനും കഷ്ടപ്പെട്ട് പഠിച്ചതുകൊണ്ടാവണം വല്ലാത്ത ദുഃഖം തോന്നി... നമ്മൾ ടീച്ചർമാരും വാങ്ങുന്നുണ്ട് എന്നാൽ എല്ലാവർക്കും കൊടുക്കാൻ തികയില്ല, കുട്ടികളുടെ വീട്ടിലെ അവസ്ഥ കാണുമ്പോൾ വളരെ ദുഃഖം തോന്നുന്നു ഷിജിമാഷ് പറഞ്ഞു... അവന്റെ മെസ്സേജ് കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി... ഒറ്റയ്ക്ക് ഒരു ടിവി കൊടുക്കാൻ പറ്റില്ല. ഗ്രൂപ്പിൽ ഇട്ടാലോ? കുറച്ചുപേരോട് അഭിപ്രായം ചോദിച്ചു. ഗ്രൂപ്പ് ഉണ്ടാക്കി മൂന്നുദിവസം മാത്രമാകുമ്പോൾ ഇങ്ങനെ ഇത് പ്രസിഡന്റ് ചെയ്യും? മഞ്ജു, ഷിജിൻ, സുനീഷ് അങ്ങനെ കുറച്ചു പേരോട് ചോദിച്ചു. " നീ ഗ്രൂപ്പിൽ ഇടട് ഇത് കേട്ടപ്പോൾ ഒരു ശക്തി തോന്നി കൊറോണ കാരണം എല്ലാവരും ബുദ്ധിമുട്ടിലാവും എന്നാലും കുറച്ചുപേർ സഹായിക്കാതിരിക്കില്ല.. പാവം കുട്ടികൾക്കുവേണ്ടി അല്ലേ.

ശേഷം ഗ്രൂപ്പിൽ

"സ്റ്റാർ ഓഫ് ദി ഡേ" ബൈജുവിനെ ഒരു മൂലക്കിരുത്തി എല്ലാവരുടെയും ചർച്ച "മിഷൻ ടിവി" ആയി മാറി... പെൺകുട്ടികൾക്ക് അവരുടെ ഭർത്താക്കന്മാരോട് ചോദിക്കണ്ടേ? അതു വേണോ? അധികം പ്രോത്സാഹിപ്പിക്കേണ്ട! ഞങ്ങൾ പറഞ്ഞു... മഞ്ജു വളരെ തന്മയത്വത്തോടെ കൂടി ആ മെസ്സേജ് ഗ്രൂപ്പിൽ അവതരിപ്പിച്ചു, അതു പ്രത്യേകം പറയേണ്ടതില്ലല്ലോ... ഗ്രൂപ്പിൽ ചർച്ച മുറുകി... നാട്ടിൽ ശ്രീലേഷ്, രതീഷ് കൂടെ - സൂനയും... കട്ട സപ്പോർട്ട് ആയി അമേരിക്കയിൽ നിന്ന് സ്നേഹ, ദുബായിൽ - നിന്ന് ഫൗസിയ, ഡൽഹിയിൽ നിന്ന് സൽന, ജയ്പൂരിൽ നിന്ന് ഷിജിൻ, ചെന്നെയിൽനിന്ന് ലിജു, ബംഗാളിൽ നിന്ന് ഞാനും, ബാക്കിയുള്ളവർ കേരളത്തിൽനിന്നും അടിപൊളി.

വാഹനങ്ങളെ സ്നേഹിച്ചവൻ ശ്രീലേഷ്

"ഇനിക്ക് അപാര എനർജിയാ പഹയാ" ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ ചെയ്ത തീർക്കാതെ ഉറക്കം വരാത്ത ക്ലാസിന്റെ സ്വകാര്യ അഹങ്കാരം, ഇൻഡിഗോ ഹെവി ഡ്രൈവർ, കോർഡിനേറ്ററായി മജു ആണെങ്കിലും, സെക്രട്ടറി, ട്രഷറർ, എക്സിക്യൂഷൻ കമ്മിറ്റി മെമ്പർ, എന്ന നിലയിൽ തിളങ്ങി ശ്രീലേഷ് കൂടെ രതീഷ് മറ്റൊരു വാഹന സ്നേഹി.

1000 രൂപ 500 രൂപ

ഞാനും മഞ്ജുവും ലിജു സുനീഷ് ഷിജിൻ ഒക്കെ ആയിരം രൂപ കൊടുക്കാൻ തീരുമാനിച്ചു കാരണം വേറൊന്നുമല്ല നമുക്ക് കട്ടിങ് കഴിഞ്ഞാലും ശമ്പളം കിട്ടുന്നുണ്ടല്ലോ. ഈ സാഹചര്യത്തിൽ ജോലിക്ക് പോകാൻ പറ്റാത്ത മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിയുന്നത് കൊണ്ടാണ് ആദ്യം അങ്ങനെ പറഞ്ഞത്.

ഞങ്ങളെ ഞെട്ടിച്ച ഒരു മെസ്സേജ്

"നിങ്ങൾ എങ്ങനെ പെൺകുട്ടികളെ മാറ്റിനിർത്തി എല്ലാം തീരുമാനിച്ചു? ചെലവ് കൃത്യമായി വഹിക്കണം." സുബിന്.

ഈ അഡ്മിൻ കച്ചറയാപ്പ ! ആദ്യം അങ്ങനെ തോന്നിയെങ്കിലും ഞങ്ങൾ അവളുടെ തീരുമാനം അംഗീകരിച്ചു, ചെലവുകൾ കൃത്യമായി ഭാഗിച്ച് എല്ലാവരും 500 രൂപ എടുക്കാൻ തീരുമാനിച്ചു. ഗൂഗിൾ പേ വഴി ശ്രീലേഷിന്റെ അക്കൗണ്ടിൽ പണം കുന്നുകൂടി... "ക്യാഷ് ബാക്ക് ആർക്കൊക്കെ കിട്ടിയോ ആവോ ? "

എല്ലാവരും പൈസ കൊടുത്തു ആദ്യം ആയിരം രൂപ പറഞ്ഞതുകൊണ്ടാണോ ഫൗസിയയുടെ ഷമീർ ഭായ് നിർബന്ധിച്ച് 1000 രൂപ തന്നു... അവർ തീരുമാനിച്ചു പോയെന്ന്...

മെസ്സേജ് അയച്ചു പണ്ടാരടങ്ങിപ്പോയ ദിവസങ്ങൾ.

പൈസ സെറ്റായി

ഇനി ഒരുപാട് ജോലിയുണ്ട്.. എല്ലാവരും എന്തെന്നറിയാത്ത സന്തോഷത്തിലും... എന്തോ വലിയ കാര്യം നമ്മുടെ

സ്നേഹബന്ധത്തിന് ഒരു അടയാളമാവാൻ പോകുന്നു, ഉറക്കമില്ലാത്ത രാത്രികൾ... ഉറങ്ങാത്തത് കൊണ്ട് അമേരിക്കയും ഇന്ത്യയും ദുബായിയും ഒരുപോലെ തന്നെ... ടീവി വാങ്ങുക, കൊടുക്കുക, കൈമാറ്റം ചെയ്യാൻ ഒരു സ്ഥലം സെറ്റ് ചെയ്യുക അങ്ങനെ ഒരുപാട് കാര്യങ്ങൾ...