ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കരുതലോടെ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ മുന്നോട്ട്

കോവി‍ഡ്- 19 എന്ന മഹാവിപത്തിനെ പിടിച്ചു കെട്ടാൻ ഒറ്റ മനസ്സായി ഇന്നു നാം പ്രതിരോധം തീർത്തുകൊണ്ടിരിക്കുകയാണ്. ആഗോള സമ്പദ് വ്യവസ്ഥ തട്ടുതട്ടായിടിഞ്ഞു കൊണ്ടിരിക്കുന്നു. പലേടത്തും ചികിത്സയ്ക്കുള്ള അവശ്യവസ്തുക്കൾക്കു ക്ഷാമമനുഭവപ്പെടുന്നു. ന്യൂയോർക്കിൽ ശവശരീരങ്ങൾ മറവുചെയ്യുവാൻ പോലും സ്ഥലമില്ല. പ്രതിബന്ധങ്ങൾ അനവധിയാണ്. ഒഴിഞ്ഞ നഗരങ്ങളിൽ, ഭീതി പടരുന്ന തെരുവുകളിൽ അശരണരായലയുന്ന അനവധി മനുഷ്യരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നമ്മളോരോരുത്തരുടേയും കൂടിയാണ്. നമ്മുടെ സഹോദരരോട് നമുക്കുള്ള പ്രതിബദ്ധത നിറവേറ്റേണ്ട സമയമാണിത്.ശാസ്ത്രം വളരെയേറെ പുരോഗതി പ്രാപിച്ച ഒരു സമൂഹത്തിൽ ജീവിച്ചു കൊണ്ടിരിക്കുന്ന നാം ഈ മഹാവിപത്തിനെ അതിജീവിക്കുക തന്നെചെയ്യും. പൂർണ്ണജനപങ്കാളിത്തത്തോടെ മാത്രം വിജയം സാധ്യമായ ഈ ഉദ്യമത്തിൽ നമുക്കും പങ്കാളികളാകാം. ലോകത്താകമാനം ലക്ഷക്കണക്കിനുമനുഷ്യർ കൊറോണബാധിതരായി ആശുപത്രിക്കിടക്കകളിൽ കഴിയുകയാണ്. മരണസംഖ്യ അനുദിനം ഇരട്ടിച്ചുകൊണ്ടിരിക്കുന്നിടങ്ങളുണ്ട്. ഇന്ത്യയിൽ, മഹാരാഷ്ട്രയിൽ രണ്ടുവീടുകൾക്കിടയിൽ വെറും ഒറ്റച്ചുമരതിർത്തിയുള്ള ധാരാവി പോലുള്ള സ്ഥലങ്ങളിൽ രോഗവ്യാപനമുണ്ടാക്കാനിടയുള്ള പ്രതിസന്ധിയുടെ വ്യാപ്തി അതിഭയങ്കരമാണ്. മനുഷ്യർ തിങ്ങിപ്പാർക്കുന്ന ശോചനീയമായ തെരുവുകളിൽ ഭീതിനുരയുകയാണ്. ക‍ടലുകൾക‍ടന്നെത്തി ഈ വിപത്ത് വർഗ്ഗ വർണ്ണ ഭേദമന്യേ പടർന്നുപിടിക്കുമ്പോൾ ചെറുത്തുനിൽപ്പിനായി പുതുവഴികൾതേടുന്ന പല വികസിതരാജ്യങ്ങൾക്കും മുന്നിൽ അതിജീവനത്തിന്റെ നവസാധ്യതകൾ തുറന്നിടുകയാണ് നമ്മുടെ കേരളം. ഇന്ത്യയിൽ രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ ദമ്പതികളുള്ളത് കേരളത്തിലാണ്.കൃത്യമായ മാതൃകകളുടെ അഭാവത്തിൽ സ്വയം മാതൃകയാകുവാൻ,കേരളാമോഡൽ എന്നഭിമാനപൂർവ്വം പറയുവാൻ നമുക്കായത് ആരോഗ്യവകുപ്പിന്റെ മികവിനാലും ചിട്ടയായ നിർദ്ദേശങ്ങൾ ലഭ്യമായതിനാലും സർവോപരി അവ പാലിച്ചുകൊണ്ട് നാം ഒരുമയോടെ നിലകൊണ്ടതിനാലുമാണ്. ആരേയും പട്ടിണിയുടെ പടുകുഴിയിലേക്കെറിയാതെ ജീവനുള്ളതിനൊക്കെയും സാന്ത്വനമരുളി നാം കൈവരിച്ച ഈ നേട്ടം കാലങ്ങൾക്കിപ്പുറവും ഓർമിക്കപ്പെടും.കൊറോണക്കാലത്ത് ഫാക്ടറികളടയ്ക്കപ്പെട്ടപ്പോൾ വായുവും വെള്ളവും തെളിഞ്ഞതും പ്ലാസ്റ്റിക്ക് നിക്ഷേപം ഗണ്യമായിക്കുറഞ്ഞതും നാം കാണാതെപോകരുത്. കുടുംബങ്ങളിൽ പരസ്പരം തിരിച്ചറിയലിന്റെ കൂടി കാലമായിരുന്നു ഇത്. ഈ നീണ്ട ലോക്ഡൗൺ കാലയളവ് തിരിച്ചറിവിന്റേതുകൂടിയാണ്. ഒരുമയുടെ ഐക്യത്തിന്റെ ഉത്തരവാദിത്തത്തിന്റെ സാഹോദര്യത്തിന്റെ ഒത്തൊരുമിക്കലിന് പുത്തൻ പര്യായങ്ങൾ കണ്ടെത്തലിന്റെ അറിവു സമ്പാദനത്തിന് പുതുമയാർന്ന വഴികൾ തേടലിന്റെ കാലയളവാണിത്. നമ്മുടെ കാവൽ മാലാഖമാർക്കൊപ്പം നമ്മളീവിപത്തിനെ നേരിടുക തന്നെ ചെയ്യും. ഈ കൊറോണ കാലത്തെയും നാം അതിജീവിക്കും. ഒരു പുത്തൻപുലരിക്കായി കരുതലോടെ മുന്നോട്ട്.


വിസ്മയ.വി.എസ്
9 C ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം