ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/സപ്തതി

Schoolwiki സംരംഭത്തിൽ നിന്ന്
സപ്തതി

ശാന്തമായൊഴുകുന്ന ഭാരതപ്പുഴ.ഇരുകരകളേയും പുതച്ചുനിൽക്കുന്ന വൃക്ഷലതാദികൾ.അനേകം വെള്ളപ്പൊക്കങ്ങൾ ഉണ്ടായെങ്കിലും അതിന് തടയിടാൻ ആ വൃക്ഷങ്ങൾ നെഞ്ച് വിരിച്ച് നിലകൊള്ളുന്നു.ആ നിളയുടെ ഓരം ചേർന്ന് പഴയതെങ്കിലും പ്രൗഢി നഷ്ടപ്പെടാത്ത ആ പഴയ തറവാട്.

മീനമാസത്തിലെ ഉത്രാടം നാൾ കാർത്ത്യായനി അമ്മയ്ക്ക് തന്റെ എഴുപതാം പിറന്നാൾ.കോവിഡ് മഹാമാരി കാരണം മക്കൾ അമേരിക്കയിലെ തരക്കുകൾക്കിപ്പുറം നാട്ടിലുണ്ട്.നിർവൃതിയുടെ നാൾ.മൂന്നു മക്കളും അവരുടെ മക്കളുമായി വീടിന് ആകെയൊരു കോളിളക്കം.തന്റെ മുറിയിലെ ചാരുകസേരയിൽ എന്നത്തേതിലും വിരുദ്ധമായി ഏകയായികാർത്ത്യായനി അമ്മ ഇരുന്നു.പുറത്തെ ബഹളങ്ങളിലും ഉള്ളിലെ ഓർമ്മകളെ ആസ്വദിച്ചുകൊണ്ട്.

അടുക്കളയിലെ ശബ്ദം കേട്ടുണർന്ന കാർത്ത്യായനി അമ്മ വെളിയിലേയ്ക്ക് ഇറങ്ങി താൻ അതിഥിയെന്നപോൽ വീടിന്റേ ഓരോമൂലയും നിരീക്ഷിച്ചു.അവിടെയും ഇവിടെയും മാറാലപിടിച്ചിട്ടുണ്ട്.തന്റെ കളിക്കൂട്ടുകാരനും ജീവിതപങ്കാളിയും വിടപറഞ്ഞതോടെയാണ് താൻ ഒറ്റപ്പെടൽ എന്ന സത്യത്തെ തിരിച്ചറിഞ്ഞത്.മുഖത്തെ ചുക്കിച്ചുളിവുകൾ ശരീരത്തിന്റെയല്ല മനസ്സിന്റെ വാർദ്ധക്യത്തിന്റെ ലക്ഷണമാണ്.

ഉമ്മറത്തെ കസേരയിലിരുന്ന് പേരക്കുട്ടി ഫോണിൽ കളിയ്ക്കുന്നു.ബാക്കിയുള്ളവരും മോശമല്ല.താനെന്നൊരു വ്യക്തി ഇവിടെയുണ്ടെന്ന് നോക്കാൻ ആരുമില്ല.15 വർഷത്തെ ഏകാന്തവാസത്തിൽ ഒരിയ്ക്കലും താനിത്രയും ഒറ്റപ്പെടൽ അനുഭവിച്ചിട്ടില്ല. "മുത്തശ്ശീ”മൂത്തമകന്റെ മകളുടെ വിളിയാണ് "മുത്തശ്ശി ഉറങ്ങുകയാണെന്ന് കരുതിയാ ഞാൻ....” “ഉം” എല്ലാം മനസ്സിലായി എന്ന അർത്ഥത്തിൽ മുത്തശ്ശി മൂളി. മുത്തശ്ശി ഉമ്മറത്തെചാരുകസേരയിൽ ഇരുന്നു.നിമിഷനേരം കൊണ്ട് മൊബൈലിൽനിന്നും കണ്ണ് പിൻവലിച്ചുകൊണ്ട് കുരുന്നുകൾചുറ്റും കൂടി. “മോൾക്കെത്ര വയസ്സായി ” മുത്തശ്ശി ചോദിച്ചു. “അതിനിന്ന് മുത്തശ്ശിയുടെ ബെർത്ത്ഡേയല്ലേ”പെട്ടെന്ന് ഇളയവൾ മറുപടി പറഞ്ഞു. മക്കളുടെ പേരുപോലും തന്റെ ഓർമ്മയിൽ നിന്നും അന്യമായിരിയ്ക്കുന്നു.എന്റെ ചിറകിൻ കീഴിൽനിന്നും എന്റെ പി‍‍‍ഞ്ചോമനകളെ പറിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ.....ഹൃദയം വിങ്ങിപ്പൊട്ടുന്നതായി മുത്തശ്ശിയ്ക്ക് അനുഭവപ്പെട്ടു.

“മുത്തശ്ശിയ്ക്ക് എന്ത് ഗിഫ്റ്റാ വേണ്ടത് ചോക്ലേറ്റ് മൊബൈൽ ഫോൺ എന്താ വേണ്ടേ” അവനറിയാവുന്നതെല്ലാം അവൻ നിരത്തി.

“ഡാ അതിന് മുത്തശ്ശിയ്ക്ക് വീഡിയോഗെയിം ഓപ്പൺ ചെയ്യാൻ കൂടി അറിയില്ല” മൂത്തവൾ പറഞ്ഞു.

“മക്കളെ നിങ്ങൾക്ക് മാവിൽ കയറാൻ അറിയാമോ,ഉന്നംതെറ്റാതെ മാങ്ങ വീഴ്ത്തിയ്ക്കാനോ,എന്തിന് മാമ്പഴത്തിന്റെ സ്വാദറിയാമോ?”പെട്ടന്നുള്ള മുത്തശ്ശിയുടെ ഭാവമാറ്റവും ഉത്സാഹത്തോടെയുള്ള സംസാരവും കേട്ട് കുട്ടികൾ പരസ്പരംനോക്കി.

“എന്റെ കുട്ടിക്കാലത്ത് ഈ ഗ്രാമത്തിന്റെ ഓരോ കോണും എനിയ്ക്ക് മനഃപഠമായിരുന്നു.വൃക്ഷങ്ങളിലെ പുതിയ തളിരും പൂവും കായും എല്ലാം .മാവിൽ കയറാനും പാറക്കെട്ടുകളിൽ മിന്നൽവേഗത്തിൽ ഓടിക്കയറാനും മീൻപിടിയ്ക്കാനും എനിയ്ക്കിഷ്ടമായിരുന്നു.മക്കളേ ഈ സാധനമൊന്നും ഉപയോഗിയ്ക്കാൻ എനിയ്ക്ക് വശമില്ല.എന്റെ ബാല്യം ഇതിനുമപ്പുറം ഈ മണ്ണിലായിരുന്നു ” കൗതുകം ഒരു ചെന്താമരപ്പൂവായി കുട്ടികളുടെ കണ്ണിൽ വിടർന്നു.അതിലെ തേൻ നുകരാൻ അവരുടെ മനസ്സുകൾ വെമ്പി.

“മുത്തശ്ശീ എനിയ്ക്ക് മാവിൽ കയറണം”

“എനിയ്ക്കും”

“എനിയ്ക്കും” കുട്ടികൾ ബഹളം വച്ചു.

മുത്തശ്ശി കുട്ടികളുമൊത്ത് വെളിയിലിറങ്ങി.ഇവിടമാകെ മാറിയിരിയ്ക്കുന്നു.കുറേക്കാലമായി താൻ പുറം ലോകം കണ്ടിട്ട്.പച്ചപ്പ് പൂർണ്ണമായി ഇല്ലാതായി.വിരലിലെണ്ണാവുന്ന വൃക്ഷങ്ങൾ മാത്രം.വീടിന്റെ പിന്നാമ്പുറത്തെ മാവും ഇല്ലാതായിരിയ്ക്കുന്നു.കുട്ടികളുടെ മുഖം വാടി.

“സാരമില്ല നമുക്ക് പുഴയുടെ തീരത്തെ വലിയ മാവിൻചുവട്ടിലേയ്ക് പോകാം.അവിടെ നിറയെ മരങ്ങളുണ്ട്.ചെന്ന് നിൽക്കുമ്പോൾതന്നെ കാറ്റ് വന്ന് പൊതിയും.പോരാത്തതിന് മാമ്പഴക്കാലവും.പക്ഷേ” മുത്തശ്ശി നിർത്തി.

“ആ കൂറ്റൻ പാറക്കെട്ടുകൾ കടക്കുക പ്രയാസമാണ്.ഞാൻ അവിടെ പോയിട്ട് വർഷങ്ങളായി”

“നമ്മൾ കൊണ്ടുപോകും” കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു. പാറക്കെട്ടുകൾ കണ്ട് മുത്തശ്ശി സ്തംബ്‍ധയായി.ഏതൊരു പ്രളയത്തേയും ഗ്രാമത്തിനപ്പുറം തടഞ്ഞവ.ഇന്ന് നാമാവശേഷമായിരിയ്ക്കുന്നു.

പുഴയുടെ തീരം ഇന്ന് അനാഥമാണ്.ഒരുകാലത്ത് കുട്ടികളുടെ കളിമേളങ്ങൾകൊണ്ട് നിറഞ്ഞിടം.പേരിന് മാത്രം ചില മരങ്ങൾ.മാവ് നിന്നിടം ശൂന്യം.പുഴയിലെ ജലം വറ്റി വറുതിയായ്.ചുറ്റും മാലിന്യക്കൂമ്പാരം.ഒരു നിമിഷം ഭൂമി കറങ്ങുന്നതായി തോന്നി.തന്റെ ശരീരം തളരുകയാണ്.ശ്വാസം നിലയ്ക്കുകയാണ്.കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ. അപ്പോഴേയ്ക്കും അമ്മയെത്തേടി മക്കളെത്തി.

“മക്കളെ നിങ്ങൾ നേരത്തേ ചോദിച്ചില്ലേ എനിയ്ക്കെന്താണ് പിറന്നാൾ സമ്മാനമായ് വേണ്ടതെന്ന് .എനിയ്ക്ക് വേണ്ടത് എന്റെ ബാല്യമാണ്.പേടിയ്ക്കേണ്ട.എന്റെ ബാല്യം പ്രായത്തിലല്ല,പ്രകൃതിയിലാണ്.പ്രകൃതി എന്നോളം എന്നെ വലയം ചെയ്തിരുന്നുവോ അന്നോളം ഞാൻ വൃദ്ധയല്ലായിരുന്നു.നിങ്ങളീ പച്ചപ്പിനെ തിരിച്ചുപിടിയ്ക്കണം.പുഴയുടെ സംഗീതവും കിളികളുടെ കൊഞ്ചലും മണ്ണിന്റെ ഗന്ധവും ഈ ഭൂമിയിൽ നിറയണം.പ്രകൃതിപോലും ഒന്നിനേയും ഒറ്റപ്പെടുത്താറില്ല.എന്റെ ഏകാന്തത ഒടുങ്ങണം.ഈ കോവിഡ് കാലം കഴിഞ്ഞാൽ നിങ്ങൾ പോകും.വീണ്ടും ഞാൻ.....”

വാക്കുകൾപൂർത്തിയാക്കുന്നതിനുമുൻപ് മകൻ അമ്മയെ ചേർത്തുപിടിച്ചു.

“ഇല്ലമ്മേ ഞങ്ങളിനി തിരികെ പകുന്നില്ല്.നമ്മുടെ നാടുപോലെ സുന്ദരമായ ഒരു സ്ഥലവും അമ്മയുടെ മടിത്തട്ടുപോലെ സുരക്ഷിതമായ ഒരിടവും മറ്റെങ്ങുമില്ല.അമ്മയ്ക്ക് താങ്ങായി തണലായി നമ്മളുണ്ടാകും.ഒപ്പം ഈ പ്രകൃതിയ്ക്കും”

ഒരു മന്ദമാരുതൻ അവരെ തഴുകി കടന്നുപോയി.

ഗംഗ അശോക്
9 B ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കഥ