ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

പശ്ചിമഘട്ട താഴ്‌വരയിൽ  ചരിത്ര സ്മൃതികൾ അലയടിക്കുന്ന മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ (സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്.  സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന  കാളികാവ് നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം.

കിഴക്കൻ ഏറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ പരിവർത്തനങ്ങൾക്ക് നായകത്വം വഹിച്ച  അടക്കാകുണ്ട് സി എച്ച് എസ് എസ് 1978 ജൂൺ 1നു യശശ്ശരീരനായ ശ്രീ ബാപ്പു ഹാജി യാണ് തുടക്കം കുറിച്ചത്.  കർഷകരും കർഷകതൊഴിലാളികളും അടങ്ങുന്ന മലയോരവാസികളുടെ ചിരകാല സ്വപ്നമായിരുന്നു സി എച് എസ് എസ് എന്ന വിദ്യാലയ സ്ഥാപനത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്.  യുപി വിഭാഗം ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1983 - 84 അധ്യയനവർഷത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തി.

61 വിദ്യാർത്ഥികളും ഒരു അധ്യാപികയുമായി ആരംഭിച്ച വിദ്യാലയം 4500 വിദ്യാർത്ഥികളും  125 അധ്യാപകരുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2010 ൽ ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിലെ ആറ് ബാചുകളിലായി 500 വിദ്യാർത്ഥികളും 23 അധ്യാപകരുമുണ്ട്. മികച്ച ഭൗതിക സാഹചര്യങ്ങളും അക്കാദമിക അക്കാദമികേതര മേഖലകളിലെ ഉജ്ജ്വലമായ നേട്ടങ്ങളും സമർഥമായ മാനേജ്മെന്റ് പിന്തുണയും സജീവമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പിൻബലവുംകൊണ്ട് മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി സി എച് എസ് എസ് അടക്കാകുണ്ട് മാറിക്കഴിഞ്ഞു.

സ്മാർട്ട് ക്ലാസ്സ് മുറികളിൽ നൂതന സാങ്കേതിക വിദ്യയുടെയും  നവീനമായ അദ്ധ്യാപനതന്ത്രങ്ങളുടെയും പിൻബലത്തിൽ  ഊഷ്മളമായ അധ്യാപക-വിദ്യാർഥി ബന്ധത്തിലൂടെയുള്ള രസകരമായ പഠനം വിദ്യാലയത്തിന്റെ സവിശേഷതയാണ്.  ഉൾനാടൻ ഗ്രാമത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് 11 സ്കൂൾ ബസുകൾ വിദ്യാർത്ഥികൾക്കായി വിദ്യാലമൊരുക്കിയിട്ടുണ്ട്.

കായിക കേരളത്തിന്റെ ചരിത്രത്തിൽ അടക്കാക്കുണ്ട് എന്ന ഗ്രാമത്തെ  അടയാളപ്പെടുത്തിയ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിദ്യാലയത്തിനു കഴിഞ്ഞു. സാമൂഹ്യ-സാംസ്കാരിക - സാമ്പത്തിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ഒട്ടേറെ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ യശസ് ഉയർത്തി കൊണ്ടിരിക്കുന്നു. കലാ- കായിക -സാഹിത്യ  മേഖലകളിൽ പുരസ്‌കൃതരും പ്രശസ്തരുമായ ഒട്ടേറെ അധ്യാപകർ വിദ്യാലയത്തിന് മുതൽക്കൂട്ടായുണ്ട്.  സമർത്ഥരും സേവനസന്നദ്ധരും പ്രതിഭകളുമായ അധ്യാപകനിരയുടെ തണലിൽ അച്ചടക്ക മാർന്ന വിദ്യാഭ്യാസത്തിലൂടെ നാടിന്റെ പുരോഗതിക്കായി കർമസജ്ജരായ തലമുറകളെ വാർത്തെടുക്കുന്ന യജ്ഞം നിതാന്ത ജാഗ്രതയോടെ അടക്കാകുണ്ട് സി എച്ച് എസ് എസ് തുടർന്നുകൊണ്ടേയിരിക്കുന്നു Read more