ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണക്കാലം

അന്നും പതിവ് പോലെ ഞാൻ സ്കൂളിലേക്ക് പോയി പതിവിലും സന്തോഷത്തിലാണ് ഞാൻ കാരണം തലേദിവസം അച്ഛൻ വന്നകാരൃം കൂട്ടുകാരോട് പറയണം. സ്കൂളിൽ ചെന്ന് കൂട്ടുകാരുമായി സന്തോഷം പങ്കിട്ടപ്പോഴാണ് എന്റെ ക്ളാസ് ടീച്ചർ പറഞ്ഞത്‌ രണ്ട് ദിവസം ദേവൻ സ്കൂളിൽ വരേണ്ട എന്ന്. എന്തുപറ്റി ടീച്ചർക്ക്, അച്ഛൻ വന്നതിന് രണ്ടു ദിവസം എനിക്ക് അവധിയോ? സന്തോഷത്തോടെ വൈകുന്നേരം വീട്ടിൽ എത്തി എല്ലാവരോടും ടീച്ചർ പറഞ്ഞത് പറഞ്ഞു. അപ്പോഴാണ് അമ്മ പറഞ്ഞത് ഇനി പരീക്ഷ എഴുതാൻ പോയാൽ മതി എന്ന് ടീച്ചർ അറിയിച്ചിട്ടുണ്ടെന്ന്. കൊള്ളാമല്ലോ അച്ഛൻ വന്നതിനു ഒരു മാസം അവധിയോ?സന്തോഷം അടക്കാൻ വയ്യ. പെട്ടെന്ന് ഓർത്തു അയ്യോ ഇനി പരീക്ഷ കഴിയുന്നതുവരെ അമ്മയുടെ അടികൊള്ളണമല്ലോ. അച്ഛൻ ഉള്ളത് ആശ്വാസം ഇനി അച്ഛന്റെ കൂടെ കറങ്ങാൻ പോകാം. ഒരുദിവസം കഴിഞ്ഞു, രണ്ടുദിവസം കഴിഞ്ഞു, അച്ഛന് ഒരു അനക്കവും ഇല്ല. ബൈക്കിൽ തൊടുന്നില്ല. കാരണം തിരക്കിയപ്പോഴല്ലേ അറിയുന്നത് ഇത്തിരിപ്പോന്ന കൊറോണയാണ് ഇതിനെല്ലാം കാരണം. അച്ഛൻ വിദേശത്തു നിന്ന് വന്നതല്ലേ 28ദിവസം അച്ഛൻ നിരീക്ഷണത്തിലാ… കൂടെ ഞാനും. വീടിനു വെളിയിൽ ഇറങ്ങാൻ പാടില്ല. പിന്നെ ഒരാശ്വാസം മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു, എട്ടാം ക്ലാസ്സുവരെ ഇപ്രാവശ്യം പരീക്ഷ ഇല്ല. മനസ്സിൽ ലഡുപൊട്ടി അതൊന്നും പുറത്തു കാണിച്ചില്ല. അമ്മയുടെ അടിയിൽ നിന്നും രക്ഷ നേടി. ആരും പുറത്തു പോകാതെ എങ്ങനെ സാധനങ്ങൾ വാങ്ങും, എന്തു കഴിക്കും എന്നു ചിന്തിച്ചാണ് ഉച്ചക്ക് ഉണ്ണാൻ ചെന്നിരുന്നത്. ഇന്നുവരെ ഞാൻ തിരിഞ്ഞു നോക്കാത്ത ചക്കയും,മാങ്ങയും, വീട്ടിൽ ഉള്ള സകല ഇലകളും ഓരോ ദിവസവും കൂട്ടാനായി പാത്രത്തിൽ ഇരിക്കുന്നു. ഇന്ന് മുക്കുറ്റി തോരൻവരെ കഴിക്കേണ്ടി വന്നു. ഇങ്ങനെ പോയാൽ ഈവീട്ടിലെ പോച്ചവരെ അമ്മ എന്നെകൊണ്ട് കഴിപ്പിക്കും. ഒരുകാര്യം ഉറപ്പായി!! ഈ കൊറോണ ഒരു വില്ലൻ തന്നെ. അമ്മയെപറ്റിച്ച് കൈപോലും കഴുകാത്ത ഞാനിപ്പോൾ എപ്പോഴും സോപ്പിട്ട് കൈകഴുകൽ ആണ്. നാലാം ക്ലാസിൽ ഞാൻ പഠിച്ചത് ഇപ്പോൾ ആണ് ശരിക്കും മനസ്സിലായത്. ചക്കേം,മാങ്ങേം ആറുമാസം, അങ്ങിനെയും ഇങ്ങിനെയും ആറുമാസം. ഇപ്പോൾ ആണ് അമ്മൂമ്മ പറയുന്നത് ശരിയാണല്ലോ എന്നു തോന്നിയത്. എന്നും ആ പഴയകാലം തന്നെയാണ് നല്ലത് എന്ന്. അങ്ങനെ കൊറോണ എന്നെ കുറേ കാര്യങ്ങൾ പഠിപ്പിച്ചു. ഇനിയും ഉണ്ട് കുറേയേറേ കാരൃങ്ങൾ.. കൊറോണ ഒരു വില്ലൻതന്നെ. മുഖ്യമന്ത്രി പറഞ്ഞതുപോലെ 'തുപ്പരുതേ തോറ്റുപോകും ' ഒരുമയോടെ നമുക്കും പോരാടാം...

ദേവദത്തൻ എസ്
4 എ ഗവ.യു.പി.എസ്.മഴുക്കീർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ