ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


എൻ.എസ്.എസ്

100 വോളണ്ടിയേഴ്സ് ഉൾപ്പെടുന്ന നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. സ്റ്റേറ്റ് നാഷണൽ സർവ്വീസ് സ്കീം സെല്ലിന്റെ നിർദ്ദേശാനുസരണമുള്ള പ്രവർത്തനങ്ങളോടൊപ്പം യൂണിറ്റിന്റേതായ തനതായ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്തു വരുന്നു. കോവിഡ് 19 വ്യാപനം ആശങ്കയോടെ നേരിട്ട കാലയളവിൽ ജാഗ്രതാ സന്ദേശങ്ങളും മറ്റ് സന്നദ്ധപ്രവർത്തനങ്ങളും ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി പച്ചക്കറി കൃഷിയും ഭൂമിക്ക് തണലൊരുക്കി ഫലവൃക്ഷത്തൈകൾ നട്ടും പ്ലാസ്റ്റിക്കിനെതിരെ തുണിസഞ്ചിയും പേപ്പർ ബാഗുകളും തയാറാക്കിയും സഹപാഠിക്ക് സമ്മാനമായി പഠനോപകരണം നൽകിയും സജീവമായി യൂണിറ്റ് പ്രവർത്തനം നടക്കുന്നു.

'

അതിജീവനം 2021 ' സപ്തദിന ക്യാമ്പ് നമ്മുടെ സ്കൂളിന് പുതുമോടികൾ പകർന്ന വേറിട്ട ഒരനുഭവമായിരുന്നു.

ഹരിത ഇടം

സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം സ്കൂൾ ക്യാമ്പസിൽ അത്തി, ഞാവൽ വൃക്ഷത്തൈകൾ നട്ടു.

ഉപജീവനം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉപജീവനാർത്ഥം ഒരു കുടുംബത്തിന് തയ്യൽമെഷീനും 3 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങൾ നൽകുകയും ചെയ്തു.

വീണ്ടും വിദ്യാലയത്തിലേക്ക്

കോവിഡ് വ്യാപന സാഹചര്യത്തിൽ നീണ്ടകാലം അടച്ചിട്ട വിദ്യാലയം വീണ്ടും തുറന്നപ്പോൾ വോളണ്ടിയേഴ്സ് ക്യാമ്പസ് ,ക്ലാസ്സ്മുറികൾ, ലാബുകൾ വൃത്തിയാക്കി.

തുടരണം ജാഗ്രത

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വോളണ്ടിയേഴ്സ് ബോധവത്ക്കരണ പോസ്റ്ററുകൾ തയാറാക്കി സ്കൂൾ മതിൽ, ക്യാമ്പസിന്റെ വിവിധ ഇടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പതിപ്പിച്ചു.

ആശാ കിരൺ

വോളണ്ടിയേഴ്സ് കോവളം കെ.എസ്.റോഡ് 'ക്രിസ്തു നിലയം' ബാലമന്ദിരം സന്ദർശിച്ച് കുട്ടികൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും പഠനോപകരണങ്ങളും നൽകി.

അതിജീവനം 2021

അതിജീവനം 2021 ' സപ്തദിന ക്യാമ്പ് -ഉദ്ഘാടനം

സപ്തദിന ക്യാമ്പ്

NSS ന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് 2021 ഡിസംബർ 27 മുതൽ 2022 ജനുവരി 2 വരെ നമ്മുടെ സ്കൂളിൽ വെച്ച് തന്നെ നടത്തുകയുണ്ടായി. 49 വോളണ്ടിയേഴ്സ് പങ്കെടുത്തു.

ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.കോവളം നിയോജക മണ്ഡലം എം.എൽ.എ. ശ്രീ.അഡ്വ.എം.വിൻസെന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്ലാസ്സ് മുറികളുടെ പെയിന്റിങ്, ക്യാമ്പസ് ശുചീകരണം, സ്കൂളിലേക്കുള്ള പൊതു വഴി വൃത്തിയാക്കൽ, പച്ചക്കറി കൃഷി, തനതിട നിർമ്മാണം, സീഡ് ബാൾ നിർമ്മാണം, ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ ദത്ത് ഗ്രാമത്തിൽ പച്ചക്കറിത്തൈ വിതരണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന സന്ദേശവുമായി തുണി സഞ്ചി വിതരണം എന്നിങ്ങനെ വ്യത്യസ്ത ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് സജീവമായി. പ്രാദേശിക വിഭവങ്ങൾ സമാഹരിച്ച് വോളണ്ടിയേഴ്സ് തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പുതുരുചി പകർന്നു.

ഭരണഘടനാചരണവുമായി ബന്ധപ്പെട്ട് ശ്രീ.സുനിൽ സാർ നയിച്ച' We The People', ഗാന്ധിയൻ ദർശനങ്ങൾക്കുള്ള സമകാലിക പ്രസക്തിയെക്കുറിച്ച് ഗാന്ധി സ്മാരക ചെയർമാൻ ശ്രീ.സദാനന്ദൻ സാറും വിഷ്ണുലാൽ സാറും നേതൃത്വം നൽകിയ 'ഗാന്ധി സ്മൃതി ', ലിംഗസമത്വത്തെക്കുറിച്ച് ശുചിത്വമിഷൻ, ശാസ്ത്രസാഹിത്യ പരിഷത്ത് റിസോഴ്സ് പേഴ്സൺ ശ്രീമതി. എസ്.ശ്രീകലയുടെ 'സമദർശൻ ' , പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട വിഴിഞ്ഞം ഫയർ ആൻറ് റെസ്ക്യൂ ഉദ്യോഗസ്ഥർ നേതൃത്വം നൽകിയ 'സന്നദ്ധം' ,ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ. പ്രിൻസ് ലാൽ സാറിന്റെ ക്ലാസ്സ്, ലഹരിയ്ക്ക് എതിരെയും, പോക്സോ നിയമങ്ങളെക്കുറിച്ചും അവബോധം നൽകിയ ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെട്കർ ശ്രീ. ഡി. ബിജുകുമാർ സാർ നയിച്ച 'കാവലാൾ ' എന്നീ ക്ലാസ്സുകൾ തികച്ചും വിജ്ഞാനപ്രദങ്ങളായിരുന്നു.,

2022 ഡിസംബർ 2 ന് വൈകിട്ട് 3.00 മണിക്ക് സ്കൂൾ പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച സമാപന യോഗം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആർ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ദത്ത് ഗ്രാമത്തിലേക്കായി കുട്ടികൾ തയാറാക്കിയ പച്ചക്കറിത്തൈകൾ ബഹു .പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. കുട്ടികൾ ഒരുക്കിയ തനതിടം ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂളിന് സമർപ്പിച്ചു. ക്യാമ്പിൽ വോളണ്ടിയേഴ്സ് തയാറാക്കിയ കൈയെഴുത്ത് മാഗസീൻ 'പ്രത്യാശ' പ്രിൻസിപ്പലും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് പ്രകാശനം ചെയ്തു. സ്കൂളിന് പുതിയ മുഖച്ഛായ നൽകാൻ ക്യാമ്പിന് കഴിഞ്ഞു എന്ന വാർത്ത നമ്മുടെ NSS യൂണിറ്റിന് അഭിമാനവും പ്രചോദനവും പകർന്നു.

പുതിയ ചുവടുകളിലൂടെ... വീണ്ടും... മുന്നോട്ട്...