ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/പ്രകൃതി നമ്മെ തിരിച്ചുവിളിക്കുന്നു.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മെ തിരിച്ചുവിളിക്കുന്നു.

അതിർത്തികളും നിയമങ്ങളുമെല്ലാം ലംഘിച്ച് കോവിഡ്-19 വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. 2019 നവമ്പറിൽ ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഈ മഹാമാരി ഇന്ന് 208 രാജ്യങ്ങളിൽ ദുരന്തം വിതച്ചിരിക്കുന്നു. മനുഷ്യൻ ചിന്തിക്കേണ്ട സമയമാണ്. സ്വയം വിനിയാന്വിതനായി ചെറുതാവേണ്ട നേരമാണ്. അമിത ആത്മവിശ്വാസത്തിന്റെ സങ്കലനവും ഗുണനവുമാണ് കോറോണയുടെ വെട്ടിപിടിത്തത്തിന് കാരണം. പാലവും റോഡും മണ്ണിട്ടു നിരത്തിയാൽ വൈറസ് വന്ന വഴിയെ മടങ്ങിക്കോളുമെന്ന ബാലിശമായ സ്വാർത്ഥതയിലേക്ക് ചിലർ ഉൾവലിഞ്ഞു. പിന്നീട് ജില്ലകളുടെ അകത്തേക്ക്, ഗ്രാമങ്ങളുടെ ഉള്ളിലേക്ക്, വീട്ടിലേക്ക് സുരക്ഷിതത്വം തേടി അവൻ നിൽക്കുകയാണ്. ഓടിയോടി ലോകത്തോളം വളർന്നവർ തന്നോളം ചെറുതായ സമയമാണിത്. കോവിഡ്-19 ഇന്ത്യയിൽ കഠിനമായി പിടിമുറുക്കുുമ്പോൾ അത് മധ്യവർഗ്ഗത്തെ മാത്രമല്ല ബാധിക്കുക, ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ കൂടിയാണ്. ദീർഘകാലമായി ഭൂമിയിൽ നിലനിൽക്കുന്ന മനസാക്ഷിക്ക് നിരക്കാത്ത അസമത്വങ്ങൾമൂലം ഇന്ത്യയിലെ വരേണ്യവർഗ്ഗം സുഖിച്ച് ജീവിക്കുകയാണ്. മഹാമാരിയുടെ വരവോടെ ദരിദ്രരുടെ ദുർബലമായ അതിജീവനസാധ്യതകൾ ഇല്ലാതാക്കാൻ എളുപ്പമായി. വൈറസിന്റെ വ്യാപനം തടയാൻ സർക്കാർ കൈ കഴുകുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ശാരീരിക അകലം പാലിക്കാൻ ആവശ്യപ്പെടുന്നു. ഒടുവിൽ മുൻ കാലങ്ങളിൽ ഉണ്ടായിട്ടില്ലാത്തദീർഘകാല അടച്ചിരിപ്പും. പ്രകൃതിനിയമങ്ങൾ എത്ര കണിശമാണ്. മൃഗങ്ങളും പക്ഷികളും പുറംലോകത്ത് സ്വതന്ത്രവിഹാരം നടത്തുമ്പോൾ അകത്തിരിക്കാൻ വിധിക്കപ്പെട്ട സർവ്വാധികാരിയായ മനുഷ്യൻ തന്നെയാണ് നമുക്ക് പാഠം.

ഷാഹിദ്
8എ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം