ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക പ്രതിബദ്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ഡിപ്പാർട്ട്മെൻറും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ് പദ്ധതി വളരെ ഭംഗിയായി ഈ സ്കൂളിൽ നടന്നുവരുന്നു. 2013 മുതൽ ഈ പദ്ധതി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പേരൂർക്കടയിൽ വളരെ വിജയകരമായി പ്രവർത്തിച്ചു വരുന്നുണ്ട്.

തിരുവനന്തപുരം സിറ്റിയിലെ തന്നെ ഏറ്റവും മികച്ച എസ് പി സി യൂണിറ്റാണ് ഈ സ്കൂളിലുള്ളത്. ഓരോ വർഷവും 44 കേഡറ്റുകളെ എഴുത്തുപരീക്ഷയിലൂടെയും പരിശീലനങ്ങളിലൂടെയും തെരഞ്ഞെടുക്കുകയും അവർക്ക് ചിട്ടയായ പരിശീലനം നൽകുകയും ചെയ്യുന്നു. ഔട്ട്ഡോർ ക്ലാസുകൾ, മിനി പ്രോജക്റ്റുകൾ, ക്യാമ്പുകൾ, പ്രമുഖരുടെ പ്രത്യേക ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതോടൊപ്പം സാമൂഹികപരമായ കാര്യങ്ങളിലും ഏറ്റവും മുൻപന്തിയിൽ നിന്നു പ്രവർത്തിക്കാനും കേഡറ്റുകളെ പ്രാപ്തരാക്കാൻ ഈ പദ്ധതിയ്ക്ക് കഴിയുന്നുണ്ട് .

തിരുവനന്തപുരം സിറ്റി പരിധിയിലെ എസ്.പി.സി സ്കൂളുകളിൽ ഏറ്റവും നല്ല പ്രവർത്തനം നടക്കുന്ന സ്കൂളായി രണ്ടുപ്രാവശ്യം നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . അതോടൊപ്പം അക്കാദമിക എക്സലൻസിയിൽ തിരുവനന്തപുരം സിറ്റി പരിധിയിൽ ഒന്നാം സ്ഥാനമുള്ള എസ്.പി.സി യൂണിറ്റ് ആണ് നമ്മുടെ സ്കൂളിലുള്ളത്. കേഡറ്റുകൾക്ക് എല്ലാവിധ നിർദ്ദേശങ്ങളും സഹായങ്ങളും നൽകാനായി സി.പി.ഒ, എ.സി.പി.ഒ, ഡ്രിൽ ഇൻസ്പെക്ടേഴ്സ് , പോലീസ് അധികാരികൾ, സ്കൂൾ അധികാരികൾ, രക്ഷിതാക്കൾ തുടങ്ങിയവരെല്ലാം എപ്പോഴും മുൻപന്തിയിലുണ്ട്. പ്രകൃതിദുരന്ത കാലഘട്ടങ്ങളിലും, ഇപ്പോൾ നിലവിലുള്ള കൊറോണ സാഹചര്യത്തിലും, സ്കൂൾ അച്ചടക്ക പരിപാലനത്തിലും, ട്രാഫിക് നിയന്ത്രണത്തിലുമൊക്കെ എസ്.പി.സി കേഡറ്റുകളുടെ പ്രവർത്തനങ്ങൾ ഏറ്റവും എടുത്തുപറയത്തക്കതാണ്.