ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ പ്രത്യാശയുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശയുടെ കാലം

മനുഷ്യശക്തി അജയ്യമാണ്. എന്തിനെയും തൻറെ വരുതിയിലാക്കാൻ കഴിവുള്ളവൻ. മനുഷ്യൻറെ ഈ വികാസമാണ് അവനെ ഭൂമി അല്ലാതെ മറ്റ് ഗ്രഹങ്ങളിൽ അടക്കമുള്ള വിവരങ്ങൾ അറിയാനും അവയെ അന്വേഷിക്കാനും കഴിഞ്ഞതിനു ആധാരം. ഞാനാണ് ശ്രേഷ്ഠൻ എന്ന ചിന്തയിൽ ഭൂമിയിലെ സർവ്വചരാചരങ്ങളെയും മനുഷ്യൻറെ ആവശ്യങ്ങൾക്കായി അവൻ വിനിയോഗിച്ചു. ബഷീറിൻറെ 'ഭൂമിയുടെ അവകാശികൾ 'എന്ന ശീർഷകം മനുഷ്യന് മാത്രം സ്വന്തമായി. “ പ്രകൃതി അമ്മയാണ് ദൈവം ആണ് ” എന്നൊക്കെ ബാല്യകാലം മുതൽക്കേ പറഞ്ഞു ശീലിച്ച നമ്മൾ അതേ ദൈവത്തെ നമ്മുടെ കാര്യസാധ്യത്തിനായി വി നിയോഗിച്ചു. ഇത്തരം അവസ്ഥകളുടെയൊക്കെ അടിസ്ഥാനം ഓരോ മനുഷ്യൻ്റെയും വ്യക്തിപരമായ ആവശ്യങ്ങൾ ആണ്.ഇത്തരം കൊടും ക്രൂരതകളുടെ ഫലമായിരിക്കാം ലോകത്തിൽ വിവിധ ഘട്ടങ്ങളായി നടന്നിട്ടുള്ള പ്രകൃതിദുരന്തങ്ങൾ. നമ്മൾ മനുഷ്യരുടെ ചെയ്തികളുടെ ഫലമായിരിക്കാം നാം സാക്ഷ്യം വഹിച്ച ഈ ഓരോ ദുരന്തങ്ങളും. ഇതുവരെ നടന്ന ദുരന്തങ്ങളെല്ലാം ലോകത്തിലെ ചില ഭാഗങ്ങളിൽ മാത്രമാണ് ബാധിച്ചത്. ചില പ്രദേശങ്ങളെ മാത്രം കേന്ദ്രീകരിച്ച് ഇത്തരം ദുരന്തങ്ങൾ അരങ്ങേറിയപ്പോൾ നമ്മൾ മനുഷ്യർ ആശ്വസിച്ചു ഇത് നമ്മെ ബാധിക്കുന്നില്ലല്ലോ. എന്നാൽ മനുഷ്യൻറെ ചെയ്തികൾ ഭൂമിക്ക് താങ്ങാവുന്നതിലും അപ്പുറം ആയ സാഹചര്യത്തിൽ ആവാം ഭൂമി ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്. രണ്ടാം ലോകമഹായുദ്ധം പോലും പേരിൽ അല്ലാതെ ലോകരാഷ്ട്രങ്ങളെ മുഴുവൻ പ്രത്യക്ഷമായി ബാധിച്ചിരുന്നില്ല. നാമിന്ന് അനുഭവിക്കുന്ന ' മഹാമാരി കോവിഡ് 19 ' ലോകത്തെയാകെമാനം ഭയപ്പെടുത്തിയിരുന്നു. ചരിത്രത്തിൽ ഇതാദ്യമായാണ് ലോകം മുഴുവൻ കേവലമൊരു കുഞ്ഞു വൈറസിനു മുന്നിൽ കീഴടങ്ങിയത്. ലോക ഒന്നാംനമ്പർ രാഷ്ട്രം സാങ്കേതിക വിദ്യയിലെ തലവന്മാർ എന്ന് വാഴ്ത്തപ്പെടുന്ന അമേരിക്ക പോലും ഭയന്നുവിറച്ചിരിക്കുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വായുമലിനീകരണം, ജലമലിനീകരണം, പരിസര മലിനീകരണം എന്നിവയുടെ തോത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. പല ജലാശയങ്ങളും തെളിനീരാൽ സമൃദ്ധമാക്കപെട്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം കുറവായതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഹിമാലയം തെളിഞ്ഞ് കാണപ്പെടുന്നു. പ്രകൃതി തന്നെ മനുഷ്യരാശിക്ക് ഏൽപ്പിക്കുന്ന ഒരു ഷോക്ക് ട്രീറ്റ്മെൻറ് ആവാം ഇത്. ചെറിയ വൈറസിന് ഇത്രയേറെ മാറ്റം സൃഷ്ടിക്കാനാവും എങ്കിൽ നമുക്ക് എന്ത് കൊണ്ട് മാറികൂടാ?. വികസനം ആവശ്യമാണ് , എന്നാൽ പരിസ്ഥിതിക്ക് ക്ഷതമേൽപ്പിക്കാത്ത തരത്തിൽ ഉള്ള ഒരു വികസന സംസ്കാരം നാം ഉണ്ടാക്കിയെടുത്തേപറ്റൂ. ഈ ഒരു കാലം ഇതിനൊക്കെയുള്ള ഒരു കാലം ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

നിവേദിത.യു.
10D ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം