ഗവ.എൽ.പി.എസ് കൂത്താട്ടുകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ചിറ്റാർ പഞ്ചായത്തിലെ 12-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കൂത്താട്ടുകുളം ഗവ. എൽ പി സ്കൂൾ'.1942 ൽ മിഷനറി പ്രവർത്തകനായ പത്തനംതിട്ട പുത്തൻ വീട്ടിൽ പാലമൂട്ടിൽ കത്തനാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.18 വിദ്യാർഥികളുമായി പുല്ലുമേഞ്ഞ ചെറിയ ഷെഡിൽ ആരംഭിച്ച വിദ്യാലയം 1944ൽ ബഥനി സന്യാസി സമൂഹം ഏറ്റെടുത്ത് നടത്തുകയും 1946ൽ ഗവൺമെന്റിന് കൈമാറുകയും ചെയ്തു. പിന്നീട് യു. പി സ്കൂളായും ഹൈസ്കൂളായും ഉയർത്തിയതിനെ തുടർന്ന് 1967ൽ പുതിയകെട്ടിടത്തിലേക്ക് മാറുകയും എൽ പി വിഭാഗം ഇവിടെ നിലനിർത്തുകയും ചെയ്തു. സ്കൂളിനാകെ 40സെന്റ് സ്ഥലം മാത്രമാണുള്ളത്. ഈ സ്ഥലത്ത് 3 കെട്ടിടങ്ങളും അടുക്കളയും നിലവിലുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 265 കുട്ടികൾ പഠനം നടത്തി വരുന്നു. ഓഫീസ് റൂം, ക്ലാസ്സ് മുറികൾ, ഒരു ഡൈനിംഗ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്. ക്ലാസ്സുകൾ ഹാളിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്നിട്ടു കൂടി മികച്ച പരിശീലനം കൊണ്ട് പത്തനംതിട്ട സബ്ജില്ലാ കായികമേളയിൽ നമ്മുടെ സ്കൂൾ പല തവണ ചാമ്പ്യന്മാരായിട്ടുണ്ട്. എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കൂളിൽ നിന്ന് എല്ലാവർഷവും കുട്ടികൾ വിജയിക്കാറുണ്ട്. പ്രവർത്തി പരിചയ മേളയിലും സബ്ജില്ലാ കലാമേളയിലും നമ്മുടെ സ്കൂളിന് ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്. ചിറ്റാർ ഗ്രാമ പഞ്ചായത്തിലെ മറ്റ് എയിഡഡ്, അൺഎയിഡഡ് വിദ്യാലയങ്ങളെ അപേക്ഷിച്ച് പഠന മികവിൽ നമ്മുടെ വിദ്യാലയം ഉന്നത നിലവാരം പുലർത്തി വരുന്നു. ലോകത്തിൽ ആദ്യമായി യൂണിവേഴ്സിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധി യശ ശരീരനായ ശ്രീ. ചിറ്റാർ രാജൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. തൃശൂർ ജില്ലയിലെ ഒല്ലൂർ നിയോക മണ്ഡലം മുൻ എം എ ൽ എയും ഇപ്പോൾ ജനയുഗം മുഖ്യ പത്രാധിപരുമായ ശ്രീ. രാജാജി മാത്യു വതോമസ്, റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരത്ത് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. പ്രകാശ്, കേരള സർക്കാർ ഫിനാൻസ് സ്പെഷ്യൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന ശ്രീ. പ്രകാശ്, കേരളത്തിലെ പ്രശസ്ത പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും ഗ്രന്ഥകാരനും കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ഫോറസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ. ചിറ്റാർ ആനന്ദൻ, തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളിൽ അതുല്യ പ്രതിഭകളാണ്. അക്കാദമിക വർഷം വാത്സല്യം എന്ന പേരിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി അധ്യാപകർ വീട്ടിൽ പോയി അധ്യാപനം നടത്തുന്ന പ്രവർത്തനം ചിത്രീകരിച്ച ഡോക്യുമെന്ററിക്ക് സബ്ജില്ല, ജില്ലാ തലങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ അംഗീകാരവും കരസ്ഥമാക്കി. പത്തനംതിട്ട സബ് ജില്ലയിൽ പ്രൈമറി തലത്തിലും പ്രീപ്രൈമറി തലത്തിലും ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണ് ഗവ. എൽ പി സ്കൂൾ കൂത്താട്ടുകുളം.അറിവിന്റെ നിലാമുറ്റത്ത് അനേകായിരങ്ങൾക്ക് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം മലയോര ഗ്രാമത്തിന്റെ ദീപസ്തംഭമായി ഇന്നും പരിലസിക്കുന്നു.