ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ആനകളുടെ നാട് കാണൽ

Schoolwiki സംരംഭത്തിൽ നിന്ന്
ആനകളുടെ നാട് കാണൽ

കാട്ടിനുള്ളിൽ മനുഷ്യരെ പേടിച്ച് കഴിയുകയായിരുന്നു വന്യമൃഗങ്ങൾ. കണ്ണൊന്നു തുറന്നാൽ മൃഗങ്ങളെ വേട്ടയാടാൻ തോക്കുകളുമായി നായാട്ടുകാർ എത്തും . അവരെ പേടിച്ച് കണ്ണും കാതും തുറന്നു ജാഗ്രതയോടെ കഴിയുകയാണ് ഉടുമ്പൻ കാട്ടിലെ മൃഗങ്ങൾ.

ഇന്നലെ പതിവിലും നേരത്തെ ഉണർന്ന് കൊമ്പൻ ചുറ്റിലും കണ്ണോടിച്ചു. മനുഷ്യരുടെ കാലൊച്ചകൾ എങ്ങുമെങ്ങും കേൾക്കാനില്ല. വനപാലകരെയും കാണാനില്ല . കൊമ്പൻ പിടി ആനയോട് ചോദിച്ചു. എടീ, നീ ശ്രദ്ധിച്ചോ?. ഈയിടെയായി മനുഷ്യനെ ഒന്നും ഇങ്ങോട്ട് കാണാനില്ല. വാരിക്കുഴികളും ഇല്ലെന്നു തോന്നുന്നു. പിടിയാന പറഞ്ഞു അതെ, നാട്ടിലെ മനുഷ്യർക്ക് എന്തോ പറ്റിയിട്ടുണ്ട്. തലക്ക് മേലെ പറന്നുയരുന്ന വിമാനങ്ങളും കാണാനില്ല…അച്ഛാ അച്ഛാ.... നമുക്ക് നാട്ടിലേക്ക് ഒന്നു പോയാലോ? കുട്ടിയാനകൾ ഉത്സാഹത്തോടെ പറഞ്ഞു. നാളെ തന്നെ പോകാം. പിടിയാന അയൽപക്കത്തെ കൂട്ടുകാരോട് എല്ലാം പറഞ്ഞു.

പിറ്റേന്ന് രാവിലെ കൊമ്പനാനയും മക്കളും പിടിയാനയും കൂട്ടുകാരോടൊപ്പം നാടു കാണാനിറങ്ങി. കൊമ്പൻ ഓർമ്മിപ്പിച്ചു. ഈ മനുഷ്യരെ അങ്ങനെ അങ്ങ് വിശ്വസിക്കരുത്. ശ്രദ്ധ വേണം. ശരിയാ..... പിടിയാന മക്കളോട് പറഞ്ഞു. അച്ഛന് പിന്നാലെ വരിവരിയായി പോകണം . ഞാൻ പിന്നിൽ വരാം.

ഹായ് ഹായ്! എന്ത് രസം. അതെ … അതെ നാടു കാണാൻ എന്തു രസമാണ്... കണ്ടില്ലേ.. കാക്കകളും പ്രാവുകളും താറാവുകളും കുരങ്ങൻമാരും ഒക്കെ കൂട്ടമായി റോഡിലൂടെ സ്വതന്ത്രമായി നടക്കുന്നത്. കൊമ്പൻ പറഞ്ഞു. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല. ആനകൾ വരുന്നുണ്ടെന്ന് അറിഞ്ഞാൽ കുട്ടികളും മുതിർന്നവരും കൂട്ടമായി ഓടിയെത്തും. എങ്ങനെയാ നമ്മെ പിടിച്ചുകൊണ്ടുപോയി കൊമ്പെടുക്കുന്നത് എന്നൊന്നും പറയാൻ പറ്റില്ല. ഇങ്ങനെ സംസാരിച്ചു നടക്കുന്നതിനിടയിൽ കൊമ്പൻ എതിരെവന്ന കുരങ്ങിനോട് ചോദിച്ചു. ഈ മനുഷ്യരൊക്കെ എവിടെപ്പോയി? അറിഞ്ഞില്ലേ കുരങ്ങൻ പറഞ്ഞു. അവരൊക്കെ ഇപ്പോ ലോക്ഡൗണിലാണ്. ദേ ... മരക്കൊമ്പിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ കണ്ടില്ലേ?. വവ്വാലുകളിലെ കൊറോണാ വൈറസ് പിടിപെട്ട് മരിച്ചുപോകും എന്ന് പേടിച്ച് മനുഷ്യരെല്ലാം വാതിലടച്ച് വീട്ടിനുള്ളിൽ തന്നെ ഇരിക്കുകയാണ്. അയ്യോ...... ഈ പാവം വവ്വാലുകളും …

അതെ അതെ. ഇതുകേട്ട് പിടിയാന പറഞ്ഞു. നമുക്ക് കാട്ടിലേക്ക് തന്നെ പോകാം. അവിടെ ആരെയും പേടിക്കാതെ സമാധാനമായി കഴിയാം. കാട്ടിനുള്ളിൽ പഴങ്ങളുo ശുദ്ധവായുവും തെളിഞ്ഞ വെള്ളവും കിട്ടും . കുറെ നാളേക്ക് ഈ മനുഷ്യർ ഒന്നും വന്നു കാടിനെ നശിപ്പിക്കില്ല. കൊമ്പൻ കൂട്ടിച്ചേർത്തു. നമ്മളും ഈ ഭൂമിയുടെ അവകാശികൾ തന്നെയാണ്. മനുഷ്യരുടെ അഹങ്കാരത്തിനുള്ള ശിക്ഷയാണ് ഇത് . കുറച്ചുനാൾ അങ്ങനെ ലോക്ക്ഡൗണിൽ കിടക്കട്ടെ . നമുക്ക് കാട്ടിലേക്ക് തന്നെ മടങ്ങാം മക്കളെ. കൊമ്പന്റെ വാക്കുകൾ കേട്ട് പിടിയാനയും കുട്ടികളും കാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

മുഹമ്മദ് ആസിഫ്
6 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ