ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമ്പലൂർ പഞ്ചായത്തിലെ 14-ആം   വാർഡിൽ  സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക്  വിജ്ഞാനദായകമായി പരിലസിക്കുന്നു.

                      കൊച്ചിരാജാക്കന്മാരുടെ കാലത്തു   കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട്  ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ  (1100  ഇടവം) പ്ലാപ്പിള്ളി ദേശത്ത്  ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം  ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.

  കാലക്രമേണ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന രാമൻ മേനോന്റെ ശ്രമഫലമായി പ്രസ്തുത വിദ്യാലയം കൊച്ചി സർക്കാർ ഏറ്റെടുത്തു .അന്ന് മുതൽ മലയാളം സ്കൂൾ കീച്ചേരി എന്ന പേരിൽ പ്രവർത്തനം തുടർന്നു .പിന്നീട് കൊച്ചി സർക്കാരിന്റെ അധീനതയിൽ ആയ വിദ്യാലയം 1951  സെപ്റ്റംബറിന് ശേഷം ജി പി എസ് കീച്ചേരി എന്നറിയപ്പെട്ടു.പിന്നീട് ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസരീതി സ്വീകരിച്ച സ്കൂൾ 1958 മെയ് മാസത്തോടെ ജൂനിയർ ബേസിക് സ്കൂൾ കീച്ചേരി എന്നറിയപ്പെട്ടു.വള്ളികുന്നത് നാരായണ മേനോൻ,രാമൻ മേനോൻ ,എൻ ഭാസ്കര കുറിപ്പ്(എ ഇ ഓ) ,എൻ. കെ ചാക്കോ മാസ്റ്റർ തുടങ്ങിയവർ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ശ്രമിച്ചവരാണ്.1973 ൽ ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ എൻ കെ ചാക്കോ മാസ്റ്ററിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയം യു പി സ്കൂൾ ആക്കി ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു .1980 ൽ ഈ ശ്രമങ്ങൾ സഫലമായി .ഇവരുടെ എല്ലാം നിരന്തര ശ്രമഫലമായി 1980 ൽ ഈ  സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തി. അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പി സി ചാക്കോ പുതിയ കെട്ടിടം ഉത്‌ഘാടനം ചെയ്തു .അങ്ങനെ നാട്ടുകാരുടെ ചിരകാലാഭിലാഷം സഫലീകൃതമായി .അന്ന് മുതൽ ജി യു പി എസ് കീച്ചേരി എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തിച്ചു പോരുന്നു .വിവിധ ഘട്ടങ്ങളിലായാണ് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയത്

ആദ്യഘട്ടങ്ങളിൽ എന്നപോലെ ഇപ്പോഴും ഈ വിദ്യാലയം തൃപ്പൂണിത്തുറ ഉപജില്ലയിലെ നല്ല സർക്കാർ വിദ്യാലയം എന്ന പദവി നിലനിർത്തി വരുന്നു എന്നത് അഭിമാനകരമായ സംഗതിയാണ് .പാഠ്യവിഷയങ്ങൾക്കൊപ്പം തന്നെ അവയോടു ബന്ധപ്പെട്ട കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയ മേഖലകളിലെല്ലാം   ഈ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തി വരുന്നു .

നാടിന്റെ തിലക്കുറിയായി ശോഭിക്കുന്ന ഈ വിദ്യാലയം പുത്തൻതലമുറയ്ക്ക് പ്രചോദനമായി വഴികാട്ടിയായി ഉത്തരോത്തരം അഭിവൃദ്ധിപെടട്ടെ