ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/നന്മയ്ക്കുള്ള പ്രതിഫലം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയ്ക്കുള്ള പ്രതിഫലം      

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു അമ്മയും രണ്ട് പെൺമക്കളും ജീവിച്ചിരുന്നു. മൂത്ത മകൾ റിയ. രണ്ടാമത്തെ മകൾ റിൻസി. ധാരാളം പണമുണ്ടായിരുന്ന അവർക്ക് ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. റിയ വളരെ അഹങ്കാരിയായിരുന്നു. അമ്മ പലവട്ടം ഉപദേശിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ല. എന്നാൽ റിൻസി വളരെയധികം പാവവും മനസ്സിൽ നന്മയുള്ളവളുമായിരുന്നു.

        ഒരു ദിവസം വൈകുന്നേരം ഒരു വൃദ്ധൻ ആ വീട്ടിൽ എത്തി. നല്ല മഴ ഉണ്ടായിരുന്നതിനാൽ ആ പാവം തണുത്തു വിറച്ചു കൊണ്ടാണ് വന്നത്. വൃദ്ധനെ കണ്ടപാടെ റിയ പറഞ്ഞു. " ഇവിടെ നിന്നും ഇറങ്ങി പൊക്കോ, ഇവിടെ ഒന്നുമില്ല" ബഹളം കേട്ട് റിൻസി അവിടെ എത്തി. വൃദ്ധനെ കണ്ടപ്പോൾ അവൾക്ക് അലിവു തോന്നി. അവൾ ആ വൃദ്ധന് ആഹാരം നൽകി. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങി. മഴ കോരി ചൊരിയാനും തുടങ്ങി." മോളേ, ഇന്നു രാത്രി എനിക്ക് ഇവിടെ കിടക്കുവാൻ അനുവാദം തരുമോ?" വുദ്ധൻ റിൻസിയോട് ചോദിച്ചു. അവൾ ഉടനെ അമ്മയോട് അനുവാദം വാങ്ങി പുറത്തെത്തി. " കിടന്നോളൂ, അമ്മ സമ്മതിച്ചു." പിറ്റേന്ന് നേരം വെളുത്തപ്പോൾ റിയയുടെ വഴക്കുപറയൽ കേട്ടാണ് റിൻസി ഉറക്കമുണർന്നത്. "ശ്ശൊ! എന്തൊരു നാറ്റമാ ആ കിളവന്റെ പുതപ്പിന് . ഇതൊന്ന് എടുത്തു കളയൂ !" റിൻസി വൃദ്ധൻ കിടന്നിരുന്ന ഭാഗത്തേക്ക് പോയി നോക്കി. അവിടെ കീറിപ്പഴകിയ പുതപ്പ് കിടക്കുന്നുണ്ടായിരുന്നു. പാവം പുതപ്പില്ലാതെ ഇനി എങ്ങനെയാണ് രാത്രികൾ കഴിച്ചു കൂട്ടുക . എന്തായാലും ഈ പുതപ്പ് അന്വേഷിച്ച് അപ്പൂപ്പൻ വരുമായിരിക്കും. എന്നാൽ ഈ കീറിയ പുതപ്പിനു പകരം നല്ലൊരു പുതപ്പു തന്നെ കൊടുക്കണം , അവൾ മനസ്സിൽ കരുതി. പിന്നെ ഒട്ടും താമസിച്ചില്ല. അമ്മയുടെ അനുവാദത്തോടെ അവൾ നല്ലൊരു പുതപ്പെടുത്തുവച്ചു. അധികം താമസിയാതെ തന്നെ വൃദ്ധൻ താൻ മറന്നു വച്ച പുതപ്പെടുക്കാനായി വന്നു. അപ്പൂപ്പൻ വന്നയുടൻ തന്നെ റിൻസി അവൾ സൂക്ഷിച്ചു വച്ച നല്ല പുതപ്പു തന്നെ നൽകി. മറ്റുള്ളവരെ തന്റെ സ്വന്തക്കാരായി കാണുന്ന റിൻസിയുടെ ഈ നല്ല സ്വഭാവം കണ്ട് റിയയും അവളുടെ സ്വഭാവത്തിൽ മാറ്റം വരുത്തി. പിന്നീട് അവർ മറ്റുള്ളവരെ സഹായിച്ചും സന്തോഷത്തോടെയും ജീവിച്ചു.


ഗുണപാഠം :- ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കൂ, നമുക്ക് നന്മയും സ്നേഹവും ലഭിക്കും


രേവതി പ്രകാശ്
9 A ഗവ.ട്രൈബൽ ഹൈസ്കൂൾ,കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ