ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ നമ്മൾഅതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾഅതിജീവിക്കും

ഹരിതാഭമായ നമ്മുടെ ഭൂമി മനോഹരമാണ് .ജലാശയങ്ങളിലും സമുദ്രങ്ങളിലും കരയിലും വായുവിലുമായി കോടാനുകോടി ജീവജാലങ്ങളുടെ സ്പന്ദനങ്ങൾ നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.നദികൾ മണ്ണിനെയും ജൈവസംസ്‌കൃതിയെയും സമ്പന്നമാക്കുന്നു.വായു സകല ജീവജാലങ്ങളുടെയും നിലനിൽപ്പിനു സഹായകമാകുന്നു .ഇങ്ങിനെ പോകുന്നു പ്രകൃതിയുടെ മനോഹരമായ അത്ഭുത പ്രതിഭാസങ്ങൾ .തൊട്ടടുത്തുള്ള ഈ പരിസ്ഥിതിയിലെ മാറ്റങ്ങൾ നമ്മുടെ ജീവിതത്തെ വളരെ വേഗത്തിൽ സ്വാധീനിക്കുന്നവയാണ് .കിണറിലെ ജലം താഴുന്നത്,വയലുകൾ നികത്തുന്നത് ,വാഹനങ്ങൾ പെരുകുന്നത് തുടങ്ങി ഒരുപാടു കാര്യങ്ങൾ .ഇതുപോലെ ലോകം നേരിടുന്ന പല വെല്ലുവിളികളും പരിസ്ഥിതിക്കെന്നപോലെ നമുക്കും ദോഷകരമാണെന്ന കാര്യം നാം പലപ്പോഴും ഓർക്കാറില്ല .

കോടാനു കോടി വർഷങ്ങളുടെ ചാക്രിക പ്രക്രിയയിലൂടെ രൂപപ്പെട്ട ഈ ജൈവവൈവിധ്യം നിലനിർത്തേണ്ടത് മനുഷ്യ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് .പുഴകളും,നദികളും,പശ്ചിമഘട്ട നിരകളും പ്രകൃതിയുടെ ഭാഗമാണ്.ഈ ഭൂമിയുടെ സൗന്ദര്യവും പ്രകൃതി വിഭവങ്ങളും അതിന്റെ സന്തുലിതാവസ്ഥയും ധൂർത്തടിക്കാതെ അടുത്ത തലമുറക്കായി നമുക്ക് കൈ മാറേണ്ടതുണ്ട് .ഇന്ന് പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പരിസരമലിനീകരണം. ശുചിത്വമല്ലാത്ത മലിനമായ ഒരു പ്രകൃതിയെയാണ് നാം അടുത്ത തലമുറയ്ക്കായി കരുതി വച്ചിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണത്തിനും സ്വയം സംരക്ഷിക്കപ്പെടുന്നതിനും പരിസരശുചിത്വം അത്യാവശ്യമാണ്. മനുഷ്യസ്രവങ്ങളാൽ പൊതുസ്ഥലങ്ങൾ മലിനീകരിക്കപ്പെടുമ്പോൾ പല മാരക രോഗങ്ങളുടെയും വ്യാപനവും കൂടുകയാണ്. പ്രകൃതിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി നാമോരോരുത്തരും പരിസര ശുചിത്വം പാലിക്കാൻ തയ്യാറാകണം.

പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം നാം സ്വയം സംരക്ഷിക്കപ്പെടേണ്ടതും അനിവാര്യമാണ്.പരിസരശുചിത്വം പോലെ വ്യക്തി ശുചിത്വവും പ്രധാനമാണ്.കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നതും മാസ്ക് ധരിക്കുന്നതും രോഗവ്യാപനം തടയാൻ നമ്മെ സഹായിക്കും. അതുപോലെ തന്നെ പ്രധാനമാണ് സാമൂഹിക അകലം പാലിക്കലും. സാമൂഹിക അകലം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ കൃത്യമായി പാലിച്ചാൽ ഒരു പരിധിവരെയെങ്കിലും രോഗവ്യാപനം കുറയ്ക്കാൻ നമുക്കു കഴിയും. അതിന് നാം ഓരോരുത്തരും തയ്യാറാകണം. ഏത് മഹാമാരിയേയും അതിജീവിക്കാനുള്ള കരുത്ത് വൈദ്യശാസ്ത്രത്തിനുണ്ടെന്ന ധാരണയെ അട്ടിമറിച്ചുകൊണ്ടാണ് 2019 ഡിസംബർ 1 ന് ചൈനയിലെ വുഹാനിൽ ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും തുടങ്ങി ലോകമെമ്പാടുമുള്ള ജനങ്ങളുടെ സാധാരണ ജീവിതം നിശ്ചലമാക്കി കൊണ്ടായിരുന്നു കോവിഡ്-19 എന്നു പേരുള്ള ആ സൂക്ഷ്മജീവിയുടെ യാത്ര. ഭൂമിയിൽ ജനിച്ചു വീണ പിഞ്ചു കുഞ്ഞു മുതൽ പ്രായമായ മനുഷ്യരടക്കമുള്ള ജനങ്ങളുടെ ജീവനെടുത്തു കൊണ്ടാണ് ആ യാത്ര തുടർന്നത്.

മഹാമാരിയുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടലുകൾക്ക് മാനവരാശിയോളം പഴക്കമുണ്ട്.രോഗമുണ്ടാക്കുന്നത് അഭൗമ ശക്തികളാണെന്നു കരുതി ആദിമ മനുഷ്യർ എല്ലാം വിധിക്ക് വിട്ടു കൊടുത്തു .ആ ചരിത്രം തിരുത്തുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആണ്. പകർച്ചവ്യാധികൾ പടരുന്നത് രോഗാണുക്കളിലൂടെയാണെന്ന് ശാസ്ത്രം തെളിയിച്ചു.പ്ലേഗ്,വസൂരി തുടങ്ങി പലഭീകരമായ മഹാമാരികളെയും ശാസ്ത്ര സഹായത്തോടെ നമ്മൾ ചെറുത്തു തോൽപിച്ചു. അപ്പോഴും ഇനിയൊരിക്കലും ഇതു പോലുള്ള വൈറസുകൾ ലോകത്ത് ഉടലെടുക്കരുത് എന്നു തന്നെയായിരുന്നു നമ്മുടെ പൂർവികരും ആഗ്രഹിച്ചിരുന്നത്.എന്നാൽ കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു.മുൻകാലങ്ങളിലെ നമ്മുടെ പ്രവൃത്തികളുടെ പ്രതിഫലനമായിരിക്കാം ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി പടർന്നുകൊണ്ടിരിക്കുന്ന കൊറോണ എന്ന മാരക വൈറസ്.വസൂരി, പോളിയോ പോലുള്ള രോഗങ്ങളഅ‍ക്കെതിരെ ഫലപ്രദമായ വാക്സിൻ രൂപപ്പെടുത്തി ശാസ്ത്രം. അതൊരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ഒരുപാട് കാലത്തെ ഗവേഷണം വേണ്ടി വന്നിട്ടുണ്ട്. അത്രയും കാലം പോലും കൊറോണ എന്ന ഈ വൈറസിന്വേണ്ടിവരില്ല.വൈറസിന് വേണ്ടിവരില്ല.വൈറസിനെ തിരിച്ചറിയാനും ജനിതകഘടന കണ്ടെത്താനും ശാസ്ത്രലോകത്തിന് സാധിച്ചിട്ടുണ്ട്.വൈറസ് ശരീരത്തിൽ കയറുന്നതിനെതിരെയുള്ള വാക്സിൻ,അത് നമ്മുടെ കോശങ്ങളിൽ കയറുന്നത് തടസ്സപ്പെടുത്തൽ, വൈറസ് പെരുകുന്നത് തടയൽ എന്നീ ഘട്ടങ്ങളിലൂടെ ഈ വൈറസിനെ കീഴടക്കാനാണ് ശാസ്ത്രംശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടുപിടിക്കുമെന്ന കാര്യത്തിൽ ശാസ്ത്രത്തിന് സംശയമില്ല.ഒരു വൈറസിനെയും നമ്മൾ ഉന്മൂലനം ചെയ്തിട്ടില്ല. അവയുടെ വ്യാപനമാണ് തടഞ്ഞത്. ഈ വൈറസിനെയും വൈദ്യശാസ്ത്രം പ്രതിരോധിച്ച് തോൽപ്പിക്കും.കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം പിന്നിടുമ്പോഴും അതിജീവിക്കാം എന്നുള്ള മനുഷ്യന്റെ തളരാത്ത ഇച്ഛാശക്തിയാണ് കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിലും ഈ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലും പ്രകടമാകുന്നത്. ശാസ്ത്രത്തെ ആശ്രയിച്ചു കൊണ്ടു മാത്രം സാധ്യമാകുന്ന അതിജീവനം വിജയിക്കുമെന്ന പ്രതീക്ഷയോടെ കൊറോണയെ കീഴടക്കിയെന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ് ലോകം.ഒത്തൊരുമയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാൻ കഴിയും. ഭീകരമായ പല വെല്ലുവിളികളും തരണം ചെയ്ത നമുക്ക് കോവിഡ്-19 എന്ന ഈ വെല്ലുവിളിയും തരണം ചെയ്യാൻ സാധിക്കും. ശേഷം പുതുമ നിറഞ്ഞ ഇതിലും നല്ല മറ്റൊരു ലോകത്തെ വാർത്തെടുക്കാനും കഴിയും.അതിനായി നമുക്ക് ഒരുമയോടെ ഇതിനെ പ്രതിരോധിക്കാം.

ജീവന
9 G ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം