കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെ.എം.എസ്.എൻ.എം.എ യു പി സ്കൂൾ വെളളയൂർ

മലപ്പുറം ജില്ലയിലെ മലയോര ഗ്രാമ പ്രദേശമായ കാളികാവ് പ‍ഞ്ചായത്തിലെ അവികസിത നാടായിരുന്നു വെള്ളയൂർ. ഈ പ്രദേശത്തെ നൂറ് വർഷങ്ങൾക്ക് മുമ്പ് തന്നെ അക്ഷരവെളിച്ചംകൊണ്ട് പ്രകാശപൂരിതമാക്കിയ ഒരു സ്ഥാപനമാണിത്. കെ.എം.എസ്.എൻ.എം എ യു പി (കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി)സ്കൂൾ വെളളയൂർ.വൈജ്‍‍ഞാനികവും സംസ്കരികവുമയ പുരോഗതി ഈ നാട്ടിൽ സൃഷ്ടിചെടുക്കുവാൻ ഈ വിദ്യാലയം നടത്തിയ പരിശ്രമം ചരിത്രത്തിന്റ ഭാഗമാണ്.കൃത്യമായ ഒരു തുടക്കം രേഖപ്പെടുത്തിയോ ഒരു ഉത്തരവിന്റ അടിസ്ഥാനത്തിലോ തുടങ്ങിയതല്ല ഈ വിദ്യാലയം.സ്ഥലത്തെ പ്രധാന തറവാടു വീടുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുുവാനായി എത്തിയ ഗുരുക്കൻമാർ പിന്നീട് ഇതിനെ ഒരു വിദ്യാലയ അന്തരീക്ഷത്തിലേക്ക് മാറ്റുകയായിരുന്നു.കുണ്ടുമഠo, തേലക്കാട്, പത്തായപ്പുുര എന്നീ വീടുകളിൽ താമസിച്ചാണ് ദൂരദേശത്ത് നിന്ന് എത്തിയ അധ്യാപകർ പഠിപ്പിച്ചിരുന്നത്. ശ്രീ കുഞ്ഞുണ്ണി എഴുത്തച്ഛനാണ് വെള്ളയൂരിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.ശ്രീ ശങ്കുണ്ണി പണിക്കർ, ശ്രീ കുുണ്ടുമഠത്തിൽ ബാലകൃഷ്ണൻ എന്നിവർ അദ്ദേഹത്തിന്റെ കൂടെ മുൻനിരയിൽ നിന്ന് പ്രയത്നിച്ചു. 1918 ആയപ്പോഴേക്കും ഔപചാരിക സ്വഭാവമുള്ള ഒരു വിദ്യാലയമായി ഇത് മാറി. മുസ്ലിം വിദ്യാർത്ഥികളെ ഈ വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിനായി മതപഠനവും തുടങ്ങി.ചെമ്മലപ്പുറവൻ

ചേക്കുട്ടി മൊല്ല ആയിരുന്നു ആദ്യത്തെ മത അധ്യാപകൻ. അങ്ങനെ ഓത്തു പള്ളിക്കുടമായി കുറേ കാലം മുന്നോട്ടു പോയി.

1918 ന് മുൻപ് വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി.

സ്കൂൾ നടത്തിപ്പിന് സർക്കാർ സഹായങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.നടത്തിപ്പ് പ്രയാസകരമായപ്പോൾ കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി വിദ്യാലയത്തിൻെറ നടത്തിപ്പ് ഏറ്റെടുത്തു.1945 വരെ ലോവർ എലിമെൻെറി(അഞ്ചാം ക്ലാസ്) സ്കൂളായി പ്രവർത്തിച്ച വിദ്യാലയം 1946ൽ ഹയർ

പഴയ കെട്ടിടം

എലിമെൻെറി(എട്ടാം ക്ലാസ്) ആക്കാൻ തീരുമാനമായി.പണ്ട് നിലനിന്ന വിദ്യാഭ്യാസ രീതി ആയിരുന്നു ഇത്.1948ൽ ഹയർ എലിമെൻെറി പരീക്ഷ(ഇ.എസ്.എൽ.സി)സ്കൂളിൽ വെച്ച് നടന്നു.

അക്കാലത്ത് ഇ. എസ് .എൽ . സി. വരെയുള്ള വിദ്യാലയങ്ങൾ കുറവായിരുന്നു. ഇന്നത്തെ കാളികാവ്, ചോക്കാട്, കരുവാരകുണ്ട് , തുവ്വൂർ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ അന്ന് ഇവിടേക്കെത്തിയിരുന്നു. (ഇതിന്റെ സുവർണ്ണജൂബിലി 1998 ൽ ആഘോഷിച്ചു. ) ശ്രീ. കുഞ്ഞുണ്ണി എഴുത്തച ഛൻ മുതൽ നിരവധിയായ അധ്യാപക ശ്രേഷഠർ ഈ വിദ്യാലയത്തിൽ അക്ഷര വെളിച്ചo പകർന്ന് കടന്നുപോയി.

പാഠ്യ വിഷയങ്ങൾക്കൊപ്പം-പാഠ്യേതര വിഷയങ്ങളിലും അന്ന് മികവ് പുലർത്തിയിരുന്നു. നെയ്ത്തായിരുന്നു പഴയ കാലത്തെ ക്രാഫ്റ്റ് പിരിയഡിൽ പഠിപ്പിച്ചിരുന്നത്. രണ്ട് ചർക്കയും രണ്ട് തറിയും സ്കൂളിലുണ്ടായിരുന്നു. നൂൽനൂൽക്കൽ, നെയ്യൽ എന്നിവ പഠിപ്പിക്കുവാൻ പരിശീലനം നേടിയവർ ഉണ്ടായിരുന്നു. മാധവൻ മാസ്റ്ററായിരുന്നു ആദ്യത്തെ നെയ്ത്ത് മാസ്റ്റർ. പിന്നീട് മുഹമ്മദ് കോയ മാസ്റ്ററും തുടർന്നു. സംഗീതത്തിലും നൃർത്തത്തിലും പ്രത്യേക പരിശീലനം നൽകിയിരുന്നു. ശ്രീ. ഗോവിന്ദ പിഷാരടി മാഷിന്റെ കീഴിലുള്ള സംഗീത അഭ്യാസം എടുത്തുപറയേണ്ടതാണ്. ഇദ്ദേഹത്തിന്റെ ശിഷ്യരിൽ ഏറ്റവും പ്രധാനി പിൽക്കാലത്ത് പ്രശസ്തനായ കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയാണ് അദ്ദേഹം ക്ലാസിക്കൽ, കർണ്ണാടിക് സംഗീതം അഭ്യസിച്ചത് വെള്ളയൂർ സ്കൂളിൽ നിന്നാണ്. സ്കൂൾ പഠന ശേഷം അദ്ദേഹം കലാമണ്ഡലത്തിൽ ചേർന്ന് പഠിച്ചു. പുരുഷോത്തമൻ നമ്പൂതിരിയും വാസുദേവൻ നമ്പൂതിരിയും നൃത്തം പഠിപ്പിച്ചിരുന്നു. അന്നാണ് സ്കൂൾ ആനിവേഴ്സ്റി .നാടിന്റെ മൊത്തമൊരാഘോഷമായിരുന്നു.

ഈ വിദ്യാലയം ലോവർ എലിമെന്ററിയായി പ്രവർത്തിച്ചിരുന്ന കാലത്ത് സ്കൂളിലേക്ക് പ്രവേശിക്കുന്ന ഗേറ്റിനടുത്തുള്ള ആദ്യത്തെ കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്.

ഹയർ എലിമെന്ററി ആയപ്പോൾ മെയിൻ ഹാൾ പ ണിതു. ഈ കെട്ടിടത്തിന്റെ ഇരുഭാഗത്തുമുള്ള ചെറിയ മുറികളിൽ ഓഫീസ് മുറിയും സ്റ്റാഫ് റൂം പ്രവർത്തിച്ചിരുന്നു. രണ്ട് കെട്ടിടത്തിനും ഇടയിൽ സ്റ്റേജ് തറയും മുറ്റവും...... ഇതായിരുന്നു. ഏതാണ്ട് 60 വർഷം വരെയും സ്കൂളിന്റെ ചിത്രം. സ്കൂളിന്റെ മുൻഭാഗം തെക്ക് ഭാഗത്തേക്കായിരുന്നു. വലിയ കോമ്പൗണ്ടിൽ നിറയെ മരങ്ങളും കളിസ്ഥലങ്ങളും... എല്ലാം കൊണ്ടും തികഞ്ഞ ഗ്രാമീണ അന്തരീക്ഷം....

1985-86 കാലം മുതൽ പുതിയ ഡിവിഷനുകൾ വരികയും പുതിയ കെട്ടിടങ്ങൾ മാനേജ്മെന്റ് പണിയുകയും ചെയ്തു. ആദ്യകാലത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം നൽകിയിരുന്നില്ല. ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ച കാലത്ത് കഞ്ഞിവെച്ച് നൽകിയിരുന്നതായി പലരും ഓർക്കുന്നു. ഉച്ചഭക്ഷണം, ഇന്നത്തെപോലെ സൗജന്യ യൂണിഫോം, പാഠപുസ്തകം ഒന്നും അന്ന് ഉണ്ടായിരുന്നില്ല. ഗോതമ്പ്, ഉപ്പുമാവ്, പാൽപ്പൊടി എന്നിവയാണ് വിതരണം ചെയ്തിരുന്നത്. ഇടയ്ക്ക് വെച്ച് പഠനംനിർത്തുന്നതും കൃഷിപ്പണിക്കും മറ്റും പോകുന്നതും പണ്ട് പതിവായിരുന്നു. അന്ന് മിക്ക വീടുകളിലും ദാരിദ്ര്യമായിരുന്നു. ഓലക്കുട, സ്ലൈറ്റ്, പെൻസിൽ എന്നിവയുമായി പാടവരമ്പിലൂടെയും ഊടുവഴികളിലൂടേയും നടന്നാണ് സ്കൂളിൽ പോയിരുന്നത്.

കുട്ടികൾക്ക് ചെരുപ്പ്, ബാഗ് തുടങ്ങിയവ ഇല്ലായിരുന്നു. കാളികാവിൽ നിന്ന് കൂനിയാറ - ആമപ്പൊയിൽ, വെള്ളാഞ്ചാട്ടുകല്ല് പ്രദേശത്തിലൂടെ വെള്ളയൂരിലേക്ക് ഒരു പൊതുവഴിയുണ്ടായിരുന്നു. ഇന്ന് സ്കൂൾ നിൽക്കുന്ന മണ്ണത്തപ്പറമ്പ് (വെള്ളയൂർ) മുതൽ സ്റ്റേഷൻകുുന്ന് (ഹോമിയോ ഡിസ്പെൻസറി നിൽക്കുന്ന കുുന്ന്) വഴി കാവുങ്ങലിലേക്കും എള്ളുത്തുമ്പാറ (അമ്പലപ്പടി)യിലൂടെ മീൻപറമ്പ് (പൂങ്ങോട് റോഡിലേക്കും ബന്ധിപ്പിക്കുന്ന വഴി വന്നതോടെ ജനങ്ങളുടെ സഞ്ചാരപാതയിൽ വലിയ വ്യത്യാസം വന്നു.

സ്കൂളിന്റെ പ്രധാന കവാടം തെക്കുഭാഗത്ത് നിന്ന് വടക്കുഭാഗത്തേക്ക് മാറ്റി. 1983ലാണ് ഇങ്ങനെയൊരു സഞ്ചാരപാത ഉണ്ടാവുന്നത്.

സ്കൂളിനോട് തൊട്ട് ഒരു കെട്ടിടത്തിൽ കടയും പോസ്റ്റോഫീസും മുകളിലെ നിലയിൽ വായനശാലയും ഉണ്ടായിരുന്നു. അവിടെ പൊതു റേഡിയോയും വാർത്തകളും മറ്റു പരിപാടികളും കേൾപ്പിക്കുവാൻ കാളവും (ഉച്ചഭാഷിണി) ഉണ്ടായിരുന്നു. ഇതേ കാലത്ത് കാവുങ്ങൽ പ്രദേശത്ത് കസ്തൂർബ മഹിളാ സമാജം എന്ന പേരിൽ ഒരു സ്ഥാപനം ഉണ്ടായിരുന്നു. തുന്നൽ പരിശീലനം ഉൾപ്പെടെ വനിതാ ശാക്തീകരണ പരിപാടികൾ അവിടെ നടന്നിരുന്നു.

പാറമ്മൽ പീടിക ഐലാശ്ശേരി വലിയട്ട, പൂങ്ങോട്, കാവുങ്ങൽ തുടങ്ങിയ സ്ഥലങ്ങളിൽ ഓരോ കടകൾ മാത്രമെ പണ്ട് ഉണ്ടായിരുന്നുള്ളൂ. വൈദ്യുതി, ബസ്സ് സർവ്വീസ് എന്നിവ എത്തിയിട്ട് ചുരുങ്ങിയ വർഷങ്ങൾ മാത്രമെ ആയിട്ടുള്ളൂ. കൃഷിയായിരുന്നു പണ്ട് കാലത്തെ പ്രധാന ജീവനോപാതി. കർഷകരോ കൃഷിപ്പണിക്കാരോ ആയിരുന്നു എല്ലാവരും. പാടത്ത് നെല്ല്, കപ്പ, വാഴ എന്നിവയും പറമ്പുകളിൽ പറങ്കിമാവ്, തെങ്ങ്, ചാമ എള്ള് എന്നിവയും കൃഷി ചെയ്തിരുന്നു. പാടങ്ങൾ പിന്നീട് കമുങ്ങിൻ തോട്ടങ്ങളായും പറമ്പുകൾ റബ്ബർ തോട്ടങ്ങളായും മാറി. ജലക്ഷാമം പൊതുവെ ഇല്ലായിരുന്നു. സ്കൂൾ നിൽക്കുന്ന കുന്നിന്റെ പടിഞ്ഞാറ് ഭാഗത്തിലൂടെ ചെറിയ നീരുറവകൾ ചേർന്ന് രൂപപ്പെട്ടു തോട് പിന്നീട് പാവുടുക്ക തോടായും മരുതൻചേരികുന്ന് മുതൽ കാക്കത്തോടായും മാറുന്നു. പണ്ട് എല്ലാ കാലത്തും ഇതിലൂടെ വെള്ളം ഒഴുകിയിരുന്നു. ജല ലഭ്യത കൊണ്ടാവാം ഈ നാടിന് വെള്ളയൂർ എന്ന പേര് വന്നത്. പച്ചക്കറികൾ കടകളിൽ നിന്ന് വാങ്ങാറില്ലായിരുന്നു. സ്വന്തം പറമ്പുകളിൽനിന്ന് ലഭിച്ചിരുന്നു. കൃഷി ചെയ്ത ചേന, ചേമ്പ്, ചക്ക, മരിങ്ങ... തുടങ്ങിയവയായിരുന്നു ഉപയോഗിച്ചിരുന്നത്. . മിക്ക വീടുകളിലും കന്നുകാലികളുണ്ടായിരുന്നു.ചാണകം പച്ചിലവളം എന്നിവയായിരുന്നു വളമായി ഉപ യോഗിച്ചിരുന്നത്. ഏത്തം കൊണ്ട് വെള്ളം തേവിയാ യിരുന്നു നനച്ചിരുന്നത്. കടകളിൽ നിന്നും സാധന ങ്ങൾ വാങ്ങിയിരുന്നത് തേക്കിലയിൽ പൊതിഞ്ഞായിരുന്നു. മതേതരത്വത്തിന് പേര് കേട്ട നാടാണ് വെള്ള യൂർ, വെള്ളയൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രമാണ് ഏറ്റവും പഴക്കം ചെന്ന ആരാധനാലയം. ക്ഷേത്രത്തിലെ വട്ടെഴുത്തുകൾ പ്രകാരം ഏതാണ്ട് രണ്ടായിരം വർഷത്തെ ചരിത്രമുണ്ട് ക്ഷേത്രത്തിന്. ക്ഷേത്രത്തിലെ താലപ്പൊലി ഏറ്റവും വലിയ ഉത്സവമാണ്. വെള്ളയൂർ ജുമാ മസ്ജിദിന് നൂറ്റാണ്ടിന്റെ വർഷത്തെ പഴക്കമുണ്ട്. പള്ളിയിലെ നകാര (ചണ്ടപോലുള്ള ഉപകരണം)യുടെ ശബ്ദം പഴയ കാല സാമൂഹ്യ ചരിത്രത്തിന്റെ ഭാഗമാണ്. ആശുപത്രി സൗകര്യങ്ങൾ സമീപദേശങ്ങളിൽ ഒന്നുമില്ലായിരുന്നു. ചികിത്സക്കായി ആശ്രയിച്ചിരുന്നത് അക്കാലത്തെ പ്രമുഖ വൈദ്യൻമാരായ വാഴക്കിളി അപ്പുക്കുട്ടൻ വൈദ്യർ, കുണ്ടുമഠത്തിൽ ഇട്ടീനൻ നായർ, തുവ്വൂര് കൃഷ്ണൻ വൈദ്യർ, ചെമ്പ്രശ്ശേരി ചെറുട്ടി വൈദ്യർ, ബാലകൃഷ്ണൻ വൈദ്യർ എന്നിവരെയായിരുന്നു.കാളികാവ് പഞ്ചായത്ത് രൂപീകരിച്ചപ്പോൾ സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ആദ്യത്തെ പഞ്ചായത്ത് മെമ്പറായി ശ്രീ. പ്രഭാകരൻ മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം രാജിവെക്കുകയും വാഴത്തൊടിക മുഹമ്മദ് (പള്ളിക്കൽ ബാപ്പുകാക്ക) മെമ്പറാവുകയും ചെയ്തു . എൻ.കെ. മുഹമ്മദ് അബ്ദുറഹ്മാൻ (കുഞ്ഞാപ്പ) കെ. സീതാലക്ഷ്മി, എൻ. സൈദാലി, എൻ. മൂസ, കെ.മിനി, സാവിത്രി, നസീർ, എം.പ്രീതി എന്നിവർ പിന്നീട് മെമ്പർമാരായി. ഉപരിപഠനത്തിനായി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ ആദ്യകാലങ്ങളിൽ ആശ്രയിച്ചിരുന്നത് വണ്ടൂർ വി.എം.സി. ഹൈസ്കൂളിനെയായിരുന്നു. നടന്നാണ് പോയിരുന്നത്. പിന്നീട് തുവ്വൂർ, വാണിയമ്പലം, അടക്കാക്കുണ്ട് എന്നീ സ്ഥലങ്ങളിൽ ഹൈസ്കുളുകൾ വന്നു.

2006ൽ ശ്രീ കുഞ്ഞിമോയിൻ മാസ്റ്റർ ഹെഡ് മാസ്റ്ററായ കാലത്താണ് വിദ്യാലയം ജനറൽ കലണ്ടറിലേക്ക് മാറുന്നത്.2014 ൽ ശ്രീമതി രാധാമണി ടീച്ചർ HM ഇൻ ചാർജ് ആകുന്ന കാലത്താണ് സ്കൂളിൻെറ പേര് എ യു പി സ്കൂൾ വെളളയൂർ എന്നത് കെ.എം.എസ്.എൻ.എം.എ യു പി (കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർപ്രൈമറി)സ്കൂൾ വെളളയൂർ എന്നാക്കി മാറ്റിയത്.ഇപ്പോഴത്തെ പ്രധാനാധ്യാപകൻ യു. ദേവിദാസ് ബാബു എഡിറ്ററായി പുറത്തിറക്കിയ പ്രഥമ വൈഖരി മാസികയിലാണ് "ഒരു ഗ്രാമത്തിന്റെ വെളിച്ചം "എന്ന ക്യാപ്ഷൻ ആദ്യമായി ചേർത്തത്. പിന്നീട് അത് സ്കൂളിന്റെ മുദ്രാവാക്യമാക്കി മാറ്റി.

ഇപ്പോൾ  യു.ദേവിദാസ് (ഹെഡ് മാസ്റ്റർ) നേതൃത്വത്തിൽ  മികച്ച ഒരു ഒരു ടീം വർക്ക് ആയി   നിരവധിയായ  അക്കാദമിക പ്രവർത്തനങ്ങളും , അതുപോലെതന്നെ തനതു പ്രവർത്തനങ്ങളും ഏറ്റെടുത്ത്  മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് .ഒട്ടേറെ വികസന പ്രവർത്തനങ്ങൾ   വിദ്യാലയത്തിൽ  നടപ്പിലാക്കി വരുന്നു.സർക്കാരിൽ നിന്നും വിവിധ സഹായങ്ങൾ ലഭിച്ചു. നല്ല ഒരു ടീം വർക്ക് സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് ഇപ്പോൾ വിദ്യാലയം.ഇന്ന് 1160 കുട്ടികൾ പഠിക്കുന്ന ഒരു വലിയ വിദ്യാലയമാണ് നമ്മുടേത്. 40 അധ്യാപകരും 2 അനധ്യാപകരും ഉണ്ട്.

അതോടൊപ്പം പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധങ്ങളായ പരിപാടികളും നടത്തിവരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് മുന്നോട്ട് പോവുകയാണ് നാം. അത്തരം കുട്ടികളെ കണ്ടെത്തുന്നതിനും പരിഹാര പ്രവർത്തനങ്ങൾ നടത്തുന്നതിനും ഫലപ്രദമായ സംവിധാനം വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ ക്ലാസിലും ക്ലാസ് ഡയറി (ക്ലാസ്തല പ്രവർത്തനങ്ങളുടെ രേഖപ്പെടുത്തൽ) കുട്ടികളുടെ പോലീസ് സംവിധാനം തുടങ്ങിയവ ഈ വിദ്യാലയത്തിലെ സവിശേഷതകളാണ്.