ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/തിരിച്ചു വരവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചു വരവ്


തിരിച്ചു വരവ്.


അങ്ങ് ദൂരെ പച്ചവിരിച്ച മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും തലയുയർത്തി നോക്കിക്കൊണ്ട് ചെഞ്ചോപ്പ്നിറത്തിൽ പ്രത്യക്ഷപ്പെട്ടസൂര്യൻ, മഞ്ഞുമൂടിയ ഗ്രാമപ്രദേശത്തെ പതിയെ ഉണർത്തിയെടുത്തു. ജനാലയിലൂടെ പ്രവേശനമില്ലാതെ അകത്തേക്കെത്തിയ സൂര്യപ്രകാശത്തെപോലെ തെളിഞ്ഞ ചിരിയോടെ മനുകിടക്കയിൽ നിന്നെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി .നേരം പുലർന്നെങ്കിലും നല്ല തണുപ്പ് വായുവിൽ അവശേഷിച്ചിരുന്നു. പെട്ടന്ന് ഒരു ഇലത്തുമ്പിൽ അവശേഷിച്ചിരുന്ന മഞ്ഞുതുള്ളി അവന്റെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് താഴേക്ക് വീണു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൻ ആ കാര്യമറിഞ്ഞത്. അച്ഛന് ഉദ്യോഗക്കയറ്റമുണ്ടായി അതിനാൽ അടുത്തയാഴ്ച അവർ നഗരത്തിലേക്ക് സ്ഥലം മാറുകയാണ്. പെട്ടെന്ന് എന്തെന്നറിയാത്ത ഒരു വിഷമം അവനെ അലട്ടാൻ തുടങ്ങി. അവന് അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. പരസ്പരം ഒച്ച ഉണ്ടാക്കുന്ന പോലൊരു ശബ്ദം കേട്ടാണ് മനു ഉണർന്നത്. കോരിച്ചൊരിയുന്ന മഴയും, കാറ്റും.. നേരം നന്നായി വെളുത്തിരുന്നു. രാത്രി എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അവന് ഓർമ്മയില്ല. ഒരു പാട് നേരം മഴയും നോക്കി അവനിരുന്നു. മഴ കുുറഞ്ഞപ്പോൾ അവൻ എഴുന്നേറ്റ് പോയി അമ്മയെ നോക്കി. അമ്മ ഇപ്പോഴേ യാത്രക്കുള്ള തയാറെടുപ്പിലാണ്. എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട് .വെയിൽ വന്നപ്പോൾ അവൻ വയലിലേക്കിറങ്ങി. പാടത്തെ വിളഞ്ഞ നെല്ല് പറിച്ചതിന് കൃഷിക്കാർ വഴക്ക് പറഞ്ഞതും, അതറിഞ്ഞ് അമ്മ തല്ലിയതുമെല്ലാം അവന് പെട്ടെന്ന് ഓർമ്മ വന്നു . നടന്ന് നടന്ന് പാലം മുറിച്ചുകടന്നപ്പോൾ തോട്ടിലെ വെളളത്തിൽ കളിച്ചതും, മീൻ പിടിച്ചതും അവനോർത്തു. പനകൾ നിറഞ്ഞ തോട്ടത്തിലൂടെ അവൻ നടന്നകന്നപ്പോൾ നല്ല തണുത്ത കാറ്റ് പെട്ടെന്ന് അവനെ തഴുകി കടന്നു പോയി. കരഞ്ഞും , ചിരിച്ചും , കളിച്ചും , പഠിച്ച സ്കൂളും , കൂട്ടുകാരും എല്ലാം ഓർമ്മയായി. ദിവസങ്ങൾ കഴിഞ്ഞു. മടക്കത്തിനുള്ള ദിവസമെത്തി. റോഡിനിരുവശത്തുമുള്ള മരങ്ങളും പുഴകളുമെല്ലാം ഓടി മറയുന്നു. ഇനി ഒരു മടക്കമില്ലാത്ത യാത്ര.. റോഡരികിൽ അടുങ്ങി അടുങ്ങി നിരവധി വീടുകൾ . അവയെല്ലാം പരസ്പരം മതിലു കെട്ടി അടച്ചിരിക്കുന്നു. ആർക്കും ഒന്നിനും സമയമില്ല. രാവിലെ എല്ലാവരും വീട്ടിൽ നിന്നിറങ്ങി രാത്രി തിരിച്ചെത്തുന്നു. കുുട്ടികളെല്ലാം തന്നെ കമ്പ്യൂട്ടർ ഗെയിമൊക്കെയാണ് കളിക്കാറ്. മനുവിന് ആകപ്പാടെ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. മിണ്ടാനോ, കളിക്കാനോ , കൂട്ടുകൂടാനോ ആരുമില്ല. വേനലവധി കഴിഞ്ഞ് അവനെ ഏതോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കാനാണ് തീരുമാനം. രാത്രി പോലും വാഹനങ്ങളുടെ ഒച്ചയും , പുകയും ,പൊടിയും മാത്രം. മഴയോ കാറ്റോ ഇല്ലാത്ത കാലാവസ്ഥ. ആകെപ്പാടെ മടുത്ത ജീവിതം . കാലങ്ങൾ കടന്നുപോയി. അ‍‍ഞ്ഞൂറ് പേർനിറഞ്ഞ ഒരു സദസ്സിനെ അഭിമുഖീകരിച്ച് കൊണ്ട് 24 വയസ്സുള്ള ഒരാൾ സെമിനാർ അവതരിപ്പിക്കുകയാണ്. ഗ്രാമീണതയും പരിസ്ഥിതിയും നഷ്ടമായി കൊണ്ടിരിക്കുന്ന ജീവിതം അവൻ അനുഭവത്തിൽ നിന്ന് വിശദീകരിച്ചു. ഓരോ വാക്കിലും ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് പലായനം ചെയ്യേണ്ടിവന്ന മനു എന്ന ആ കുട്ടിയുടെ മനോദുഃഖം നിറഞ്ഞിരുന്നു. സെമിനാർ കഴിഞ്ഞതും നിറഞ്ഞ ഹസ്താരവത്തോടെ ജനങ്ങൾ അവനെ സ്വീകരിച്ചു . ഇപ്പോൾ അവന് സ്വന്തമായി ഒരു ജോലിയുണ്ട്. ഒപ്പം ക്യഷിയും : പഴയ ആ ഗ്രാമത്തിൽ കുടുംബവുമൊത്ത് അവൻ സന്തോഷത്തോടെ ജീവിക്കുന്നു. മറ്റുള്ളവർക്ക് നന്മ ചെയ്ത് ഏവർക്കും ഒരു സഹായിയായി അവൻ നിലനിൽക്കുന്നു . മഴയും, മഞ്ഞും , വെയിലും മാറി മാറി വന്നു, അതിനൊപ്പം അവന്റെ ജീവിതവും.... നന്മയ്ക്കായി, പരിസ്ഥിതിക്കായി പ്രവർത്തിക്കുന്ന ഓരോ മനുഷ്യനിലും അവന്റെ ജീവൻ ഇന്നും പുനർജ്ജനിക്കുന്നു.

അഭിനേന്ദു എസ് ജെ
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ